2016-11-18 08:53:00

തന്‍റെ മക്കളുടെ ദുര്‍ബലതയെക്കുറിച്ചു ബോധ്യമുള്ള സഭ


സ്നേഹത്തിന്‍റെ സന്തോഷമെന്ന രേഖയുടെ എട്ടാമധ്യായമാണ് ഇനി നാം ചര്‍ച്ച ചെയ്യുക. വിവാഹോ ടമ്പടിയുടെ ഏതു ലംഘനവും ദൈവേഷ്ടത്തിനു വിരുദ്ധമാണെന്നു സഭ അറിയുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. അതൊടൊപ്പം, ദൈവേഷ്ടത്തതിനു വിരുദ്ധമായവ ചെയ്യുന്ന തന്‍റെ മക്കളുടെ അനേകം ദുര്‍ബലതയെക്കുറിച്ച് സഭയ്ക്കു ബോധ്യമുണ്ട് എന്നുകൂടി സിനഡുപിതാക്കന്മാര്‍ ഉദ്ബോധിപ്പിക്കുന്നതായി പാപ്പാ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.  ഈ രണ്ടു കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന ആദ്യത്തെ 5 ഖണ്ഡികകള്‍, അതായത് 291 മുതല്‍ 295 വരെയുള്ള ഖണ്ഡികകളാണ് ഇന്നു നാം പഠനത്തിനെടുത്തിരിക്കുന്നത്.  ഇക്കാര്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ആറാമധ്യായത്തില്‍ നല്കിയിരിക്കുന്ന ചില പ്രബോധനങ്ങളും നമ്മുടെ ഓര്‍മയില്‍ വരികയാണ്.

ആറാമധ്യായത്തില്‍, വിവാഹമോചനം അവശ്യമായി വരുന്ന സന്ദര്‍ഭത്തെക്കുറിച്ചും  മിശ്രവിവാ ഹിതരോടുള്ള അജപാലനസമീപനത്തെക്കുറിച്ചും പാപ്പാ പറയുന്ന  അവസരത്തില്‍,  വിവാഹം അസാധുവാണെന്നോ, വേര്‍പെടുത്തല്‍  അവശ്യമാണെന്നോ തിരിച്ചറിയേണ്ടിവരുന്ന അപൂര്‍വമായ സാഹചര്യങ്ങളെയും മിശ്രവിവാഹത്തിലേര്‍പ്പെട്ടവരുടെ പ്രശ്നങ്ങളെയും പരിഗണിക്കുന്നുണ്ട്.  അങ്ങനെ വരുന്ന അവസരങ്ങളില്‍ അവരോടുള്ള സഭയുടെ സമീപനം സഹഗമനത്തിന്‍റേതാ കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ടവിടെ.  അവിടെ അജപാലനസമീപനത്തെക്കുറിച്ചുള്ള ചില പ്രായോഗിക വീക്ഷണങ്ങള്‍ നല്‍കുകയാണെങ്കില്‍, ഇവിടെ എട്ടാം അധ്യായത്തില്‍ കരുണയുടെ ജൂബിലിവര്‍ഷമാണിതെന്ന ഓര്‍മപ്പെടുത്തല്‍ തുടരെത്തുടരെ നല്‍കിക്കൊണ്ട് കാരുണ്യത്തോടെ ഇക്കാ ര്യങ്ങളെ വീക്ഷിക്കുകയും ഇത്തരം ബലഹീനതകളില്‍ പെട്ടവരോടു പ്രതികരിക്കുകയും ചെയ്യണ മെന്ന് ഓര്‍മിപ്പിക്കുകയാണ്.  

യേശുക്രിസ്തുവിന്‍റെ നോട്ടത്താല്‍ പ്രകാശിതയായി തന്‍റെ ജീവിതത്തില്‍ അപൂര്‍ണമായ രീതിയില്‍ പങ്കുചേരുന്നവരിലേക്ക് സ്നേഹപൂര്‍വം തിരിയുന്ന സഭയെക്കുറിച്ചാണ് പാപ്പായ്ക്കു പറയാനു ള്ളത്.  അവരുടെ ജീവിതത്തിലും ദൈവകൃപ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തിരിച്ചറിഞ്ഞുകൊണ്ട് നന്മചെയ്യാനും സ്നേഹത്തോടെ പരസ്പരം ശുശ്രൂഷിക്കാനും പോരാ, സാമൂഹ്യസേവനത്തിലേര്‍പ്പെ ടാനും വേണ്ട ധൈര്യം അവര്‍ക്കു നല്‍കണമെന്നും, സഭ തന്‍റെ ഏറ്റവും ദുര്‍ബലരായ മക്കളെ ശ്രദ്ധ യോടും ശുശ്രൂഷയോടും കൂടി സഹഗമിക്കണം എന്നും ഉള്ള സിനഡുപിതാക്കന്മാരുടെ അഭി പ്രായം ആവര്‍ത്തിച്ച്, അവരുടെ അഭിപ്രായത്തോടു യോജിച്ച്, മുറിവേറ്റതും ദ്രോഹിക്കപ്പെ ട്ടതുമായ സ്നേഹത്തിന്‍റെ അടയാളങ്ങള്‍ കാണിക്കുന്ന അവരെ പ്രത്യാശയിലും ആത്മധൈര്യത്തിലും പുനഃ സ്ഥാപിച്ചുകൊണ്ട് അങ്ങനെ ചെയ്യണമെന്നു ഫ്രാന്‍സീസ് പാപ്പാ പറയുന്നു.  വഴിതെറ്റാതിരിക്കാനും വഴിതെറ്റിയ വര്‍ക്ക് തിരിച്ചുവരാനും ഉപകരിക്കുന്ന തുറമുഖത്തു സ്ഥാപിക്കുന്ന ലൈറ്റ് ഹൗസു പോലെ.  എന്നാല്‍ പാപ്പായുടെ തന്നെ ഉപമ ഇതാണ്,  ഇവിടെ സഭയുടെ ദൗത്യം മിക്കപ്പോഴും യുദ്ധ രംഗത്തു സ്ഥാപിച്ച താത്ക്കാലിക പട്ടാളാസ്പത്രിയുടേതിനു സമാനമാണ്.  അവിടെ വലിയ സ്ഥാപനങ്ങളല്ല, സന്നദ്ധരായ സേവകരാണുള്ളത്.  യുദ്ധരംഗത്തു മുറിവേറ്റവരും മരണാസന്നരുമായിരി ക്കുന്നവര്‍ക്ക് തങ്ങളെത്തന്നെ സഹായിക്കാനാവുകയില്ലാത്തതുപോലെ, ഇത്തരത്തിലുള്ളവര്‍ക്കും തങ്ങളെത്തന്നെ സഹായിക്കാനാവുകയില്ല.  അവശ്യമായ ശുശ്രൂഷ, ഏറ്റവും വേഗം എത്തിക്കുക എന്നതാണാവശ്യം.

വിവാഹിതരുടെ മാനുഷികദുര്‍ബലതയെ മനസ്സിലാക്കുന്നതിനെക്കുറിച്ചുള്ള വിശദീകരണമാണ് ആദ്യം നല്കിയതെങ്കിലും ക്രൈസ്തവവിവാഹത്തെക്കുറിച്ച്, അതിന്‍റെ ഐക്യത്തെക്കുറിച്ച് അര്‍ഥശങ്കക്കിടയില്ലാത്തവിധം ഉറപ്പിച്ചുപറയുന്നുണ്ട് പാപ്പാ.  അവരുടെ ഐക്യത്തിന്‍റെ പ്രതി ഫലനം വിവിധ തരത്തിലാണ് ജീവിതത്തില്‍ പ്രകടമാകുക. അത് സ്വതന്ത്രമാണ്, ഇതരവ്യക്തിയുടെ അടിമയല്ല, ദമ്പതികളിലാരും.  ദൈവികമായ ഒരു സ്വാതന്ത്ര്യം അവരുടെ വര്‍ത്തനങ്ങളിലുണ്ടാകും.  അതുപോലെ, വിവാഹം വിശ്വസ്തമായിരിക്കണം,, പരവര്‍ജനീയവുമായിരിക്കണം., എന്നു പറഞ്ഞാല്‍ അവരുടെ ബന്ധത്തിനു സമാനമായ മറ്റൊരു ബന്ധം മറ്റാരുമായും അവര്‍ക്കില്ല, വിശ്വാസ ത്തോടെയും വിശ്വസ്തതയോടെയും അവര്‍ പരസ്പരം തങ്ങളെത്തനന്നെ ദാനം ചെയ്യുകയാണ് വിവാഹജീവിതത്തില്‍. ഈ ഐക്യം ജീവന്‍ പകരുന്നതിനു തുറവിയുള്ളതുമാണ്.  കൂദാശയാല്‍ പവിത്രീകൃതമായതുകൊണ്ട്  അവര്‍ക്കു ഒരു ഗൃഹസഭയാകാനും സമൂഹത്തില്‍ പുളിമാവാ കാനുള്ള കൃപാവരവുമാണ്  ലഭിക്കുന്നത്

സഭയുടെ ഈ പ്രബോധനത്തോടു യോജിക്കാതെ പോയ ദാമ്പത്യജീവിതങ്ങളില്‍ അവര്‍ക്കുള്ള ക്രിയാ ത്മകമായ ഘടകങ്ങളെ ഉപയോഗപ്പെടുത്തുക എന്നത് സഭയുടെ ധര്‍മമാണ്.  ഇവിടെ അജപാലന ശുശ്രൂഷയ്ക്കു വിവിധ പടികളെ പാപ്പാ നിര്‍ദേശിക്കുന്നു.  സിനഡുപിതാക്കന്മാര്‍ പരിഗണിച്ച രണ്ടു ദാഹരണങ്ങളാണ് സിവിള്‍ വിവാഹം, കേവലസഹവാസം എന്ന രണ്ടു രീതിയില്‍ ഉള്ള ദാമ്പത്യ ഐക്യം.  ഇങ്ങനെയുള്ള ബന്ധങ്ങളില്‍ ഒരുമിച്ചു കഴിയുന്ന അവരുടെ  ഐക്യം പ്രത്യേകമായ സ്ഥിര തയിലെത്തിച്ചേരുമ്പോള്‍, അഥവാ നിയമപരമായി അംഗീകരിക്കപ്പെട്ടു കഴിയുമ്പോള്‍, മാത്രമല്ല, അവരുടെ കുട്ടികള്‍ വഴിയും അവരുടെ ഐക്യത്തിനു കൂടുതല്‍ സ്ഥിരതയും ഉത്തരവാദിത്വ വുമുണ്ടാകുമ്പോള്‍ അജപാലനശുശ്രൂഷയ്ക്ക് അവസരമുണ്ട്. അങ്ങനെയുള്ള അവസ്ഥ സംജാതമാ കുമ്പോള്‍ വിവാഹകൂദാശ നല്കാമെന്നുള്ള വീക്ഷണത്തോടെ അജപാലനശുശ്രൂഷയ്ക്കുള്ള അവ സരമാണെന്ന് സിനഡുപിതാക്കന്മാര്‍ നിരീക്ഷിക്കുന്നു.  

എന്നാല്‍, ഇന്ന് അനേകം ചെറുപ്പക്കാര്‍ വിവാഹത്തെ അവിശ്വസിക്കുകയും അതു വേണ്ടെന്നുവച്ച് സഹവാസം എന്ന രീതി സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ച നമുക്ക് അന്യമല്ല. മറ്റു ചിലര്‍ വിവാ ഹസമര്‍പ്പണം നടത്തിയെങ്കിലും അതുപേക്ഷിച്ച് മറ്റൊരാളുമായി ചേര്‍ന്നു കഴിയുന്നു.  ഇതെല്ലാം നേരത്തെ പറഞ്ഞതു പോലെ, വിവാഹോടമ്പടിയുടെ ലംഘനവും ദൈവേഷ്ടത്തിനു വിരുദ്ധമാണെ ന്നും സഭ അറിയുന്നു.  എന്നാല്‍ അവരെയും തള്ളിക്കളയാനാവില്ല.  അവര്‍ക്കും കരുണായമയവും സഹായപൂര്‍ണവുമായ അജപാലനശുശ്രൂഷ ആവശ്യമാണ്.  കാരണം, സഭയുടെ അജപാലകര്‍ക്ക് ക്രൈസ്തവവിവാഹത്തെ വളര്‍ത്താന്‍ മാത്രമല്ല, ഉത്തരവാദിത്വമുള്ളത്, ഈ യാഥാര്‍ഥ്യം ജീവി ക്കാത്ത  വളരെയേറെ ആളുകള്‍ക്കുള്ള സാഹചര്യങ്ങളുടെ അജപാലനപരമായ വിവേചിച്ചറിയല്‍ നടത്താനും ഉത്തരവാദിത്വമുണ്ട്.  അജപാലനപരമായ സംവാദം ഇവിടെ ആവശ്യമാണ്.  അത് അവരെ കുറ്റപ്പെടുത്താനല്ല, വിവാഹത്തിന്‍റെ പൂര്‍ണതയിലേക്കുള്ള എന്തൊക്കെ ഘടകങ്ങളാണ് അവരിലുള്ളത് എന്നു തിരിച്ചറിയാനാണത്.  പാപ്പാ പറയുന്നു, സുവിശേഷവത്ക്കരണത്തെയും മാനുഷികവും ആത്മീയവുമായ വളര്‍ച്ചയെയും പോഷിപ്പിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുക എന്നതാണ് ആ കാര്യം.

മറ്റൊരു കാര്യം പാപ്പാ നിരീക്ഷിക്കുന്നത്, മേല്‍പ്പറഞ്ഞ രണ്ടുതരത്തില്‍പ്പെട്ട ഐക്യം തെരഞ്ഞെ ടുക്കുന്നവരില്‍ മിക്കവരും അങ്ങനെ ചെയ്യുന്നത് സഭയോടുളള മുന്‍വിധിയാലോ കൗദാശിക ഐക്യത്തോടുള്ള എതിര്‍പ്പിനാലോ അല്ല എന്നതാണ്. സാംസ്ക്കാരികമായ കാരണങ്ങളുണ്ടാകാം.  തികച്ചും ആകസ്മികമായി വരുന്ന സാഹചര്യങ്ങളുമുണ്ടാകാം.  മറ്റു പല സാഹചര്യങ്ങളുമാകാം ഇങ്ങനെയുള്ള ഒരവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്.  അപ്പോഴൊക്കെ ദൈവസ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന അവരുടെ സ്നേഹത്തിന്‍റെ അടയാളങ്ങളോട് ബഹുമാനം കാണിക്കുക ആവശ്യ മാണെന്നാണ് പാപ്പായുടെ ഉദ്ബോധനം.  അവരെ സഭയിലേക്കു സ്വീകരിക്കുകയും രക്ഷയുടെ സദ്ഫല ങ്ങളനുഭവിക്കാന്‍ അവസരം നല്കുകയും ചെയ്യുക ആവശ്യമാണ്.  എല്ലാവരും രക്ഷപെടണ മെന്നാഗ്രഹിക്കുന്ന ദൈവത്തോടൊപ്പം, എല്ലാവരെയും രക്ഷിക്കാനായി വന്ന യേശുമിശിഹാ യൊടൊപ്പം നാമും ഏവരുടെയും രക്ഷ ആഗ്രഹിക്കുകയാണ്.  അതു നമ്മുടെ രക്ഷയ്ക്കും ആവശ്യ മാണ് എന്നു നാം മനസ്സിലാക്കുമ്പോള്‍ സഭയിലേക്കു സ്വീകരിക്കാനുള്ള ഒരു സാഹചര്യത്തെയും നാം അവഗണിക്കുയില്ല. കാരണം, യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്നതുപോലെ, ദീര്‍ഘകാലം സഹവസിച്ചിട്ട് സഭയില്‍ വിവാഹോഘോഷം നടത്താന്‍ അപേക്ഷിക്കുന്നവരുടെ സംഖ്യ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് നമ്മുടെ നാട്ടിലും കണ്ടുതുടങ്ങിയിട്ടുണ്ട്.   

പിന്നെ ഇത്തരം വിവാഹങ്ങള്‍ക്കുള്ള മറ്റു ചില സാഹചര്യങ്ങളെക്കൂടി പാപ്പാ പരിഗണിക്കുന്നു.  സഹവാസത്തില്‍ മിക്കവാറും, സ്ഥാപനപരവും സുനിശ്ചിതമായിട്ടുള്ള ഏതിനെയും എതിര്‍ക്കുന്ന പൊതുമനോഭാവത്തെ അടിസ്ഥാനപ്പെടുത്തി ഉള്ള ഒരു തെരഞ്ഞെടുപ്പാണ്.  ചിലപ്പോള്‍ ജീവിതത്തില്‍ കൂടുതല്‍ സുരക്ഷിതത്വത്തിനായി, അതായത് സ്ഥിരജോലിയും സ്ഥിരമായ വരുമാനവും കാത്തി രിക്കുന്ന കാലത്തും ഈ സഹവസിക്കലിന്‍റെ അവസ്ഥ തെരഞ്ഞെടുത്തേക്കാം.  മറ്റൊന്ന് വിവാഹം ആഘോഷിക്കുന്നതിനുള്ള ഭാരിച്ച ചെലവ് താങ്ങാനുള്ള ശേഷി കൈവന്നിട്ടില്ലാത്തതുകൊണ്ടോ, ഇല്ലാത്തതുകൊണ്ടോ ഈ സഹവാസം തെരഞ്ഞെടുക്കുന്നവരുണ്ടാകാം.  ഏതു സാഹചര്യമായാലും സുവിശേഷത്തിനു യോജിച്ച വിവാഹവും കുടുംബവുമെന്ന തികഞ്ഞ യാഥാര്‍ഥ്യത്തിലേക്കു നയിക്കാന്‍ കഴിയുന്ന അവസരങ്ങളാക്കി അവയെ പരിവര്‍ത്തനം ചെയ്യിക്കാന്‍ പരിശ്രമിക്കുന്ന സര്‍ഗാത്മക പ്രത്യുത്തരമുണ്ടാകണം.  ഇവരെ വിവേകത്തോടെ, ക്ഷമയോടെ സ്വാഗതം ചെയ്യുകയും, നയിക്കുകയും ചെയ്യുക ആവശ്യമാണ്.  ഇവിടെ പാപ്പാ യേശുവിന്‍റെ ജീവിതത്തില്‍നിന്നുതന്നെ ഉദാഹരണം എടുത്തുകാട്ടുന്നു, യേശു സമരിയാക്കാരി സ്ത്രീയോടു പെരുമാറിയതെങ്ങനെയെന്ന ഉദാഹരണം.  അവളുടെ അന്ധകാരം ലോകത്തിന്‍റെ പ്രകാശമായ യേശുവില്‍ പ്രകാശത്തിന്‍റെ പ്രതിഫലനമായി ത്തീര്‍ന്നു, സുവിശേഷത്തിന്‍റെ ആനന്ദത്തിലേക്കു യേശു അവളെ നയിച്ചു.  യഥാര്‍ഥ സ്നേഹത്തിനു വേണ്ടിയുള്ള അവളുടെ ആഗ്രഹത്തോടു പ്രത്യുത്തരിച്ചുകൊണ്ടാണ് യേശു അപ്രകാരം ചെയ്തത്.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നിര്‍ദ്ദേശിച്ച അനുക്രമത്തിന്‍റെ നിയമം (Law of Gradualness) ഇവിടെ ഓര്‍ക്കുന്നത് ഉചിതമാണ്.  മനുഷ്യജീവി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ധാര്‍മികനന്മയെ അറിയുകയും സ്നേഹിക്കുകയും പൂര്‍ണമാക്കുകയും ചെയ്യുന്നു.  മനുഷ്യന് ഇങ്ങനെ പടിപടിയായുള്ള  വളര്‍ച്ചയാണുള്ളത്.  നിയമങ്ങളെക്കുറിച്ച് വിവേകപൂര്‍ണമായി ക്രമാനുഗതികത്വ ത്തോടെയുള്ള അഭ്യസനം ആവശ്യമാണ്.  ദൈവത്തില്‍നിന്നാണ് നിയമം. ദൈവകൃപയുടെ സഹായത്താലാണ് നിയമം അനുസരിക്കാന്‍ കഴിയുന്നത്.  നിയമം അനുസരിക്കാനുള്ള ദൈവകൃപ വേണ്ടത്ര സ്വീകരിച്ചിട്ടില്ലാത്തവരെ ദൈവനിയമത്തിനു വിധേയപ്പെടുന്നവര്‍ ക്ഷമയോടെ, വിവേക ത്തോടെ ആ ദൈവികകൃപ സ്വീകരിക്കുന്നതിന്  പടിപടിയായി ഒരുക്കേണ്ടതുണ്ട്.   അത് സഭയിലൂടെ ദൈവം നല്‍കുന്ന രക്ഷയിലേക്ക് ക്രമാനുഗതമായി ഉദ്ഗ്രഥിക്കുന്ന പ്രക്രിയയാണ്.  രക്ഷയിലേക്കു പ്രവേശിക്കാന്‍ കൂടുതല്‍ കൃപാവരം ലഭിച്ചവരുടെ ക്ഷമാപൂര്‍വകവും വിവേകപൂര്‍ണവുമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉപയോഗപ്പെടുത്തണം.

വിവാഹം ഒരു മഹാരഹസ്യമാണെന്നു പൗലോസ്ശ്ലീഹാ എഴുതുന്നുണ്ട് എഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍.  അതു ക്രിസ്തുവിനു തന്‍റെ സഭയോടുള്ള മണവാളനടുത്ത സ്നേഹത്തെ പ്രകാശി പ്പിക്കുന്നു. ഈ മഹാരഹസ്യത്തിന്‍റെ അടിവേരുകള്‍ ആധുനികകാഴ്ചപ്പാടിനു നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ആ മഹാരഹസ്യം നമ്മിലും നമ്മുടെ ചുറ്റിനും ഭീഷണി നേരിടുന്നുവെങ്കില്‍, ഫ്രാന്‍സീസ് പാപ്പാ പറയുന്നതുപോലെ ആധുനികലോകം വിവാഹത്തിനെതിരായ യുദ്ധത്തിലാണെങ്കില്‍,  ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ആ രഹസ്യത്തെ വീണ്ടും കണ്ടെത്താനും തങ്ങളെത്തന്നെ ശക്തിയോടും ധീരതയോടും ആവേശത്തോടും കൂടെ അതിനു വീണ്ടും സമര്‍പ്പിക്കേണ്ടതിനും സഭ അവരോടൊത്തു സഹഗമിക് ണം, ക്ഷമയോടും വിവേകത്തോടും കൂടി.  ക്രൈസ്തവവിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും നന്മകളുടെ മാഹാത്മ്യത്തെ അംഗീകരിച്ചുകൊണ്ട് ക്രൈസ്തവ വിവാഹത്തില്‍നിന്ന്, ക്രൈസ്തവ കുടുംബ രൂപീകരണത്തില്‍നിന്ന് അകന്നുപോയിട്ടുണ്ടെങ്കില്‍ തിരിയെ വരാന്‍,  അകന്നുപോയവരെ തിരിയെക്കൊണ്ടുവരാന്‍ നമുക്കു പരിശ്രമിക്കാം.  കാരണം, വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഊന്നിപ്പറയുന്നതുപോലെ,  കുടുംബത്തെപ്പറ്റിയുള്ള ക്രൈസ്തവ സത്യത്തിന്‍റെ നിക്ഷേപം വളരെ വിപുലവും സമ്പന്നവുമാണ്.  കുടുംബം ദൈവികപദ്ധതിയാണ്.  അതു സ്നേഹം കൊണ്ട്, ദൈവസ്നേഹം കൊണ്ടു പണിയേണ്ടതാണ്. സ്നേഹമില്ലാതെ പടുത്തുയര്‍ത്താന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങളോ‌ടൊത്തു സഹഗമിക്കുന്ന സഭ തന്‍റെ സ്നേഹശുശ്രൂഷയാല്‍ അതിനെ പടുത്തുയര്‍ത്താന്‍ ദമ്പതികളെ സഹായിക്കുന്നതാനാഗ്രഹിക്കുന്നു.








All the contents on this site are copyrighted ©.