2016-11-17 18:57:00

‘വലിച്ചെറിയല്‍ സംസ്ക്കാരം’ ഇല്ലാതാക്കാന്‍ ഉപവി പ്രവര്‍ത്തനങ്ങള്‍


ഇഷ്ടമില്ലാത്തവര്‍ പുറത്ത്! പ്രായമായവരും രോഗികളും, പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പുറത്ത്!! ഉപയോഗമില്ലാത്തവരാണ് അവര്‍ എന്ന ചിന്തയാല്‍ അവഗണിക്കുകയും, അവരോടു നിസ്സംഗത കാട്ടുകയും ചെയ്യുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രയോഗത്തിലെ ‘വലിച്ചെറിയല്‍ സംസ്ക്കാരം’ (Culture of Waste).  

‘കാരിത്താസ്’  (Caritas International)  രാജ്യാന്തര ഉപവി പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റും ഫിലിപ്പീന്‍സിലെ മനില അതിരൂപത അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലേയും മറ്റ് പ്രതിനിധികളുമായി പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഉപവി പ്രവര്‍ത്തനങ്ങളിലൂടെ ‘വലിച്ചെറിയല്‍ സംസ്ക്കാരം’ ഇല്ലാതാക്കണമെന്ന് നവംബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ നടന്ന നേര്‍ക്കാഴ്ചയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

സഭയുടെ അസ്തിത്വംതന്നെ സുവിശേഷപ്രഘോഷണത്തിനാണ്. എന്നാല്‍ ലോകത്തെ ബഹുമുഖങ്ങളായ സാമൂഹ്യ ചുറ്റുപാടുകളുമായി ഇണങ്ങിച്ചേര്‍ന്നാണ് സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കേണ്ടത്. കുടുംബങ്ങളുടെയും അവരുടെ സമൂഹിക ചുറ്റുപാടുകളുടെയും അടിയന്തിര ആവശ്യങ്ങളും മാത്രമല്ല ഉപവി പ്രവര്‍ത്തനം. ഇന്ന് ലോകത്തുള്ള നീതിയുടെയും സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും ആവശ്യങ്ങളും ഉപവിപ്രവര്‍ത്തകര്‍ പരിഗണിക്കേണ്ടതാണ്. ഉപവിപ്രവര്‍ത്തനവും സുവിശേഷ പ്രവര്‍ത്തനവും (Caritas et Confessio) അങ്ങനെ കോര്‍ത്തിണക്കപ്പെടേണ്ടതാണ്.  

സുവിശേഷവത്ക്കരണത്തിന്‍റെ സാമൂഹികമാനം, സഭയ്ക്ക് പാവങ്ങളോടുള്ള പ്രത്യേകവും സവിശേഷവുമായ പ്രതിപത്തിയാണ് (A preferrential option for the poor). അതുകൊണ്ടാണ് സാമൂഹികമായി പുറംതള്ളപ്പെട്ടവര്‍ക്കുവേണ്ടിയും, അവരുടെ സമഗ്രതയ്ക്കും വിമോചനത്തിനുമായി സഭ എന്നും പ്രവര്‍ത്തിക്കുന്നത്.

ഇന്ന് സമൂഹത്തില്‍ പൊന്തിവരുന്ന വലിച്ചെറിയല്‍ സംസ്ക്കാരത്തെ (Culture of Waste) നാം പാടെ ഉപേക്ഷിക്കേണ്ടതും ഇല്ലാതാക്കാന്‍ പരിശ്രമിക്കേണ്ടതുമാണ്. പാവങ്ങളോടും, പാര്‍ശ്വവത്ക്കരിക്കപ്പട്ടവരോടും, പലപ്പോഴും വയോജനങ്ങളോടും, രോഗികളോടും സമൂഹം കാണിക്കുന്ന നിസ്സംഗത ഇല്ലാതാക്കി, ഐക്യദാര്‍ഢ്യം വളര്‍ത്താന്‍ ഉപവി പ്രവൃത്തികള്‍ ഉപാധിയാക്കാം, സഹായകമാക്കാം. പാപ്പാ ഉദ്ബോദിപ്പിച്ചു....

(പ്രഭാഷണത്തിലെ ഒരു ചിന്തമാത്രേ ചേര്‍ത്തിട്ടുള്ളൂ...).








All the contents on this site are copyrighted ©.