2016-11-17 09:15:00

ജൂബിലിസമാപനം നവസാങ്കേതികതയില്‍ വത്തിക്കാന്‍ കണ്ണിചേര്‍ക്കും


നിയുക്ത കര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണ കര്‍മ്മവും  (Consistory for the creation of New Cardinals), കാരുണ്യത്തിന്‍റെ ജൂബിലിയുടെ സമാപന പരിപാടികളും Ultra HD (Ultra High  Dynamic Range transmission) സാങ്കേതികതയില്‍ സംപ്രേക്ഷണംചെയ്യുമെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ പ്രസതാവനയിലൂടെ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നവംബര്‍ 19-ന് ശനിയാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കാന്‍ പോകുന്ന ആഗോളസഭയിലെ 17 നിയുക്ത കര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണവും, നവംബര്‍ 20-ന് ഞായറാഴ്ച അതേവേദിയില്‍ അരങ്ങേറുന്ന കാരുണ്യത്തിന്‍റെ ജൂബിലിയുടെ സമാപകര്‍മ്മങ്ങളും  സംപ്രേക്ഷണം ചെയ്യുന്നതിനാണ് ദൃശ്യ-ശ്രാവ്യ നിര്‍മ്മിതിയുടെ  ഏറ്റവും ഉയര്‍ന്ന ഇന്നിന്‍റെ സാങ്കേതികത ഉപയോഗിക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കി.  മനുഷ്യന്‍റെ നഗ്നനേത്രങ്ങള്‍ കാണുന്ന ദൃശ്യബിംബങ്ങള്‍ സാങ്കേതിക മികവുകൊണ്ട് യാഥാര്‍ത്ഥ്യത്തോട് ഏറ്റവും അടുത്ത കാഴ്ചയായി പ്രേക്ഷകരില്‍ എത്തിക്കുക എന്നതാണ് Ultra HDR നവസാങ്കേതികകൊണ്ട് ലക്ഷ്യംവയ്ക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ വിവരിച്ചു.

ലോകത്തെ 11 വിവിധ രാജ്യങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 17 നിയുക്ത കര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണ കര്‍മ്മവും, ജൂബിലിയുടെ കാരുണ്യകവാടം അടയ്ക്കുന്നതും, എന്നാല്‍ ‘ദൈവികകാരുണ്യം ഒരിക്കലും ലോകത്തിനായി അടയ്ക്കപ്പെടുന്നില്ല,’ എന്നു പ്രതിഫലിപ്പിക്കുമാറ് തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണവും പൂര്‍വ്വോപരി ആര്‍ജ്ജവത്തോടെ ലഭ്യമാക്കാനുള്ള വത്തിക്കാന്‍ മാധ്യമങ്ങളുടെ ശ്രമമാണിതെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ കൂട്ടിച്ചേര്‍ത്തു.

ദൃശ്യ-ശ്രാവ്യ ബിംബങ്ങളുടെ മേന്മയേറിയതും മനോഹരവുമായ സന്നിവേശത്തിലൂടെ ആഗോളസഭയിലെ ചരിത്ര സംഭവങ്ങള്‍ നവമായ ഡിജിറ്റല്‍ സംവിധാനത്തില്‍ ഇതുവഴി രേഖീകരണം ചെയ്യപ്പെടുകയാണെന്നും (Documentaion) മോണ്‍സീഞ്ഞോര്‍ വിഗനോ പ്രസ്താവിച്ചു.

സോണി കമ്പനിയും ഇറ്റലിയുടെ ഡിജിറ്റല്‍ സാങ്കേതിക വിഭാഗവും (Sony Company Europe & HD Forum of Itlay=  വത്തിക്കാന്‍റെ ഉയര്‍ന്ന സാങ്കേതിക ഉദ്യമത്തിന് പിന്‍ബലമായുണ്ടെന്ന് മോണ്‍സീഞ്ഞോര്‍ ഡാരിയോ വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.