2016-11-14 16:56:00

നിരാലംബരായ കുട്ടികളെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആശങ്ക


 “ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്” (മര്‍ക്കോസ് 9, 37... മത്തായി 18, 5, ലൂക്കാ 9, 48, യോഹ. 13, 20). ക്രിസ്തുവിന്‍റെ ഈ വാക്കുകളാല്‍ എല്ലാ സുവിശേഷകന്മാരും നമ്മെ പ്രബോധിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും,  വെല്ലുവിളിക്കുകയും ചെയ്യുന്നു. ഈ വചനം ദൈവിക ശബ്ദവും, നന്മയുടെ ഉറപ്പായ പാതയുമാണ്. രക്ഷകനായ ക്രിസ്തുവിന്‍റെ നാമത്തില്‍ കുട്ടികളെ വിശിഷ്യാ പാവങ്ങളായ കുട്ടികളെ സ്വീകരിക്കുകയും തുണയ്ക്കുകയും ചെയ്യന്ന ശീലത്തിലേയ്ക്ക് ഈ വചനം നമ്മെ വളര്‍ത്തട്ടെ!

നമ്മുടെ ജീവിതയാത്ര നന്മപൂര്‍ണ്ണമാക്കുന്നതിന് അനിവാര്യമായ വ്യവസ്ഥയാണ് അന്യരോടു കാണിക്കേണ്ട ആതിഥ്യവും മര്യാദയും:

ദൈവം നമ്മില്‍ ഒരുവനായി പിറന്നു. യേശുവില്‍ അവിടുന്നൊരു ശിശുവായി അവതരിച്ചു. പ്രത്യാശയാര്‍ന്നതും തുറവുള്ളതുമായ വിശ്വാസം അനുദിന ജീവിതത്തില്‍ പ്രതിഫലിപ്പിക്കേണ്ടത് എളയവരോടും ദുര്‍ബലരോടുമുള്ള സാമീപ്യത്താലാണ്. വിശ്വാസം,  ഉപവി, പ്രത്യാശ എന്നീ പുണ്യങ്ങള്‍ ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവൃത്തികളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. സമാപനത്തില്‍ എത്തിനില്ക്കുന്ന ജൂബിലിവത്സരത്തില്‍ കരുണയുള്ള ജീവിതത്തെക്കുറിച്ചാണ് പുനര്‍പരിശോധന നടത്താനും,  പുനരാവിഷ്ക്കരിക്കാനും നാം പരിശ്രമിച്ചത്. 

കരുണ കാട്ടാത്തവര്‍ക്ക് സംഭവിച്ചേക്കാവുന്ന വിനകളെക്കുറിച്ചും സുവിശേഷകന്മാര്‍ പരാമര്‍ശിക്കുന്നുണ്ട്:

“എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18, 6). “നമ്മില്‍ വിശ്വാസമര്‍പ്പിക്കുന്ന ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്” (മര്‍ക്കോസ് 9, 42). “ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്” (ലൂക്കാ 17, 2). മനസ്സാക്ഷിക്കുത്തില്ലാത്തവരുടെ ചൂഷണകൃത്യങ്ങള്‍ക്കു മുന്നില്‍ ഈ താക്കീതുകള്‍ മറക്കാനാകുമോ?

വേശ്യാവൃത്തി അശ്ലീലപ്രവൃത്തികള്‍ എന്നിവയിലേയ്ക്ക് വലിച്ചിഴക്കപ്പെടുന്നവരും,  ബാലവേല, കുട്ടിപ്പട്ടാളം എന്നിവയില്‍ അടിമകളാക്കപ്പെടുന്നവരുമായ കുട്ടികളുണ്ട്.  മയക്കുമരുന്നിനും, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്. അഭ്യന്തരകലാപവും പീഡനങ്ങളും ഭയന്ന് ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിതരാകുന്നവരും, അതുമൂലം ഒറ്റപ്പെടലും പരിത്യക്തതയും അനുഭവിക്കേണ്ടി വരുന്നവരുമായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്നിന്‍റെ ചൂഷിതരാണ്.

ഇക്കാരണത്താല്‍, 2017-ലെ അഭയാര്‍ത്ഥികളുടെയും ദിനത്തില്‍ വിപ്രവാസത്തിന്‍റെ പ്രകൃയയില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ കേന്ദ്രീകരിച്ച് സന്ദേശം ഇറക്കണമെന്ന പ്രേരണയാണ് എനിക്കു ലഭിച്ചത്.   കുട്ടികളോട് പരിഗണന ഉള്ളവരായിരിക്കണമെന്ന് സകലരോടും അഭ്യാര്‍ത്ഥിക്കുന്നതിന്‍റെ പ്രത്യേക കാരണം,  അവര്‍ മൂന്നു വിധത്തില്‍ പ്രതിരോധ ശേഷിയില്ലാത്തവരായതിനാലാണ് :  ആദ്യമായി അവര്‍ കുട്ടികളാണ്.  പിന്നെ അവര്‍ പരദേശകളാണ്. മൂന്നാമതായി അവര്‍ സ്വന്തമായി ജീവിക്കാന്‍ വകയില്ലാത്തവരുമാണ്!   അതിനാല്‍ വിവിധ കാരണങ്ങളാല്‍  കുടിയേറ്റത്തിന്‍റെ പ്രകൃയയില്‍ നാടും വീടും വിട്ട് ജീവിക്കാന്‍ നിര്‍ബന്ധിതരായ  കുഞ്ഞുങ്ങളെ, വിശിഷ്യ അനാഥാരക്കപ്പെട്ടവരെ തുണയ്ക്കണമെന്ന് ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.  

(കുടിയേറ്റക്കാരായ കുട്ടികളെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സമ്പൂര്‍ണ്ണസന്ദേശം പിന്നീട് ലഭ്യമാക്കും).








All the contents on this site are copyrighted ©.