2016-11-14 15:34:00

തന്‍റെ മക്കളെ ഒരിക്കലും കൈവിടുകയില്ലാത്ത പിതാവാണ് ദൈവം


പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം

ഇന്നത്തെ വായന (ലൂക്കാ 21.5-19) യേശുവിന്‍റെ യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്‍റെ ആദ്യഭാഗം ഉള്‍ക്കൊള്ളുന്നു.  ജറുസലെം ദൈവാലയത്തിനു മുമ്പില്‍നിന്നുകൊണ്ട്, ദേവാലയത്തിന്‍റെ പണികളും മനോഹാരിതയും നോക്കിക്കാണുന്ന ജനങ്ങളുടെ വിസ്മയഭാവങ്ങളോടു പ്രതികരിക്കുന്ന യേശുവിനെയാണ് ലൂക്കാ സുവിശേഷകന്‍ ഇവിടെ അവതരിപ്പി ക്കുന്നത്.

അപ്പോള്‍ യേശു പറഞ്ഞു, നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു (വാ. 6).  ഈ വാക്കുകള്‍ അവിടുത്ത ശിഷ്യരില്‍ ഉളവാക്കിയ ഭാവമെന്തെന്ന് നമുക്കൂഹിക്കുവാന്‍ കഴിയും.  എന്നാല്‍ യേശു ദേവാ ലയത്തിനെതിരായിട്ടല്ല ഇതു പറഞ്ഞത്. മറിച്ച്, അവരോടും, ഇന്നു നമ്മോടും വ്യക്തമാക്കുന്നതിനുദ്ദേശിച്ചത് ഇതാണ്, ഏതൊരു മാനുഷിക നിര്‍മിതിയും ഏറ്റവും പാവനമായതാണെങ്കില്‍ കൂടിയും കടന്നുപോകുന്നതാണ്, നമ്മുടെ സുരക്ഷ യ്ക്കായി അവ കാത്തുസൂക്ഷിക്കരുത്.  എത്രമാത്രം തീര്‍ച്ചയോടുകൂടിയാണ് ചില കാര്യങ്ങളോടു നമ്മുടെ ജീവിതങ്ങളെ നാം ചേര്‍ത്തുവയ്ക്കുന്നത്. എന്നാല്‍ അവ ക്ഷണികങ്ങളാണെന്നു പിന്നീടു നമുക്കു ബോധ്യമാകുന്നുമുണ്ട്.  എന്നാല്‍ തരണം ചെയ്യാനാവുകയില്ലെന്നു നാം കരുതിയ എത്രയേറെ പ്രയാസങ്ങളെ നാം അതിജീവിച്ചിട്ടുണ്ട്.

എല്ലായ്പോഴും സുരക്ഷിതമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതിനുവേണ്ടിയുള്ള മാനുഷികാവശ്യത്തെക്കുറിച്ചു സിദ്ധാന്തി ക്കുന്നവരുണ്ടെന്ന് യേശുവിനറിയാം.  അതുകൊണ്ട് ആരും നിങ്ങളെ വഴിതെ റ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍ എന്നു പറഞ്ഞുകൊണ്ട് വരാനിരിക്കുന്ന അനവധി വ്യാജ മിശിഹാമാരെക്കുറിച്ച് യേശു മുന്നറിയിപ്പു നല്കുന്നു. ഇന്നുമുണ്ട് അവര്‍. യേശു കൂട്ടിച്ചേര്‍ക്കുന്നു, യുദ്ധങ്ങളെയും വിപ്ലവങ്ങളെയും നാശങ്ങളെയുംകുറിച്ചു കേട്ട് നിങ്ങള്‍ ഭയപ്പെടുകയോ, നഷ്ടധൈര്യരാകുകയോ ചെയ്യരുത് (വാ. 10-11). അവയെല്ലാം ഈ ലോകയാഥാര്‍ഥ്യങ്ങളുടെ ഭാഗമാണ്.  സഭാ ചരിത്രം നിറയെ ഭയാനകമായ സഹനങ്ങളെയും കഷ്ടതകളെയും ശാന്തതയോടെ നേരിട്ടവരുടെ അനേകം ഉദാഹരണങ്ങള്‍ നമുക്കു കാണാന്‍ കഴിയും.  ദൈവത്തിന്‍റെ ശക്തമായ കരങ്ങളിലാണെന്ന അനുഭവത്തിലായിരുന്നു അവര്‍ അവയെ അതിജീവിച്ചത്.  അവിടുന്ന് വിശ്വസ്തനായ പിതാവാണ്, അവിടുന്നു തന്‍റെ മക്കളെ ഒരിക്കലും കൈവിടാതെ ശ്രദ്ധിക്കുന്നവനാണ്.  ദൈവം ഒരിക്കലും നമ്മെ കൈവിടുകയില്ല. ഈ ഉറപ്പ്, ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ലെന്ന ഉറപ്പ് നമ്മുടെ ഹൃദയങ്ങളിലുണ്ടാകണം.

ദൈവത്തില്‍ ഉറച്ചിരിക്കുക, അവിടുന്ന് ഒരിക്കലും കൈവിടുകയില്ലെന്ന ഉറപ്പില്‍, പ്രതീക്ഷയില്‍ നടക്കുക, സാമൂഹികമായോ വ്യക്തിപരമായോ ഉള്ള എല്ലാ പ്രയാസങ്ങളാലും സങ്കടസംഭവങ്ങളാലും മുദ്രിതമായിരിക്കുമ്പോഴും കൂടുതല്‍ നന്മയാര്‍ന്ന ഒരു ലോകത്തെ പടുത്തുയര്‍ത്താനായി അധ്വാനിക്കുക. അതാണ് യഥാര്‍ഥത്തില്‍ നമുക്കു കരണീയമായിട്ടുള്ളത്.  കര്‍ത്താവിന്‍റെ ദിനത്തി നായി കാത്തിരിക്കുന്ന ക്രൈസ്തവസമൂഹം ഇങ്ങനെ ചെയ്യുന്നതിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്.   കാരുണ്യത്തിന്‍റെ ഈ അസാധാരണജൂബിലിവര്‍ഷത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്ന് ലോക ത്തിലെ എല്ലാ രൂപതകളിലെയും കത്തീഡ്രലുകളിലെ വിശുദ്ധ കവാടങ്ങള്‍ അടയക്കപ്പെടുമ്പോള്‍ ഈ മാസങ്ങളില്‍ നാം ജീവിച്ച വിശ്വാസത്തിന്‍റെ ഫലം  ഈ  വീക്ഷണത്തോടെ നമ്മെത്തന്നെ സമര്‍പ്പിക്കുന്നതിനാവശ്യപ്പെടുന്നു. ഈ വിശുദ്ധവര്‍ഷം ദൈവരാജ്യത്തിന്‍റെ പൂര്‍ത്തീകരണത്തിലേക്ക് നമ്മുടെ ദൃഷ്ടികളെ ഉറപ്പിക്കുകയും ഒപ്പം ഇന്നിനെ സുവിശേഷവത്ക്കരി ച്ചുകൊണ്ട് ഈ ഭൂമിയില്‍ എല്ലാവര്‍ക്കും രക്ഷ ഉറപ്പാക്കുന്ന സമയം വന്നെത്തുന്ന ഭാവിയെ പടുത്തുയര്‍ത്തുകയും ചെയ്യാം.

ഇന്നത്തെ സുവിശേഷത്തിലൂടെ ദൈവമാണ് നമ്മുടെ ചരിത്രത്തെ നയിക്കുന്നതെന്നും, യുഗാന്ത്യസംഭവങ്ങളെ പൂര്‍ണമായി അറിയുന്നവന്‍ അവിടുന്നാണെന്നുമുള്ള കാര്യം നമ്മുടെ ഹൃദയത്തിലും മനസ്സിലും ഉറപ്പിക്കുന്നതിന് യേശു നമ്മെ പ്രചോദിപ്പിക്കുന്നു.  കര്‍ത്താവിന്‍റെ കരുണനിറഞ്ഞ വീക്ഷ ണത്തിനു കീഴില്‍ ചരിത്രം അതിന്‍റെ പ്രവാഹത്തെയും തിന്മയും നന്മയും ഇഴചേര്‍ക്കുന്ന അതിന്‍റെ അനിശ്ചിതത്വത്തെയും അനാവൃതമാക്കുന്നു.  എന്നാല്‍ സംഭവിക്കുന്നവ എല്ലാം അവിടുന്നില്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.  നമ്മുടെ ജീവിതങ്ങള്‍ ഒരിക്കലും നഷ്ടപ്പെടാനാവാത്തവിധം അവിടുത്തെ കരങ്ങളിലാണ്.  ഈ ലോകത്തിലെ സന്തോഷകരവും ദുഃഖകരവുമായ എല്ലാ സംഭവങ്ങളിലും നിത്യതയുടെ, ദൈവ രാജ്യത്തിന്‍റെ പ്രതീക്ഷയെ മുറുകെപ്പിടിക്കുന്നതിനു നമ്മെ സഹായിക്കുന്നതിന് കന്യകാമറിയത്തോടു നമുക്കു പ്രാര്‍ഥിക്കാം. 








All the contents on this site are copyrighted ©.