2016-11-14 13:11:00

കാരുണ്യം ബലഹീനതയുടെ അടയാളമല്ല, അത് ശക്തിയും മഹാമനസ്കതയും


കാരുണ്യം ബലഹീനതയുടെയൊ പരിത്യാഗത്തിന്‍റെയൊ അടയാളമല്ല, പ്രത്യുത, ശക്തിയും മഹാമനസ്കതയും ആണെന്ന് കര്‍ദ്ദിനാള്‍ അഗോസ്തീനൊ വല്ലീനി.

റോം രൂപതയുടെ അദ്ധ്യക്ഷനായ പാപ്പായുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഈ രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍, കരുണയുടെ അസാധാണ ജൂബിലിവത്സരസമാപനം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍, ഞായറാഴ്ച (13/11/14) അടച്ച തിരുക്കര്‍മ്മവേളയില്‍ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് ഇതു പറഞ്ഞത്.

നമുക്ക് രോഗസൗഖ്യമേകുകയും നമ്മുടെ ബലഹീനതകളെ നീക്കുകയും വീഴ്ചകളില്‍ നിന്ന് നമ്മെ കൈപിടിച്ചുയര്‍ത്തുകയും നന്മചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പിതാവിന്‍റെ സ്നേഹപുര്‍ണ്ണമായ സര്‍വ്വശക്തിയുടെ പ്രസരണമാണ് കാരുണ്യമെന്നും കര്‍ദ്ദിനാള്‍ അഗോസ്തീനൊ വല്ലീനി ഉദ്ബോധിപ്പിച്ചു.

അമൂര്‍ത്തമായ ഒരു ആശയമല്ല, മറിച്ച്, പിതാവിനും മാതാവിനുമടുത്ത തന്‍റെ   സ്നേഹം ദൈവം വെളിപ്പെടുത്തുന്ന മൂര്‍ത്തമായ ഒരു യാഥാര്‍ത്ഥ്യമാണ് കാരുണ്യമെന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു.

ക്രിസ്തുരാജന്‍റെ തിരുന്നാള്‍ ദിനമായ നവമ്പര്‍ 20 ന് ഞായറാഴ്ചയാണ് കാരുണ്യവത്സരം ആഗോളസഭാതലത്തില്‍ സമാപിക്കുക. അന്ന് രാവിലെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കാരുണ്യത്തിന്‍റെ   അസാധാരണ ജൂബലിയുടെ സമാപന ദിവ്യപൂജ അര്‍പ്പിക്കുകയും ഈ ബസിലിക്കയിലെ വിശുദ്ധ വാതില്‍ അടയ്ക്കുകയും ചെയ്യും.

 








All the contents on this site are copyrighted ©.