2016-11-13 14:58:00

ജൂബിലികവാടങ്ങള്‍ അടയ്ക്കാം ഹൃദയകവാടങ്ങള്‍ തുറക്കാം


13, നവംബര്‍ ഞായറാഴ്ച.

പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് പാവങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. യൂറോപ്പിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ നാലായിരത്തില്‍ അധികം അഗതികളായിരുന്നു ബലിവേദിയിലെ പാപ്പായുടെ ക്ഷണിതാക്കള്‍. കാരുണ്യത്തിന്‍റെ ജൂബിലി പ്രമാണിച്ച് മൂന്നു ദിവസത്തെ പരിപാടിക്ക് എത്തിയവരാണ് അധികവും ഭവനരഹിതരായ ഈ പാവങ്ങള്‍.

ആണ്ടുവട്ടം 33-ാം വാരം ഞായറാഴ്ചത്തെ വചനഭാഗത്തെ (മലാക്കി 4, 2-6, ലൂക്കാ 21, 5-19) ആധാരമാക്കി അവര്‍ക്കായി പാപ്പാ പങ്കുവച്ച വചനചിന്തകളുടെ പ്രസക്തഭാഗം ഇവിടെ കുറിക്കുന്നു :

“എന്‍റെ നാമത്തെ ഭയപ്പെടുന്നവരുടെ മേല്‍ നീതിസൂര്യന്‍ ഉദിക്കും, അതിന്‍റെ ചിറകുകളില്‍ സൗഖ്യമുണ്ട്” (മാലക്കി 4, 2). പഴയനിയമത്തിലെ അവസാനത്തെ ഈ പ്രവചന വാക്യത്തോടെയാണ് പാപ്പാ വചനപ്രഭാഷണം തുടങ്ങിയത്. ദരിദ്രരെങ്കിലും ആത്മാവില്‍ സമ്പന്നരായവരുടെ മേല്‍ ദൈവികനീതിയുടെ സൂര്യന്‍ ഉദയംചെയ്യും. ‘ആത്മാവില്‍ ദരിദ്രരായവര്‍’ എന്ന് ക്രിസ്തു വിശേഷിപ്പിച്ച ഇവര്‍, ദൈവരാജ്യത്തിലെ പ്രിയപ്പെട്ടവരാണ്.

മാനുഷിക ദൃഷ്ടിയില്‍ മനോഹരവും സമ്പന്നവുമായ ജരൂസലേം നഗരവും ദേവാലയവും നശിക്കുമെന്ന് ക്രിസ്തു പ്രവചിച്ചു. “വിലയേറിയ കല്ലുകളാലും കാണിക്കകളാലും അലംകൃതമായ ദേവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ നശിക്കും.” ഇന്നു നാം കാണുന്ന മായികലോകവും തീര്‍ച്ചയായും അതുപോലെ മാഞ്ഞുപോകും, കടന്നുപോകും.  എങ്ങനെ എപ്പോള്‍ ഇത് സംഭവിക്കുമെന്നത് മാനുഷികമായ ജിജ്ഞാസയാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ജാതകമോ, ഹസ്തശാസ്ത്രമോ, ആകാംക്ഷയുടെ അടയാളമോ തേടുന്നില്ല. അവര്‍ ദൈവികവിജ്ഞാനവും വഴികളും അന്വേഷിക്കും. അനീതിയും പ്രലോഭനങ്ങളും പീഡനങ്ങളും തലപൊക്കുമ്പോഴും അവര്‍ ഭയപ്പെടുന്നില്ല. അവര്‍ നന്മയില്‍ നിലനില്‍ക്കും.                                                                         ദൈവത്തില്‍ പ്രത്യാശിക്കുക. നിരാശരാകരുത്. “നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിക്കില്ല” (ലൂക്കാ 21, 18).  ദൈവത്തിന്‍റെ പ്രത്യേക പരിലാളനയുടെ വലയത്തില്‍ ജീവിക്കുന്നവരാണ് മനുഷ്യരായ നമ്മളെങ്കില്‍ ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ - ദൈവവും മനുഷ്യരും സ്നേഹിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്. ബാക്കി എല്ലാം, നാം ഇപ്പോള്‍ സമ്മേളിച്ചരിക്കുന്ന ബസിലിക്കയും ഭൗമികമായ സകലതും കടന്നുപോകും. എന്നാല്‍ ദൈവത്തിന് മനുഷ്യരായ നമ്മള്‍ പ്രിയപ്പെട്ടവരാണ്. അതിനാല്‍ ജീവിതത്തില്‍ ദൈവത്തെ മറക്കരുതെന്നും, സഹോദരങ്ങളെ അവഗണിക്കരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഉപയോഗമില്ലെന്നു പറഞ്ഞ്, പ്രായമായവരെയും രോഗികളെയും പാവങ്ങളെയും സാധനങ്ങള്‍പോലെ ഉപേക്ഷിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ‘വലിച്ചെറിയല്‍ സംസ്ക്കാരം’ (Culture of Waste) തെറ്റാണ്. സ്വത്തിനും സമ്പത്തിനുംവേണ്ടി ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യനെ തള്ളിക്കളയുന്നതും, പുറത്താക്കുന്നതും ശരിയല്ല! ഇത് നാം ചെറുക്കേണ്ട ഇന്നിന്‍റെ  തിന്മയും പാപവുമാണ്. ലോകത്തിന്‍റെ മനസ്സാക്ഷി ഈ വിധത്തില്‍ ഇന്നു മരവിച്ചതാകുന്നുണ്ട്. ദാരിദ്യത്താല്‍ ക്ലേശിക്കുന്നവരെയും, പാര്‍ശ്വത്ക്കരിക്കപ്പെട്ട പാവങ്ങളെയും കണ്ടില്ലെന്നു നടിച്ച് നാം കടന്നുപോകുന്നുണ്ട്. അവരോട് നിസംഗത കാട്ടുന്നുണ്ട്. എളിയവരോടുള്ള നിസംഗത ഇന്ന് ലോകത്തിന്‍റെ വലിയ പ്രതിസന്ധിയാണ്!

“ദൈവത്തിന്‍റെ ദൃഷ്ടി എളിയവരിലും അനുതാപികളിലും നിപതിക്കുന്നു...” (ഏശയ 66, 2), പരിത്യക്തരായ ‘ലാസര്‍മാരെ’ കര്‍ത്താവു കാക്കും! അതിനാല്‍ നാം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ട സഹോദരങ്ങളെ ഗൗനിക്കാതെ പോകുന്നത് ദൈവത്തെ അവഗണിക്കുന്നതിനു തുല്യമാണ്. ആത്മീയമായ ‘തളര്‍വാത’മാണ് ഈ നിസംഗത! വികസനപദ്ധതികള്‍ കുറച്ചുപേരുടെ വളര്‍ച്ചയ്ക്കും, അധികംപേരുടെ തകര്‍ച്ചയ്ക്കും ഹേതുവെങ്കില്‍ അത് വികസനമല്ല. ബഹുഭൂരിപക്ഷം പാവങ്ങളെ പരിഗണിക്കാത്ത വികസനം ഇന്നിന്‍റെ വൈരുദ്ധ്യവും, വലിയ അനീതിയുമാണ്. വീട്ടുപടിക്കല്‍ ‘ലാസര്‍മാര്‍’ കിടക്കുവോളം നമ്മിലും നമ്മുടെ ഭവനങ്ങളിലും നീതി ഇല്ലെങ്കില്‍, അവിടെ സമാധാനമുണ്ടാകില്ല.

വത്തിക്കാന്‍ ഒഴികെ, ലോകത്തെ എല്ലാ കാരുണ്യകവാടങ്ങളും നവംബര്‍ 13-ാം തിയതി ഞായറാഴ്ച അടയ്ക്കപ്പെട്ടു. എന്നാല്‍ നമ്മെ കടാക്ഷിക്കുന്ന ദൈവത്തിനും, നമുക്കു മുന്നില്‍ കൈനീട്ടുന്ന സഹോദരങ്ങള്‍ക്കും നേരെ ഹൃദയകവാടങ്ങള്‍ കൊട്ടിയടയ്ക്കരുത്. അവര്‍ക്കു നേരെ നാം കണ്ണടയ്ക്കരുത്! സ്വാര്‍ത്ഥവും ആശങ്കാപൂര്‍ണ്ണവുമെങ്കിലും, അകക്കണ്ണു തുറന്ന് ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടാം. “ദൈവസ്നേഹം അസ്തമിക്കുന്നില്ല” (1 കൊറി. 13, 8). ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചു ജീവിക്കുന്നതാണ് യാര്‍ത്ഥമായ സന്തോഷം, ആനന്ദം!

എല്ലാവരെയുംപോലെ ദൈവമക്കളായ പാവങ്ങളുടെ നേര്‍ക്കാണ് സഭയുടെ കണ്ണുകള്‍ എപ്പോഴും എവിടെയും പ്രത്യേകമായി തിരിയേണ്ടത്. ക്രൈസ്തവരുടെ സുവിശേഷദൗത്യവും ഉത്തരവാദിത്ത്വവുമാണ് പാവങ്ങളുടെയും പരിത്യക്തരുടെയും പരിചരണയും, അവരോടു കാണിക്കേണ്ട പ്രത്യേക പരിഗണനയും. "സഭയുടെ യഥാര്‍ത്ഥമായ സമ്പത്ത് പാവങ്ങളാണ്!” ഇങ്ങനെ പറഞ്ഞ് റോമിലെ ആദിമ സഭയുടെ സമ്പത്തെല്ലാം ദരി‍ദ്രര്‍ക്ക് ഭാഗിച്ചുകൊടുത്ത അന്നത്തെ (എ.ഡി. 225-258) പണസൂക്ഷിപ്പുകാരനും, രക്തസാക്ഷിയുമായ വിശുദ്ധ ലോറന്‍സിനെ പാപ്പാ അനുസ്മരിച്ചു. സ്വാര്‍ത്ഥമായതു വെടിഞ്ഞ് യഥാര്‍ത്ഥമായതിലേയ്ക്കു മനസ്സു തിരിക്കാനും, അനശ്വരമായ സ്വര്‍ഗ്ഗീയ സമ്പത്തിലേയ്ക്കു കണ്ണുതുറക്കാനും പരിശ്രമിക്കാം. 

പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി തുടര്‍ന്നു. 








All the contents on this site are copyrighted ©.