2016-11-12 13:54:00

മാര്‍പ്പാപ്പാ മാപ്പപേക്ഷിച്ചു


സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവരോടു മാര്‍പ്പാപ്പാ മാപ്പപേക്ഷിച്ചു.

സമൂഹത്തില്‍ പലവിധകാരണങ്ങളാല്‍ പുറംന്തള്ളപ്പെടുകയും തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നവര്‍ക്കായി, കരുണയുടെ അസാധാരണജൂബിലിയുടെ ഭാഗമായി റോമില്‍ വെള്ളിയാഴ്ച(11/11/16) ആരംഭിച്ച ത്രിദിന ജൂബിലി പരിപാടികളോടനുബന്ധിച്ച് 23 നാടുകളില്‍നിന്നെത്തിയ നാലായിരത്തോളം പാവപ്പെട്ടവര്‍ക്ക് വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ അവരോടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വാക്കുകള്‍ കൊണ്ടൊ, പറയേണ്ട കാര്യങ്ങള്‍ പറയാതെയൊ താന്‍ സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കെതിരായി ഏതെങ്കിലും അവസരത്തില്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിന് താന്‍ മാപ്പു ചോദിക്കുകയാണ് എന്ന് പാപ്പാ പറഞ്ഞു.

ദാരിദ്ര്യത്തെ കേന്ദ്രസ്ഥാനത്തു കാണാതെ സുവിശേഷം വെറുതെ വായിക്കുന്ന ക്രൈസ്തവരെ പ്രതിയും അവരോ‌ടു ക്ഷമ ചോദിച്ച പാപ്പാ  നിസ്സ്വനായ ഒരുവന്‍റെയൊ ദരിദ്രാവസ്ഥയുടെയൊ മുന്നില്‍ ക്രൈസ്തവര്‍ മുഖം തിരിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ക്കും മാപ്പപേക്ഷിച്ചു.

ദരിദ്രരേയൊ ദരിദ്രാവസ്ഥയേയൊ നോക്കാന്‍ ഇഷ്ടപ്പെടാത്തവരൊ, നോക്കാതിരുന്നിട്ടുള്ളവരൊ ആയ സഭാംഗങ്ങളായ സ്ത്രീപുരുഷന്മാര്‍ക്ക് അവരേകുന്ന മാപ്പ് വിശുദ്ധ ജലമാണ്, പവിത്രീകരണമാണ്; മഹാ സന്ദേശമായ ദാരിദ്ര്യം സുവിശേഷത്തിന്‍റെ ഹൃദയത്തില്‍ ഉണ്ടെന്നും കത്തോലിക്കര്‍, സകല ക്രൈസ്തവരും പാവങ്ങള്‍ക്കു വേണ്ടിയുള്ള പാവപ്പെട്ട സഭയെ പണിതുയര്‍ത്താന്‍ വിളിക്കപ്പെപ്പെട്ടിരിക്കുന്നുവെന്നും വീണ്ടും വിശ്വസിക്കാന്‍ സഹായിക്കലാണ് എന്നും പാപ്പാ പറഞ്ഞു.  

ഏതു മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നാലും എല്ലാ സ്ത്രീപുരുഷന്മാരും ഓരോ പാവപ്പെട്ടവനിലും ദൈവത്തിന്‍റെ സന്ദേശം, നമ്മുടെ അടുത്തെത്തുകയും ജീവിതയാത്രയില്‍ നമുക്കു തുണയാകുന്നതിന് സ്വയം ദരിദ്രനാകുകയും ചെയ്ത ദൈവത്തിന്‍റെ സന്ദേശം ദര്‍ശിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ശാന്തിയുടെ തുടക്കം ഒരു കാലിത്തൊഴുത്തില്‍ നിന്നാണെന്ന് അനുസ്മരിച്ച പാപ്പാ ആകയാല്‍ ദരിദ്രര്‍ക്ക് അവരായിരിക്കുന്ന ആ അവസ്ഥയാല്‍ത്തന്നെ സമാധാനത്തിന്‍റെ  ശില്‍പികളാകാന്‍ കഴിയുമെന്ന് പ്രചോദനം പകര്‍ന്നു.

 സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കായി വെള്ളിയാഴ്ച ആരംഭിച്ച കരുണയുടെ ത്രിദിന ജൂബിലിയോഘോഷം ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബിലിയോടെ സമാപിക്കും.








All the contents on this site are copyrighted ©.