2016-11-10 18:36:00

തന്‍റെ ശുശ്രൂഷയുടെ പ്രഥമലക്ഷ്യം സഭകളുടെ ഐക്യമെന്ന് പാപ്പാ ഫ്രാന്‍സിസ്


നവംബര്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍‍ ഹാളില്‍  സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ (Plenary of  Pontifical Council for Christian Unity) സമ്പൂര്‍ണ്ണ സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. അവര്‍ക്ക് സന്ദേശം നല്കി.

റോമിന്‍റെ മെത്രാനെന്ന നിലയിലും, പത്രോസിന്‍റെ പിന്‍ഗാമി എന്ന സ്ഥാനത്തിലും സഭകളുടെ ഐക്യം തന്‍റെ ശുശ്രൂഷയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാണെന്ന് സഭകളുടെ ഐക്യത്തിനായുള്ള സംയുക്ത സഖ്യത്തോട് പാപ്പാ ഫ്രാന്‍സിസ് അടിവരയിട്ടു പ്രസ്താവിച്ചു. ക്രിസ്തുവില്‍ ജ്ഞാനസ്നാനം സ്വീകരിച്ച സകലരും ഈ ആശയം ഉള്‍ക്കൊള്ളണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

ക്രിസ്തുവിനെ അനുഗമിക്കുകയും അവിടുത്തെ സ്നേഹിക്കുകയും അവിടുന്നില്‍ ജീവിക്കുകയും ചെയ്യുന്ന വിശ്വാസജീവിതത്തില്‍  ഇതര സഭകളെ അംഗീകരിക്കാതിരിക്കാനാവില്ല. കാരണം, ക്രൈസ്തവൈക്യം ക്രിസ്തുവും പിതാവുമായുള്ള ഐക്യത്തിന്‍റെ മൗതിക രഹസ്യമാണ്. “ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ, നിങ്ങളും ഒന്നായിരിക്കേണ്ടതിന്...,” എന്നത് ക്രിസ്തുവിന്‍റെ ആഹ്വാനമാണ് (യോഹ. 17, 21, 23, 26). അങ്ങനെ ക്രിസ്തുവിനോടും ക്രിസ്തുവിലുമുള്ള ഐക്യം ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ അനിവാര്യമാണെന്ന് പാപ്പാ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

സഭകളുടെ ഐക്യം മാനുഷിക പരിശ്രമം മാത്രമല്ല, അത് ദൈവിക ദാനമാണ്. ദൈവം തരുന്ന കൂട്ടായ്മയുടെ അവസരങ്ങള്‍ സ്വീകരിക്കുക, പിന്നെ ആ കൂട്ടായ്മ ദൃശ്യമാക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുക! സഭൈക്യം ഒരു കൂട്ടായ നടത്തവുമാണ്, കൈകോര്‍ത്തുള്ള യാത്രയാണ്. ക്ഷമയും, പ്രത്യാശയും, മാറ്റങ്ങള്‍ക്കുള്ള തുറവും, അര്‍പ്പണവും ആവശ്യമുള്ള മേഖലയാണിത്. സംഘട്ടനങ്ങളും അഭിപ്രായ ഭിന്നതകളും തെറ്റിദ്ധാരണകള്‍പോലും അതില്‍ ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ വിദൂരമെന്നു തോന്നിയേക്കാവുന്ന ഈ ലക്ഷ്യത്തിലേയ്ക്ക് പടിപാടിയായി ചുവടുവയ്ക്കുന്നതും മുന്നേറുന്നതുമായിരിക്കണം സഭൈക്യശ്രമമെന്ന് പാപ്പാ വിശദീകരിച്ചു.

ഒരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്കും, ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും, കൂട്ടായ മാനവിക പരിശ്രമങ്ങള്‍ക്കും ഇവിടെ പ്രസക്തിയുണ്ട്. അങ്ങനെയുള്ള കൂട്ടായ്മയിലും ഐക്യത്തിലും പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കും, മനസ്സുകളെ നേരായ പതയില്‍ ദൈവാരൂപി നയിക്കും.

ഐക്യം, ഐക്യരൂപ്യമല്ല. Unity is not uniformity!  വൈവിധ്യാമാര്‍ന്ന ദൈവശാസ്ത്ര പാരമ്പര്യങ്ങള്‍, ആരാധനക്രമങ്ങള്‍, ആത്മീയ കാനോനിക രീതികള്‍, എന്നിവ ക്രൈസ്തവലോകത്ത് ചരിത്രപരമായി വളര്‍ന്നിട്ടുള്ളത് അംഗീകരിക്കുന്നതാണ് സഭകളുടെ കൂട്ടായ്മ. ദൈവാത്മാവുതന്നെയാണ് ഈ വൈവിധ്യങ്ങള്‍ നല്‍കിയതെന്നു വിശ്വസിക്കാം. അതിനാല്‍ നാം ദൈവാരൂപിയെ പിന്‍ചെല്ലുകയാണെങ്കില്‍ വൈവിധ്യങ്ങളെ കൂട്ടായ്മയിലും ഐക്യത്തിലും വീക്ഷിക്കാനാകും സഭകളുടെ ഐക്യം യാഥാര്‍ത്ഥ്യമാക്കാനാകും....

 








All the contents on this site are copyrighted ©.