2016-11-09 12:50:00

രോഗികളും തടവുകാരും ജീവിക്കുന്നത് പാരതന്ത്ര്യാവസ്ഥ


ഏതാനും നാളത്തെ മഴയ്ക്കുശേഷം റോമാപുരി സൂര്യപ്രഭയില്‍ കുളിച്ചുനിന്ന ഒരു ദിനമായിരുന്ന ഈ ബുധനാഴ്ച ശൈത്യം പിടിമുറുക്കി തുടങ്ങിയതിന്‍റെ ലക്ഷണങ്ങളും പ്രകടമായിരുന്നെങ്കിലും  വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ പങ്കുകൊണ്ടു. വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ  വരവേറ്റു.

പതിവുപോലെ സുസ്മേരവദനനായി, കൈകള്‍ ഉയര്‍ത്തി, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ, ഇടയ്ക്കിടെ, വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി നടന്നു വേദിയിലേക്കു കയറുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

“ശിമയോന്‍റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു. അവന്‍ അടുത്തു ചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. അന്നു വൈകുന്നേരം സൂരായസ്തമയമായപ്പോള്‍ രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്‍റെ അടുത്തു കൊണ്ടുവന്നു. നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കല്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട് സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല.

മര്‍ക്കോസിന്‍റെ സുവിശേഷം, അദ്ധ്യായം1,30 മുതല്‍ 34 വരെയുള്ള വാക്യങ്ങള്‍.

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ   കാരുണ്യപ്രവൃത്തികളെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര, രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുകയെന്ന കാരുണ്യ പ്രവര്‍ത്തനത്തെ ആധാരമാക്കി  തുടര്‍ന്നുകൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍ ഒരു സന്ദേശം നല്കി. പ്രസ്തുത സന്ദേശം ഇപ്രകാരം സംഗ്രഹിക്കാം:

യേശുവിന്‍റ ജീവിതം, പ്രത്യേകിച്ച് അവിടത്തെ പരസ്യജീവിതത്തിന്‍റെതായ മൂന്നു വര്‍ഷങ്ങളില്‍, ആളുകളുമായുള്ള നിരന്തര കൂടിക്കാഴ്ചയുടെതായിരുന്നു. ഈ വ്യക്തികളില്‍ സവിശേഷമായൊരു സ്ഥാനം രോഗികള്‍ക്കായിരുന്നു. എത്രയേറെ സുവിശേഷതാളുകള്‍ ഇത്തരം സമാഗമങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്. തളര്‍വാതരോഗി, അന്ധന്‍, കുഷ്ഠരോഗി, പിശാചുബാധിതന്‍, അപസ്മാരം പിടിപെട്ടവന്‍, അങ്ങനെ നാനാവിധത്തിലുള്ള രോഗബാധിതരായ അനേകര്‍. അവര്‍ക്കോരോരുത്തര്‍ക്കും സമീപസ്ഥനായിരുന്ന യേശു അവിടത്തെ സാന്നിധ്യത്താലും സൗഖ്യദായകശക്തിയാലും എ​ല്ലാ രോഗികളെയും സുഖപ്പെടുത്തി. ആകയാല്‍ കാരുണ്യപ്രവൃത്തികളില്‍ രോഗീസന്ദര്‍ശനത്തിന്‍റെയും രോഗീപരിചരണത്തിന്‍റെയും അഭാവം ഉണ്ടാകാന്‍ പാടില്ല.

ഇതോടൊപ്പം നമുക്ക് കാരഗൃഹവാസികളുടെ ചാരത്തായിരിക്കുകയെന്നതും ഉള്‍പ്പെടുത്താം. വാസ്തവത്തില്‍ രോഗികളും തടവുകാരും അവരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടിരിക്കുന്ന ഒരവസ്ഥയാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യം നമുക്കില്ലാതെ വരുമ്പോഴാണ് അത് എത്രമാത്രം അനര്‍ഘമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകുക. രോഗങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കില്‍ത്തന്നെയും സ്വതന്ത്രരായിരിക്കുന്നതിനുള്ള സാധ്യത യേശു നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. താനുമായുള്ള കണ്ടുമുട്ടലിലും നമ്മുടെ വ്യക്തിപരമായ അവസ്ഥയ്ക്ക് ഈ സമാഗമം പ്രദാനം ചെയ്യുന്ന നൂതനമായ പൊരുളിലും നിന്നു നിര്‍ഗ്ഗമിക്കുന്ന സ്വാതന്ത്ര്യം യേശു നമുക്കു നല്കുന്നു.

ഈ കാരുണ്യപ്രവര്‍ത്തികളിലൂടെ കര്‍ത്താവ് നമ്മെ വിളിക്കുന്നത് പങ്കുചേരലെന്ന മഹത്തായ ഒരു മാനവികകര്‍മ്മത്തിലേക്കാണ്. പങ്കുചേരല്‍, ഈ പദം നമുക്ക് മനസ്സില്‍ സൂക്ഷിക്കാം. രോഗി പലപ്പോഴും ഒറ്റപ്പെടലിന്‍റെ  ഒരവസ്ഥയനുഭവിക്കുന്നു. ജീവിതത്തിന്‍റെ സിംഹഭാഗവും കടന്നുപോകുന്ന ഏകാന്തതയുടെ അഗാധമായ ഒരനുഭവമാണ്, പ്രത്യേകിച്ച്, നമ്മുടെ ഈ കാലഘട്ടത്തില്‍ രോഗാവസ്ഥയില്‍ ഒരുവനുണ്ടാകുകയെന്നത് നമുക്ക് നിഷേധിക്കാനാകില്ല. രോഗിയുടെ ഏകാന്തത അല്പമൊന്നു കുറയ്ക്കാന്‍ ഒരു സന്ദര്‍ശനത്തിന് സാധിക്കും, കൂട്ടിരിക്കല്‍ ഉത്തമമായ ഒരു ഔഷധമാണ്. ഒരു പുഞ്ചിരി, തലോടല്‍, കൈയ്യില്‍ ഒന്നു മുറുകെ പിടിക്കല്‍, നിസ്സാര പ്രവൃത്തിയാണെങ്കിലും, ഒറ്റപ്പെടുത്തപ്പെട്ടവനെന്നു തോന്നുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം അവ അതീവ പ്രാധാന്യമുള്ളതാണ്. ആശുപത്രികളിലോ വീടുകളിലൊ  രോഗികളെ സന്ദര്‍ശിക്കുന്നതിനായി സമയം കണ്ടെത്തുന്നവര്‍ എത്രയേറെയാണ്! ഈ സന്നദ്ധസേവനം അമൂല്യമാണ്. കര്‍ത്താവിന്‍റെ നാമത്തില്‍ അതു നിര്‍വ്വഹിക്കുമ്പോള്‍ കാരുണ്യത്തിന്‍റെ വാചാലവും ഫലദായകവുമായ ആവിഷ്ക്കാരമായി ഭവിക്കുന്നു. രോഗികളെ നാം ഏകാന്തതയിലേക്കു തള്ളിയിടരുത്. അവര്‍ക്കാശ്വാസം ലഭിക്കുന്നതിന് നാം തടസ്സം സൃഷ്ടിക്കരുത്. ആശുപത്രികള്‍ വേദനയുടെ ആസ്ഥാനങ്ങളാണ്, എന്നാല്‍ താങ്ങേകുന്ന ഉപവിയുടെ ശക്തിയും സഹാനുഭൂതിയും പ്രകടമാകുന്ന ഇടവുമാണത്.

 കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവരെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നത് ഈ രീതിയില്‍ത്തന്നെയാണ്. യേശു അവരെയും വിസ്മരിച്ചില്ല. തടവറസന്ദര്‍ശനം കാരുണ്യപ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അവിടന്ന് നമ്മെ മറ്റുള്ളവരുടെ വിധികര്‍ത്താക്കളാകരുത് എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. തടവിലടയക്കപ്പെട്ടവന്‍ ചെയ്ത കുറ്റം എന്തുതന്നെയുമായിക്കൊള്ളട്ടെ, അവന്‍ എന്നും ദൈവത്താല്‍ സ്നേഹക്കപ്പെടുന്നവന്‍ തന്നെയാണ്. ആ കാരാഗൃഹവാസിയുടെ മനസ്സാക്ഷിയില്‍ എന്താണെന്നറിയുന്നതിന് അവന്‍റെ മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങാന്‍ ആര്‍ക്കു  സാധിക്കും? അവന്‍റെ വേദനയും മനസ്സാക്ഷിക്കുത്തും ആര്‍ക്കറിയാന്‍ കഴിയും. അവന് തെറ്റു പറ്റി എന്നു പറഞ്ഞ് കൈ കഴുകുക എളുപ്പമാണ്. എന്നാല്‍ തെറ്റു ചെയ്തവന്‍ തെറ്റു തിരിച്ചറിഞ്ഞ്  തിരിച്ചുവരാന്‍ കഴിയുന്നതിനായി പരിശ്രമിക്കാന്‍ ക്രൈസ്തവന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ ആരും അപരനെതിരെ വിരല്‍ ചൂണ്ടരുത്. പങ്കുവയ്ക്കലിന്‍റെയും ആദരവിന്‍റെയും മനോഭാവത്തോടുകൂടി കാരുണ്യത്തിന്‍റെ ഉപകരണങ്ങളാക്കി നമുക്കു നമ്മെത്തന്നെ മാറ്റാം.

തടവുകാര്‍ കരുണയുടെ ജൂബിലി ആഘോഷിച്ച കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് പാദൊവയില്‍ നിന്നുള്ള തടവുകാരുടെ ഒരു സംഘം എന്നെ കാണാന്‍ വന്നു. ഞാന്‍ അവരോടു ചോദിച്ചു പാദൊവയിലേക്കു മടങ്ങുന്നതിനു മുമ്പ് നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന്. വിശുദ്ധ പൗലോസിന്‍റെ അനുഭവത്തില്‍ പങ്കുചേരുന്നതിന് ‍ഞങ്ങള്‍ മാമെര്‍ത്തിനൊയിലെ കാരാഗൃഹത്തിലേക്കു പോകും എന്നായിരുന്നു അവരുടെ മറുപടി.... കാരാഗൃഹത്തിലായിരുന്ന പൗലോസിനെ കാണാന്‍ അവര്‍ പോകുന്നു . ഇത് എത്ര മനോഹരമാണ്. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പൗലോസിന്‍റെ കാരാഗൃഹവാസ വിവരണം ഹൃദയസ്പര്‍ശിയാണ്. താന്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ പൗലോസിനുണ്ടായി, തന്‍റെ സുഹൃത്തുക്കളിലാരെങ്കിലും തന്നെ സന്ദര്‍ശിക്കണമെന്ന് പൗലോസ് ആഗ്രഹിച്ചു. ഒറ്റയ്ക്കായി എന്ന തോന്നല്‍ പൗലോസിനുണ്ടായതിനു കാരണം ഭൂരിഭാഗം പേരും അദ്ദേഹത്തെ വിട്ടു പോയിരുന്നു.

രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുക എന്നത് പുരതാന കാരുണ്യ പ്രവൃത്തികളാണെങ്കിലും എന്നും പ്രസക്തങ്ങളുമാണ്. നാം നിസ്സംഗതിയില്‍ നിപതിക്കരുത്, മറിച്ച് ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ ഉപകരണങ്ങളാകാം. നാമെല്ലാം ദൈവികകരുണയുടെ ഉപകരണങ്ങളാണ്. ഇത് നമുക്കുതന്നെയും മറ്റുള്ളവര്‍ക്കും  ഗുണകരമാണ്. കാരണം ഒരു ആംഗ്യത്തിലൂട‌െ, ഒരു വാക്കിലൂടെ, ഒരു സന്ദര്‍ശനത്തിലൂടെ കടന്നുപോകുന്ന ഈ കാരുണ്യം, സന്തോഷവും ഔന്നത്യവും നഷ്ടപ്പെട്ടവന് അവ തിരിച്ചു നല്കുന്ന ഒരു പ്രവൃത്തിയാണ്. നന്ദി. 

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ  ഈ ബുധനാഴ്ച (09/11/16) റോം രൂപതയുടെ ഭദ്രാസനദേവാലയമായ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷഠയുടെ തിരുന്നാളാണ് എന്നത് അനുസ്മരിക്കുകയും പത്രോസിന്‍റെ  പിന്‍ഗാമിക്കായി പ്രാര്‍ത്ഥിക്കാന്‍ യുവജനത്തോട് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.