2016-11-09 18:39:00

കാരുണ്യത്തിന്‍റെ ജൂബിലിക്ക് പാവങ്ങള്‍ പാപ്പായുടെ പ്രത്യേക ക്ഷണിതാക്കള്‍


നവംബര്‍ 11, 12, 13 തിയതികളില്‍ വത്തിക്കാനില്‍ സംഘടിപ്പിച്ചിരിക്കുന്ന fratello (ഫ്രതേലോ) ‘സോഹദരന്‍’ എന്ന ത്രിദിന ജൂബിലപരിപാടിയിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് പാവങ്ങളായവരെ പ്രത്യേകമായി ക്ഷണിച്ചിരിക്കുന്നത്.   പാവങ്ങള്‍, വിശിഷ്യാ ഭവനങ്ങളിലില്ലാതെ തെരുവോരങ്ങളില്‍ കഴിയുന്ന 6000-ല്‍ അധികം പേര്‍ ആഗോളസഭയുടെ ഹൃദയമായ വത്തിക്കാനില്‍ സംഗമിക്കും. ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

ഉപവിപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അഗതികളായ ക്ഷണിതാക്കളെ യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ജൂബിലി ആഘോഷിക്കാന്‍ വത്തിക്കാനില്‍ എത്തിക്കുന്നത്.

ആശ്വസിപ്പിക്കുന്ന ദൈവം, ക്ഷമിക്കുന്ന ദൈവം, പ്രത്യാശയുടെ ദൈവം... എന്നിങ്ങനെ മൂന്നു വ്യത്യസ്ത വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓരോ ദിവസങ്ങളിലും പാവങ്ങള്‍ക്കുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വത്തിക്കാനില്‍ ഒത്തുചേരുന്ന പാവങ്ങള്‍ അവിടെ പ്രാതല്‍കഴിച്ചും, പ്രഭാതപ്രാര്‍ത്ഥന ചൊല്ലിയും, ബലിയര്‍പ്പിച്ചും, ഉച്ചഭക്ഷണം കഴിച്ചും, ഭാഷകളുടെ അടിസ്ഥാനത്തിലുള്ള ചെറിയ ഗ്രൂപ്പുകളില്‍ സംവാദത്തില്‍ ഏര്‍പ്പെട്ടും, റോമാനഗരം സന്ദര്‍ശിച്ചും, ജൂബിലികവാടം കടന്നും, അത്താഴം കഴിച്ചു, അന്തിയുറങ്ങിയും നവംബര്‍ 11, 12 വെള്ളി ശനി ദിവസങ്ങള്‍ വത്തിക്കാനില്‍ ചെലവഴിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കായി പ്രത്യേകം വചനചിന്തകള്‍ പങ്കുവയ്ക്കും.

മൂന്നാം ദിവസം, നവംബര്‍ 13-ാം തിയതി ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അവര്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ദിവ്യബലിയര്‍പ്പിക്കുന്നതോടെയാണ് “സഹോദരന്‍”  എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന അഗതികള്‍ക്കായുള്ള ജൂബിലിയാചരണം സമാപിക്കുന്നത്.

നവംബര്‍ 20-ാം തിയതി ഞായറാഴ്ച, ക്രിസ്തുരാജിന്‍റെ മഹോത്സവത്തില്‍ സമാപിക്കുന്ന കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിവത്സരത്തില്‍ വത്തിക്കാന്‍ സംഘടിപ്പിക്കുന്ന അവസാനത്തെ പരിപാടിയാണ് ഇതെങ്കിലും, ഇദംപ്രഥമവും ശ്രദ്ധേയയവുമാണ് പാപ്പായ്ക്കൊപ്പമുള്ള അഗതികളുടെ സംഗമവും പരിപാടികളുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പ്രസ്താവനയില്‍ അറിയിച്ചു.

for more : http://fratello2016.org/it/benvenuto/

 








All the contents on this site are copyrighted ©.