2016-11-07 13:01:00

മാനവാന്തസ്സിനെ ധ്വംസിക്കുന്ന മനുഷ്യക്കടത്ത്


മനുഷ്യക്കടത്ത് ദൈവിക ദാനമായ മാനവാന്തസ്സിനെ ധ്വംസിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

മനുഷ്യക്കടത്തിനും ചൂഷണത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന യൂറോപ്പിലെ സന്യസ്തസമൂഹജാലത്തിന്‍റെ- (RENATE- RELIGIOUS IN EUROPE NETWORKING AGAINST TRAFFICKING AND EXPLOITATION) റോമില്‍ ഞായറാഴ്ച (06/11/16) നടന്ന രണ്ടാം യൂറോപ്യന്‍ സമ്മേളനത്തില്‍ സംബന്ധിച്ച നൂറ്റിമുപ്പതോളം പേരടങ്ങിയ സംഘത്തെ തിങ്കളാഴ്ച (07/11/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അ‌ടിമത്തത്തിന്‍റെ ആധുനിക രൂപമായ മനുഷ്യക്കടത്ത് ലോകത്തില്‍ ഇന്നുള്ള നിരവധി തുറന്ന മുറിവുകളില്‍ ഏറ്റം വേദനയുളവാക്കുന്നതാണെന്നും ദൈവത്തിന്‍റെ  കരുണയുടെ രഹസ്യത്തിന്‍റെ ആഴത്തിലേക്കിറങ്ങാനും, ഈ മുറിവില്‍, നല്ല സമറായനെപ്പോലെ, കാരുണ്യത്തിന്‍റെ തൈലം പുരട്ടാനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

മനുഷ്യക്കടത്ത് നരകുലത്തിനെതിരായ യഥാര്‍ത്ഥ കുറ്റകൃത്യമാണെന്ന  തന്‍റെ ബോധ്യം പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു.

ഈ കുറ്റകൃത്യത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ ഉപരിവര്‍ദ്ധമാനമാക്കാനും മനുഷ്യക്കടത്തിനെതിരായ സര്‍ക്കാരുകളുടെയും നീതിന്യായവകുപ്പധികാരികളുടെയും നിയമനിര്‍മ്മാതാക്കളുടെയം സാമൂഹ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഔന്നത്യത്തിനു മുറിവേറ്റവര്‍ക്കായി സമര്‍പ്പിത ജീവിത സമൂഹങ്ങള്‍, വിശിഷ്യ, സന്ന്യാസിനി സമൂഹങ്ങള്‍, പലപ്പോഴും നിശബ്ദമായിപ്പോലും, അനേകവര്‍ഷങ്ങളായി ചെയ്തിട്ടുള്ള വലിയ കാര്യങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ പ്രത്യേകം അനുസ്മരിച്ചു.








All the contents on this site are copyrighted ©.