2016-11-06 17:21:00

നിസംഗത മറികടന്നാല്‍ ലോകത്ത് സമാധാനം ആര്‍ജ്ജിക്കാം


1. ആമുഖം

ദൈവം നിസംഗഭാവനല്ല! അവിടുന്ന് മനുഷ്യകുലത്തെ പരിപാലിക്കുന്നു. അവിടുന്നു നമ്മെ കൈവെടിയുകയില്ല. ലോകത്തുള്ള കുടുംബങ്ങള്‍ക്കും ജനതകള്‍ക്കും, രാഷ്ട്രങ്ങള്‍ക്കും അവയുടെ തലവാന്മാര്‍ക്കും വിവിധ മതനേതാക്കള്‍ക്കും ഹൃദയപൂര്‍വ്വം സമൃദ്ധിയും സമാധാനവും നേരുന്നു. നീതിയോടും പ്രത്യാശയോടുംകൂടെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ സമാധാനത്തിന്‍റെ പാതയില്‍ നന്മചെയ്തു മുന്നേറുവാന്‍ ഇനിയും ഏവര്‍ക്കും സാധിക്കട്ടെ! സമാധാനം ദൈവികദാനമാണ്. ഒപ്പം അത് മനുഷ്യന്‍ നേടിയെടുക്കേണ്ടതുമാണ്!! സമാധാനം ഒരു ദാനമായി ദൈവം ഭരമേല്പിച്ചിരിക്കുന്നത്, അത് ജീവിക്കുകയും പാലിക്കുകയും ചെയ്യേണ്ട മനുഷ്യരെത്തന്നെയാണ്.

2. പ്രത്യാശയ്ക്കു പിന്‍ബലമേകുന്ന കാരണങ്ങള്‍:

യുദ്ധത്തിന്‍റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും പിറകെ, വന്‍തോതില്‍ ലോകത്ത് നടക്കുന്ന മനുഷ്യക്കടത്തും, വംശീയവും മതപരവുമായ പീഡനങ്ങളും, അധികാര ദുര്‍വിനിയോഗവും ഇക്കാലത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ‘ചിന്നിക്കിടക്കുന്ന ഒരു മൂന്നാം ലോകമഹായുദ്ധ’ത്തിന്‍റെ യഥാര്‍ത്ഥത്തിലുള്ള അനുഭവമാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ, 2015-ാമാണ്ടിലെ ചില സംഭവങ്ങള്‍ പ്രത്യാശപൂര്‍ണ്ണമായിരുന്നു. നിസ്സംഗതയും അവഗണനയും അലസതയും ഉപേക്ഷിച്ച്, പ്രത്യാശ കൈവെടിയാതെ തിന്മയെ കീഴടക്കുവാന്‍ മാനുഷികമായി കഴിവതുചെയ്യുവാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിച്ച പ്രത്യാശപകര്‍ന്ന സംഭവങ്ങളാണവ. സങ്കീര്‍ണ്ണമായ ഇന്നിന്‍റെ ചുറ്റുപാടില്‍ സ്വാര്‍ത്ഥതയും ഉദാസീനതയും നിസ്സംഗതയും വെടിഞ്ഞ് നാം ഐക്യാര്‍ഢ്യം പ്രകടമാക്കേണ്ട സമയമാണിത്.

മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുവാനും കാലാവസ്ഥ വ്യതിയാനമെന്ന ഇന്നിന്‍റെ  മാനവിക പ്രതിസന്ധിയെ നേരിടുവാനും പാരീസില്‍ ലോക നേതാക്കള്‍ നടത്തിയ (Cop21) ക്രിയാത്മകമായ പരിശ്രമം ശ്ലീഘനീയമായ ആദ്യ സംഭവമാണ്. കാലാവസ്ഥയുടെ കെടുതികളില്‍പ്പെട്ടവരെ സഹായിക്കുവാനും സുസ്ഥിതി വികസനത്തിനുമായി എത്യോപ്യയില്‍ ചേര്‍ന്ന ‘ആഡിസ് അബാബ സമ്മേളനം’ ലോകത്തുള്ള പാവപ്പെട്ട രാജ്യങ്ങള്‍ക്കു നല്കിയ സാമ്പത്തിക പിന്‍തുണ രണ്ടാമത്തെ പ്രത്യാശപകര്‍ന്ന സംഭവമാണ്. മൂന്നാമതായി ജനതകള്‍ക്ക്, വിശിഷ്യാ പാവങ്ങളായവര്‍ക്ക് കുറെക്കൂടെ അന്തസ്സോടെ ജീവിക്കുവാനുള്ള സാദ്ധ്യതകള്‍ തെളിയിക്കുന്ന 2030-ാമാണ്ട് ലക്ഷൃംവച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ‘മാനവിക സുസ്ഥിതി വികസന പദ്ധതി’യുമാണ്. മനുഷ്യകുലത്തിന് പ്രത്യാശപകര്‍ന്ന കാലികവും ശ്രദ്ധേയവുമായ വലിയ സംഭവങ്ങളാണിവ. ലോകമിന്ന് സങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സ്വാര്‍ത്ഥതാല്പര്യങ്ങളെ അതിജീവിച്ച് ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കുവാനും വളരുവാനുമുള്ള മനുഷ്യന്‍റെ കഴിവു വെളിപ്പെടുത്തുന്നതാണ് രാജ്യാന്തരതലത്തിലുള്ള മേല്പറഞ്ഞ വികസനപദ്ധതികള്‍.

ആഗോളസഭയുടെ രണ്ടു മഹത്തായ പ്രബോധനങ്ങളുടെ 50-ാം വാര്‍ഷികം ആചരിച്ച പ്രത്യേക വര്‍ഷമായിരുന്നു 2015. മനുഷ്യരാശിയോട് സഭയ്ക്കുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രതിബദ്ധതയുടെയും പ്രതീകങ്ങളാണ് ഈ രണ്ടു പ്രബോധനങ്ങളും. സഭയുടെ വാതായനങ്ങള്‍ ലോകത്തിനായി തുറന്നിടണമെന്നും, സഭയും ലോകവും തമ്മില്‍ മെച്ചപ്പെട്ട സംവാദം നടക്കണമെന്നും അതിന്‍റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പാ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ആരംഭത്തില്‍ അതിയായി ആഗ്രഹിച്ചു. ‘ഇതരമതങ്ങള്‍’ (Nostrae Aetate),  ‘സഭ ആധുനികയുഗത്തില്‍’ (Gaudium et Spes) എന്നിവയാണ് സഭയുടെ ശ്രദ്ധേയമായ രണ്ടു പ്രബോധനങ്ങള്‍. മാനവകുലവുമായുള്ള സഭയുടെ സംവാദപൂര്‍ണ്ണവും ക്രിയാത്മകവുമായ കൂട്ടായ്മയുടെയും ബന്ധത്തിന്‍റെയും പ്രസാദാത്മകമായ പ്രബോധനങ്ങളാണിവ. ലോകത്തുള്ള അക്രൈസ്തവ മതങ്ങളുമായി സംവാദത്തിന്‍റെ പാത തുറക്കുവാനുള്ള സന്നദ്ധത സഭ പ്രകടമാക്കിയ പ്രഖ്യാപനമായിരുന്നു ഇതരമതങ്ങളെക്കുറിച്ചുള്ള പ്രബോധനം (Declaration Nostrae Aetate).  മനുഷ്യകുലത്തിന്‍റെ ഇക്കാലഘട്ടത്തിലെ സന്തോഷവും പ്രത്യാശയും, ആശങ്കയും ആകുലതയുമെല്ലാം, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരുടേത് ക്രിസ്തുവിനെ അനുഗമിക്കുന്ന എല്ലാവരുടെയും സന്തോഷവും പ്രത്യാശയും, ആശങ്കയും ആകുലതയുമാണെന്ന അവബോധപൂര്‍ണ്ണമായ പ്രബോധനവുമാണ്‘ സഭ ആധുനികയുഗത്തില്‍’ (Pastoral Constitution on Churuch in the Modern World) എന്ന അജപാലനപരമായ പ്രബോധനം.1 അങ്ങനെ ഐക്യദാര്‍ഢ്യത്തിന്‍റെയും ആദരവിന്‍റെയും സ്നേഹപൂര്‍ണ്ണമായ പ്രതിപത്തിയുടെയും പ്രതീകമായി മാനവകുലത്തെ, സംവാദത്തിന്‍റെ പാതിയില്‍ തുറവോടെ സ്വീകരിക്കുവാനുള്ള സഭയുടെ സന്നദ്ധത പ്രകടമാക്കിയ രണ്ടു പ്രബോധനങ്ങളാണിവ.2

സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ശൈലിയില്‍ പ്രവര്‍ത്തിക്കുവാനും അതിനായി പ്രാര്‍ത്ഥിക്കുവാനുമാണ് കാരുണ്യത്തിന്‍റെ ഈ ജൂബിലവത്സരത്തില്‍ സഭ ആഗ്രഹിക്കുന്നത്. അങ്ങനെ ഓരോ ക്രൈസ്തവനും എളിമയിലും ആര്‍ദ്രമായ ഹൃദയത്തോടുംകൂടെ ലോകത്ത് ദൈവിക കാരുണ്യം പ്രഘോഷിക്കുവാനും അതിന് സാക്ഷ്യംവഹിക്കുവാനും, ലോകത്തിന്‍റെ പൊതനന്മയോട് പ്രതിബദ്ധതയുള്ളവരായിരിക്കുവാനും ഇടയാവട്ടെ. പരസ്പരമുണ്ടാകേണ്ട ഉത്തരവാദിത്തം സാഹോദര്യത്തിന്‍റെയും പൊതുവായ ജീവിതത്തിന്‍റെയും അടിസ്ഥാന മനോഭാവത്തില്‍ വേരൂന്നിയതാണ്. ദൈവം തന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിച്ച നമ്മെ മനുഷ്യരാക്കുന്നത് വ്യക്തിഗതമായ അന്തസ്സും പരസ്പര ആദരവുമാണ്. അന്യാധീനപ്പെടുത്താനാവാത്ത വിധത്തില്‍ ദൈവത്തിന്‍റെ സൃഷ്ടികളുടെ അന്തസ്സുള്ള നമുക്ക് സഹോദരങ്ങളോട് ഏറെ ഉത്തരവാദിത്വമുണ്ട്. അവരോടു ചേര്‍ന്ന് നാം സഹാനുഭവത്തോടെ ജീവിക്കേണ്ടിയിരിക്കുന്നു. പരസ്പരബന്ധങ്ങള്‍ നഷ്ടമാകുന്നത്രത്തോളം നമ്മുടെ മാനുഷികതയാണ് കുറയുന്നതും തരംതാഴുന്നതും. അങ്ങനെ സഹോദരങ്ങളോടുള്ള നിസ്സസംഗതയാണ് ഇന്ന് മാനവകുടംബത്തിന് വിനയായി ഭവിക്കുന്നത്. പുതുവര്‍ഷത്തില്‍ നിസ്സംഗതയുടെ ഈ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി സമാധാനം കൈവരിക്കാന്‍ പരിശ്രമിക്കണമെന്ന് ഏവരോടും പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

3. നിസ്സംഗതയുടെ  വിഭിന്നമുഖങ്ങള്‍

ലോകത്തു കാണുന്ന നവമായൊരു പ്രതിഭാസമോ പ്രശ്നമോ അല്ല നിസ്സംഗത. അപരന്‍റെ ആവശ്യങ്ങളോടും ചുറ്റുമുള്ള സംഭവവികാസങ്ങളോടും കണ്ണടയ്ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. മനുഷ്യയാതനകളോടു പുറം തിരിയുന്നവരാണവര്‍. എന്നാല്‍ ഇന്ന് നിസ്സംഗതയ്ക്ക് നവമായൊരു മുഖമുണ്ട്. അത് വ്യക്തിപരം മാത്രമല്ല, ‘ആഗോളവത്കൃത ഭാവ’ത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നവയുഗത്തിന്‍റെ സാമൂഹ്യപരിസരത്ത് കണ്ടുവരുന്ന നിസ്സംഗത്വവും, അവഗണനയും, നിര്‍വ്വികാരതയും ആദ്യം ദൈവത്തോടാണ്. അത് തുടര്‍ന്നു സ്വന്തം സഹോദരങ്ങളോടും, പിന്നെ ജീവിത ചുറ്റുപാടുകളോടുമുള്ള വിയോജിപ്പും അവഗണനയും നിസ്സംഗതയുമായി പരിണമിക്കുന്നു.

മാനവികതയുടെ പൊയ്മുഖങ്ങളായ ആപേക്ഷികാവാദത്തിനും (relativism), പ്രായോഗികമായ ഭൗമികവാദത്തിനും (practical materialism), എല്ലാം നിഷേധിക്കുന്ന ശൂന്യതാവാദത്തിനും (nihilism) നിസ്സംഗത വഴിതെളിക്കുന്നുണ്ട്. നാം തന്നെയാണ് നമ്മുടെ ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെയും സ്രഷ്ടാക്കളും സ്രോതസ്സുക്കളുമെന്നു മനുഷ്യര്‍ ചിന്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. സ്വാര്‍ത്ഥതയില്‍ വേരൂന്നിയ സ്വാശ്രയബോധം വളര്‍ന്ന് ദൈവത്തിന്‍റെ സ്ഥാനത്ത് മനുഷ്യന്‍ മറ്റു പലതിനെയും പ്രതിഷ്ഠിക്കുന്നുണ്ട്. മാത്രമല്ല, ദൈവത്തെ ജീവിതത്തില്‍നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുന്നുമുണ്ട്. തത്ഫലമായി നമുക്ക് നമ്മോടല്ലാതെ മറ്റാരോടും കടപ്പാടില്ലെന്നൊരു തോന്നല്‍ ഉടലെടുക്കുന്നു. പിന്നെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു മാത്രം മനുഷ്യര്‍ ബോധവാന്മാരാകുന്നു.4 വ്യക്തികളുടെ തെറ്റായ ഈ ചിന്താധാരയെക്കുറിച്ച് മുന്‍പാപ്പാ ബനഡിക്ട് പറയുന്നത്, ‘ജീവിതത്തിന്‍റെ പരമമായ അര്‍ത്ഥത്തെക്കുറിച്ച് വ്യാഖ്യാനിക്കുവാന്‍ സ്വമേധയാ മനുഷ്യനോ, അവന്‍റെ വികസനപ്രകിയകളോ പര്യാപ്തമല്ലെ’ന്നാണ്.5 അതുപോലെ ‘മനുഷ്യജീവിതത്തിന്‍റെ ശരിയായ അര്‍ത്ഥംകണ്ടെത്തേണ്ടത് ദൈവത്തിലാണെന്നും, ദൈവത്തോട് തുറവില്ലാത്തതും, അവിടുത്തെ അംഗീകരിക്കാത്തതുമായ മാനവികതയ്ക്ക് നിലനില്പില്ലെന്നും വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും ഉദ്ബോധിപ്പിച്ചിട്ടുണ്ട്.6  

അയല്‍ക്കാരനോടുള്ള നിസ്സംഗതാഭാവം തലപൊക്കുന്നത് വിവിധ തരത്തിലാണ്. ചിലര്‍ക്ക് നല്ല അറിവുണ്ട്. അവര്‍ റേഡിയോ കേള്‍ക്കുകയും ടെലിവിഷന്‍ കാണുകയും, പത്രമാസികകള്‍ വായിക്കുകയും, ഇന്‍റര്‍നെറ്റും മറ്റു മാധ്യമസൗകര്യങ്ങളുമെല്ലാം ഉപയോഗിച്ച് അറിവു നേടുകയും ചെയ്യുന്നു. എന്നാല്‍ ഇവയെല്ലാം വേണ്ടത്ര ഉള്‍ച്ചേരലില്ലാതെയും സ്വാംശീകരിക്കാതെയും യാന്ത്രികമായിട്ടാണ് അവരുടെ മനസ്സുകളില്‍ പതിയുന്നത്. മനുഷ്യയാതനകളെക്കുറിച്ച് അനുദിനം നാം ധാരാളം അറിയുന്നുണ്ട്. എന്നാല്‍ അവയോട് സഹതാപമോ സഹാനുഭാവമോ ഉണ്ടാകുന്നില്ല. സാമൂഹ്യചുറ്റുപാടുകളെക്കുറിച്ചും മനുഷ്യന്‍റെ വേദനകളെക്കുറിച്ചും നല്ല അറിവുള്ളവരായി നാം ജീവിതം തുടരുന്നു. ഈ അറിവും കഴിവും, ചിന്തയും പ്രവര്‍ത്തികളുമെല്ലാം നമ്മിലേയ്ക്കുതന്നെ തിരിഞ്ഞിരിക്കുകയാണ്. ഇന്നിന്‍റെ വിവരവിസ്ഫോടനം ജീവിതക്ലേശങ്ങളെക്കുറിച്ചുള്ള പ്രതിബദ്ധതയോ ആശങ്കയോ ആരിലും വര്‍ദ്ധിപ്പിക്കുന്നില്ല. അതിന് ഏറെ തുറവിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും മനോഭാവം അനിവാര്യമാണ്.7 

അതിപ്രസരമുള്ള ഇന്നിന്‍റെ വിവരസാങ്കേതികത മാനുഷിക യാതനകളുടെ ആധിക്യം ചിലപ്പോള്‍ ലഘൂകരിച്ചു കാട്ടുകയും, അവയെ ലാഘവത്തോടെ കാണുന്നൊരു മനഃസ്ഥിതി സമൂഹത്തില്‍ വളര്‍ത്തുകയും ചെയ്യുന്നു. മനുഷ്യന്‍റെ ജീവിതക്ലേശങ്ങള്‍ക്കുള്ള ഉത്തരവാദിത്വം പാവങ്ങളുടെയും പാവപ്പെട്ട രാജ്യങ്ങളുടെയുംമേല്‍ ചുമത്തിക്കൊണ്ട്, നിരുത്തരവാദിത്വപരവും കൈകഴുകുന്നതുമായ സാമാന്യവത്ക്കരണത്തിലേയ്ക്കാണ് (globalization) നാം മെല്ലെ നീങ്ങുന്നത്. പാവങ്ങളെ ഒതുക്കുവാനും മെരുക്കുവാനും ഉതകുന്ന വിദ്യാഭ്യാസമാണ് ഇത്തരക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏക പ്രതിവിധി. രാഷ്ട്രീയ മിമാംസകള്‍ എന്തുതന്നെയായാലും രാജ്യങ്ങളിലും, അവയുടെ വ്യവസായ മേഖലകളിലും, സ്ഥാപനങ്ങളിലും കണ്ടുവരുന്ന വ്യാപകവും വേരുപിടിച്ചതുമായ അഴിമതിയും അധര്‍മ്മവും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഇന്ന് കൂടുതല്‍ പ്രകോപിപ്പിക്കുകയും ക്ഷോഭിപ്പിക്കുകയും ചെയ്യുന്നുണ്ട്.8

അങ്ങനെ ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മെ നേരിട്ടു സ്പര്‍ശിക്കാത്തതിനാല്‍ അവയില്‍ താല്പര്യമില്ലാതിരിക്കുന്ന മനഃസ്ഥിതിയും സമൂഹത്തില്‍ ഇന്ന് കണ്ടുവരുന്ന നിസ്സംഗതാഭാവത്തിനുള്ള മറ്റൊരു കാരണമാണ്. കരയുന്നവരുടെ കണ്ണീരൊപ്പാതെയും, കരച്ചില്‍ കേള്‍ക്കാതെയും മനുഷ്യയാതനകളുടെ മുന്നില്‍ നിസ്സംഗതയുടെ വാതില്‍ കൊട്ടിയടച്ചും, തന്‍കാര്യം പൊന്‍കാര്യമെന്നു കരുതി സുഖലോലുപതയില്‍ മുങ്ങി ജീവിക്കുന്നവര്‍ ധാരാളമുണ്ട്. കരുണയില്ലാതെയും, മറ്റുള്ളവരുടെ പ്രശ്നങ്ങളോട് യാതൊരു പ്രതിബദ്ധതയില്ലാതെയും ജീവിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയാണ്. “അവരെ നോക്കാന്‍ ഞങ്ങള്‍ക്കാവില്ല. അവരുടെ പ്രശ്നങ്ങളുടെ ഉത്തരവാദികള്‍ ഞങ്ങളല്ല. അവര്‍തന്നെയാണ്. അവരെ രക്ഷിക്കുന്നത് ഞങ്ങളുടെ ജോലിയല്ല,” എന്നിങ്ങനെ ചിന്തിക്കുന്നവര്‍ കുറച്ചൊന്നുമല്ല.9 നല്ല ആരോഗ്യവും അവസ്ഥയുമുള്ളപ്പോള്‍ മറ്റുള്ളവരെ നാം സൗകര്യാര്‍ത്ഥം മറന്നുകളയുന്നു. ദൈവം അപ്രകാരം നമ്മോടു ഒരിക്കലും ചെയ്യുന്നില്ല : മറ്റുള്ളവര്‍ സഹിക്കുന്ന അനീതിയോടും അവരുടെ പ്രതിസന്ധികളോടും യാതനകളോടും യാതൊരു ഉല്‍ക്കണ്ഠയുമില്ലാതെ, ഹൃദയം മരവിച്ചവരായി നാമും നമ്മുടെ സമൂഹവും മെല്ലെ നിസ്സംഗതയില്‍ വേരൂന്നുകയാണ്!

സാമാന്യം നല്ല ആരോഗ്യാവസ്ഥയില്‍ സുഖമായി ജീവിക്കുന്നതിനാല്‍ പിന്നെ നമ്മുടെ സമീപത്തുള്ള എളിയവരെയും പാവങ്ങളെയുംക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ജീവിക്കുന്നു.10  നാം വസിക്കുന്ന ഭൂമി സകലരുടെയും ‘പൊതുഭവന’മാകയാല്‍ നമുക്ക് അതിന്‍റെ സുസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാതിരിക്കാനാവില്ലെന്ന് ‘അങ്ങേയ്ക്കുസ്തുതി!’ (Laudato Si’) എന്ന ചാക്രികലേഖനം ഉദ്ബോധിപ്പിക്കുന്നു. ഭൂമിയില്‍ സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ജലത്തിന്‍റെയും അന്തരീക്ഷത്തിന്‍റെയും മലിനീകരണം, വിവേചനമില്ലാത്ത വനനശീകരണം, പ്രകൃതിയുടെ ചൂഷണം എന്നിവ അവസാനം മനുഷ്യനോടുതന്നെയുള്ള നിസ്സംഗതയിലാണ് കലാശിക്കുന്നത്. മൃഗങ്ങളോടും ജീവജാലങ്ങളോടും നാം ഇടപഴകുന്ന രീതിയാണ് സഹജീവികളോടുള്ള പെരുമാറ്റ ശൈലിക്ക് വഴിയൊരുക്കുന്നത്.11 അതുപോലെ, സ്വന്തം നാടിന്‍റെ  വികസിത പരിസരങ്ങളില്‍ ഒരിക്കലും ചെയ്യാനാവാത്ത ചില നിഷിദ്ധമായ സംരംഭങ്ങളും പ്രവൃത്തികളും മറ്റു അവികസിത സാമൂഹ്യപരസരങ്ങളില്‍ ചെയ്യാന്‍ ധൈര്യപ്പെടുകയും അവിടങ്ങളില്‍ ഏരെ പരാധീനതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.12 ഇതുപോലെ ജീവിതപരിസരങ്ങളില്‍ രൂഢമൂലമാകുന്ന നിസ്സംഗത്വം സ്വാര്‍ത്ഥതയിലേക്കും അലസതയിലേയ്ക്കും നമ്മെ നയിക്കുന്നു . അത് ദൈവത്തോടും സഹോദരങ്ങളോടും പരിസ്ഥിതിയോടുമുള്ള ബന്ധങ്ങളിലെ അസ്വാസ്ഥ്യവും അസമാധാനവുമായി വളരുന്നു!

4. സമാധാനത്തിനു ഭീഷണിയാകുന്ന ആഗോള നിസ്സംഗത

ദൈവത്തോടു മനുഷ്യന്‍ ഇന്നു കാണിക്കുന്ന അവജ്ഞ വ്യക്തിതലങ്ങളെ മറികടന്ന് സമാധാനത്തിന് ഭീഷണിയാകുന്ന ആഗോളതലത്തിലുള്ള നിസ്സംഗതയായി വളര്‍ന്നുവരുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ പൊതുമേഖലയെയും സാമൂഹ്യജീവിതത്തെയും അതു സാരമായി ബാധിക്കുന്നുമുണ്ട്. ‘ദൈവമഹത്വവും ഭൂമിയിലെ സമാധാനവും ഏറെ ബന്ധപ്പെട്ടിരിക്കുന്നു’വെന്ന് പ്രസ്താവിച്ചത് മുന്‍പാപ്പാ ബനഡിക്ടാണ്.13 ദൈവത്തോടു തുറവില്ലെങ്കില്‍ മനുഷ്യന്‍ എളുപ്പത്തില്‍ ആപേക്ഷികാവാദത്തിന് (relativism) കീഴ്പ്പെടുന്നതിനാല്‍, ലോകത്ത് നീതി നടപ്പാക്കാനാവാതെ, സമാധാനത്തിനായി എന്നും മനുഷ്യര്‍ കേഴേണ്ടി വരും.14 അങ്ങനെ ദൈവത്തോടുള്ള അനാദരവും നിഷേധവുമാണ് തിനിക്കപ്പറം ഒന്നുമില്ലെന്നു ചിന്തിക്കുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. പിന്നെ ഒടുങ്ങാത്ത ക്രൂരതയ്ക്കും അതിക്രമങ്ങള്‍ക്കും അവര്‍ മടിക്കുന്നുമില്ല.15

വ്യക്തിതലത്തില്‍ അയല്‍ക്കാരനോടുള്ള വിഘടിപ്പും, സാമൂഹിക തലത്തിലുള്ള വിയോജിപ്പും നിര്‍വ്വികാരതയും മനുഷ്യനില്‍ വളരുന്നത് ദൈവത്തോടുള്ള നിസ്സംഗതയില്‍നിന്നുമാണ്. അത് അനീതിയുടെയും അഴിമതിയുടെയും ആഴമായ സാമൂഹിക അസന്തുലിതാവസ്ഥയുടെയും തോരാത്ത അന്തരീക്ഷം വളര്‍ത്തുന്നു. ഏറെ സാമൂഹിക പ്രതിസന്ധികള്‍ക്കും അത് കാരണമാക്കുകയും, ഇന്നല്ലെങ്കില്‍ നാളെ സമൂഹത്തില്‍ അതിക്രമങ്ങള്‍ക്കും അസ്വസ്ഥതയ്ക്കും തീ കൊളുത്തുകയും, ചുറ്റും അസംതൃപ്തിയുടെ അന്തരീക്ഷം ആളിക്കത്തിക്കുകയും ചെയ്യുന്നു.

നാം ഓരോരുത്തരും സമൂഹത്തിന്‍റെ പൊതുനന്മയ്ക്കായി, വിശിഷ്യ മാനവരാശിയുടെ ഏറ്റവും വിലപ്പെട്ട മൂല്യമായ സമാധാനത്തിനായി കഴിവത് ചെയ്യേണ്ടതാണ്. തല്‍സ്ഥാനത്ത് നിസ്സംഗതയും അര്‍പ്പണ ബോധമില്ലായ്മയുമാണ് ‘എന്‍റെ പങ്കെ’ങ്കില്‍ അത് വളരെ ഗൗരവകരമായ കൃത്യവിലോപനം തന്നെയാണ്.16

ലാഭത്തിന്‍റെയും സുഖലോലുപതയുടെയും സംസ്ക്കാരത്തില്‍ രൂപപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇന്നു ധാരാളമുണ്ട്. അവരുടെ പ്രവര്‍ത്തന നയങ്ങള്‍ ന്യായീകരിക്കാവുന്നതാണെങ്കിലും, മറ്റുള്ളവരുടെ അന്തസ്സും അടിസ്ഥാനാവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കുന്നതായാല്‍ അവ സമാധാനത്തിനു ഭീഷണിയായിരിക്കും. ഉത്തരവാദിത്വപ്പെട്ടവര്‍ നിസ്സംഗരായാല്‍, വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും സുസ്ഥിതിക്കുവേണ്ടിയാണെന്ന വ്യാജേന സമൂഹത്തില്‍ അനീതിയും അതിക്രമങ്ങളും ഭിന്നിപ്പും നടമാടുന്ന പരിതാപകരമായ സാമ്പത്തിക വ്യവസ്ഥിതികള്‍ സമൂഹത്തില്‍‍ മുളയെടുക്കുവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയാണ് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളും ആവശ്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട്, തങ്ങളുടെ അധികാരവും, സമ്പത്തും സംരക്ഷിക്കാന്‍ പോരുന്ന സ്വാര്‍ത്ഥമായ സാമ്പത്തിക രാഷ്ട്രീയപദ്ധതികള്‍ നേതാക്കന്മാര്‍ മെനഞ്ഞെടുക്കുന്നത്. അവസാനം ഭക്ഷണത്തിനും ജലത്തിനും ആരോഗ്യത്തിനും തൊഴിലിനുമായുള്ള മൗലികാവകാശങ്ങള്‍പോലും തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നു കാണുമ്പോഴാണ് ബലപ്രയോഗത്തിലൂടെയും സംഘട്ടനത്തിലൂടെയും അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നത്.

ജനസഞ്യയങ്ങളുടെ പാരിസ്ഥിതികമായ സുസ്ഥിതി പാടെ നശിപ്പിച്ച് അവരെ വേരോടെ പിഴുതെറിയുന്ന വിധത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിസ്സംഗമായി പെരുമാരുന്ന സാഹചര്യങ്ങള്‍ ലോകത്തുണ്ട്. ഇതുവഴി വനനശീകരണം, അന്തരീക്ഷ മലിനീകരണം, പ്രകൃതി ദുരന്തങ്ങള്‍ എന്നിയിലൂടെ അവിടങ്ങളില്‍ നവമായ ദാരിദ്ര്യാവസ്ഥയുടെയും, അനീതിയുടെയും സമൂഹ്യപരിസരം സംജാതമാകുന്നത് സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. പ്രകൃതിയുടെ ഉപായസാധ്യതകള്‍ക്കായുള്ള മനുഷ്യന്‍റെ ഒടുങ്ങാത്ത മോഹവും, ഭൂമിയില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ധാതുക്കള്‍ പിടിച്ചെടുക്കുവാനുള്ള ആര്‍ത്തിയുംമൂലം ചരിത്രത്തില്‍ എത്രയോ യുദ്ധങ്ങളാണ് അരങ്ങേറിയിട്ടുള്ളത്, അരങ്ങേറുന്നത്?

5. നിസ്സംഗതയില്‍നിന്നു കാരുണ്യത്തിലേയ്ക്കുള്ള പരിവര്‍ത്തനം

 ‘അടിമകളല്ല, നാം സഹോദരങ്ങളാണ്’ എന്ന ശീര്‍ഷകത്തില്‍ 2015-ല്‍ പ്രസിദ്ധപ്പെടുത്തിയ സമാധാനസന്ദേശത്തില്‍‍ ബൈബിളിലെ കായേന്‍റെയും ആബേലിന്‍റെയും സാഹോദര്യത്തിന്‍റെ കഥ പറഞ്ഞിട്ടുണ്ട് (ഉല്പത്തി 4, 1-16). മൗലികമായ സഹോദരബന്ധത്തിന്‍റെ വഞ്ചന ആദിയില്‍ത്തന്നെ എപ്രകാരം ‌നടന്നുവെന്ന് അത് പറയുന്നു. കായേനും ആബേലും സഹോദരങ്ങളായിരുന്നു. ഒരമ്മ പെറ്റമക്കളായിരുന്നു! ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും തുല്യാന്തസ്സുള്ളവരുമായിരുന്നു. എന്നിട്ടും സാഹോദര്യത്തിന്‍റെ കണ്ണി വിച്ഛേദിക്കപ്പെട്ടു. ‘ആബേലിനെ കായേനു ഇഷ്ടമായില്ലെന്നു മാത്രമല്ല, വൈരാഗ്യം മൂത്ത് അവനെ കൊന്നുകളഞ്ഞു.’19 പിന്നെ സഹോദരഹത്യയായിട്ടാണ് വഞ്ചനയുടെ മുഖം പേറിയത്.  സഹോദരന്‍ ആബേലിനെ അംഗീകരിക്കുവാനുളള വൈമുഖ്യമാണ് ചരിത്രത്തില്‍ കുടുംബബന്ധത്തിലെ സാഹോദര്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും പരസ്പരാദരവിന്‍റെയും വിള്ളലായി മാറിയത്.

ആദിമാതാപിതാക്കള്‍, ആദവും ഹവ്വായും ദൈവികൈക്യത്തില്‍നിന്നും വഴിമാറിയപ്പോള്‍, അവരെ നേര്‍വഴിയിലേയ്ക്കു കൊണ്ടുവരാന്‍ ദൈവം ഇടപെട്ടു. സഹോദരബന്ധത്തിന്‍റെ കണ്ണികള്‍ തകര്‍ന്നപ്പോള്‍ അതു കൂട്ടിയിണക്കാന്‍ കായേനെ അനുസ്മരിപ്പിക്കുന്നത് ദൈവംതന്നെ! ദൈവം ഇടപെട്ടു, ചേദിച്ചു. “കായേന്‍, കായേന്‍, നിന്‍റെ സഹോദരന്‍ ആബേല്‍ എവിടേ?” അവന്‍ പറഞ്ഞു. “എനിക്കറിയില്ല. ഞാന്‍ എന്‍റെ സഹോദരന്‍റെ സൂക്ഷിപ്പുകാരനാണോ?!”  ദൈവം ചോദിച്ചു. “കായാന്‍, നീ എന്താണു ചെയ്തത്? നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍നിന്നും എന്നെ വളിച്ചു കരയുന്നു!” (ഉല്പത്തി 4, 9-10).

സഹോദരന്‍ ആബേലിന് എന്തുപറ്റിയെന്നു തനിക്കറിയില്ലെന്നും, അവന്‍റെ സൂക്ഷിപ്പുകാരനല്ല താനെന്നുമാണ് കായേന്‍ മറുപടി നല്കിയത്. സഹോദരന്‍റെ ജീവനോ ഭാഗധേയത്തിനോ അവന് ഉത്തരവാദിത്വം തോന്നിയില്ലത്രേ! അതിനവന്‍ തയ്യാറുമായില്ല. ഒരേ കുടുംബത്തില്‍പ്പെട്ട മക്കളായിരുന്നെങ്കിലും ഒരവന്‍ അപരനോട് നിസ്സംഗനായി മാറുന്നു. എത്ര ദയനീയമാണിത്! സാഹോദര്യത്തിന്‍റെയും കുടുംബബന്ധത്തിന്‍റെയും, എന്തിന് മാനവികതയുടെതന്നെ കദന കഥയാണിത്!

സഹോദരബന്ധത്തിന്‍റെ ചരിത്രത്തില്‍ പ്രകടമായ നിസ്സംഗത്വത്തിന്‍റെ ആദ്യ കഥയാണിത്, ആദ്യപാപമാണിത്!. എന്നിട്ടും ദൈവം നിസ്സംഗനായി മാറിനിന്നില്ല. ആബേലിന്‍റെ രക്തത്തിന് കായേനോട് കണക്കുചോദിച്ച ദൈവം സഹോദരബന്ധത്തിന് ഏറെ വിലമതിക്കുന്നുണ്ട്. മാനവരാശിയുടെ ഉല്പത്തി മുതല്‍ മനുഷ്യന്‍റെ ചരിത്രവുമായി ദൈവം ഏറെ ഇടപഴകുന്നു. ഇസ്രായേല്‍ മക്കള്‍ ഈജിപ്തില്‍ അടിമകളാക്കപ്പെട്ടപ്പോള്‍ ദൈവം അവരുടെ വിമോചകനായെത്തുന്നു. “ഞാന്‍ ഈജിപ്തിലുള്ള ജനത്തിന്‍റെ കരച്ചില്‍ കേട്ടു! മേല്‍നോട്ടക്കാരുടെ ക്രൂരതമൂലം അവരില്‍നിന്നുയരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. എന്‍റെ ജനത്തെ ഞാന്‍ മോചിക്കും. തേനുംപാലും ഒഴുക്കുന്ന വസ്തൃതമായ നാട്ടിലേയ്ക്ക് ഞാന്‍ അവരെ ആനയിക്കും!” ദൈവം മോശയോട് അരുള്‍ചെയ്തു (പുറപ്പാട് 3, 7-8). ദൈവത്തിന്‍റെ ഇടപെടലിലുള്ള പദപ്രയോഗങ്ങള്‍ ശ്രദ്ധേയമാണ് : ഞാന്‍ അവരുടെ പീഡനം കണ്ടു, എന്‍റെ ജനത്തിന്‍റെ രോദനം കേട്ടു. ഞാന്‍ ഇറങ്ങിവന്ന് അവരെ മോചിക്കും! ദൈവം നിസ്സംഗനായി നോക്കിനില്ക്കുന്നില്ല. അവിടുന്ന് കരുണാര്‍ദ്രനും ബദ്ധശ്രദ്ധനുമായി പ്രതികരിക്കുന്നു.

ഇതാ! ക്രിസ്തു, ദൈവപുത്രന്‍ നമ്മുടെ മദ്ധ്യത്തിലേയ്ക്കു വന്നിരിക്കുന്നു. അവിടുന്നു മാംസംധരിച്ചു നമ്മോടൊത്തു വസിച്ചു. പാപമൊഴികെ മറ്റെല്ലാറ്റിനും നമുക്കു സമനായി ജീവിച്ചു. ക്രിസ്തു നമ്മോടു സാരൂപ്യപ്പെട്ടു: അനേകരില്‍ അവിടുന്നു ആദ്യജാതനായി (റോമ. 8, 29). അവിടുന്നു ജനത്തെ പഠിപ്പിക്കുന്നതില്‍ മാത്രം സംതൃപ്തനായില്ല. അവര്‍ക്ക് വിശന്നപ്പോഴും (മര്‍ക്കോസ് 6, 34-44), അവര്‍ക്കു ഉപജീവനത്തിനു മര്‍ഗ്ഗമില്ലാതായപ്പോഴും (മത്തായി 20, 23)! അവരുടെ ക്ഷേമത്തില്‍ അവിടുന്ന് ഏറെ ആശങ്കാലുവായിരുന്നു. അവിടുന്ന് മനുഷ്യരെക്കുറിച്ചു മാത്രമല്ല ആകുലപ്പെട്ടിരുന്നത്, സമുദ്രത്തിലെ മത്സ്യങ്ങളെയും, ആകാശത്തിലെ പറവകളെയും, സസ്യജാലങ്ങളെയും, ചെറുതും വലുതുമായ ഭൂമിയിലെ സകലത്തിനെയും ഓര്‍ത്ത് ആകുലപ്പെട്ടിരുന്നു. അവിടുന്നു എല്ലാറ്റിനെയും കാത്തുപരിപാലിക്കുന്നു. അവയെല്ലാം നോക്കി കാണുക മാത്രമല്ല, അവരുടെ ജീവിതങ്ങളെ അവിടുന്നു സ്പര്‍ശിക്കുന്നു. അവരോടു സംഭാഷിച്ചു. അവരെ പിന്‍തുണയ്ക്കുന്നു. ആവശ്യത്തിലായിരുന്നവരോട് കരുണ കാണിക്കുന്നു. അവരെ അവിടുന്നു മോചിക്കുന്നു. അവരുടെ യാതനകളില്‍ മനസ്സലിഞ്ഞ് അവരോടൊപ്പം കരയുന്നു (യോഹ. 11, 34-44). അവരുടെ ദുഃഖവും വേദനയും, നിരാശയും മരണവും അവിടുന്നു ഇല്ലാതാക്കുന്നു. ‘പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവാന്‍,’ എന്നാണ് ക്രിസ്തു പഠിപ്പിച്ചത് (ലൂക്കാ 6, 36).

നല്ല സമറിയക്കാരന്‍റെ ഉപമയില്‍ ആവശ്യത്തിലായ സഹോദരനെ സഹായിക്കാതെ, നിസ്സംഗ ഭാവേന കടന്നുപോയവരെ അവിടുന്നു കുറ്റപ്പെടുത്തുകയും അപലപിക്കുകയുംചെയ്യുന്നു (ലൂക്കാ 10, 31-32). ലോകത്തുള്ള മനുഷ്യയാതനകളും സഹോദരങ്ങളുടെ വേദനയും ഇല്ലാതാക്കാന്‍, എത്ര വലിയ തിരക്കിലായിരുന്നാലും കഴിവതുചെയ്യണമെന്ന് ക്രിസ്തു തന്‍റെ ശിഷ്യന്മാരോടും, കേള്‍വിക്കാരോടും സകലരോടും ഇതിലൂടെ ആവശ്യപ്പെടുന്നു. പാലിക്കേണ്ട നിഷ്ഠകളുണ്ട്, ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ ഒത്തിരിയുണ്ട്. പിന്നെ മുന്‍വിധി, അകറ്റിനിര്‍ത്തുന്ന ശത്രുത, എന്നിങ്ങനെ നിസ്സംഗതയ്ക്കു ന്യായീകരണമായി എപ്പോഴും ഒഴിവുകഴിവുകള്‍ ധാരാളമുണ്ട്.

കാരുണ്യം ദൈവത്തിന്‍റെ സത്തയാണ്. അതുകൊണ്ട് ദൈവമക്കളുടെയും ജീവിതത്തിന്‍റെ ഉള്‍ക്കാമ്പു കാരുണ്യമായിരിക്കണം. ദൈവത്തിന്‍റെ പ്രതിച്ഛായയായ മനുഷ്യാന്തസ്സ് മാനിക്കപ്പെടേണ്ടിടങ്ങളില്‍ കാരുണ്യം അനുദിന ജീവിതത്തില്‍ സ്പന്ദിക്കണം. അപരനോട് – പരദേശിയോടും, രോഗിയോടും കാരഗൃഹവാസിയോടും, ഭവനരഹിതനോടും, ശത്രുവിനോടുപോലും - കാണിക്കേണ്ട കരുണാര്‍ദ്രമായ സ്നേഹമാണ് ക്രിസ്തു കല്പിക്കുന്ന ദൈവികനീതിയുടെ മാനദണ്ഡം, നിത്യതയുടെ അളവുകോല്‍ അതാണ്! അതുകൊണ്ടാണ്, സന്തോഷിക്കുന്നവരോടൊത്തു സന്തോഷിക്കുവാനും, കരയുന്നവരോടൊത്തു കരയുവാനും, പൗലോസ് അപ്പസ്തോലന്‍ റോമാക്കാരോട് ഉദ്ബോധിപ്പിച്ചത് (റോമ. 12, 15). കൂടാതെ സഭയിലെ ‘വിശുദ്ധരെ’ന്നു വിശേഷിപ്പിക്കുന്ന വേദനിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പ്രതീകമായി ധനശേഖരം നടത്തണമെന്നു കോറിന്തിലെ വിശ്വാസികളെ ശ്ലീഹാ അനുസ്മരിപ്പിച്ചു (1കൊറി. 16, 2-3). ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ സഹായം അര്‍ഹിക്കുന്നവനായി തന്‍റെ സഹോദരനെ കണ്ടിട്ടും അവനെതിരെ ഒരുവന്‍ ഹൃദയം കൊട്ടിയടയ്ക്കുന്നെങ്കില്‍  ദൈവസ്നേഹം എങ്ങനെ അവനില്‍ കുടികൊള്ളും? (1യോഹ. 3, 17, യാക്കോബ്. 2, 15-16).

അതുകൊണ്ട്, സഭയോടും സഭ പ്രഘോഷിക്കുന്ന സുവിശേഷത്തോടും, പിന്നെ ‘കരുണയുള്ളവരായി ജീവിക്കുക, ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളാകുക എന്ന ആഹ്വാനത്തോടും വിശ്വാസ്തരായിരിക്കുക എന്നത് തികച്ചും അനിവാര്യമാണ്. കാരുണ്യത്തിന്‍റെ പാതയിലൂടെ പിതാവിങ്കലേയ്ക്കു സകല ജനതകളെയും ആനയിക്കുവാന്‍ അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കത്തക്കവിധം സഭയുടെ പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളും കരുണാര്‍ദ്രമാകേണ്ടതാണ്. സഭ പ്രഘോഷിക്കുന്ന പ്രഥമ സത്യം ക്രിസ്തു പഠിപ്പിച്ച സ്നേഹമാണ്. ക്ഷമയായും സ്വയാര്‍പ്പണമായും പ്രകടമാക്കേണ്ട ക്രിസ്തുസ്നേഹത്തിന്‍റെ ദാസിയും പ്രഘോഷകയുമായി സഭ ലോകത്തു ജീവിച്ചുകൊണ്ടാണ് സാക്ഷ്യംനല്കേണ്ടത്. അങ്ങനെ സഭയിലെ എല്ലാം ഇടവകകളും, സമൂഹങ്ങളും, സംഘടനകളും പ്രസ്ഥാനങ്ങളും ചുരുക്കത്തില്‍ ക്രൈസ്തവ സാന്നിദ്ധ്യമുള്ള എല്ലായിടങ്ങളും കാരുണ്യത്തിന്‍റെ മരുപ്പച്ചകളാകേണ്ടതാണ്.’ 20

ജീവിതശൈലിയും പരസ്പര ബന്ധങ്ങളില്‍ അനുകമ്പയും സ്നേഹവും കരുണയും സഹാനുഭാവവും, പെരുമാറ്റച്ചട്ടവുമാക്കാനും വിളിക്കപ്പെട്ടവരാണു നാം. ഇതിന് അനുതാപം ആവശ്യമാണ്. ശരീരത്തില്‍നിന്നും ശിലാഹൃദയങ്ങളെ എടുത്തു മാറ്റി, സഹാനുഭാവത്തില്‍ അപരനുവേണ്ടി തുറക്കുന്ന മാംസളമായ ഹൃദയം നമുക്കു നല്കാന്‍ ദൈവകൃപയ്ക്കു കഴിയും (എസേക്കി. 36, 26). എന്നാല്‍ ‘അടുത്തും അകലെയുമുള്ളവരുടെ ജീവിതദൗര്‍ഭാഗ്യങ്ങളി‍ല്‍ സന്ദിഗ്ദ്ധമായ കരുണയുടെ വികാരത്തെയും, പൊള്ളയായ സഹതാപ പ്രക‌ടനത്തെയുംകാള്‍ വലുതാണ് സഹാനുഭാവം എന്നോര്‍ക്കണം.’22 ‘പൊതുനന്മയ്ക്കും വ്യക്തിനന്മയ്ക്കുമുള്ള കലവറയില്ലാത്തതും അനുസ്യൂതവുമായ സമര്‍പ്പണമാണത്. കാരണം സകലരുടെയും ജീവിതങ്ങളോടു നമുക്കു കടപ്പാടുണ്ട്. മേല്പറഞ്ഞ കാഴ്ചപ്പാടില്‍ സഹാനുഭാവം ധാര്‍മ്മികവും സാമൂഹികവുമായ മനോഭാവമാണ്. അത് ഇന്നിന്‍റെ ആഗോളവത്കൃതമായ ലോകത്ത് ജീവിതക്ലേശങ്ങളോടുള്ള പ്രതിബദ്ധതയുള്ള ഉണര്‍വ്വും അവബോധവുമാണ്, പ്രത്യേകിച്ച് നമുക്കു ചുറ്റുമുള്ള വ്യക്തികളോടും സമൂഹത്തോടും, ലോകത്തിന്‍റ ഇതര ഭാഗത്തുള്ള സ്ത്രീപുരുഷന്മാരോടും പുലര്‍ത്തേണ്ട വര്‍ദ്ധിച്ച പാരസ്പര്യത്തിന്‍റെ മനോഭാവവുമാണ് സഹാനുഭാവം.24

6. നിസ്സംഗത മറികടന്നാല്‍ സഹാനുഭാവത്തിന്‍റെയും കാരുണ്യത്തിന്‍റെയും സംസ്കൃതി വളര്‍ത്താം

വ്യക്തിഗതമായ മാനസാന്തരത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ധാര്‍മ്മിക പുണ്യവും സാമൂഹികമായ മനോഭാവവും എന്ന നിലയ്ക്ക് സഹാനുഭാവം വിദ്യാഭ്യാസത്തിന്‍റെയും രൂപീകരണത്തിന്‍റെയും ഉത്തരവാദിത്വംവഹിക്കുന്നില്‍നിന്നും ഏറെ പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ട്.  ആദ്യം മനസ്സിലേയ്ക്കു വരുന്നത് മൗലികവും ജീവല്‍ബന്ധിയുമായ അടിസ്ഥാന രൂപീകരണം നടക്കേണ്ട കുടുംബങ്ങളാണ്. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും, കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും, അപരനെക്കുറിച്ചുള്ള ഉത്ക്കണ്ഠയുടെയും കരുതലിന്‍റെയും മൂല്യങ്ങള്‍ ജീവിക്കുകയും കൈമാറുകയും ചെയ്യേണ്ട ഇടമാണത്. കൂടാതെ അമ്മമാര്‍ മക്കള്‍ക്കു പകര്‍ന്നുനല്കുന്ന ഭക്തിയുടെ ബാലപാഠങ്ങള്‍ മുതല്‍ വിശ്വാസസത്യങ്ങളും മറ്റു മാനുഷികമൂല്യങ്ങളം കൈമാറ്റംചെയ്യപ്പെടേണ്ട അനുഗൃഹീതമായ പ്രഭവസ്ഥാനവും സാമൂഹികവേദിയും കുടുംബങ്ങളാണ്.25

യുവജനങ്ങളെയും കുട്ടികളെയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകരുടെ ഉത്തരവാദിത്വത്തിന്‍റെ വെല്ലുവിളി അവരുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവും സാമൂഹികവുമായ പരിസരങ്ങളിലേയ്ക്കും വ്യാപിച്ചുകിടക്കുകയാണ്. യഥാര്‍ത്ഥമായ സ്വാതന്ത്യത്തിന്‍റെയും പരസ്പരാദരവിന്‍റെയും സഹാനുഭാവത്തിന്‍റെയും മൂല്യങ്ങള്‍ വളരെ ചെറുപ്രായത്തിലേ വളരുന്ന തലമുറയ്ക്ക് പകര്‍ന്നുനല്കേണ്ടതാണ്. ദൈവത്തോടും മനഷ്യരോടുമുള്ള തുറവിലും, സംവാദത്തിന്‍റെയും പാരസ്പരികതയുടെയും സൗഹൃദത്തിന്‍റെയും മനോഭാവത്തില്‍ യുവജനങ്ങള്‍ വളരാന്‍ പഠിക്കേണ്ട കളരിയാണ്. അവരുടെ കഴിവുകളും ഗുണഗണങ്ങളും അംഗീകരിക്കുകുയും വളര്‍ത്തുകയും ചെയ്യേണ്ട ഇടവുമാണത്. അതുപോലെ തങ്ങളുടെ സഹപാഠികളുടെ പാടവങ്ങളും നന്മകളും അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും പഠിക്കേണ്ടത് അവിടെയാണ്. അനുദിനം അവര്‍ പഠിക്കുന്ന ഉപവിയുടെയും കാരുണ്യത്തിന്‍റെയും പ്രവൃത്തികളില്‍നിന്നും ലഭിക്കുന്ന ആനന്ദത്തിലും ആത്മീയാനുഭാവത്തിലുമാണ് അവര്‍ വളരേണ്ടത്. അങ്ങനെയാണ് അവര്‍ നാളെയുടെ മെച്ചപ്പെട്ട മാനവികതയുടെയും സാഹോദര്യത്തിന്‍റെയും നിര്‍മ്മിതിയില്‍ പങ്കുകാരാകേണ്ട്ത. 26

വിവരസാങ്കേതികതയും ആശയവിനിമയശൃംഖലകളും ഏറെ വ്യാപകമായിരിക്കുന്ന ഇക്കാലഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയിലും, വരുംതലമുറയുടെ രൂപീകരണത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കാണുള്ളത്. സ്ഥാപിത താല്പര്യങ്ങള്‍ക്ക് ഉപരിയായി അവര്‍ സത്യത്തെയാണ് മാനിക്കേണ്ടത്. മാധ്യമങ്ങള്‍ അറിവു പകരുന്നതോടൊപ്പം, പ്രേക്ഷകരുടെ മനോഗതിയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ ശരിയാംവണ്ണം കൈകാര്യംചെയ്താല്‍ യുവജനങ്ങളുടെ വിദ്യാഭ്യാസത്തിലും രൂപീകരണത്തിലും മാധ്യമങ്ങള്‍ക്ക് ക്രിയാത്മകമായ പങ്കുവഹിക്കാന്‍ സാധിക്കും. വിദ്യാഭ്യാസവും ആശയവിനിമയവും തമ്മിലുള്ള അന്തരം അത്ര വലുതല്ല. അറിവിന്‍റെ വളരെ അടുത്ത സംവേദന സ്രോതസ്സുക്കളാണവ. വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാകുന്നത് ആശയവിനിമയത്തിലൂടെയാണ് എന്നാല്‍ അത് വ്യക്തികളുടെ രൂപീകരണത്തെ നന്മയ്ക്കോ തിന്മയ്ക്കോ ക്രിയാത്മകമായോ നിഷേധാത്മകമായോ സ്വാധീനിക്കുന്നു.27   അറിവിന്‍റെ സ്രോതസ്സിനെക്കുറിച്ചും അത് എങ്ങനെ ലഭിച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധമുണ്ടായിരിക്കണം. മാത്രമല്ല അറിവിന്‍റെ നൈയ്യാമികവും ധാര്‍മ്മികവുമായ സമഗ്രതയുള്ള വസ്തുതകള്‍ മാത്രമേ അവര്‍ പുറത്തുവിടാവൂ.

7. കാരുണ്യവും  സഹാനുഭാവവും സൃഷ്ടിക്കുന്ന  പ്രശാന്തമായ സാമൂഹ്യപരിസരം

ആഗോളീകൃതമായ നിസ്സംഗത ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കുമ്പോഴും, കാരുണ്യത്തിനും സഹാനുഭാവത്തിനും സാക്ഷ്യംനല്കുന്ന ക്രിയാത്മകമായ നിരവധി പദ്ധതികള്‍ ലോകത്തുണ്ടെന്ന കാര്യം മറന്നുപോകരുത്. സഹോദരങ്ങളുടെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് എങ്ങനെ നിസ്സംഗതയെ മറികടക്കാം എന്നു മനസ്സിലാക്കുന്നതിന് സഹായകമാകുന്ന ഏറെ പ്രശംസനീയവും മാതൃകയാക്കാവുന്നതുമായ സമര്‍പ്പണമുള്ള പദ്ധതികള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. മാനവികത വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്ന നല്ലകാര്യങ്ങള്‍ നാം എപ്പോഴും മാനിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍, ദുരന്തങ്ങള്‍, സായുധപോരാട്ടങ്ങള്‍ എന്നിവപോലുള്ള ധീരതയോടെ നേരിടേണ്ട കടമ്പകള്‍ക്കു പുറമേ, മുറിപ്പെട്ടവരെയും രോഗികളെയും പരിചരിചരണം, പരേതരുടെ ഉപചാരശുശ്രൂഷകള്‍ എന്നിവ സഭയ്ക്ക് അകത്തും, അതുപോലെ പുറത്തുമുള്ള ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘടനകളും, സര്‍ക്കാരേതര ഏജന്‍സികളും നിര്‍വ്വിഹിക്കുന്നുണ്ട്. വിപ്രവാസികളുടെ മരുപ്പച്ചകള്‍ തേടിയുള്ള ജീവിതപ്രയാണത്തില്‍ കരയും കടലും മരുവും താണ്ടവെ പ്രതിസന്ധികളില്‍ പെട്ടുപോകുന്നവരെ തുണയ്ക്കുന്ന ധാരാളം സന്നദ്ധസേവകരും സംഘടനകളും ഇന്നുണ്ട്. ജീവിതാന്ത്യത്തില്‍, നിത്യതയുടെ മാനദണ്ഡമാകേണ്ട ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവൃത്തികളാണിവ.

കൂടാതെ പ്രതിസന്ധികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും എങ്ങനെ ഓര്‍ക്കാതിരിക്കും? അവര്‍ നമ്മുടെ മനസ്സുകളെ മഥിക്കുന്നില്ലേ! അവര്‍ മനുഷ്യാവകാശത്തിന്‍റെ സംരക്ഷകരും പ്രയോക്താക്കളുമാണ്. വംശീയവും മതാത്മകവുമായ ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, തദ്ദേശ ജനതകളുടെയും, സ്ത്രീകളുടെയും കുട്ടികളുടെയും, പിന്നെ ഏറ്റവും ഭീതിദമായ വിധത്തില്‍ പാര്‍ശ്വത്ക്കരിക്കപ്പെട്ടിട്ടുള്ള പാവങ്ങളുടെയും അവകാശങ്ങളുടെ സംരക്ഷകരാണവര്‍.  ജീവിനെക്കുറിച്ചോ ജീവിതക്ലേശങ്ങളെക്കുറിച്ചോ യാതൊരു ഭീതിയുമില്ലാതെ അജഗണങ്ങളുടെ കൂടെയായിരിക്കുന്ന, പ്രത്യേകിച്ച് സായുധപോരാട്ടങ്ങളുടെ മദ്ധ്യേ ജീവിക്കുന്ന നല്ലിടയന്മാരെപ്പോലുള്ള ധാരാളം വൈദികരും മിഷണറിമാരുമുണ്ട്.

സമൂഹിക ജീവിതത്തിന്‍റെയും തൊഴിലിന്‍റെയും പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സഹാനുഭാവത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും രൂപീകരണവും നല്കിക്കൊണ്ട് സമൂഹത്തില്‍ നന്മയുടെ പ്രതിസംസ്ക്കാരം വളര്‍ത്താന്‍ ത്യാഗപൂര്‍വ്വം പ്രയത്നിക്കുന്ന എത്രയോ കുടുംബങ്ങളാണ്!  

അഭയാര്‍ത്ഥികള്‍ക്കും കുടയേറ്റക്കാര്‍ക്കുമായി തങ്ങളുടെ ഹൃദയകവാടങ്ങള്‍പോലെതന്നെ, ഭവനങ്ങളുടെ വാതിലുകള്‍ തുറക്കുവാന്‍ സാന്നദ്ധരാകുന്ന കുടുംബങ്ങളും നിരവധിയാണ്. അഭയാര്‍ത്ഥികളായെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കുവാന്‍ നിസ്വാര്‍ത്ഥമായി സന്നദ്ധത പ്രകടിപ്പിച്ച വ്യക്തികളെയും കുടുംബങ്ങളെയും ഇടവകകളെയും സന്ന്യാസസമൂഹങ്ങളെയും ആശ്രമങ്ങളെയും പ്രാര്‍ത്ഥനാലയങ്ങളെയും ഇത്തരുണത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നു. 28

തങ്ങളുടെ നഗരങ്ങളിലും രാജ്യത്തും, ലോകത്തിന്‍റെ മറ്റിടങ്ങളിലും പാവങ്ങള്‍ക്കുവേണ്ടി വിവിധ തരത്തിലുള്ള സഹാനുഭാവത്തിന്‍റെ പ്രവൃത്തികളില്‍ ഔദാര്യത്തോടെ വ്യാപൃതരായിരിക്കുന്ന യുവജനങ്ങളെയും അനുസ്മരിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവരുടെ സേവനങ്ങള്‍ക്ക് പ്രത്യേകം നന്ദിയര്‍പ്പിക്കുകയും, അവരെ പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു. പാവങ്ങളുടെ വിശപ്പും ദാഹവും ശമിപ്പിക്കുന്നതുവഴി നീതിനടപ്പാക്കുവാനുള്ള അവരുടെ തൃഷ്ണ കാരുണ്യത്തിന്‍റെ കൃപ കണ്ടെത്തട്ടെ. സമാധാനത്തിന്‍റെ പ്രയോക്താക്കളായവര്‍ ദൈവമക്കളെന്നു വിളിക്കപ്പെടട്ടെ (മത്തായി 5, 6-7).                                                                                                                                                                                                                                                                                                                             

8. കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിലെ സമാധാന സന്ദേശം

ജൂബിലവര്‍ഷത്തിന്‍റെ അരൂപിയില്‍, കുടുംബത്തില്‍ തുടങ്ങി ജോലിസ്ഥലത്തും, അയല്‍പക്കത്തുമെല്ലാം  നിസ്സംഗത എപ്രകാരം നിഷേധാത്മകമായി സ്വാധീനിക്കുന്നുവെന്ന അവബോധം ആദ്യം വളര്‍ത്തിയെടുക്കാം. സമൂത്തിലെ ബലഹീനരുടെ കൂട്ടത്തില്‍പ്പെടുന്ന തൊഴില്‍രഹിതരോടും രോഗികളോടും കുടിയേറ്റക്കാരോടും ജയിലില്‍ കഴിയുന്നവരോടും, യഥാര്‍ത്ഥവും ധീരവുമായ സഹാനുഭാവം കാണിക്കാന്‍ ഇക്കാലയളവില്‍ അധികാരത്തിലുള്ളവര്‍ പ്രത്യേകം പരിശ്രമിക്കേണ്ടതാണ്.

ജയില്‍വാസികളുടെ, വിശിഷ്യ ഇനിയും വിധി കാത്തുകൊണ്ട് ബന്ധനത്തില്‍ കഴിയുന്നവരുടെ ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടുത്താന്‍ പ്രായോഗിക തീരുമാനങ്ങള്‍ അടിയന്തിരമായി എടുക്കേണ്ടിയിരിക്കുന്നു.29 ശിക്ഷാക്രമത്തിനു പിന്നില്‍ പുനരധിവാസത്തിനുള്ള അനുമതിയുണ്ടെന്ന കാര്യം മറക്കരുത്. ‘തടവറ ഒഴിവാക്കിക്കൊണ്ടുള്ള,’ പ്രായോഗിക ശിക്ഷാക്രമങ്ങള്‍ കണ്ടെത്താന്‍ ഓരോ രാജ്യത്തിന്‍റെയും നിയമനിര്‍മ്മാതാക്കള്‍ പരിശ്രമിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍  മരണശിക്ഷ ഒഴിവാക്കണമെന്നും മാപ്പാക്കുവാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്നും സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു. കുടിയേറ്റ നയങ്ങളും നവീകരിക്കേണ്ടതാണ്. അതുവഴി ഇരുപക്ഷങ്ങളുടെയും (ആതിഥേയ സമൂഹത്തിന്‍റെയും കുടിയേറ്റക്കാരുടെയും) അവകാശങ്ങളും ഉത്തരവാദിത്ത്വങ്ങളും മാനിക്കപ്പെടുമ്പോള്‍, അഭയാര്‍ത്ഥികള്‍ക്കായി രാജ്യാതിര്‍ത്തികള്‍ തുറക്കുവാനും, അവരെ സമൂഹത്തിലേയ്ക്ക് സമന്വയിപ്പിക്കുവാനുള്ള ക്രിയാത്മകമായ നയങ്ങള്‍ വ്യക്തമാക്കപ്പെടേണ്ടതാണ്. കുടിയേറ്റക്കാര്‍ ഒളിവില്‍ താമസിക്കുന്ന രീതി അവരില്‍ കുറ്റകൃത്യങ്ങള്‍ വളര്‍ത്താന്‍ ഇടയാക്കുന്നതിനാല്‍, കുടിയേറുവാനും പുനരധിവസിക്കുവാനുമുള്ള അനുവാദം നല്‍കുന്നതിനും, അതിനുതകുന്ന നയങ്ങള്‍ ക്രമപ്പെടുത്തുവാനും എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

തൊഴില്‍, പാര്‍പ്പിടം, ഭൂമി എന്നിവയില്ലാത്ത സഹോദരങ്ങളോട് പ്രത്യേക പരിഗണന കാണിക്കണമെന്ന് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ രാഷ്ട്രനേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. കുടുംബങ്ങളെയും യുവജനങ്ങളെയും, മാത്രമല്ല സമൂഹത്തെ ആകമാനം ബാധിക്കുന്ന തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനംചെയ്യുവാന്‍ മാന്യമായ തൊഴില്‍ സംവിധാനങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സൃഷ്ടിക്കേണ്ടതാണ്. തൊഴില്‍ മേഖലയില്‍ വിവേചിക്കപ്പെടുന്ന സ്ത്രീകളും, അതുപോലെ ഏറെ അപകടകരവും ക്ലേശപൂര്‍ണ്ണവുമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവരും ധാരാളമുണ്ടെന്ന കാര്യം അനുസ്മരിപ്പിക്കുന്നു. അതുപോലെ സാമൂഹിക നീതിക്കനുസൃതമായ വേതനം ലഭിക്കാത്തവരെയും പ്രത്യേകം പരിഗണിക്കേണ്ടതാണ്.

അവസാനമായി, ജീവന്‍ എവിടെയും പരിരക്ഷിക്കപ്പെടുവാന്‍ വേണ്ടുവോളം മെച്ചപ്പെട്ട സൗകര്യങ്ങളും ചികിത്സാക്രമങ്ങളും രോഗികളായവര്‍ക്ക് ആശുപത്രികളിലും ഭവനങ്ങളിലും ലഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലോകമാകുന്ന കുടുംബത്തില്‍ സാഹോദര്യവും സഹകരണവും വര്‍‍ദ്ധിക്കത്തക്കവിധം, രാഷ്ട്രനേതാക്കള്‍ അതിര്‍ത്തികള്‍ക്കപ്പുറം മറ്റു ജനതകളുമായുള്ള ബന്ധങ്ങള്‍ നവീകരിക്കുകയും, ആഗോളകൂട്ടായ്മ വര്‍ദ്ധിപ്പിക്കുകയും, ‘ഭൂമിയാകുന്ന പൊതുഭവന’ത്തിന്‍റെ (Common Home) സമഗ്രത വളര്‍ത്താന്‍ പരിശ്രമിക്കുകയും വേണം.

ഇതിനായി മൂന്നു അഭ്യര്‍ത്ഥനകളാണ് മുന്നോട്ടു വയ്ക്കുന്നത്. ഒന്നാമതായി, മറ്റു ജനതകളെ അവരുടെ ദീര്‍ഘകാല ധാര്‍മ്മിക ആത്മീയ സമഗ്രതയില്‍നിന്നും, സാമൂഹ്യ സാംസ്ക്കാരിക ഭൗതിക പൈതൃകത്തില്‍നിന്നും പറിച്ചുമാറ്റുന്ന യുദ്ധങ്ങള്‍ക്ക് വിരാമമിടുക. രണ്ടാമതായി, പാവപ്പെട്ട രാജ്യങ്ങളുടെ രാജ്യാന്തര കടബാദ്ധ്യതകള്‍ സുസ്ഥിരമായ വിധത്തില്‍ ഇളവുചെയ്തു കൊടുക്കുക. മൂന്നാമതായി, മേല്‍ക്കോയ്മയ്മ സൃഷ്ടിക്കുന്നതിനു പകരം, സ്വേച്ഛാധിപതികള്‍ തദ്ദേശജനതയുടെ മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന സഹകരണത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സാഹചര്യം സൃഷ്ടിക്കുക. മാത്രമല്ല, അടിസ്ഥാനപരമായി അന്യാധീനപ്പെടുത്തുവാന്‍ പാടില്ലാത്ത ഇനിയും പിറക്കുവാനുള്ള കുഞ്ഞുങ്ങളുടെ ജീവന്‍ പരിരക്ഷിക്കുക!

മനുഷ്യകുലത്തിന്‍റെ ആവശ്യങ്ങളില്‍ ഇന്നും കരുതലുള്ള കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തില്‍ ഈ ചിന്തകളും ആശംസകളും ഭരമേല്പിക്കുന്നു. ഐക്യവും സാഹോദര്യവുമുള്ള നവലോക നിര്‍മ്മിതിക്കായി ഓരോ ദിവസവുമുള്ള നമ്മുടെ എളിയ ശ്രമങ്ങള്‍ തിരുക്കുമാരനായ ക്രിസ്തുവിന് ഈ അമ്മ സമര്‍പ്പിക്കട്ടെ!

കാരുണ്യത്തിന്‍റെ ജൂബിലിവത്സരം

വത്തിക്കാനില്‍നിന്നും          

+ പാപ്പാ ഫ്രാന്‍സിസ് 

 

അടിക്കുറിപ്പുകള്‍

  1. Gaudium et Spes, 1.
  2. Cf. ibid., 3
  3. Misericordiae Vultus, 14-15.
  4. Caritias in Vritate, 43.
  5. Ibid., 16.
  6. Populorum Pogressio, 42.
  7. Caritas in Veritate, 19.
  8. Evangelii Gaudium, 60.
  9. Cf. ibid., 51.
  10. Message for Lent, 2015.
  11. Laudato Si’, 92.
  12. Cf. ibid., 51.
  13. Address of Pope Emeritus Benedict XVI, 7 Jan. 2013.
  14. Ibid.
  15. Benedict XVI, Assisi, 27 Oct. 2011.
  16. Evangelii Gaudium, 217-237.
  17. Ibid., 59.
  18. Laudato Si’, 31, 48.
  19. Message World Day of Peace, 2015.
  20. Misericordiae Vultus, 12.
  21. Cf. ibid., 13.
  22. Sollicitudo Rei Socialis, 38.
  23. Ibid.
  24. Ibid.
  25. General Audience, 7 Jan. 2015
  26. Message for World Day of Peace, 2015.
  27. Ibid.
  28. Angelus, 6 Sept. 2015.
  29. Address to International Association of Penal Law, 23, Oct. 2014.

 








All the contents on this site are copyrighted ©.