2016-11-05 13:00:00

മാര്‍പ്പാപ്പാ തടവുകാര്‍ക്കായി ദിവ്യബലിയര്‍പ്പിക്കും


കരുണയുടെ ജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി മാര്‍പ്പാപ്പാ തടവുകാര്‍ക്കായി ദിവ്യബലിയര്‍പ്പിക്കും.

ഈ ഞായറാഴ്ച (06/11/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലക്കയില്‍ പ്രാദേശികസമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ന് ആയിരിക്കും ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബ്ബാന ആരംഭിക്കുക.

കര്‍ദ്ദിനാളന്മാര്‍, മെത്രാപ്പോലീത്താമാര്‍, മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

വിവിധരാജ്യക്കാരായ കാരാഗൃഹവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നതിനാല്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന അറബിയും ചൈനീസുമുള്‍പ്പടെ അഞ്ചു ഭാഷകളിലായിരിക്കും.

ഇറ്റലിക്കു പുറമെ ഇംഗ്ലണ്ട്, ലാത്വിയ, മഡഗാസ്ക്കര്‍, മലേഷ്യ, മെക്സിക്കൊ, ഹോളണ്ട്, സ്പെയിന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, സ്വീഡന്‍, പോര്‍ട്ടുഗല്‍, ദക്ഷിണാഫ്രിക്ക എന്നീ നാ‌ടുകളിലും നിന്നുള്ളവരുള്‍പ്പടെ ആയിരത്തോളം തടവുകാരും അവരു‌ടെ കുടുംബാംഗങ്ങളും തടവറപ്രേഷിതരും, കാരാഗൃഹാധികാരികളുമുള്‍പ്പടെ നാലായിലത്തിലേറെപ്പേര്‍ ദിവ്യബലിയില്‍ പങ്കെടുക്കും.

കരുണയുടെ അസാധരണ ജൂബലി തടവുകാര്‍ റോമില്‍ ആഘോഷിക്കുന്നത് ഈ ശനി, ഞായര്‍ ദിനങ്ങളിലാണ്. (5-6/11/16).

തടവുകാരുടെ ഈ ജൂബിലയാചരണത്തോടനുബന്ധിച്ച് ഈ ഞായറാഴ്ച (06/11/16) തടവറകള്‍ സന്ദര്‍ശിക്കാനും കാരാഗൃഹവാസികളോടു ചേര്‍ന്ന് തങ്ങളുടെ രൂപതകളില്‍ ഈ ജൂബിലി ആചരിക്കാനും ലോകത്തിലെ എല്ലാ കത്തോലിക്കാമെത്രാന്മാരും ക്ഷണിക്കപ്പെട്ടിണ്ടെന്നും ആകയാല്‍ തടവുകാരുടെ ഈ ജൂബിലിക്ക് ഒരാഗോളമാനം ലഭിക്കുമെന്നും കരുണയുടെ അസാധാരണജൂബിലിയുടെ ചുമതലവഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല വ്യാ‌ഴാഴ്ച(03/11/16) ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

2015 ഡിസംബര്‍ 8 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധകവാടം തുറന്നുകൊണ്ട ഫ്രാന്‍സീസ് പാപ്പാ തുടക്കം കുറിച്ച കാരുണ്യത്തിന്‍റെ  അസാധാരണ ജൂബിലിക്ക് ഈ വരുന്ന ഇരുപതാം തിയതി ഞായറാഴ്ച ക്രിസ്തുരാജന്‍റെ തിരുന്നാള്‍ ദിനത്തില്‍ പരിസമാപ്തിയാകും. അന്ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ രാവിലെ ഫ്രാന്‍സിസ് പാപ്പാ കരുണയുടെ വിശുദ്ധ വത്സരത്തിന്‍റെ സമാപന ദിവ്യബലിയര്‍പ്പിക്കുകയും വിശുദ്ധ കവാടം അടയ്ക്കുകയും ചെയ്യും. തലേദിവസം,‌ അതായത്, നവമ്പര്‍ 19 ന് കര്‍ദ്ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തപ്പെടുന്ന നവകര്‍ദ്ദിനാളന്മാരും ഈ ജൂബിലിസമാപന ദിവ്യപൂജയില്‍ സഹകാര്‍മ്മികരാകും.

 








All the contents on this site are copyrighted ©.