2016-11-04 11:29:00

സമാധാനത്തിന് വിനയാണ് വര്‍ഗ്ഗീയതയും വംശീയവാദവുമെന്ന് വത്തിക്കാന്‍


വംശീയ ചിന്താഗതി ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

നവംബര്‍ 2-ാം തിയതി യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നടന്ന വംശീയ വിവേചനത്തെ സംബന്ധിച്ച പൊതുസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ അഭിപ്രായ പ്രകടനം നടത്തിയത്.

വംശീയ വിവേചനം, അന്യദേശക്കാരോടുള്ള വെറുപ്പം ഭീതിയും, പാവങ്ങളോടും എളിയവരോടുമുള്ള പകയും വിദ്വേഷവും എന്നിവ ലോകത്ത് വര്‍ദ്ധിച്ചുവരുന്നുണ്ട്. രാഷ്ട്രീയചിന്താഗതിയിലും, മതവിഭാഗങ്ങളിലും, ഭാഷയുടെയും വര്‍ഗ്ഗത്തിന്‍റെയും ജാതിയുടെയും പേരിലുമുള്ള തരംതിരുവും അസഹിഷ്ണുതയും സമൂഹങ്ങളിലും സ്ഥാപനങ്ങളിലും പ്രകടമായി പൊന്തിവരുന്നുണ്ട്. ഇത് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

മൗലികവാദവും ഭീകരതയും വളര്‍ത്തുന്ന ലോകത്തെ അശാന്തിക്കും അതിക്രമങ്ങള്‍ക്കും പിന്നില്‍ വിവേചനപൂര്‍ണ്ണവും വര്‍ദ്ധിച്ചുവരുന്നതുമായ വംശീയ വര്‍ഗ്ഗീയ ചിന്താഗതിയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

എളിവയവരോടും ക്ലേശിക്കുന്നവരോടും കുടിയേറ്റക്കാരോടും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും സമൂഹം പൊതുവെ കാണിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഭീതിയോടെ മാറ്റിവച്ചുകൊണ്ടാണ് വിവേചനം വളര്‍ത്തുന്നതും, വര്‍ഗ്ഗീയവാദവും, വംശീയ ചിന്താഗതിയും സംഘടിതശക്തിയാക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.