2016-11-03 18:08:00

“ഹെലോ... പോപ് സ്പീക്കിങ്!” ഭൂകമ്പപ്രദേശത്തേയ്ക്കൊരു ‘മിന്നില്‍വിളി’


സ്വീഡന്‍ സന്ദര്‍ശനം, സകല വിശുദ്ധരുടെയും ആത്മാക്കളുടെയും അനുസ്മരണം എന്നീ തിരക്കുകള്‍ തീര്‍ന്നതേ, വത്തിക്കാനിലെ സാന്താ മാര്‍ത്ത, പേപ്പല്‍ വസതിയിലെ ‘ലാന്‍ഡ് ലൈനി’ല്‍നിന്നും പാപ്പാ ഫ്രാന്‍സിസ് നേരെ വിളിച്ചത് ഭൂകമ്പബാധിത പ്രദേശത്തെ മെത്രാപ്പോലീത്തയെയാണ്!

ഒക്ടോബര്‍ 26, 30 തിയതികളില്‍ മദ്ധ്യഇറ്റലിയിലെ നോര്‍ച ഭാഗത്തായിരുന്നു 5.1, 6.2 റിക്ടര്‍ സ്കെയില്‍ അളവില്‍ ഭൂമികുലുക്കമുണ്ടായത്. സ്ഥലത്തെ മെത്രാപ്പോലീത്ത, റെനാത്തോ ബൊക്കാര്‍ദോയെയാണ് പാപ്പാ ഫോണില്‍ വിളിച്ചത്. ജനങ്ങളുടെ വേദനയില്‍ തന്‍റെ ആത്മീയ സാന്ത്വനവും സാമീപ്യവും പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു. കെടുതിയില്‍പ്പെട്ട നോര്‍ചയിലെ ജനങ്ങളുടെ ചാരത്ത് ആത്മീയമായി താന്‍ ഉണ്ടെന്നും, അവരെ പ്രാര്‍ത്ഥനിറഞ്ഞ സാന്ത്വനസാമീപ്യം അറിയിക്കണമെന്നും പാപ്പാ ഫോണിലൂടെ പറഞ്ഞു.

ആത്മക്കാരുടെ ദിനത്തില്‍ റോമിലെ ‘പ്രീമാ പോര്‍ത്താ’ സെമിത്തേരിയില്‍ ജനങ്ങള്‍ക്കൊപ്പം പരേതാത്മാക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ച് വത്തിക്കാനില്‍ മടങ്ങിയെത്തിയത് പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയാണ്. ഉടനെ തന്നെ സ്പൊലേത്തോ-നോര്‍ച അതിരൂപതയുടെ മെത്രാപ്പോലീത്ത ബൊക്കാര്‍ദോയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ജനങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ആള്‍ അപായം ഉണ്ടായില്ലെങ്കിലും, ധാരളം പേര്‍ മുറിപ്പെടുകയും, പുരാതനമായ പ്രാര്‍ത്ഥനാലയങ്ങളും സാംസ്ക്കാരിക പൗതൃക സ്മാരക സ്ഥാപനങ്ങളും, കുടുംബങ്ങളും തകര്‍ക്കുന്നതായിരുന്നു മദ്ധ്യഇറ്റലിയിലെ മാര്‍ക്കെ പ്രവിശ്യയിലെ രണ്ടാമത്തെ (ഒക്ടോബര്‍ 30-ന്‍റെ) ഭൂമികുലുക്കമെന്ന് ആര്‍ച്ചുബിഷപ്പ് ബൊക്കാര്‍ദോ പാപ്പായെ അറിയിച്ചു.

അതിരൂപതയുടെ പ്രസ്സ് ഓഫിസ് സെക്രട്ടറി, ഫ്രാന്‍ചേസ്ക്കാ കര്‍ലീനിയാണ് നോര്‍ച മെത്രാസന മന്ദിരത്തെ ആശ്ചര്യപ്പെടുത്തിയ പാപ്പായുടെ മിന്നില്‍ വിളിയെക്കുറിച്ചുള്ള വാര്‍ത്ത വത്തിക്കാന്‍ റേഡിയോയെ അറിയിച്ചത്.








All the contents on this site are copyrighted ©.