2016-11-03 09:41:00

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് അഭിനന്ദനങ്ങള്‍!


റോമിലും യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിലും പാര്‍ക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായിട്ടാണ് മോണ്‍സീഞ്ഞോര്‍ ചിറപ്പണത്ത് അഭിഷിക്തനായത്. റോമാനഗരം ആസ്ഥാനമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനം തുടരുന്നത്.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പൗലോസ് ശ്ലീഹായുടെ നാമത്തിലുള്ള ബസിലിക്കയില്‍ നടന്ന അഭിഷേക കര്‍മ്മത്തിന് സീറോ-മലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വംവഹിച്ചു. കൈവയ്പ് ശുശ്രൂഷയിലൂടെ കര്‍ദ്ദിനാള്‍ ആലഞ്ചേരി മോണ്‍സീഞ്ഞോര്‍ ചിറപ്പണത്തിനെ ആയിരങ്ങളെ സാക്ഷിനിറുത്തിക്കൊണ്ട് മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. തുടര്‍ന്ന് പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി ‘അപ്പസ്തോലിക സന്ദര്‍ശകന്‍’ എന്ന സ്ഥാനത്തേയ്ക്കും ബിഷപ്പ് ചിറപ്പണത്തിനെ വാഴ്ത്തി. വചനപ്രഭാഷണം കര്‍ദ്ദിനാള്‍ സാന്ദ്രിതന്നെ നിര്‍വ്വഹിച്ചു. അഭിഷേക കര്‍മ്മത്തിനുശേഷം, സമൂഹബലിയര്‍പ്പണം തുടര്‍ന്നത് ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു.

സീറോ മലങ്കര സഭാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്, വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയും വത്തിക്കാന്‍റ പ്രവാസി കാര്യാലയത്തിന്‍റെ മുന്‍സെക്രട്ടറിയായിരുന്ന ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പ് ചിറപ്പണത്ത് ഭാഗമായ ഇരിങ്ങാലക്കുടയുടെ മെത്രാന്‍, പോളി കണ്ണൂക്കാടന്‍ തുടങ്ങി നിരവധി മെത്രാന്മാരും വൈദികരും സന്ന്യസ്തരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. റോമിലെയും ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ വിശ്വാസികളും, ഇന്ത്യയില്‍നിന്നും എത്തിയവരുമായി മൂവായിരത്തില്‍ അധികംപേര്‍ മെത്രാഭിഷേകത്തില്‍ പങ്കെടുത്തു.

ബസിലക്കയുടെ പ്രധാന പുരോഹിതന്‍, കര്‍ദ്ദിനാള്‍ ജെയിംസ് ഹാര്‍വി ആമുഖമായി എല്ലാവര്‍ക്കും സ്വാഗതംപറഞ്ഞു. റോമാ രൂപതയെ പ്രതിനിധീകരിച്ച് മോണ്‍സീഞ്ഞോര്‍ പിയെര്‍ പാവുളോ പെരിക്കൊളോയും സന്നിഹിതനായിരുന്നു. മലയാളത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ ചിലഭാഗങ്ങള്‍ ഇറ്റാലിയന്‍, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളില്‍ ചൊല്ലിക്കൊണ്ട് സീറോമലബാര്‍ സഭയുടെ ആഗോള സാന്നിദ്ധ്യം പ്രകടമാക്കി. തിരുക്കര്‍മ്മങ്ങളുടെ അവസാനത്തില്‍ നവാഭിഷിക്തന്‍, ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഏവര്‍ക്കും നന്ദിയര്‍പ്പിച്ചു.

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍!








All the contents on this site are copyrighted ©.