2016-11-02 18:48:00

സെമിത്തേരിപ്പൂക്കള്‍ പകരുന്ന പ്രത്യാശയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്


നവംബര്‍ 2-ാം തിയതി ബുധനാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 4-മണിക്കാണ് സകല ആത്മാക്കളുടെയും അനുസ്മരണ ദിനത്തില്‍, പ്രീമാ പോര്‍ത്താ – പ്രഥമ കവാടം എന്നപേരില്‍ വിഖ്യാതമായ റോമിലെ സെമിത്തേരിയിലെ താല്‍ക്കാലിക വേദിയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിച്ചത്. ദിവ്യബലിക്കായി നടന്നു നീങ്ങവേ, തന്‍റെ കൈയ്യില്‍ കരുതിയിരുന്ന ചെറുപൂച്ചെണ്ട് അലങ്കരിക്കാന്‍ ആരും ഇല്ലാതെ വിജനമായിക്കിടന്ന കുഴിമാടത്തില്‍ ചാര്‍ത്തിയിട്ടാണ് പാപ്പാ ദിവ്യബലി ആരംഭിച്ചത്. സുവിശേഷ പാരായണത്തെ തുടര്‍ന്ന് പാപ്പാ സുവിശേഷ വിചിന്തനം നടത്തി:

സെമിത്തേരി എപ്പോഴും നമ്മില്‍ ദുഃഖസ്മരണകള്‍ ഉയര്‍ത്തുന്നു. കാരണം മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് അത് ദ്യോതിപ്പിക്കുന്നത്. ഒപ്പം നമ്മുടെ മരണത്തെക്കുറിച്ചും! നഷ്ടബോധത്തിന്‍റെ ഓര്‍മ്മകളിലും പ്രത്യാശയോടെ പരേതാത്മാക്കളെ ഓര്‍ത്ത് നാം പൂക്കള്‍ അര്‍പ്പിക്കുന്നു. പ്രത്യാശയുടെ ഇത്തിരിപ്പൂക്കള്‍! അവ നമ്മെ നിത്യജീവന്‍റെ ധ്യാനത്തില്‍ ആഴ്ത്തുന്നു, ഉയര്‍ത്തുന്നു. ഒരുനാള്‍ നാമും മരിക്കും, അങ്ങനെ ക്രിസ്തുവിന്‍റെ ഉത്ഥാനമഹത്വത്തില്‍ പങ്കുചേരും. ഇത് ക്രിസ്തുതന്നെ തെളിച്ച പ്രത്യാശയുടെ പാതയാണ്.

നാം ആ വഴിയേ ചരിക്കണം. ഒരുനാള്‍ നാം ദൈവസന്നിധി പ്രാപിക്കുകയും, സ്വര്‍ഗ്ഗീയമഹത്വത്തില്‍ പങ്കുചേരുകയും ചെയ്യുന്ന പ്രത്യാശയുടെ വാതില്‍ തുറന്നുതന്നത് ക്രിസ്തുവാണ്, അവിടുത്തെ കുരിശാണ്. “എനിക്കെന്‍റെ രക്ഷകനെ അറിയാം, ഞാന്‍ അവിടുത്തെ കാണും, എന്‍റെ കണ്ണുകള്‍ അവിടുത്തെ ദര്‍ശിക്കും!”

മരണനേരത്തുണ്ടായ ആശങ്കയിലും, വേദനയിലും യാതനയിലും നഷ്ടധൈര്യത്തിന്‍റെ ഇരുട്ടിലാഴ്ന്ന പഴയനിയമത്തിലെ ജോബ് പറഞ്ഞ വാക്കുകളാണിവ! (ജോബ് 19, 1,23-27).  “ഞാന്‍ എന്‍റെ ദൈവത്തെ കാണും. അവിടുത്തെ എന്‍റെ കണ്ണുകള്‍ ദര്‍ശക്കും!!” സെമിത്തേരിയിലെ ഇത്തിരി പൂക്കള്‍ നമ്മിലെ പ്രത്യാശയുടെ ചിന്ത വളര്‍ത്തട്ടെ!  പ്രീമാ പോര്‍ത്തായില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ ഇങ്ങനെയായിരുന്നു. 

വത്തിക്കാനില്‍നിന്നും 12 കി.മി. അകലെ ഫ്ലമീനിയോ എന്ന സ്ഥലത്താണ് ഈ സെമിത്തേരി.  100 ഏക്കറില്‍ അധികമാണ് ഇതിന്‍റെ വിസ്തൃതി. സെമിത്തേരിക്ക് അകത്ത് 37 കി.മി. നീളമുള്ള റോഡുമുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാര്‍ 1941-ല്‍ നിര്‍മ്മിച്ച “പ്രീമാ പോര്‍ത്താ”  സെമിത്തേരിയില്‍ കത്തോലിക്കര്‍ക്കര്‍, മറ്റ്  ക്രൈസ്തവ  വിഭാഗങ്ങള്‍, യഹുദര്‍, മുസ്ലിങ്ങള്‍ എന്നിങ്ങനെ എല്ലാ മതസ്ഥര്‍ക്കും വേണ്ടിയുള്ള  കുഴിമാടങ്ങളുണ്ട്.








All the contents on this site are copyrighted ©.