2016-11-02 09:22:00

ലൂതറന്‍-കത്തോലിക്ക സഭൈക്യ പ്രഖ്യാപനത്തിന്‍റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന സായാഹ്നം


സ്വീഡനിലെ ലന്‍ഡ് നഗരത്തില്‍ വിശുദ്ധ എറിക്കിന്‍റെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തിലെ സഭൈക്യപ്രാര്‍ത്ഥനയുടെ തുടര്‍ച്ചയായിരുന്നു,  28-കി.മി. അകലെയുള്ള മാല്‍മോ സ്റ്റേഡിയത്തിലെ സായാഹ്ന പരിപാടികള്‍ : ലൂതറന്‍-കത്തോലിക്ക സഭൈക്യ സാക്ഷ്യം! പാപ്പായും മറ്റു ലൂതറന്‍ സഭാ പ്രതിനിധികളും ഒരു മിനി-വാനില്‍ ഒരുമിച്ചായിരുന്നു സഞ്ചരിച്ചത്. സഭൈക്യ കൂട്ടായ്മയുടെ പ്രതീകമായിരുന്നു ഒരുമിച്ചുള്ള  ആ യാത്ര!

വൈകുന്നേരം 4.40-ന് പാപ്പാ ഫ്രാന്‍സിസ് നഗരമദ്ധ്യത്തിലെ മാല്‍മോ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള കളിക്കളവും സാംസ്ക്കാരിക സംഗമവേദിയുമാണ് മാല്‍മോ സ്റ്റേഡിയം. സ്റ്റേഡിയം നിറഞ്ഞിരുന്നു. രാജ്യാന്തര സ്വഭാവമുള്ള ഗായകസംഘവും, വാദ്യോപരണങ്ങളും, ഭീമന്‍ പ്രദര്‍ശന സൗകര്യങ്ങളും, ദൃശ്യ-ശ്രാവ്യമാധ്യമ സംവിധാനങ്ങളും,  അലംകൃതമായ വേദിയും സഭൈക്യചരിത്ര സംഗമത്തിന് അത്യപൂര്‍വ്വമായ അരങ്ങായി. സ്റ്റേഡിയത്തിന്‍റെ പിന്നണിയില്‍നിന്നും വേദിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ആനീതനായത് തുറന്ന ഇലക്ട്രിക് കാറിലായിരുന്നു. സ്റ്റേഡിയത്തില്‍ സന്നിഹിതരായിരുന്ന എല്ലാ വിശ്വാസ സമൂഹങ്ങളില്‍പ്പെട്ടവരും എഴുന്നേറ്റുനിന്ന് പാപ്പായെയും മറ്റു ലുതറന്‍ തലവന്മാരെയും വരവേറ്റു.

മാല്‍മോ സ്റ്റേഡിയത്തില്‍ തുടര്‍ന്നു നടന്നത് ലൂതറന്‍-കത്തോലിക്ക സഭൈക്യസംഭവത്തിന്‍റെ ചരിത്ര സാക്ഷ്യമായിരുന്നു. നിറഞ്ഞ സ്തോത്രാലാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സംഗമത്തിന് തുടക്കാമായത്.

തുടര്‍ന്ന് നാലു ജീവിതസാക്ഷ്യങ്ങളായിരുന്നു ആദ്യം.

  1. പ്രകൃതിദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടു കുടിയേറിയ വടക്കെ ഇന്ത്യയിലെ ജെയ്പൂരില്‍നിന്നുമുള്ള പ്രണിത ബിസ്വാസി - എങ്ങനെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ പ്രയോക്ത്രിയായെന്ന് സാക്ഷ്യപ്പെടുത്തി.
  2. കൊളുംമ്പിയയിലെ ‘കാരിത്താസ്’ പ്രസ്ഥാനത്തിന്‍റെ (Caritas Columbia) ഡയറക്ടര്‍, ഫാദര്‍ ഹെക്ടര്‍ ഫാബിയോ ‘ രാഷ്ട്രീയ അധിനിവേശം വളര്‍ത്തുന്ന അനീതിയും അധര്‍മ്മവും വെളിപ്പെടുത്തി.
  3. ബറൂണ്ടിയിലെ മാര്‍ഗ്രറ്റ് ബറാംങ്കിട്സേ എന്ന അമ്മ പറഞ്ഞത്, കുടിയേറ്റക്യാമ്പുകളിലെ കുഞ്ഞുങ്ങള്‍ക്ക് ഒന്നുമില്ലായ്മയില്‍നിന്നും കെട്ടിപ്പടുത്ത ‘സമാധാനത്തിന്‍റെ ഭവനത്തെ’ക്കുറിച്ചാണ് (Peace Home). കുട്ടികള്‍ നാടിന്‍റെ ഭാവിയും കരുത്തുമാണെന്ന് മാഗ്രറ്റ് അനുസ്മരിപ്പിച്ചു.
  4. റോസ് കൊനേയന്‍, കെനിയക്കാരിയായിരുന്നു. യുദ്ധം എങ്ങനെ തന്നെ അഭയാര്‍ത്ഥിയും അനാഥയുമാക്കിയെന്നു ഓര്‍മ്മിച്ചു. എന്നാല്‍ കഴിഞ്ഞ റിയോ റിയോ ഒളിംപക്സില്‍ കുടിയേറ്റക്കാരുടെ ടീമില്‍ പങ്കെടുത്തത് പുതിയ ജീവിതം ആരംഭിക്കാനും, പ്രത്യാശയോടെ മുന്നേറാനും കരുത്തുനല്കിയെന്ന് സാക്ഷ്യപ്പെടുത്തി.

പ്രാര്‍ത്ഥനയും ഗീതങ്ങളും ഇടകലര്‍ന്നതും, ദൃശ്യബിംബംങ്ങളുടെ അകമ്പടിയോടെ നടന്നതുമായ സാക്ഷ്യങ്ങള്‍ കാണികളെ ജീവിതാനുഭവത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ തൊട്ടറിയിച്ചു. കൂട്ടത്തില്‍ മുംബൈക്കാരനായ ഫാദര്‍ ചാള്‍സ് വാസ് എസ്.വി.ഡി-യുടെ ഗീതങ്ങള്‍ ആലപിക്കപ്പെട്ടത്, സ്വീഡനിലെ ഇന്ത്യന്‍ കുടിയേറ്റ സാന്നിദ്ധ്യവും അനുസ്മരിപ്പിച്ചു.

+ ആഗോള ലുതര്‍ സംഖ്യത്തിന്‍റെ പ്രസിഡന്‍റ്, ബിഷപ്പ് യൗനാന്‍ പ്രഭാഷണം നടത്തി.

ദൈവാരൂപിയില്‍ പ്രകടമാകുന്ന ഐക്യത്തിന്‍റെ അടയാളമാണ് മാല്‍മോ സ്റ്റേഡിയത്തിലെ കൂട്ടായ്മയെന്ന് റവറെന്‍റ് യൗനാന്‍ പ്രസ്താവിച്ചു. കാലാവസ്ഥാ നീതിയും, കലാപഭൂമിയിലെ കുട്ടികളെ പരിരക്ഷിക്കാനും,  രാഷ്ട്രീയ പീഡനങ്ങളിലും ഭീകരതയുടെ അതിക്രമങ്ങളിലും കഴിയുന്നവര്‍ക്ക് നീതിയും സമാധാനവും നേടിക്കൊടുക്കാനും, ലൂതറന്‍-കത്തോലിക്കാ കൂട്ടായ്മയ്ക്ക് കൈകോര്‍ക്കാനാകുമെന്ന് ലൂതറന്‍ പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ തലവന്‍ ആഹ്വാനംചെയ്തു.

+ മദ്ധ്യപൂര്‍വ്വദേശത്തെ പീഡിതരിലും ചൂഷിതരിലും വികലമാക്കപ്പെടുന്നത് ദൈവത്തിന്‍റെ പ്രഭയാര്‍ന്ന മുഖച്ഛായയാണെന്ന്, സിറിയയിലെ ആലപ്പോ കാല്‍ഡിയന്‍ രൂപതാദ്ധ്യക്ഷന്‍ അന്തോണിയോ ഔദോ വ്യക്തമാക്കി. അത് വീണ്ടെടുക്കാന്‍ ക്രൈസ്തവികതയുടെ കൂട്ടായ മുന്നേറ്റം സഹായകമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

+ സ്വീഡന്‍റെ പ്രധാനമന്ത്രി, സ്റ്റീവ് ലൊവേനും സഭൈക്യശ്രമത്തിന്‍റെ പുതിയ കാല്‍വയ്പിന് പിന്‍തുണ പ്രഖ്യാപിച്ചു. പ്രത്യാശയുള്ള സാഹോദര്യം, ശുഭാപ്തി വിശ്വാസം എന്നിവ ലൂതറന്‍-കത്തോലിക്ക കൂട്ടായ്മയുടെ മുന്നോട്ടള്ള പ്രയാണത്തെ നയിക്കേണ്ട ശക്തിയാകണമെന്നും ഉദ്ബോധിപ്പിച്ചു.

+ പിന്നെ മാല്‍മോ സ്റ്റേഡിയത്തിലെ നിറഞ്ഞസദസ്സിനെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു:

സ്വീഡനിലെ സഭൈക്യ സംഗമം നവീകരണത്തിനും നവചൈതന്യത്തിനുമുള്ള തുടക്കമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വിഘടിപ്പിക്കുന്നതിലും അധികം യോജിപ്പിക്കന്ന വസ്തുതകളുണ്ട്. ഐക്യത്തിന്‍റെ തീര്‍ത്ഥാടനം നാം ആരംഭിക്കുകയാണ്. ഇത് തള്ളിക്കളയാന്‍ പാടില്ലാത്ത ദൈവികദാനമാണ്. മാനവികതയുടെ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്ക് വിവിധ സംഘടനകളുമായി കൈകോര്‍ത്തു മുന്നേറാം.  വെല്ലുവിളികള്‍ ഇന്ന് നിരവധിയാണ് – കുടിയേറ്റം, പാരിസ്ഥിതിക വിനാശങ്ങള്‍, പ്രകൃതിക്ഷോഭം, യുദ്ധം, അഭ്യന്തരകലാപങ്ങള്‍ എന്നിങ്ങനെ...! എന്നാല്‍ നാം ശ്രവിച്ച സാക്ഷികളെപ്പോലെ ധീരമായും സമര്‍പ്പണത്തോടെയും പൊരുതിയാല്‍ വിജയിക്കാം.  പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ മുന്നേറാം, വിശ്വസ്തതയോടെ മുന്നേറാം, പ്രത്യാശയുടെ സാക്ഷികളാകാം!

സംയുക്തപ്രസ്താവനയും പ്രഖ്യാപനവും (Joint Statement to Joint Declaration) :

കത്തോലിക്കാ പക്ഷത്തിനുനിന്നും, കാരിത്താസ് ഇന്‍റെര്‍നാഷണല്‍ ഉപവി പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി  മിഷേല്‍ റോയിയും, ലൂതറന്‍ ഉപവിപ്രവര്‍ത്തനങ്ങളുടെ അദ്ധ്യക്ഷ, മരിയ ഇമൊനേനും കത്തോലിക്കാ-ലൂതറന്‍ സംയുക്തപ്രഖ്യാപനത്തിന്‍റെ ബലതന്ത്രം വെളിപ്പെടുത്തി. രണ്ടു ഉപവി സംഘടനകളും (Caritas International  & Lutheran World Services ) പൂര്‍വ്വോപരി ഊര്‍ജ്ജസ്വലതയോടെ, മാനിവകതയുടെ കാലികമായ  അടിയന്തിര ആവശ്യങ്ങളില്‍, വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശ പ്രതിസന്ധികള്‍, കുടിയേറ്റം, അഭ്യാന്തരകലാപം, കാലാവസ്ഥാ കെടുതി, പ്രകൃതിദുരന്തങ്ങള്‍ എന്നീ മേഖലകളില്‍ ഐക്യത്തോടെ കൈകോര്‍ത്തു മുന്നേറും, പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.  പ്രഖ്യാപനത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ അപ്പോസ്തോലിക ആശീര്‍വ്വാദത്തോടെ മാല്‍മോയിലെ സഭൈക്യസാക്ഷ്യത്തിന്‍റെ സായാഹ്ന പരിപാടിക്ക് തിരശ്ശീല വീണു.

സഭാപ്രതിനിധികളെ എല്ലാവരെയും വ്യക്തിപരമായി പാപ്പാ അഭിവാദ്യംചെയ്തു. നന്ദി അര്‍പ്പിച്ചു.  എന്നിട്ട് 43 കി.മി. അകലെയുള്ള താല്കാലിക പാര്‍പ്പിടമായ Igelosa/ ഇഗലോസയിലെ Life Science Community-യിലേയ്ക്ക് പാപ്പാ യാത്രയായി. ജൈവഔഷധ മേഖലയില്‍ മാനവികതയ്ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളും ഗവേഷണ പരിപാടികളും, പ്രത്യേകിച്ച് മനുഷ്യഹൃദയം ശ്വാസകോശം എന്നിവ സംബന്ധിച്ച ചികിത്സ ആസൂസ്ത്രചെയ്യുന്നതിന് 1998-മുതലുള്ള ക്രൈസ്തവ സ്ഥാപനമാണ് Life Science Community. വൈകുന്നേരം 7 മണിയോടെ അവിടെ എത്തിച്ചേര്‍ന്ന പാപ്പാ അത്താഴം കഴിച്ചു, വിശ്രമിച്ചു.








All the contents on this site are copyrighted ©.