2016-10-29 14:33:00

യേശുവുമായുള്ള നേര്‍ക്കാഴ്ചയില്‍ ജീവിതവെളിച്ചം നേടിയ സഖേവൂസ്


ജരൂസലേമിന് അടുത്തുള്ള ജറീക്കോയില്‍വച്ച് അവിടത്തെ ചുങ്കക്കാരില്‍ പ്രധാനിയായ സഖേവൂസിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു വലിയ മാറ്റമാണ് ഇന്നത്തെ സുവിശേഷം. ഈ മനുഷ്യനെക്കുറിച്ച് സുവിശേഷകന്‍ പറയുന്നത്, അവിടെ സുഖേവൂസ് എന്നു പേരുള്ള ഒരുവന്‍ ഉണ്ടായിരുന്നു, അയാള്‍ ചുങ്കക്കാരില്‍ പ്രധാനിയായിരുന്നു. ചുങ്കക്കാരില്‍ പ്രധാനി എന്നു പറഞ്ഞാലോ! ഏറ്റവും നല്ല ചുങ്കം പരിവുകാരന്‍. അവരുടെയെല്ലാം നേതാവ്. പിന്നെയോ ഏറ്റവും വലിയ ധനികന്‍. ധനമെല്ലാം ഈ ചുങ്കംപിരിവില്‍നിന്നും അയാള്‍ ഉണ്ടാക്കി എടുത്തതായിരിക്കാം.

എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ ജീവിതം രാവിലെ മുതല്‍ വൈകുന്നേരംവരെ നിറഞ്ഞുനില്ക്കുന്നത് കാശിനെ, പണത്തെ, നികുതിയെ ചുറ്റിപ്പറ്റിയാണ്. രാവിലെ മുതല്‍ വൈകുന്നേരംവരെ കാശുപിരിക്കുന്നവന്‍! രാവിലെ മുതല്‍ വൈകുന്നേരംവരെ കാശ് എണ്ണുന്നവന്‍! ഹൃദയം കാശില്‍ മാത്രം അര്‍പ്പിച്ചിരിക്കുന്നവന്‍. അതുകൊണ്ടാണ് രണ്ടാം ഭാഗത്ത് ഇവന്‍ പറയുന്നത്, ആരുടെയെങ്കിലും വെട്ടിച്ചെടുത്തിട്ടുണ്ടെങ്കില്‍ (ഉണ്ടെന്ന് അയാള്‍ക്കറിയാം)!  ന്യായമായിട്ടും അന്യായമായിട്ടും കാശേല്‍നിന്ന് കറങ്ങി തിരിഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യനാണ് ഈ സഖേവൂസ്. ഇതാണ് ഇയാളുടെ ജീവിതത്തിന്‍റെ ആദ്യത്തെ ഭാഗം. അയാളുടെ ജീവിതത്തിന്‍റ ഫോക്കസ് കാശാണ്. നികുതിയാണ്. കാശില്‍നിന്നാണ് ജീവിതം തിരിയുന്നത്. 

ജീവിതത്തിലെ ഏറ്റവും വലിയ മൂല്യം ഏതാണെന്നു ചോദിച്ചാല്‍ പണമാണ്. അങ്ങനെയുള്ളൊരു മനുഷ്യന്‍, ആ മനുഷ്യന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ത്? ഈശോ സഖേവൂസിന്‍റെ ഭവനത്തിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ വലിയ മാറ്റമുണ്ടുകുന്നു. സഖേവൂസ് എഴുന്നേറ്റു പറഞ്ഞു. “കര്‍ത്താവേ, ഇതാ, എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ഉള്ള സ്വത്തിന്‍റെ പകുതികൊടുക്കുന്നു.”  പിന്നെന്താ ഉള്ളത്. പിന്നെ പകുതിയേയുള്ളൂ... അതിനെക്കുറിച്ച് എന്താ പറയുന്നത്? “ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.” നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു. എന്നു പറഞ്ഞാല്‍, അവസാനമോ, അവസാനം കൈയ്യില്‍ കാശൊന്നും കാണാത്ത അവസ്ഥ! ഇതു വലിയൊരു മാറ്റമാണ്. ഇതുവരെ ജീവിതത്തിന്‍റെ ഏറ്റവും വലിയ മൂല്യം കാശ്...! എന്നു ചിന്തിക്കുകയും അതില്‍ വ്യാപരിക്കുകയും ചെയ്ത ഒരു മനുഷ്യന്‍, പെട്ടന്ന് കാശുമുഴുവന്‍ ഇല്ലാതാക്കുന്നു. പകുതി ദരിദ്രര്‍ക്കുകൊടുക്കുന്നു. ബാക്കി പകുതി നാലിരട്ടിയായി വീതിച്ചു കൊടുക്കുന്നു. പിന്നെ ഒന്നുമില്ലാതെ ദരിദ്രനായിട്ട് നില്ക്കുന്നു. എന്താണ് ഇതിനു കാരണം? ഇതിന് കാരണം മറ്റൊന്നുമല്ല. ഈ പണത്തെക്കാളും, സമ്പത്തിനെക്കാളും കാശിനെക്കാളും വലിയതെന്തോ ഇയാള്‍ കണ്ടെത്തി. ആ വലിയ കണ്ടെത്തലിന്‍റെ മുന്നില്‍ ഇയാള്‍ക്ക് ഇതിന്‍റെ വിലയും ഇല്ലായ്മയും തിരിച്ചറിയാന്‍ പറ്റും. ഇയാള്‍ കണ്ടെത്തിയ വലിയ നിധി, ഈശോതന്നെ പറഞ്ഞിട്ടില്ലേ. ഒരു രത്ന വ്യാപാരി വിലപ്പെട്ട രത്നം അന്വേഷിച്ചുനടക്കുന്നു. ഏറ്റവും വിലപ്പെട്ട രത്നം കണ്ടുകിട്ടിയപ്പോള്‍ മറ്റതെല്ലാം വിറ്റുകളിയുന്നു. അതേ, ഏറ്റവും വിലയുള്ളത് സഖേവൂസ് കണ്ടുമുട്ടി. ആ കണ്ടുമുട്ടലിലാണ് തിനിക്ക് ഇതുവരെ ഏറ്റവും വിലപ്പെട്ടത് എന്നു കരുതിയിരുന്ന പണത്തിലും വലിയ മൂല്യമുണ്ടെന്ന് അയാള്‍ക്ക് ബോധ്യമാകുന്നത്. 

ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും സംഭവിക്കാന്‍ ഈശോ ആഗ്രഹിക്കുന്ന കാര്യമാണ്. ജീവിതത്തില്‍ ഒന്നാം സ്ഥാനത്തു വയ്ക്കുന്നത്, യഥാര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനത്തു വരേണ്ടതാണോ. ഇത്തരമൊരു വിലയിരുത്തലിന് ഈശോ നമ്മോട് ഇന്ന് ആവശ്യപ്പെടുന്നു. ഞാന്‍ ഏറ്റവും പ്രധാനപ്പെട്ടതായിട്ട് കരുതുന്നത് യഥാര്‍ത്ഥത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതു തന്നെയാണോ? അത് അറിയണമെങ്കില്‍ ജീവിതത്തെ മൊത്തമായി കാണാന്‍ പറ്റണം. The birds eye view ! എന്നൊക്കെ പറയാറുണ്ടല്ലോ! ജീവിതത്തെ അകലെ നിന്നുകൊണ്ട് കാണുക, ഉയങ്ങളില്‍നിന്നു കാണുക, ജീവിതത്തെ മൊത്തമായി കാണാന്‍ പറ്റുന്ന കാഴ്ചപ്പാടിലാണ് യഥാര്‍ത്ഥത്തില്‍ വിലയുള്ളതെന്ത്, വിലകുറഞ്ഞതെന്ത് എന്നു തിരിച്ചറിയാന്‍ പറ്റുന്നത്. എന്നു പറഞ്ഞാല്‍, ഞാനിപ്പോള്‍ കാണുന്നത് എന്‍റെ വര്‍ത്തമാനവും എന്‍റെ ഭൂതവുമാണ്.

അതുകൂടാതെ, മുന്നോട്ടു പോകുമ്പോള്‍... മക്കളായി കൊച്ചുമക്കളായി, പിന്നെ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോള്‍ ഈ ഭൂമിയും ഇവിടെ ഞാന്‍ സമ്പാദിച്ചതൊക്കെയും, എന്‍റെ വലിയ ഉദ്യോഗങ്ങളും സമ്പത്തും, എന്‍റെ ഏറ്റവും വലിയ സ്ഥാനമാനങ്ങളും, ഉപേക്ഷിച്ചിട്ട് കടുന്നുപോകേണ്ട ഒരവസ്ഥ! പാപ്പാ ഫ്രാന്‍സിസ് പണ്ടു പറഞ്ഞൊരു വാക്കില്ലേ. വലിയമ്മിച്ചി പറഞ്ഞത്. “ശവക്കച്ചയ്ക്ക് പോക്കറ്റില്ല!” അങ്ങനെ പോക്കറ്റിനകത്ത് ഒന്നും ഇട്ടുകൊണ്ടു പോകാന്‍ പറ്റാത്തൊരു അവസ്ഥ. മരണവും അതിന്‍റെ അപ്പുറവുംകൂടി കാണുന്ന ഒരു birds eye view ! ജീവിതത്തെക്കുറിച്ചുള്ള ഉയരങ്ങളില്‍നിന്നുള്ള കാഴ്ചപ്പാടാണ്. ഏതാണ് ഒന്നാം സ്ഥാനത്തു വയ്ക്കണ്ടത്, ഏതാണ് രണ്ടാം സ്ഥാനത്തു വയ്ക്കേണ്ടത്, ഏതാണ് അവസാനം എന്ന തിരിച്ചറിവ് ആവശ്യമാണ്. ഇത്തരമൊരു തിരിച്ചറിവിനും ഇത്തരമൊരു മൂല്യ നിര്‍ണ്ണയത്തിനുമായിട്ടാണ് ഈശോ എന്നോട് ആവശ്യപ്പെടുന്നത്. സഖേവൂസിനെ എന്‍റെ ജീവിതത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ചിട്ട് ഈശോ പറയുന്നത് ഇതാണ്. സഖേവൂസ് മാറിയതു കണ്ടില്ലേ. അയാള്‍ ഏറ്റവും വലുതെന്നു കരുതിയത്, വിലയില്ലാന്നു അവര്‍ക്കു തോന്നുന്നു. ജീവിതത്തെ മൊത്തമായിട്ടൊന്നു നോക്കിക്കേ, ഏറ്റവും പ്രധാനപ്പെട്ടതായിട്ടു കരുതുന്ന പലതും, അത്രയ്ക്ക് പ്രാധാന്യമുള്ളതല്ലെന്ന് തിരിച്ചറിയാന്‍ പറ്റും. ജീവിതത്തെക്കുറിച്ച് ഇത്തരമൊരു കാഴ്ചപ്പാട് വളരെ വൈകിയാണ് പലര്‍ക്കും ഉണ്ടാകുന്നത്. അത് പലപ്പോഴും ജീവിതത്തിന്‍റെ അവസാനമാണ് പലര്‍ക്കും മനസ്സിലാകുന്നത്. ഞാന്‍ ജീവിതത്തില്‍ ഒന്നാമതായി കരുതിയിരുന്നത് അവസാനഭാഗത്താണ്! അത് ഒന്നാമത്തതല്ലല്ലോ, അതിലും പ്രധാനപ്പെട്ടത് ഞാന്‍ വിട്ടുകളഞ്ഞല്ലോ എന്ന് ബോധ്യപ്പെടുന്നു.

ഈയിടെ ഇറങ്ങിയ സിനിമയാണ് “ജെയിംസ് ആന്‍റ് ആലീസ്”! അത് അത്രയ്ക്കൊരു മികച്ച സിനിമയാണെന്ന് പറയാന്‍ പറ്റുകയില്ല. കാരണം, അത് ആവശ്യമില്ലാതെ കഥ വലിച്ചുനീട്ടുന്നുണ്ട്. പിന്നെ ‘പ്രാഞ്ചേട്ടന്‍’ എന്നു പറയുന്ന സിനിമയുടെ അനുകരണവുമുണ്ട്. എന്നാലും ഈ കഥയ്ക്ക് അകത്തൊരു സന്ദേശമുണ്ട്. “ജയിംസും ആലിസും, സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. ആലീസിന്‍റെ അപ്പനും കുടുംബവും  എതിര്‍ത്തിട്ടുപോലും കല്യാണം കഴിച്ചു. അങ്ങനെ സന്തോഷമായിട്ട് ജീവിതത്തില്‍ മുന്നേറുന്നു. അവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചു...

പിന്നെയും മുന്നോട്ടു പോകുമ്പോഴാണ്. ഇവര്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍... സംസാരം, ബന്ധം, വിനിമയം സംസര്‍ഗ്ഗം അകന്നകന്നു പോവുകയാണ്. അങ്ങനെ അവസാനം ഒരു വിവാഹമോചനത്തിന്‍റെ വക്കില്‍ ചെന്നു നല്ക്കുകയാണ്. അങ്ങനെ വിവാഹമോചനത്തിന്‍റെ വക്കില്‍ ചെന്നുനില്ക്കുമ്പോള്‍, വിവാഹമോചനം ഏകദേശം ഉറപ്പായി, അങ്ങനെ നില്ക്കുമ്പോള്‍, മകളുടെ ജന്മദിനം അവസാനമായി ആഘോഷിച്ചിട്ട് വിവാഹമോചനം നടത്താമെന്ന് ഭര്‍ത്താവ് തീരുമാനിക്കുന്നു,  പൃഥിരാജാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ആ ദിവസം അയാള്‍ വീട്ടിലേയ്ക്കു വരുമ്പോള്‍ വണ്ടി അപടകത്തില്‍പ്പെട്ട്  ഈ മനുഷ്യന്‍ ‘കോമ’യിലേയ്ക്ക് പോവുകയാണ്... ബോധമില്ലായ്മയിലേയ്ക്ക്...! ഏകദേശം മരണത്തിലേയ്ക്ക്..! ആ മരണത്തിന്‍റെ അവസ്ഥയില്‍  നിന്നും ഇയാളെ കൂട്ടിക്കൊണ്ടു പോകുന്നത് പീറ്റര്‍ എന്നൊരു ‘അമാനുഷിക’ കഥാപാത്രമാണ്. പിന്നീട് ഇയാള്‍ തന്നെ പറയുന്നുണ്ട്, ആ ‘പീറ്റര്‍’ എന്‍റെതന്നെ മനസ്സാക്ഷിയാകാം, ഉള്ളിലെ ഒരു ശബ്ദമാകാം. എന്തുതന്നെയായാലും പീറ്റര്‍ കൊണ്ടുനടന്നു കാണിക്കുന്നത്, ഭൂമിയിലെ ജീവിതത്തിന്‍റെ സംഭവങ്ങളാണ്.

അല്പംകൂടെ കഥ പറയുമ്പോള്‍ .... അവന്‍റെ അമ്മായിഅപ്പന്‍ കല്യാണത്തിന് എതിരാണെങ്കിലും അവസാനം പ്രായാധിക്യത്തില്‍ ഹാര്‍ട്ട് പേഷ്യന്‍റായിട്ട് വീട്ടില്‍ കിടക്കുമ്പോള്‍, ഇവനൊന്നു വീട്ടില്‍ വരണമെന്ന് അപേക്ഷിച്ചിട്ട്, ഇവന്‍ അത് നിഷേധിക്കുന്നു. അപ്പോള്‍ പീറ്റര്‍ ചോദിക്കുന്നു.   “നീ ആ മനുഷ്യന്‍റെ ആഗ്രഹം അറിഞ്ഞ് പഴയ നിന്‍റെ ഈഗോയും, സ്വാര്‍ത്ഥതയും വാശിയും വെടിഞ്ഞ്, ആ മനുഷ്യന്‍റെ വീട്ടിലേയ്ക്ക് ചെന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ കൊടുക്കാമായിരുന്ന ഏറ്റവും വലിയ സമ്മാനമാകുമായിരുന്നില്ലേ അതേ! അതു കിട്ടാതെ അവള്‍ മരിച്ചുപോയില്ലേ!”

ഭാര്യയുമായിട്ടുള്ളൊ ബന്ധത്തിലും ഇതു തന്നെ ഇയാള്‍ പറയന്നുണ്ട്. ഒരു ദിവസം അവള്‍ കുഞ്ഞിനെ സ്കൂളില്‍നിന്നും എടുക്കാന്‍ മറന്നുപോയി. അവസാനം വളരെ വൈകിയാണു ഭാര്യ എടുത്തുകൊണ്ടു വന്നത്. വീട്ടില്‍വന്നപ്പോള്‍ രണ്ടുപേരും തമ്മില്‍ വഴക്കാണ്. ഇത് കാണിച്ചിട്ട് പീറ്റര്‍ എന്ന കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നത്, ഒന്നുകൂടെ, ഒന്നുകൂടെ വിട്ടുവീഴ്ചയുള്ള സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ ബന്ധം ഒന്നുകൂടെ നന്നാക്കാമായിരുന്നു.   ഏതാണു നിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം. ഇപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ഒന്നാമതായിട്ടു വയ്ക്കുന്ന പല കാര്യങ്ങളും, അത് നമ്മുടെ വാശിയാകാം, ഈഗോയാകാം...   ഒന്നാം സ്ഥാനത്തുവയ്ക്കുന്ന പണമാകാം, ജോലിയാകാം, ഇത് യഥാര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കേണ്ടതാണോ?

ഇതാണ് ഈശോ ചോദിക്കുന്നത്. സക്കേവൂസിനോട് ഇങ്ങനെ ഒരു മാറ്റത്തിന് വഴി ഒരുക്കീട്ട്, എന്നോടും ചോദിക്കുന്നത് ഇതുതന്നെയാണ്. ഒന്നാം സ്ഥാനത്ത്... ഇപ്പോള്‍ നിന്‍റെ ജീവിതത്തില്‍ നീ ഒന്നാം സ്ഥാനം കൊടുക്കുന്ന കാര്യങ്ങള്‍, ഒന്ന് ഓര്‍ത്തു നോക്കുക! യാഥാര്‍ത്ഥത്തില്‍ അത് ഒന്നാം സ്ഥാനത്തുതന്നെ വരേണ്ടതാണ്. അതോ, മറ്റു പലതുമാണോ? ജീവിതത്തെ മൊത്തമായി കാണുമ്പോള്‍, അതിന്‍റെ ‘ടോട്ടാലിറ്റി’യില്‍ (totality) കാണുമ്പോള്‍ മരണവും മരണത്തിന് അപ്പുറവും കാണുമ്പോള്‍... എന്‍റെ ബന്ധവും, എന്‍റെ സ്നേഹവും, എന്‍റെ കുടുംബവും... ഇതുതന്നെയാണ് “ജെയിംസ് ആന്‍റെ ആലീസി”ന്‍റെ രണ്ടാം ഭാഗം..  ഒരു സെക്കന്‍ഡ് ചാന്‍സുകൂടെ അയാള്‍ക്കു, കോമയില്‍ കിടന്നവന്‍ കൊടുക്കുകയാണ് പീറ്റര്‍! എന്നിട്ടു തിരിച്ചുവരുന്നവനോ, തിരുത്തലോടുകൂടി മെച്ചപ്പെട്ട   മാറ്റംവന്ന ജീവിതത്തിലേയ്ക്കു പോവുകയാണ്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങ് സഖേവൂസിന്‍റെ ജീവിതത്തില്‍ ഇടപെട്ടു. അയാളുടെ കണ്ണുതുരന്നു. അയാള്‍ ഇതുവരെ ഒന്നാംസ്ഥാനത്തു വച്ചിരുന്ന പണം... നികുതി, പണമെണ്ണല്‍, അതിന്‍റെ വെലയില്ലായ്മ, അല്ലെങ്കില്‍ വിലക്കുറവ് അതിലുംകൂടിയ ജീവിതത്തിന്‍റെ നന്മകള്‍ അങ്ങ് അയാള്‍ക്ക് ജീവിതത്തില്‍ കാണിച്ചുകൊടുത്തുവല്ലോ! ഈശോയേ, അങ്ങ് ഇതെന്‍റെ ജീവിതത്തിലും കാണിച്ചുതരണമേ.  എന്‍റെ സമ്പത്താകാം, എന്‍റെ ഭൂസ്വത്താകാം! എന്‍റെ ജോലിയാകാം. എന്‍റെ സ്ഥാനമാനങ്ങളാകാം ഞാന്‍ ഏറ്റവും വലുതെന്നു കാണുന്നത്! യഥാര്‍ത്ഥത്തില്‍ ഇതാണ്, എന്‍റെ ജീവിതത്തിലേയ്ക്കും മരണത്തിലേയ്ക്കും അതിന്‍റെ അപ്പുറത്തേയ്ക്കും...നിയിക്കുന്നത്!

ഈശോയേ, അങ്ങ് എന്‍റെ ജീവിതത്തിലേയ്ക്കു വരണമേ! ഞാന്‍ ഒന്നാം സ്ഥാനത്തു വയ്ക്കുന്ന   പല കാര്യങ്ങളുമുണ്ട്. എന്‍റെ സമ്പത്താകാം, എന്‍റെ ഭൂസ്വത്താകാം, എന്‍റെ ജോലിയാകാം.. അല്ലെങ്കില്‍ എന്‍റെ സ്ഥാനമാനങ്ങളാകാം. യാഥാര്‍ത്ഥത്തില്‍ അതാണോ, എന്‍റെ   ജീവിതത്തിന്‍റെ ഒന്നാം സ്ഥാനത്തുവയ്ക്കേണ്ടത്. ഈ ഒരു തിരിച്ചറിവ് അങ്ങു എനിക്ക് തരേണമേ! അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്‍റെ ജീവിതത്തിലെ ബന്ധങ്ങള്‍ക്ക്, സ്നേഹത്തിന്,   അങ്ങ് എന്‍റെ ജീവിതത്തില്‍ നല്കിയിരിക്കുന്ന സ്നേഹബന്ധങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും ഒന്നാം സ്ഥാനം കൊടുക്കാനും, അതിനെ വളര്‍ത്താനും പോഷിപ്പിക്കാനും ബാക്കിയെല്ലാം, രണ്ടാം സ്ഥാനത്തേയ്ക്കും അവസാനത്തേയ്ക്കും മാറ്റിവയ്ക്കാനുമുള്ള വലിയകാഴ്ച വലിയ തുറവ് എനിക്കങ്ങ് തരണമേ... ഈശോയേ, ഈ ഒരു തുറവിലേയ്ക്കും കാഴ്ചപ്പാടിലേയ്ക്കും എന്നെ അങ്ങ് എന്നെ കൈപിടിച്ചു നടത്തേണമേ... ആമേന്‍!

 








All the contents on this site are copyrighted ©.