2016-10-29 13:26:00

പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ സംയുക്ത ആഘോഷം ചരിത്രനിമിഷം


ലൂതറന്‍സഭയും കത്തോലിക്കാസഭയും ഒരുമിച്ച് ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍ നടത്താന്‍ പോകുന്ന നവോത്ഥാനത്തിന്‍റെ അ‍ഞ്ചാം ശതാബ്ദിയാഘോഷം ഒരു ചരിത്രനിമിഷവും അനുരഞജനത്തിന്‍റെയും ഐക്യാന്വേഷണത്തിന്‍റെയും പാതയില്‍ ഒരു നാഴികക്കല്ലും ആണെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

കത്തോലിക്കസഭയില്‍ പിളര്‍പ്പുണ്ടാക്കിയ ഈ നവോത്ഥാനത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികത്തിന്‍റെ സംയുക്ത ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ ഒക്ടോബര്‍ 31 നവമ്പര്‍ 1 തീയയതികളില്‍ സ്വീഡനിലേക്കു പോകുന്നതിന്‍റെ  പശ്ചാത്തലത്തില്‍ വത്തിക്കാന്‍റെ ടെലവിഷന്‍ കേന്ദ്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

മാര്‍ട്ടിന്‍ ലൂതര്‍ 1517 ല്‍ ദണ്ഡവിമോചന വല്പനയ്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ സംഭവം അനുസ്മരിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെതായ ഒരു വേളയില്‍ അദ്ദേഹത്തിന്‍റെ നീക്കം സഭയില്‍ ഒരു പരിവര്‍ത്തനപ്രക്രിയയ്ക്ക് തുടക്കമിടുകയും അത്, ദൗര്‍ഭാഗ്യവശാല്‍, പാശ്ചാത്യ സഭയില്‍ പിളര്‍പ്പിനും അധികരവടംവലിക്കും അക്രമത്തിനും യുദ്ധങ്ങള്‍ക്കും  കാരണമാകുകയും ചെയ്തുവെന്ന വസ്തുതയും വിശദീകരിച്ചു.

കത്തോലിക്കാസഭയുടെയും ലൂതറന്‍ സഭയുടെയും ചരിത്രത്തില്‍ ഇരുസഭകളുമൊരുമിച്ച് പാപ്പായുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ആഘോഷം നടത്തുന്നത് നടാടെയാണെന്നും ഈ നിമിഷം, ഇക്കഴിഞ്ഞ 50 വര്‍ഷക്കാലത്തെ കത്തോലിക്കാലൂതറന്‍ സഭകള്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്‍റെ ഫലമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.

തിങ്കളാഴ്ച (31/10/16) രാവിലെ റോമില്‍ നിന്ന് സ്വീഡനിലേക്കു പുറപ്പെടുന്ന പാപ്പായെ അന്നു തന്നെ പ്രാദേശികസമയം 11 മണിക്ക് മാല്‍മോ നഗരത്തിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സ്വീഡന്‍റെ പ്രധാനമന്ത്രി, സ്റ്റേഫന്‍ ലോഫ്വന്‍ സ്വീകരിക്കും. രാഷ്ട്രപ്രതിനിധികളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം പാപ്പാ സ്വീഡന്‍റെ രാജകുടുംബവുമായി നേര്‍ക്കാഴ്ച നടത്തും. സ്വീ‍ഡന്‍റെ തെക്കന്‍ നഗരമായ ല്ണ്ടിലെ ലൂതറന്‍ ഭദ്രാസന ദേവാലയത്തില്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.30-ന് നടത്തപ്പെടുന്ന സഭൈക്യ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുന്ന പാപ്പാ. അന്നുതന്നെ വൈകുന്നേരം 4.40-ന് മാല്‍മോ സ്റ്റേഡിയത്തില്‍ ലൂതറന്‍-കത്തോലിക്കാ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ സംബന്ധിക്കുകയും ചൊവ്വാഴ്ച (01/11/16) മല്‍മോയിലെ സ്റ്റേഡിയത്തില്‍ ദിവ്യപൂജ അര്‍പ്പിക്കുകയും ചെയ്യും. സ്വീഡന്‍ ഫ്രാന്‍സീസ് പാപ്പായുടെ പതിനേഴാം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ വേദിയാണ്.  

 








All the contents on this site are copyrighted ©.