2016-10-29 13:39:00

ആഗോളസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പുതിയ 4 പേര്‍ കൂടി


സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ വിശുദ്ധ ബെനഡിക്ടിന്‍റെ സന്ന്യാസസമൂഹത്തിലെ 4 നിണസാക്ഷികള്‍.

ഹൊസെ അന്തോണ്‍ ഗോമസ്(1891-1936), അന്തൊളിന്‍ പാബ്ലോസ് വില്ലനുവേവ (1871-1936), ഹുവാന്‍ റഫായേല്‍ അല്‍ക്കോസെര്‍ മര്‍ത്തീനെസ്സ്(1889-1936, ലൂയിസ് വിദവുറാത്സാഗ ഗൊണ്‍ത്സാലെസ്(1901-1936) എന്നീ നിണസാക്ഷികളാണ് സ്പെയിനിലെ മാഡ്രിഡില്‍ ശനിയാഴ്ച (29/10/16)  വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്.

1936 ല്‍ സ്പെയിനിലെ ആഭ്യന്തര കലാപം വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും  എതിരായി തിരിഞ്ഞവേളയില്‍ അന്നാട്ടില്‍ വധിക്കപ്പെട്ടവരാണ് നവവാഴ്ത്തപ്പെട്ടവര്‍.

ശനിയാഴ്‍ച(29/10/16) രാവിലെ, സ്പെയിനിലെ മാഡ്രിഡില്‍, അല്‍മുദേനയിലെ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള കത്തീദ്രലില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രിതിനിധിയായി വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ വാഴ്‍ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ക്രസ്തീയമായ ധൈര്യവും പൊറുക്കുന്ന സൗമ്യതയാര്‍ന്ന മനസ്സും ഉള്ളവരായിരുന്ന ഈ നവ വാഴ്ത്തപ്പെട്ടവര്‍ രക്തസാക്ഷിത്വത്തെ ഭയന്നില്ലയെന്നും “ തിന്മയ്ക്കു പകരം തിന്മചെയ്യരുത്, ഏല്ക്കുന്ന നിന്ദനത്തിന് പ്രതിനിന്ദകാട്ടാതെ ക്ഷമാപൂര്‍വ്വം സഹിക്കുക, ശത്രുക്കളെ സ്നേഹിക്കുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, നീതിക്കായി പീഢനങ്ങള്‍ സഹിക്കുക” എന്നീ ബെനഡിക്ടിന്‍റെ സന്യാസസമൂഹത്തിന്‍റെ നിബന്ധനകളില്‍ അടങ്ങിയിരിക്കുന്ന ഉപദേശങ്ങള്‍ ഹൃദയത്തില്‍ പേറിയവരാണ് ഈ നവവാഴ്ത്തപ്പെട്ടവര്‍ എന്ന് അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 








All the contents on this site are copyrighted ©.