2016-10-28 12:36:00

‘ലൂതറനിസ’ത്തിന്‍റെ ആഘോഷമല്ല സഭകളുടെ കൂട്ടായ്മയാണ് സ്വീഡനില്‍


പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വീഡന്‍ സന്ദര്‍ശനം ലൂതറന്‍ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ സംയുക്ത സഭൈക്യ അനുസ്മരണത്തിനാണെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മോധാവി, ഗ്രെഗ് ബേര്‍ക്ക് വിശദീകരിച്ചു.

സ്വീഡനിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലികയാത്ര സംബന്ധിച്ച് ഒക്ടോബര്‍ 26-ാം തിയതി ബുധനാഴ്ച വൈകുന്നേരം റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാപ്പായുടെ  സന്ദര്‍ശനത്തിന്‍റെ കത്തോലിക്ക-ലൂതറന്‍ സഭകളുടെ സംയുക്ത   സ്വഭാവം ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കിയത്. സഭകളുടെ ഭിന്നിപ്പില്‍നിന്നും കൂട്ടായ്മയിലേയ്ക്കുള്ള കാല്‍വയ്പാണിതെന്നും, കത്തോലിക്കാസഭയില്‍ വിഘടിപ്പുണ്ടാക്കിയ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500 വാര്‍ഷിക ആഘോഷമല്ല സ്വീഡനില്‍, മറിച്ച് ലൂതറന്‍കാരും കത്തോലിക്കരും സംയുക്തമായി അനുസ്മരിക്കുന്ന സഭകളുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും പ്രത്യാശപകരുന്ന ചരിത്രസ്മരണയാണെന്ന് ബേര്‍ക്ക് വിശേഷിപ്പിച്ചു.

ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍നിന്നും പുറപ്പെടുന്ന പാപ്പായെ രാവിലെ 11 മണിക്ക് മാല്‍മോ നഗരത്തിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സ്വീഡന്‍റെ പ്രധാനമന്ത്രി, സ്റ്റേഫന്‍ ലോവന്‍ സ്വീകരിക്കും. രാഷ്ട്രപ്രതിനിധികളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം പാപ്പാ സ്വീഡന്‍റെ രാജകുടുംബവുമായും നേര്‍ക്കാഴ്ച നടത്തും. സ്വീ‍ഡന്‍റെ തെക്കന്‍ നഗരമായ ലിന്‍ഡിലെ ലൂതറന്‍ ഭദ്രാസന ദേവാലയത്തില്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.30-ന് നടത്തപ്പെടുന്ന സഭൈക്യ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കും. അന്നുതന്നെ വൈകുന്നേരം 4.40-ന് മാല്‍മോ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ലൂതറന്‍-കത്തോലിക്കാ സംയുക്ത സമ്മേളനത്തില്‍ കൂട്ടായ്മയുടെ സാക്ഷ്യമേകുന്ന സംഗമമായിരിക്കും. ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കി. ഇത് പാപ്പാ ഫ്രാന്‍സിസിന്‍റെ   17-മത് രാജ്യാന്തര പര്യടനമാണ്.

രണ്ടാം ദിവസം, നവംബര്‍ ഒന്നാം തിയതി, സകലവിശുദ്ധരുടെ തിരുനാളില്‍ മാല്‍മോ സ്റ്റേഡിയത്തില്‍ സ്വീഡനിലെ കത്തോലിക്കാ സമൂഹത്തോടൊപ്പം സമൂഹബലിയപ്പിച്ചുകൊണ്ടാണ് തന്‍റെ അപ്പസ്തോലികയാത്ര പാപ്പാ അവസാനിപ്പിക്കുന്നത്. പരിശുദ്ധസിംഹാനത്തിന്‍റെ വക്താവ് ഗ്രെഗ് ബേര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സഭൈക്യകര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ്, ലോക ലൂതറന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ്, റവറന്‍റ് മര്‍ട്ടിന്‍ ജൂങ് എന്നിവര്‍ റോമിലെ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.