2016-10-28 14:07:00

ഐക്യരാഷ്ട്രസഭയുടെ സമാധാനസംസ്ഥാപന യത്നങ്ങള്‍


കടിഞ്ഞാണില്ലാത്ത ഉല്‍ക്കര്‍ഷേച്ഛയുടെയും സ്വാര്‍ത്ഥതയുടെ സംഘാതരൂപങ്ങളുടെയും ഫലമായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും  തടയിടാന്‍  ഐക്യരാഷ്ട്രസഭയുടെ സമാധാനസംരക്ഷണ സേനയുടെ അനുരഞ്ജന സമാധാനസംസ്ഥാപന യത്നങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തിലേറെ നീണ്ട ചരിത്രത്തിനിടയില്‍ ഈ സംഘടന കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ഈ സംഘടനയുടെ എഴുപത്തിയൊന്നാം പൊതുസമ്മേളനത്തില്‍, യു എന്‍ സമാധാനസംരക്ഷണസേനയുടെ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷങ്ങള്‍ക്കിരകളായിത്തീരുന്നത് കൂടുതലും കുഞ്ഞുങ്ങളുള്‍പ്പടെയുള്ള നിരപരാധികളായ സാധാരണപൗരന്മാരാണെന്നും സുരക്ഷിതത്വം സമാധനം എന്നീ മണ്ഡലങ്ങളില്‍ സ്ത്രീകളുടെ പങ്ക് സുപ്രധാനമാണെന്നും ആര്‍ച്ചുബിഷ്പ്പ് ഔത്സ വിശദീകരിച്ചു.

സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതു തടയുന്നതിനും പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സമാധാനവും അനുരഞ്ജനവും സംജാതമാക്കുന്നതിനും ഫലപ്രദമായ ഒരു തന്ത്രം  ആയുധ നിയന്ത്രണമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

മനുഷ്യക്കുരുതി, വംശ ഉന്മൂലനം, യുദ്ധം തുടങ്ങിയവ നരകുലത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്നും ഇവയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്നത് രാഷ്ട്രങ്ങളു‍ടെയും അന്താരാഷ്ട്രസമൂഹത്തിന്‍റെയും വലിയ ഉത്തരവാദിത്തം ആണെന്നും ആര്‍ച്ചുബിഷ്പ്പ് ഔത്സ ഓര്‍മ്മിപ്പിച്ചു.

ഐക്യരാഷ്ട്ര സഭയുടെ സമാധാനസംരക്ഷണസേനാംഗങ്ങളില്‍ ചിലര്‍ ലൈംഗികകുറ്റകൃത്യങ്ങള്‍ക്കും ഇതര ചൂഷണങ്ങള്‍ക്കും ഉത്തരവാദികളായിത്തീരുന്നത് ഏറെ അസ്വസ്ഥതയുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 








All the contents on this site are copyrighted ©.