2016-10-24 13:36:00

ഇറാക്കില്‍ തുടരുന്നത് നമ്മെ കണ്ണീരിലാഴ്ത്തുന്ന പൈശാചികാക്രമ​ണം


ഇറാക്കില്‍ യുദ്ധം  മൂലം യാതനകളനഭവിക്കുന്ന ജനങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥന മാര്‍പ്പാപ്പാ നവീകരിക്കുന്നു.

ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ ആശീര്‍വ്വാദനന്തരമാണ് ഫ്രാന്‍സീസ് പാപ്പാ ഇറാക്കിലെ ജനങ്ങളെ ഓര്‍ക്കുകയും അവിടെ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തത്.

നാടകീയമായ ഈ മണിക്കൂറുകളില്‍ ഇറാക്കിലെ മുഴുവന്‍ ജനങ്ങളുടെയും, വിശിഷ്യ, മൊസൂള്‍ നഗരത്തിലെ നിവാസികളുടെ ചാരെ താന്‍ സന്നിഹിതനാണെന്നു പാപ്പാ വെളിപ്പെടുത്തി. മുസ്ലീങ്ങളോ ക്രൈസ്തവരോ, ഇതര മതവര്‍ഗ്ഗങ്ങളില്‍പ്പെട്ടവരോ ആയിക്കൊള്ളട്ടെ എല്ലാ നിരപരാധികളുടെയും നേര്‍ക്ക് അനേകനാളുകളായി തുടരുന്ന പൈശാചികാക്രമണങ്ങള്‍ നമ്മുടെ മനസ്സുകളെ ഉലയ്ക്കുന്നുവെന്നും പ്രിയപ്പെട്ട അന്നാടിന്‍റെ അനേകം മക്കള്‍,കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ  കുരുതികഴിക്കപ്പെട്ടുവെന്ന വാര്‍ത്ത തന്നെ ദുഃഖത്തിലാഴ്ത്തുന്നുവെന്നും പാപ്പാ പറഞ്ഞു. ഈ ക്രൂരത നമ്മെ കണ്ണീരിലാഴ്ത്തുന്നുവെന്നു പറഞ്ഞ പാപ്പാ    ഐക്യദാര്‍ഢ്യത്തിന്‍റെ വാക്കുകള്‍ക്കൊപ്പം എല്ലാവരേയും താന്‍ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നുവെന്ന ഉറപ്പും നല്കി. കനത്ത പ്രഹരമേറ്റിട്ടുള്ള ഇറാക്കിന് സുരക്ഷിതത്വത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും സമാധാനത്തിന്‍റേയുമായ ഒരു ഭാവി ലക്ഷ്യം വച്ച് മുന്നേറാമെന്ന ശക്തവും സുദൃഢവുമായ പ്രത്യാശ പുലര്‍ത്താന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിച്ച പാപ്പാ തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന തന്നോടൊന്നു ചേര്‍ന്നു ചൊല്ലാന്‍ എല്ലാവരേയും ക്ഷണിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.