2016-10-20 09:28:00

‘കറുത്ത പോപ്പെ’ന്നു വിളിക്കുന്നതില്‍ താല്പര്യമില്ല : ഈശോസഭയുടെ ജനറല്‍ സുപീരിയര്‍


തിരഞ്ഞെടുപ്പിനുശേഷം ഒക്ടോബര്‍ 18-ാം തിയതി ചൊവ്വാഴ്ച  റോമില്‍ നല്കിയ പ്രഥമ വാര്‍ത്താസമ്മേളനത്തിലാണ് വെനസ്വേലക്കാരനായ ഫാദര്‍ സോസ ഇങ്ങനെ പ്രസ്താവിച്ചത്.  പാപ്പാ ഫ്രാന്‍സിസും, മറ്റു 70 മെത്രാന്മാരും ഈശോസഭയില്‍നിന്നും ആഗോളസഭയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, മുന്‍നിരയില്‍ ആയിരിക്കുന്നതിനേക്കാള്‍ ശുശ്രൂഷയുടെയും സേവനത്തിന്‍റെയും ജീവിതശൈലിക്കാണ് മുന്‍തൂക്കം നല്കുകയാണ് ഇന്ന് സഭയുടെ നയമെന്ന് ഫാദര്‍ സോസ വ്യക്തമാക്കി.

ഈശോസഭയുടെ തലവനെ ‘കറുത്ത പോപ്പ്...’ എന്നു വിളിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. പണ്ട് അങ്ങനെ പറഞ്ഞിരുന്നു. ഈശോസഭക്കാര്‍  പൊതുവെ അണിഞ്ഞിരുന്ന കറുത്ത അങ്കി കണ്ടുകൊണ്ടും, പിന്നെ എണ്ണത്തില്‍ വലുപ്പമുള്ള സന്ന്യാസസമൂഹമായതിനാല്‍ ചിലപ്പോള്‍ എടുത്തിരുന്ന സഭയിലെ ശക്തവും ഉറച്ചതുമായ നിലപാടുകള്‍കൊണ്ടാണെന്ന് ഫാദര്‍ സോസ വ്യക്തമാക്കി. എന്നാല്‍ ആ പ്രയോഗത്തോട് തനിക്ക് താല്പര്യമില്ലെന്ന് ഫാദര്‍ സോസ അറിയിച്ചു. ആഗോളസഭാതലവാനായ പാപ്പായോടു അനുസരണയുള്ളവരായി ജീവിക്കാന്‍ നാലാമത് ഒരു വ്രതം എടുത്തിട്ടുള്ളവരാണ് ഈശോസഭാംഗങ്ങള്‍. ആ ചൈതന്യത്തില്‍ തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 66 വയസ്സുകാരന്‍, വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ സോസ വ്യക്തമാക്കി.

വിഭജിതമായ സാമൂഹ്യചുറ്റുപാടുകളില്‍ അനുരഞ്ജനത്തിനും സംവാദത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് സമാധാനവും സ്നേഹവും ലോകത്ത് വളര്‍ത്താന്‍ 17,000-ല്‍ ഏറെ വരുന്ന തന്‍റെ ഈശോസഭാ സഹോദരങ്ങള്‍ക്കൊപ്പം പരിശ്രമിക്കുമെന്ന് ഫാദര്‍ സോസ പ്രസ്താവിച്ചു.  രാഷ്ട്രീയ കലാപങ്ങള്‍മൂലം ജന്മനാടായ വെനസ്വേലയിലെ ജനങ്ങളും ക്ലേശിക്കുന്ന ഈ ചരിത്രഘട്ടം മനസ്സിലാക്കിക്കൊണ്ട് അനുരഞ്ജനത്തിന്‍റെ പാലങ്ങള്‍ പണിയാനും സമാധാനം വളര്‍ത്താനുമാണ് ലോകത്ത് 17,000 അംഗങ്ങളുടെ പുരുഷന്മാരുടെ സന്ന്യാസസമൂഹം ലക്ഷ്യംവയ്ക്കുന്നതെന്ന് ഫാദര്‍ സോസ വെളിപ്പെടുത്തി.

ലോകത്തിന്ന് വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥികളുടെയും കുടേയറ്റക്കാരുടെയും സമൂഹ്യചുറ്റുപാടില്‍, മതാന്തരസംവാദത്തിന്‍റെയും, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെയും സേവനപദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആഗോള ഈശോസഭയുടെ റോമില്‍ സമ്മേളിച്ച ജനറല്‍ ചാപ്റ്റര്‍ ഒക്ടോബര്‍ 14-ാം തിയതി വെള്ളിയാഴ്ചാണ് ഫാദര്‍ സോസയെ ആഗോള ഈശോസഭയുടെ തലവനായി തിരഞ്ഞെടുത്തത്.  

സമ്പത്തിനുള്ള ആര്‍ത്തി, അതിരുകടന്ന ആയുധവിപണം, മനുഷ്യക്കടത്ത് എന്നിങ്ങനെയുള്ള അധാര്‍മ്മികത വളര്‍ന്നുവരുന്ന ലോകത്ത് വിദ്യാഭാസത്തിലൂടെയും ഗവേഷണ പഠനങ്ങളിലൂടെയും വിശ്വാസം നിലനിര്‍ത്താനും, ബലപ്പെടുത്താനും ഈശോസഭയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.








All the contents on this site are copyrighted ©.