2016-10-20 09:51:00

വികസനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് പാവങ്ങളും വേണമെന്ന് വത്തിക്കാന്‍


സുസ്ഥിതി വികസനം സംബന്ധിച്ച ഐക്യാരാഷ്ട്ര സംഘടയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നടന്ന  71-ാമത് പൊതുസമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണര്‍ദീത്തോ ഔസാ സമര്‍പ്പിച്ച കര്‍മ്മപദ്ധതിയിലാണ് (agenda) ആഗോള സുസ്ഥിതി വികസന പദ്ധതിയില്‍ പാവങ്ങളെ കേന്ദ്രസ്ഥാനത്തു പരിഗണിക്കണെന്ന് അഭ്യര്‍ത്ഥിച്ചത്.

2030-ല്‍ സമാപിക്കേണ്ട യുഎന്‍ സുസ്ഥിതി വികസനപദ്ധതിയുടെ ഒന്നാം വര്‍ഷികത്തോട് അനുബന്ധിച്ച് (ഓക്ടോബര്‍ 18-ാം തിയതി ചൊവ്വാഴ്ച) നടന്ന പൊതുസമ്മേളനത്തിലാണ്, മാനവിക ദര്‍ശനമുള്ള കര്‍മ്മപദ്ധതികള്‍ ആര്‍ച്ചുബിഷപ്പ് ഔസാ സമര്‍പ്പിച്ചതും അഭിപ്രായപ്രകടനം നടത്തിയതും.  യുഎന്നിന്‍റെ ആഗോള പദ്ധതിയിലെ അന്തസ്സുള്ള ഉപഭോക്താക്കളായി പാവങ്ങളെ പരിഗണിക്കണമെന്നും,  ഭൗതികവും ആത്മീയവുമായ വികസന മാര്‍ഗ്ഗങ്ങള്‍ അവരുടെതന്നെ സാമൂഹ്യചുറ്റുപാടുകളില്‍ നീതിനിഷ്ഠയോടെ തെളിയിച്ചുകൊടുക്കണമെന്നും,  ഒക്ടോബര്‍ 18-ാം തിയതി യുഎന്‍ ആസ്ഥാനത്തെ പൊതുസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസാ അഭ്യര്‍ത്ഥിച്ചു.  പദ്ധതിയുടെ ലക്ഷ്യം, അതില്‍ മനുഷ്യവ്യക്തിക്കുള്ള കേന്ദ്രസ്ഥാനം, മനുഷ്യാന്തസ്സ്, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും ഉത്തരവാദിത്ത്വം,  സമഗ്ര മാനവിക വികസനം എന്നീ സംജ്ഞകളെക്കുറിച്ചും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ വിശദീകരണങ്ങള്‍ നടത്തി.

ലോക ജനതയുടെ സമഗ്ര വികസന ലക്ഷ്യംവച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടന 2015-ല്‍ തുടക്കമിട്ടതാണ് - സുസ്ഥിതി വികസനപദ്ധതി 2030. സത്യസന്ധമായും ന്യായമായും നടപ്പാക്കിയാല്‍ മാനവകുലത്തിന് പ്രത്യാശപകരുന്ന പദ്ധതിയാണ് ഇതെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ വിശദീകരിച്ചു.  മാനവികതയുടെ ഉപായസാദ്ധതകള്‍ക്ക് പരിമിതികള്‍ ഉള്ളതിനാല്‍, അവയുടെ ഉറവിടങ്ങള്‍ ശുഷ്ക്കിക്കുകയും ചിലപ്പോള്‍ ഇല്ലാതാവുകയും ചെയ്യുന്നതിനാല്‍, സുസ്ഥിതി വികസനപദ്ധതി സകലരെയും, വിശിഷ്യ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും, കുടിയേറ്റംപോലുള്ള സമൂഹ്യചുറ്റുപാടുകളില്‍ കഴിയുന്നവരെയും ആശ്ലേഷിക്കുന്നതായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വിശദമാക്കി. പേരിനുമാത്രമുള്ള പ്രഖ്യാപനങ്ങളുടെ (Declarationist nominalism)  സ്ഥാനവും, സ്ഥാപനവുമാകരുത്  രാഷ്ട്രങ്ങളുടെ കൂട്ടായ്മയെന്ന് പാപ്പാ ഫാന്‍സിസ് പ്രസ്താവിച്ചിട്ടുള്ളതും, ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.