2016-10-19 12:31:00

കര്‍മ്മരഹിത വിശ്വാസം നിര്‍ജ്ജീവം


വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ ചത്വരംതന്നെ ആയിരുന്നു ഈ ബുധനാഴ്ചയും (19/10/16). അരുണകിരണൊളിപരന്ന ബസിലിക്കാങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്നു പതിനായിരങ്ങള്‍ സന്നിഹിതരായിരുന്നു. പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷങ്ങളും ആരവങ്ങളും ഉയര്‍ന്നു.

കൈകള്‍ ഉയര്‍ത്തി സുസ്മേരവദനനായി എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ, ഇടയ്ക്കിടെ, വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി നടന്നു വേദിയിലേക്കു കയറുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു. യോക്കോബിന്‍റെ ലേഖനം, അദ്ധ്യായം 2, 14 മുതല്‍ 17 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു വായിക്കപ്പെട്ടത്.

“എന്‍റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിന് ആവശ്യമായവ അവര്‍ക്കു കൊടുക്കാതെ സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക; എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്.  

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ കാരുണ്യപ്രവൃത്തികളെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നുകൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍ സന്ദേശം നല്കി

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

“സുസ്ഥിതി” എന്നു പറയപ്പെടുന്ന അവസ്ഥയുടെ അനന്തരഫലങ്ങളിലൊന്ന് മറ്റുള്ളവരുടെ ആവശ്യങ്ങളെ  അവഗണിച്ചുകൊണ്ട് തങ്ങളില്‍ത്തന്നെ സ്വയം അടിച്ചിടുന്നതിലേക്ക് വ്യക്തികളെ നയിക്കലാണ്. നമ്മുടെ ജീവിതം ഓരോ ഋതുവിലും മാറ്റേണ്ടതും പിന്‍ചെല്ലേണ്ടുന്നതുമായ ഒരു ശൈലിയാണെന്നു തോന്നത്തക്കവിധം  ക്ഷണികമായ, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമാകുന്ന ജീവിത മാതൃകള്‍ അവതരിപ്പിച്ചുകൊണ്ട് അവരെ വ്യാമോഹിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നു. എന്നാല്‍ അപ്രകാരമല്ല ചെയ്യേണ്ടത്. യാഥാര്‍ത്ഥ്യത്തെ അതായിരിക്കുന്ന രീതിയില്‍ സ്വീകരിക്കുകയും നേരിടുകയും വേണം. അതു നമ്മെ പലപ്പോഴും അടിയന്തിരമായ ആവശ്യകതയുടെ അവസ്ഥയിലാക്കുന്നു. ആകയാല്‍, കാരുണ്യ പ്രവൃത്തികളില്‍  വിശപ്പിനെയും ദാഹത്തെയും സംബന്ധിച്ച ഓര്‍മ്മപ്പെടുത്തലും നാം കാണുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുക, ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുക. ആഹാരത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും അഭാവത്തില്‍ ദുരിതമനുഭവിക്കുന്ന ജനതകളെക്കുറിച്ചു, കുട്ടികളില്‍ ഗുരുതരങ്ങളായ അനന്തരഫലങ്ങള്‍ ഉളാക്കുന്ന ഈ അവസ്ഥയെക്കുറിച്ചു മാദ്ധ്യമങ്ങള്‍ എത്ര തവണ വിവരങ്ങള്‍ നല്കിയിരിക്കുന്നു.

ചില വാര്‍ത്തകള്‍ വിശിഷ്യ, ചില ദൃശ്യങ്ങള്‍ പൊതുജനത്തെ സ്പര്‍ശിക്കുകയും ഐക്യദാര്‍ഢ്യത്തിന് പ്രചോദനമേകുന്നതിനായി പടിപടിയായി സേവനപ്രവര്‍ത്തന യജ്ഞത്തിന് തുടക്കംകുറിക്കപ്പെടുകയും ചെയ്യുന്നു. ഉദാരമായി ദാനംചെയ്യുകവഴി നിരവധിപ്പേരുടെ സഹനങ്ങള്‍ ലഘൂകരിക്കാന്‍ സംഭാവന ചെയ്യുകയാണ്. ഒരു പക്ഷേ നാം നേരിട്ട് ഇടപെട്ടില്ലെങ്കില്‍ത്തന്നെയും ഇത്തരം ഉപവിപ്രവര്‍ത്തനം സുപ്രധാനമാണ്.  എന്നാല്‍ ഇതില്‍ നിന്ന് ഏറെ ഭിന്നമാണ് ആവശ്യത്തിലിരിക്കുന്ന ഒരുവനെ വഴിയില്‍ വച്ച് നമ്മള്‍ കണ്ടുമുട്ടുന്നതും, അല്ലെങ്കില്‍ ഒരു പാവപ്പെട്ടവന്‍ നമ്മുടെ ഭവനത്തിന്‍റെ  വാതിലില്‍ മുട്ടുന്നതും. കാരണം നാം ഒരു ചിത്രത്തിനു മുന്നിലല്ല മറിച്ച് നമ്മള്‍ നേരിട്ടു കാണുകയാണ്. എനിക്കും അവനോ അവള്‍ക്കും ഇടയില്‍ ഇനി അകലമില്ല. ഇത് എന്നില്‍ ചോദ്യമുയര്‍ത്തുന്നു. അമൂര്‍ത്ത ദാരിദ്ര്യം നമ്മില്‍ ചോദ്യമുണര്‍ത്തുന്നില്ല. എന്നാല്‍ ചിന്തിപ്പിക്കുന്നു, ഖേദമുളവാക്കുന്നു, എന്നാല്‍ നീ ഒരു പുരുഷന്‍റെ, ഒരു സ്ത്രീയുടെ, ഒരു കുട്ടിയുടെ ശരീരത്തില്‍ ദാരിദ്ര്യത്തെ ദര്‍ശിക്കുമ്പോള്‍, അതു നിന്നില്‍ ചോദ്യമുയര്‍ത്തുന്നു. അതു കൊണ്ടാണ് ആവശ്യത്തിലിരിക്കുന്നവരില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും അവരോടടുക്കാതിരിക്കുന്നതുമായ ഒരു ശീലം നമ്മിലുള്ളത്. നാം ദാരിദ്ര്യമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു പോകുന്നു. ഞാന്‍ ഒരു പാവപ്പെട്ടവനെ കടന്നു പോകുമ്പോള്‍ എനിക്കും അവനും തമ്മില്‍ യാതൊരകലവുമില്ല. ഇത്തരം അവസ്ഥകളില്‍ എന്‍റെ പ്രതികരണം എന്താണ്? ഞാന്‍ മുഖംതിരിച്ചു കടന്നു പോകുകയാണോ ചെയ്യുന്നത്? അതല്ലാ, ഞാന്‍ അവന്‍റെ അടുത്തു ചെന്ന് അവന്‍റെ   അവസ്ഥ ചോദിച്ചു മനസ്സിലാക്കുമോ? നീ അങ്ങനെ ചെയ്യുന്ന പക്ഷം ഒരു ദരിദ്രനുമായി സംസാരിക്കുന്ന ഇവന് വട്ടാണ് എന്നു പറയുന്ന ചിലരുണ്ടാകും. ഈ ദരിദ്രനുവേണ്ടി എന്തെങ്കിലും ചെയ്യാമെന്നോ അതോ എത്രയും വേഗം അവനെ ഒഴിവാക്കാമെന്നോ എന്താണ് ഞാന്‍ ചിന്തിക്കുക?

ബൈബിളില്‍ ഒരു സങ്കീര്‍ത്തനം പറയുന്നത് “ദൈവം എല്ലാ ജീവികള്‍ക്കും ആഹാരം കൊടുക്കുന്നു” എന്നാണ്. സങ്കീര്‍ത്തനം 136, വാക്യം 25. വശപ്പിന്‍റെ അനുഭവം കഠിനമാണ്. യുദ്ധത്തിന്‍റെയോ ഭക്ഷ്യക്ഷാമത്തിന്‍റെയോ ഘട്ടങ്ങള്‍ ജീവിച്ചിട്ടുള്ളവര്‍ക്ക്  അതു മനസ്സിലാകും. പട്ടിണിയുടെ ഈ അവസ്ഥ ഇന്നും അനുദിനം ആവര്‍ത്തിക്കപ്പെടുന്നു. ഭക്ഷ്യസമൃദ്ധിയും ഭക്ഷണംപാഴാക്കലും മറുവശത്ത്. യാക്കോബ് ശ്ലീഹായടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്: ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിന് ആവശ്യമായവ അവര്‍ക്കു കൊടുക്കാതെ സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക; എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്.     

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ കാരിത്താസ് ഇന്‍ വെരിത്താത്തെ, സത്യത്തില്‍ സ്നേഹം എന്ന ചാക്രികലേഖനത്തില്‍ പ്രസ്താവിക്കുന്നു: വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുക എന്നത് സാര്‍വ്വത്രികസഭയുടെ ധാര്‍മ്മികകടമയാണ്. ഭക്ഷണം ലഭിക്കാനുള്ള അവകാശം ജലം ലഭിക്കാനുള്ള അവകാശം പോലെ സുപ്രധാനമാണ്. മറ്റു അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമത്തില്‍ അതിനു സുപ്രധാന സ്ഥാനമുണ്ട്. അതുകൊണ്ട് ഭക്ഷണവും ജലവും ലഭിക്കാനുള്ള അവകാശം വിത്യാസമോ വിവേചനമോ കൂടാതെ എല്ലാ മനുഷ്യര്‍ക്കുമുള്ളതായി കരുതുന്ന പൊതുമനസ്സാക്ഷി വളര്‍ത്തുക അത്യാവശ്യമാണ്. “ഞാന്‍ ജീവന്‍റെ അപ്പമാണ്” (യോഹന്നാന്‍ 6,35)  “ദാഹിക്കുന്നവന്‍ എന്‍റെ അടുക്കലേക്കു വരിക”- (യോഹന്നാന്‍ 7,37) യേശുവിന്‍റെ ഈ വാക്കുകള്‍ നാം മറക്കരുത്. യേശുവിന്‍റെ ഈ വാക്കുകള്‍ വിശ്വാസികളായ നമുക്കേവര്‍ക്കും പ്രചോദനകാരണമാണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുകയും ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ നല്കുകയും ചെയ്യുന്നതിലൂടെയാണ് ദൈവവുമായുള്ള, തന്‍റെ കാരുണ്യത്തിന്‍റെ മുഖം യേശുവില്‍ വെളിപ്പെടുത്തിയ ദൈവവുമായുള്ള, ബന്ധം കടന്നുപോകുന്നതെന്ന് തിരിച്ചറിയുക നമുക്ക് പ്രചോദനദായകമാണ്.

 പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.