2016-10-15 12:39:00

മുത്തശ്ശീമുത്തശ്ശന്മാര്‍: ജനതയുടെ വേരുകള്‍


വൃദ്ധജനം സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണെന്നും അവര്‍ ഒരു ജനതയുടെ വേരുകളേയും സ്മരണകളേയും പ്രതിനിധാനം ചെയ്യുന്നുവെന്നും മാര്‍പ്പാപ്പാ.

ജീവിതത്തിന്‍റെ മൂന്നാമത്തെ ദശയിലെത്തിയിരിക്കുന്നരുടെ, അതായത്, വൃദ്ധജനത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഇറ്റലിയില്‍ രൂപംകൊണ്ട പ്രസ്ഥാനമായ “ഫെദെര്‍ അന്‍സ്സിയാനി” (FEDER ANZIANI) യുടെ നേതൃത്വത്തില്‍ വത്തിക്കാനിലെത്തിയ 7000 ത്തോളം പേരടങ്ങുന്ന മുത്തശ്ശീമുത്തശ്ശന്മാരെ ശനിയാഴ്ച(15/1016) ഫ്രാന്‍സീസ് പാപ്പാ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് സംബോധനചെയ്യുകയായിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍  മുത്തശ്ശീമുത്തശ്ശന്മാര്‍ക്കായി നടത്തപ്പെടുന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രാര്‍ത്ഥനാപരിചിന്തനസാക്ഷ്യങ്ങള്‍ അടങ്ങിയ ഈ കൂടിക്കാഴ്ച.

വൃദ്ധജനത്തിന്‍റെ സാന്നിധ്യം സമൂഹത്തില്‍ സുപ്രധാനമാണെന്നും കാരണം ഭാവിയെ പ്രത്യാശയോടും ഉത്തരവാദിത്വബോധത്തോടും കൂടെ വീഷിക്കുന്നതിന് അവരുടെ അനുഭവങ്ങള്‍ അമൂല്യനിധിയാണെന്നും പാപ്പാ പ്രസ്താവിച്ചു.

വളര്‍ച്ചയിലും ഭാവിയോടുള്ള തുറന്ന മനോഭാവത്തിലും യുവതയ്ക്ക് താങ്ങായിക്കൊണ്ട് അവരെ സഹായിക്കാന്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ വര്‍ഷങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ച പക്വതയും ജ്ഞാനവും വഴി സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

ബലത്തെയു ബാഹ്യരൂപത്തെും വിഗ്രഹമാക്കി ആരാധിക്കുന്ന പ്രവണത പലപ്പോഴും കാണപ്പെടുന്ന ഒരു ലോകത്തില്‍ യഥാര്‍ത്ഥമൂല്യങ്ങള്‍ക്ക് സാക്ഷ്യം നല്കുകയെന്ന ദൗത്യം വൃദ്ധജനത്തിനുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

താനും ജീവിതത്തിന്‍റെ മൂന്നാമത്തെ ദശയിലെത്തിയിരിക്കുന്ന വ്യക്തിയാണെന്ന് അനുസ്മരിച്ച പാപ്പാ താനുള്‍പ്പടെയുള്ള വൃദ്ധജനം ജീവന്‍റെ സംസ്കാരത്തിന്‍റെ   വളര്‍ച്ചയ്ക്കായി പരിശ്രമിക്കാന്‍ വിളിക്കപ്പെട്ടിരിക്കന്നുവെന്നു പറഞ്ഞു.

വൃദ്ധജനത്തിനായുള്ള വൃദ്ധസദനങ്ങളെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ ആ ഇടങ്ങള്‍ മനുഷ്യത്വത്തിന്‍റെയും വാത്സല്യമാര്‍ന്ന കരുതലിന്‍റെയും വേദികളാകണമെന്നും ഏറ്റം വേധ്യരായവര്‍ അവിടെ അവഗണിക്കപ്പെടാതിരിക്കുകയും വിസ്മരിക്കപ്പെടാതിരിക്കുകയും ചെയ്യണമെന്നും ഓര്‍മ്മിപ്പിച്ചു.

വൃദ്ധജനത്തെ സ്വാഗതം ചെയ്യുകയും സമൂഹത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനായി പരിശ്രമിക്കാന്‍ പൗരാധികാരികള്‍ക്കും സാംസ്കാരിക മത വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സന്മനസ്സുള്ള സകലര്‍ക്കും   കടമയുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.