2016-10-14 11:06:00

കഷ്ടപ്പെടുന്നതില്‍ അധികവും സ്ത്രീജനങ്ങള്‍ : വത്തിക്കാന്‍റെ നിരീക്ഷണം


ഒക്ടോബര്‍ 10-ാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യൂഎന്‍ ആസ്ഥാനത്തു സംഗമിച്ച രാഷ്ട്രപ്രതിനിധികളുടെ 71-ാമത് പൊതുസമ്മേളനത്തിന്‍റെ ഭാഗമായുള്ള ചര്‍ച്ചയിലാണ് വത്തിക്കാന്‍റെ പ്രതിനിധി സമൂഹ്യപശ്ചാത്തലത്തിലെ സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടിയത്.

കുടുംബങ്ങളിലും സമൂഹങ്ങളിലും ജീവിതക്ലേശങ്ങളുടെയും ദാരിദ്ര്യത്തിന്‍റെയും ആഘാതമേല്‍ക്കുന്നത് അധികവും സ്ത്രീജനങ്ങളാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ നിരീക്ഷിച്ചു.  ന്യായമല്ലാത്ത തൊഴില്‍ വിതരണം, വിവേചന പൂര്‍വ്വമായ തൊഴില്‍ വേതനം, സമ്പത്തിന്‍റെയും വസ്തുവകകളുടെയും നിഷേധം, കുടിയേറ്റത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും മേഖലകളിലെ ചൂഷണം എന്നിങ്ങനെ സ്ത്രീകള്‍ ഇരകളാക്കപ്പെടുന്ന ജീവിതചുറ്റുപാടുകള്‍ നിരവധിയാണെന്ന് അദ്ദേഹം എണ്ണിപ്പറഞ്ഞു.

വിവേചനം, അതിക്രമങ്ങള്‍, നിഷേധാത്മകമായ പെരുമാറ്റം എന്നിവവഴി എല്ലാവിധത്തിലും ദാരിദ്രത്തിന്‍റെയും ജീവിതക്ലേശങ്ങളുടെയും അടിത്തട്ടിലേയ്ക്ക് തള്ളപ്പെടുന്നത് സ്ത്രീകള്‍ തന്നെ, വിശിഷ്യാ അവരില്‍ പാവങ്ങളും നിരാലംബരുമായവര്‍! ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിങ്ങനെ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവരോട് സമൂഹം കാട്ടുന്ന പരിതാപകരമായ പെരുമാറ്റം, വീക്ഷണരീതി എന്നിവ കുടുംബങ്ങളിലും സാമൂഹത്തിലും ലിംഗവൈവിധ്യത്തിനും, പരസ്പരമുള്ള വെറുപ്പിനും വൈരാഗ്യത്തിനും വഴിതെളിക്കുകയും, സമൂഹത്തിലെയും കുടുംബങ്ങളിലെയും അടിസ്ഥാന ബന്ധങ്ങളെ തച്ചുടയ്ക്കുകയും ചെയ്യുന്നു.

സ്ത്രീകളോടു കാണിക്കുന്ന വിവേചനത്തിന്‍റെയും പീഡനത്തിന്‍റെയും മനോഭാവം സമൂഹത്തിന്‍റെ ഭീരുക്കളുടെ നിലപാടാണെന്ന് (craven acts of cowardice ) പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചത്, ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്രകടനം ഉപസംഹരിച്ചത്. 

 








All the contents on this site are copyrighted ©.