2016-10-12 17:37:00

ജൂബിലവത്സരത്തില്‍ ഇനിയും ആഗോളസഭയില്‍ വിശുദ്ധാത്മാക്കള്‍


ഒക്ടോബര്‍ 16-ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയാണ് സഭയിലെ 7 വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. മെക്സിക്കോ, അര്‍ജന്‍റീന, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യക്കാരാണ് ഈ പുണ്യാത്മാക്കള്‍. 

  1. മെക്സിക്കോയിലെ വിശ്വാസത്തിന്‍റെ യുവപോരാളി, വാഴ്ത്തപ്പെട്ട  ജോസഫ് സാന്‍ചസ് ദെല്‍ റിയോ (1913-1928). മെക്സിക്കോയിലെ ക്രൈസ്തവ പീഡനകാലത്ത് ക്രിസ്ത്യന്‍ സൈന്ന്യത്തില്‍ 15 വയസ്സുള്ളപ്പോള്‍ അംഗമായി. സൈന്ന്യാധിപനെ രക്ഷിക്കാന്‍ സ്വന്തം ജീവിന്‍ ബലികഴിച്ച് ധീരമായി രക്തസാക്ഷിത്വം വരിച്ചു.

2. അര്‍ജന്‍റീനക്കാരന്‍ വൈദികന്‍, വാഴ്ത്തപ്പെട്ട ഹൊസെ ഗബ്രിയേല്‍ ബ്രൊചേരോ (1840-1914). കൊര്‍ദോബായിലെ രൂപതാവൈദികന്‍. ഗോത്രവര്‍ഗ്ഗക്കാരുടെ അജപാലകനെ ‘കൗബോയ്’ വൈദികനെന്ന് (Cowboy Priest) ജനങ്ങള്‍ വിളിക്കുമായിരുന്നു. കുഷ്ഠം പിടിപെട്ടപ്പോഴും കുതിരപ്പുറത്തും കഴുതപ്പുറത്തും കുന്നും താഴ്വാരങ്ങളും കടന്ന് ഗ്രാമങ്ങളിലെത്തി അജപാനശുശ്രൂഷ മരണംവരെ തുടര്‍ന്ന ധീരനായ പ്രേഷിതനായിരുന്നു.

3. ഫ്രഞ്ചുകാരിയും യോഗീവര്യയുമായിരുന്ന നിഷ്പാദുക കര്‍മ്മലീത്ത സഭാംഗം, വാഴ്ത്തപ്പെട്ട എലിസബത്ത് ക്യാതസ് (1880-1906). നിശ്ശബ്ദതയില്‍ ദൈവം നമ്മോടു സംസാരിക്കുമെന്നും, നമ്മുടെ കുറവുകള്‍ ദൈവത്തിന്‍റെ അനന്ത നന്മയിലും വിശുദ്ധിയിലും പരിഹരിക്കപ്പെടുമെന്നും സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ച സന്ന്യാസിനി.

4. ‘ദിവ്യസക്രാരിയുടെ മെത്രാന്‍’ എന്നറിയപ്പെടുന്ന സ്പെയിനിലെ പലന്‍സിയ  രൂപതാദ്ധ്യക്ഷനായിരുന്ന, വാഴ്ത്തപ്പെട്ട മാനുവല്‍ ഗൊണ്‍‍സാലസ് ഗാര്‍ഷിയ (1877-1940). നസറത്തിലെ‍ ദിവ്യകാരുണ്യ മിഷണറിമാര്‍, വിശുദ്ധ യോഹന്നാന്‍റെ ശിഷ്യന്മാര്‍, അനുതാപത്തിന്‍റെ മക്കള്‍ എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ സ്ഥാപകനായിരുന്നു.

5. ഫ്രഞ്ചു വിപ്ലവകാലത്തെ രക്തസാക്ഷി, ക്രിസ്തീയ വിദ്യാഭ്യാസത്തിനുള്ള സഭയിലെ സഹോദരന്‍ (Congregation of Christian Brothers for Education), വാഴ്ത്തപ്പെട്ട സലുമൂ ലുക്ലഹ് (1745-1792). കത്തോലിക്കാ വിശ്വാസവും പൗരോഹിത്യവും വിപ്ലവകാലത്തെ സര്‍ക്കാരിന് അടിയറപറയാന്‍ ധീരമായി പ്രതിഷേധിച്ച് ജീവന്‍ സമര്‍പ്പിച്ച വിശ്വാസ യോദ്ധാവ്.

6. അമലോത്ഭവനാഥയുടെ പുത്രന്മാരുടെ സഭാസ്ഥാപകനും, യുവജനങ്ങളുടെ വിശിഷ്യാ, പാവങ്ങളായ യുവജനങ്ങളുടെ പ്രേഷിതനുമായ വടക്കെ ഇറ്റലിയിലെ ബ്രേഷ്യായില്‍നിന്നുമുള്ള വൈദികന്‍, വാഴ്ത്തപ്പെട്ട  ലൂദുവിക് പവോണി (1784-1849).

7. വിശുദ്ധ സ്നാപകയോഹന്നാന്‍റെ പുത്രിമാരുടെ (Baptistine Sisters) സഭാസ്ഥാപകനായ വൈദികന്‍, വാഴ്ത്തപ്പെട്ട അല്‍ഫോന്‍സോ മരിയ ഫൂസ്കോ (1839–1910). ഇദ്ദേഹം തെക്കെ ഇറ്റലിയിലെ സിസിലി സ്വദേശിയാണ്.

 








All the contents on this site are copyrighted ©.