2016-10-10 11:19:00

ദൈവിക കാരുണ്യത്തിന്‍റെ ചരിത്രമാണ് ജപമാല : പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍


ഒക്ടോബര്‍ 8-ാം തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മേരിയന്‍ ജൂബിലി ആചരണത്തിന്‍റെ ഭാഗമായ ജാഗരാനുഷ്ഠാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ മേരിയന്‍ സന്ദേശം:

യേശുവിന്‍റെ ജീവിതത്തില്‍ മറിയത്തോട് ഒപ്പമുള്ള ശ്രദ്ധേയമായ ജീവിതസംഭവങ്ങളാണ്  ജപമാലയുടെ ധ്യാനം. ആ സംഭവങ്ങളെല്ലാം തന്നെ ഒരുവിധത്തില്‍ ക്രിസ്തുവിന്‍റെ ജീവിതത്തിലെ ദൗത്യ പൂര്‍ത്തീകരണത്തിന്‍റെ നിമിഷങ്ങളാണ്. സകലത്തിനും നവജീവന്‍ നല്കുന്ന പിതൃസ്നേഹത്തിന്‍റെ സമുന്നതമായ അടയാളമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം. ഒപ്പം അത് നമ്മുടെയും ക്രിസ്തുവിലുള്ള ഭാവി ജീവിതാവസ്ഥയുടെ പ്രതിഫലനമാണ്. പിതാവിന്‍റെ മഹത്വത്തിലുള്ള ക്രിസ്തുവിന്‍റെ പങ്കുചേരലും സകല മനുഷ്യര്‍ക്കും ക്രിസ്തു അവകാശമായി നല്കുന്ന ദൈവിക ഓഹരിയുമാണ് സ്വര്‍ഗ്ഗാരോഹണം. പരിശുദ്ധത്മാവിന്‍റെ സഹായത്തില്‍ ചരിത്രത്തില്‍ എന്നും സഭയ്ക്കുള്ള പ്രേഷിതദൗത്യത്തിന്‍റെ അടയാളമാണ് പെന്തക്കൂസ്താ. സ്വര്‍ഗ്ഗാരോഹണത്തിന്‍റെയും പെന്തക്കൂസ്തയുടെയും ദൈവിക മഹത്വത്തില്‍ മറിയത്തിനുള്ള പങ്ക് നാം ജപമാലയില്‍ ധ്യാനിക്കുന്നുണ്ട്. സഭാചരിത്രത്തില്‍ ആദ്യനൂറ്റാണ്ടു മുതല്‍ മറിയത്തെ നാം കാരുണ്യത്തിന്‍റെ അമ്മയെന്നു വിളിക്കുന്നു. 

ദൈവിക കാരുണ്യത്തിന്‍റെയും ചരിത്രമാണ് ജപമാല. ദൈവകൃപ രൂപപ്പെടുത്താന്‍‍ അനുവദിക്കുന്നവര്‍ക്ക് അത് അവരുടെ രക്ഷാകര ചരിത്രമായി മാറുന്നു. മനുഷ്യചരിത്രത്തില്‍ ദൈവത്തിന്‍റെ ഇടപെടലുകള്‍ യഥാര്‍ത്ഥമാക്കിയ സംഭവങ്ങളാണ് ജപമാലയുടെ രഹസ്യങ്ങളില്‍  നാം ധ്യാനിക്കുന്നത്. മറിയത്തിന്‍റെ ജപവഴികളിലൂടെ ക്രിസ്തുരഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍ മനുഷ്യന്‍റെ ജീവിതപരസരങ്ങളിലേയ്ക്കും ആവശ്യങ്ങളിലേയ്ക്കും ചൂഴ്ന്നിറങ്ങുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖകാന്തിയാണ് നാം അവിടെ ദര്‍ശിക്കുന്നത്.

പിതാവിന്‍റെ കാരുണ്യം പ്രസരിക്കുന്ന ദൈവപുത്രനായ ക്രിസ്തുവിലേയ്ക്ക് കന്യകാനാഥ ജപവഴികളിലൂടെ നമ്മെയും നയിക്കുന്നു. മറിയത്തെ സഭാപിതാക്കന്മാര്‍ ഗ്രീക്കുഭാഷയില്‍ ‘ഹോദേജത്രീയ’  (Hodegetria, Mother of the Way) ‘ജീവിതവഴികളുടെ അമ്മ’യെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. മനുഷ്യകുലത്തെ ക്രിസ്തുവിന്‍റെ വഴിയിലൂടെ നയിച്ചുകൊണ്ട് അവിടുത്തെ യഥാര്‍ത്ഥ ശിഷ്യരാകാന്‍ മറിയം നമ്മെ സഹായിക്കുന്നു. ദൈവപിതാവിനോട് സമ്പൂര്‍ണ്ണ വിധേയത്വം കാണിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ ആദ്യ ശിഷ്യയായി തീര്‍ന്ന പരിശുദ്ധ കന്യകാമറിയത്തെ അവിടുന്ന് അറിയുവാനും ധ്യാനിക്കുവാനും ജപമാലപ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. ജീവിത പ്രതിസന്ധികളെ ഒഴിവാക്കാനോ, അവയില്‍നിന്നു ഒളിച്ചോടാനോ, ജപമാലപ്രാര്‍ത്ഥന നമ്മെ സഹായിക്കുകയില്ല, മറിച്ച് അനുദിന ജീവിതസംഭവങ്ങളിലേയ്ക്ക് ഇഴുകിച്ചേരാനും, അവിടങ്ങളില്‍ ക്രിസ്തുസാന്നിദ്ധ്യം മനസ്സിലാക്കുവാനുമാണ് അതു നമ്മോട് ആവശ്യപ്പെടുന്നത്. എപ്രകാരം മനുഷ്യജീവിതത്തില്‍ ദൈവം ഇടപെടുന്നുവെന്നു മനസ്സിലാക്കാനുള്ള ക്ഷണമാണ് ക്രിസ്തുരഹസ്യത്തന്‍റെ ധ്യാനം. അതുവഴി ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കാനും, അവിടുത്തെ അനുഗമിക്കാനും ജപമാല നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ സഹോദരങ്ങളെ ശുശ്രൂഷിച്ചുകൊണ്ട് എപ്രകാരം ക്രിസ്തുവിനെ അനുഗമിക്കാമെന്ന് ജപമാല നമ്മെ കാണിച്ചുതരുന്നു.

ക്രിസ്തുവിന്‍റെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളോട് തുറവു കാണിക്കുകയും അവ സ്വാംശീകരിക്കുകയും ചെയ്യുന്നതുവഴി നാം അവിടുത്തെ സുവിശേഷവത്ക്കരണ ജോലിയില്‍ പങ്കുചേരുകയാണ്. അങ്ങനെ ദൈവരാജ്യം ഈ ഭൂമിയില്‍ വളരാനും യാഥാര്‍ത്ഥ്യമാകാനും ഇടയാകുന്നു. സാന്നിദ്ധ്യംകൊണ്ടും ജീവിതംകൊണ്ടും ക്രൈസ്തവര്‍ ക്രിസ്തുശിഷ്യര്‍ മാത്രമല്ല, അവിടുത്തെ പ്രേഷിതരുമാണ്. അതിനാല്‍ നമ്മിലെ ക്രിസ്തുസാന്നിദ്ധ്യം ഒരിക്കലും ഒളിച്ചുവയ്ക്കാനാവില്ല. മറിച്ച് അവിടുത്തെ ലാളിത്യവും നന്മയും കാരുണ്യവും സ്നേഹവും സകലരുമായി പങ്കുവയ്ക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മിലെ ക്രിസ്തുസാക്ഷ്യത്തിന്‍റെ പ്രഭയും സന്തോഷവും തടസ്സപ്പെടുത്താന്‍ ഒന്നിനുമാവില്ല കാരണം അതു നമുക്കു തരുന്ന സ്വാതന്ത്ര്യവും രക്ഷയും അത്ര സമുന്നതമാണ്.

ക്രിസ്തുശിഷ്യത്വത്തിന്‍റെ വില മനസ്സിലാക്കിത്തരാന്‍ കന്യകാനാഥയ്ക്കു കഴിയും. യേശുവിന്‍റെ അമ്മയാകാന്‍ അനാദിമുതലേ തിരഞ്ഞെടുക്കപ്പെട്ടവളാകയാല്‍, മറിയം അവിടുത്തെ ഉത്തമദാസിയും ശ്രേഷ്ഠശിഷ്യയുമാണ്. ദൈവികസ്വരം ശ്രവിച്ചുവെന്നതാണ് മറിയത്തിന്‍റെ മഹത്വം. മാലാഖയിലൂടെ ദൈവികാഹ്വാനം ശ്രവിച്ചവള്‍ ദൈവമാതൃത്വത്തിന്‍റെ ദൈവികരഹസ്യം ഹൃദയംതുറന്ന് ഉള്‍ക്കൊണ്ടു. പിന്നെ ക്രിസ്തുവിന്‍റെ അധരങ്ങളിലെ ഓരോ മൊഴിയും ഹൃദയത്തിലേറ്റിയ മറിയം അവിടുത്തെ പിന്‍ചെന്നു (മര്‍ക്കോസ് 3, 31-35). സകലതും അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു (ലൂക്ക 2, 19). അങ്ങനെ നമ്മുടെ വിശ്വാസ ജീവിതത്തെ തട്ടിയുണര്‍ത്താന്‍ ദൈവപുത്രനായ ക്രിസ്തു പ്രവര്‍ത്തിച്ച ദൈവിക അടയാളങ്ങളുടെ സജീവ സ്മരണയായി ഇന്നും മനുഷ്യഹൃദയങ്ങളില്‍ മറിയം വാഴുന്നു. ദൈവഹിതം ശ്രവിച്ചാല്‍ മാത്രം പോര, അത് നാം പ്രവൃത്തിപഥത്തില്‍ കൊണ്ടെത്തിക്കണം.  അങ്ങനെ ഓരോ ക്രിസ്തുശിഷ്യയും ശിഷ്യനും തങ്ങളുടെ ജീവിതം സുവിശേഷ സേവനത്തിനായി സമര്‍പ്പിക്കണമെന്ന് മറിയം പഠിപ്പിക്കുന്നു.

ചാര്‍ച്ചക്കാരിയായ എലിസബത്ത് ഗര്‍ഭണിയാണെന്ന വിവരമറിഞ്ഞ് മറിയം അവളെ പരിചരിക്കാനായി ഉടനെ പുറപ്പെട്ടു (ലൂക്ക 1, 39-56). ബെതലഹേമില്‍ അവള്‍ ദൈവപുത്രന് ജന്മമേകി (ലൂക്ക 2, 1-7). കാനായിലെ ദമ്പതികളുടെ ബുദ്ധിമുട്ടുകണ്ട് മറിയം പ്രതിബദ്ധത പ്രകടമാക്കുകയും, അവരെ സഹായിക്കുകയും ചെയ്തു (യോഹ. 2, 1-11). ഗാഗുല്‍ത്തായിലെ പീഡനങ്ങള്‍ കണ്ട് മറിയം ഓടിയൊളിച്ചില്ല. കുരിശില്‍ ചുവട്ടില്‍ അവസാനംവരെ നിന്നു. അങ്ങനെ ദൈവഹിതപ്രകാരം മറിയം സഭയുടെ അമ്മയായി (യോഹ. 19, 25-27). പുനരുത്ഥാനാനന്തരം ഭയവിഹ്വലരായിരുന്ന ശിഷ്യന്മാരിലേയ്ക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് ശക്തിപകരുവോളം ജരൂസലേമിലെ മേല്‍മുറിയില്‍ മറിയവും അവര്‍ക്കൊപ്പം കാത്തിരുന്നു. അതില്‍ പിന്നെയാണ് ശിഷ്യന്മാര്‍ ധീരരായ പ്രേഷിതരായി മാറിയത് (നടപടി 1, 14). ക്രിസ്തുവിന്‍റെ സ്മരണ ശാശ്വതമാക്കാനുള്ള സഭയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം മറിയത്തിന്‍റെ തുടര്‍ന്നുമുള്ള സാന്നിദ്ധ്യം അനുഭവേദ്യമാണ്. ഈ അമ്മയുടെ വിശ്വാസ മാതൃകയിലാണ് നാം ദൈവഹിതത്തിന് വിധേയരാകാന്‍ പഠിക്കുന്നത്. അവളുടെ വിരക്തിയുടെ ജീവിതത്തില്‍നിന്നും, സമര്‍പ്പണത്തില്‍നിന്നും സഹോദരങ്ങളുടെ ആവശ്യങ്ങളോട് പരിഗണനയുള്ളവരായി ജീവിക്കാന്‍ നാം പഠിക്കുന്നു. മറിയത്തിന്‍റെ വ്യാകുലങ്ങളില്‍നിന്ന് അപരന്‍റെ കണ്ണീരൊപ്പാനും നാം പഠിക്കുന്നു. മനുഷ്യരുടെ അനുദിന ജീവിതവ്യഥകളില്‍ എത്തിപ്പെടുന്ന ദൈവികകാരുണ്യത്തിന്‍റെ സമൃദ്ധിയും സമ്പന്നതയുമാണ് നസ്രത്തിലെ മറിയത്തിന്‍റെ ജീവിതത്തില്‍ ചുരുളഴിയുന്നത്. പരിശുദ്ധ കന്യകാനാഥയുടെ മാതൃകാരുണ്യത്തിന്‍റെ കൃപകള്‍ നമ്മുടെ അനുദിനജീവിതത്തിന് തുണയാവട്ടെ!

പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയംതേടുന്നു. ആവശ്യനേരത്ത് ഞ‍ങ്ങളുടെ അപേക്ഷകളെ അങ്ങ് ഉപേക്ഷിക്കരുതേ! ഓ! അനുഗൃഹീതയും മഹത്വപൂര്‍ണ്ണയുമായ കന്യകാനാഥേ,  സകല വിപത്തുകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ!

ഈ പ്രാര്‍ത്ഥനയോടെയാണ് തന്‍റെ ചിന്തകള്‍ പാപ്പാ ഉപസംഹരിച്ചത്. അപ്പസ്തോലീക ആശീര്‍വ്വാദം നല്‍കിയതോടെ ജൂബിയാചരണത്തിന്‍റെ ഭാഗമായ മേരിയന്‍ ജാഗരപ്രാര്‍ത്ഥന സമാപിച്ചു. എല്ലാവരെയും അഭിവാദ്യംചെയ്തശേഷമാണ് പാപ്പാ വേദിവിട്ടത്. അപ്പോഴേയ്ക്കും റോമാനഗരത്തില്‍‍ അനുഗ്രപ്പൂമഴ മല്ലെ പെയ്തിറങ്ങി.








All the contents on this site are copyrighted ©.