2016-10-07 12:21:00

ആംഗ്ലിക്കന്‍-കത്തോലിക്ക കൂട്ടായ്മ സഭൈക്യവൃക്ഷത്തിന്‍റെ ഫലപ്രാപ്തിയെന്ന് പാപ്പാ ഫ്രാന്‍സിസ്


ഒക്ടോബര്‍ 6-ാം തിയതി രാവിലെ വത്തിക്കാനില്‍ പാപ്പാമാരുടെ ഹോളില്‍ (Hall of the Popes) ചേര്‍ന്ന ആഗ്ലിക്കന്‍ സഭാപ്രതിനിധികളുടെ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചതും, നിയമനത്തിന് നന്ദിപറഞ്ഞതും. ആംഗ്ലിക്കന്‍ സഭാതലവനും കാന്‍റെര്‍ബറിയിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് വെല്‍ബിയാണ് ആംഗ്ലിക്കന്‍ കൂട്ടായ്മയെ നയിച്ചത്. തലേനാള്‍ റോമില്‍ നടന്ന ഇരുകക്ഷി പ്രതിനിധി സംഘം നടത്തിയ സംയുക്തപ്രഖ്യാപനത്തെ തുടര്‍ന്നാണ് വത്തിക്കാനിലേയ്ക്കുള്ള അംഗ്ലിക്കന്‍ പ്രതിനിധിയെ നിയോഗിച്ച വിവരം ആര്‍ച്ചുബിഷപ്പ് വെല്‍ബി വെളിപ്പെടുത്തിയത്.

ആംഗ്ലിക്കന്‍-കത്തോലിക്കാ സഭൈക്യശ്രമത്തിന്‍റെ നീണ്ട 50 വര്‍ഷങ്ങളുടെ പരിശ്രമവും റോമില്‍ സംഗമിച്ച വാര്‍ഷികാനുസ്മരണവും ഐക്യത്തിന്‍റെ ദൈവികദാനമായി പരിണമിക്കുന്നതിലും പരിഗണിക്കുന്നതിലും സന്തോഷിക്കുകയും ദൈവത്തിന് നന്ദിപറയുകയും ചെയ്യുന്നു. പാപ്പാ ഫ്രാന്‍സിസ് കൂട്ടായ്മയെ അഭിസംബോധനചെയ്തുകൊണ്ട് പ്രസ്താവിച്ചു. പ്രേഷിതദൗത്യത്തില്‍ ഒന്നാകാനുള്ള വെല്ലുവിളിയാണ് ഈ കൂട്ടായ്മയെന്നും, ക്രിസ്തുവിന്‍റെ കാരുണ്യമുള്ള സ്നേഹത്തിന്‍റെ സാക്ഷികളായി ഒരുമയില്‍ ഇനിയും നമുക്കൊരുമിച്ചു വളരാമെന്നും ഉദ്ബോധിപ്പിച്ചു.

അന്‍പതുവര്‍ഷങ്ങള്‍ നീണ്ട പരിശ്രമം ഫലമണിയുകയാണ്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും അന്നത്തെ ആംഗ്ലിക്കന്‍ സഭാതലവന്‍ (1961-1974), ആര്‍ചുബിഷപ്പ് മൈക്കില്‍ റാംസിയുമായി 1966-ല്‍ തുടക്കമിട്ട കൂടിക്കാഴ്ചയുടെയും സഭൈക്യ സംവാദത്തിന്‍റെയും 50-ാം വാര്‍ഷീകാചരണം അവസരമാക്കിയാണ് വിവിധ പ്രവിശ്യകളില്‍നിന്നുമുള്ള 39 ആംഗ്ലിക്കന്‍ മെത്രാന്മാരും, അത്രയുംതന്നെ കത്തോലിക്കാ മെത്രാന്മാരും ഇരുപക്ഷത്തെയും മറ്റു പ്രതിനിധികളും റോമില്‍ സമ്മേളിച്ചത്. ഒരു ആംഗ്ലിക്കന്‍ കേന്ദ്രം റോമില്‍ തുടങ്ങാനുള്ള ആലോചന മാത്രമായിരുന്നു അന്ന് ആദ്യസംവാദത്തില്‍ നടന്നതെങ്കിലും, അന്നു തുടക്കമിട്ട സഭൈക്യശ്രമങ്ങള്‍ ഏറെ സദ്ഫലങ്ങള്‍ കൊയ്തിട്ടുണ്ട്. വത്തിക്കാനിലേയ്ക്കുള്ളൊരു ആംഗ്ലിക്കന്‍ പ്രതിനിധി നിയോഗിക്കപ്പെട്ടത് സാഹോദര്യത്തിന്‍റെ വലിയ ചുവടുവയ്പാണ്. നവമായ ഈ കൂട്ടായ്മ ദൈവശാസ്ത്രപരമായി ഇരുസഭകള്‍ തമ്മിലുള്ള ഭിന്നതയെക്കുറിച്ചും വ്യത്യാസങ്ങളെക്കുറിച്ചും ചിന്തിക്കാനും മെല്ലെ ഒരുങ്ങുകയാണ്. മുന്നേ വേരുപിടിച്ച സഭൈക്യപരിശ്രമമെന്ന വൃക്ഷത്തിന്‍റെ തായ്ച്ചെടിയില്‍ കായിച്ച ഫലങ്ങളാണിവ!

തുടര്‍ന്നുമുള്ള സഭൈക്യപ്രയാണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍,  മൂന്നു വാക്കുകളാണ് മനസ്സിലേയ്ക്കു വരുന്നത്. പാപ്പാ ഫ്രാന്‍സിസ് ഒന്നൊന്നായി വിവരിച്ചു : പ്രാര്‍ത്ഥന, സാക്ഷ്യം, പ്രേഷിതദൗത്യം.

പ്രാര്‍ത്ഥന - ഇന്നെന്നപോലെ ഐക്യത്തിന്‍റെ ദാനത്തിനായി നിരന്തരമായി നാം പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥന നമ്മെ രമ്യതയിലൂടെ ഐക്യത്തിലേയ്ക്ക് നയിക്കും.

സാക്ഷ്യം – നീണ്ട 50 വര്‍ഷക്കാലത്തെ സഭൈക്യ ശ്രമങ്ങള്‍ വിശ്വാസത്തോടും വിശ്വാസത്തെപ്രതിയും പരസ്പരം കേള്‍ക്കുകയും പങ്കുവയ്ക്കുകയുംചെയ്ത രണ്ടു സമൂഹങ്ങളുടെ സമര്‍പ്പണമാണ് തെളിയിക്കുന്നത്. സഭൈക്യ പരിശ്രമങ്ങള്‍ വൃഥാവിലല്ലെന്ന് ആംഗ്ലിക്കന്‍-കത്തോലിക്കാ സഭകളുടെ പരിശ്രമങ്ങള്‍ വ്യക്തമാക്കുന്നു. ദൈവാത്മാവു നട്ടുമുളപ്പിച്ച കൂട്ടായ്മയുടെ വിളയാണ് ജീവിതസാക്ഷ്യം. തീര്‍ച്ചയായും, ക്രിസ്തു നമ്മെ അനുദിനം വിളിക്കുന്നത് അവിടുത്തെ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സാക്ഷികളാകുന്നതിനാണ് (യോഹ. 15,12.. 17, 21). 

പ്രേഷിതദൗത്യം – “എല്ലാറ്റിനും ഒരു സമയമുണ്ട്,  ആകാശത്തിന്‍ കീഴുള്ള സമസ്ത കാര്യത്തിനും ഒരു അവസരമുണ്ട്,”  സഭാപ്രസംഗകന്‍ പ്രബോധിപ്പിക്കുന്നത് പാപ്പാ ഉദ്ധരിച്ചു (സഭാപ്രസം. 3, 1). ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളായി ഇക്കാലഘട്ടത്തില്‍ കൂട്ടായ്മയില്‍ ജീവിക്കാനും, ലോകത്ത് സമാധാനം വളര്‍ത്തുവാനുമുള്ള വലിയ വെല്ലുവിളിയാണിത്. അതിനാല്‍ സുവിശേഷ മൂല്യങ്ങളില്‍ അടിയുറച്ച് ജീവിതസാക്ഷ്യത്തിന്‍റെ പ്രേഷിതദൗത്യത്തില്‍ ഊന്നി ജീവിക്കാം. പ്രാര്‍ത്ഥനയിലും, സാക്ഷ്യത്തിലും വളര്‍ന്ന്, പ്രേഷിതദൗത്യം പൂര്‍ത്തീകരിക്കാനുള്ള ആനുഗ്രഹത്തിനായി എന്നും പ്രാര്‍ത്ഥിക്കാം.

‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ,’ എന്ന പ്രാര്‍ത്ഥന എല്ലാവരും ഒരുമിച്ച് ചെല്ലിക്കൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.