2016-09-28 17:46:00

സമാധാനത്തിന്‍റെ പ്രയോക്താവ് ഷീമോണ്‍ പേരസിന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാ‍ഞ്ജലി!


ആദരണീയനായ പ്രസിഡന്‍റ്, ഷീമോണ്‍ പേരസിന്‍റെ നിര്യാണത്തില്‍ അതിയായി ദുഃഖിക്കുന്നു. ഇസ്രായേലിലെ ജനങ്ങളെ ഹാര്‍ദ്ദമായി അനുശോചനം അറിയിക്കുന്നു. മരണവാര്‍ത്ത അറിഞ്ഞ ഉടനെ വത്തിക്കാനില്‍നിന്നും അയച്ച അനുശോചന സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് രേഖപ്പെടുത്തി. തന്നെ കാണാന്‍ പലതവണ വത്തിക്കാനിലെത്തിയ  പ്രസിഡന്‍റ് പേരസുമായുള്ള സൗഹൃദത്തിന്‍റെ നേര്‍ക്കാഴ്ചയുടെ നിമിഷങ്ങളെ സന്തോഷത്തോടെ അനുസ്മരിക്കുകയും, സമാധാനപാതയിലുള്ള അദ്ദേഹത്തിന്‍റെ പതറാത്ത പരിശ്രമങ്ങളെ ആദരവോടെ അംഗീകരിക്കുകയും ചെയ്യുന്നു. പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ കുറിച്ചു.

പ്രസിഡന്‍റ് പേരെസിന്‍റെ നിര്യാണത്തില്‍ രാഷ്ട്രം വിലപിക്കുമ്പോള്‍, ജനങ്ങള്‍ക്കിയില്‍ ഇനിയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം അടിയന്തിരമായി വളരാന്‍ ഈ നല്ല നേതാവിന്‍റെ ഓര്‍മ്മ പ്രചോദനമാവട്ടെ! ശാശ്വതമായ സമാധാന ശ്രമങ്ങള്‍ക്കായി മാനവകുലം ഇനിയും ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ പൊതുനന്മയ്ക്കായി അശ്രാന്തം പരിശ്രമിച്ച ഷീമോണ്‍ പേരെസിന്‍റെ സമര്‍പ്പണമുള്ള രാഷ്ട്രീയ പൈതൃകം ആദരിക്കപ്പെടുകയും അത് സമാധാനത്തിന് വഴിതെളിക്കുകയും ചെയ്യട്ടെ! പാപ്പാ ആശംസിച്ചു.

ഷീമോണ്‍ പേരസ്സെന്ന നല്ല രാജ്യതന്ത്രജ്ഞന്‍റെ ഓര്‍മ്മയില്‍ വേദനിക്കുന്ന സകലര്‍ക്കും, വിശിഷ്യാ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥന നേരുന്നു. ദൈവം ഇസ്രായേല്‍ രാഷ്ട്രത്തെയും ജനങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കുട്ടെ!  പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.  ഇപ്പോഴത്തെ പ്രസിഡന്‍റ്, റൂവെന്‍ റിവിലിനാണ് വത്തിക്കാനില്‍നിന്നും പാപ്പാ അനുശോചന സന്ദേശം അയച്ചത്.

വര്‍ദ്ധക്യസഹജമായ രോഗള്‍ക്കൊപ്പം പെട്ടന്നുണ്ടായ ഹൃദയാഘാതംമൂലവുമാണ്  ഇസ്രായേലിന്‍റെ 2014-ല്‍ വിരമിച്ച പ്രസിഡന്‍റ് പേരസ് 93-മത്തെ വയസ്സില്‍ തലസ്ഥാന നഗരമായ ജരൂസലേമില്‍ സെപ്തംബര്‍ 28-ന് രാവിലെ അന്തരിച്ചത്.








All the contents on this site are copyrighted ©.