2016-09-24 14:25:00

നിത്യത നിഷേധിക്കുന്ന നിസംഗത : ധനവാന്‍റെയും ലാസറിന്‍റെയും കഥ


വിശുദ്ധ ലൂക്കായുടെ സുവിശേഷം 16,19-31.

ഇന്നത്തെ സുവിശേഷത്തില്‍ ഈശോ നമ്മെ പഠിപ്പിക്കുന്ന കാര്യം ജീവിതത്തിന്‍റെ പരിണിതഫലമായിട്ടു വരുന്ന മരണാനന്തര ജീവിതത്തെക്കുറിച്ചാണ്.  ഇതിന് അടിസ്ഥാനമായിട്ടു നില്ക്കുന്നത്, മാനദണ്ഡമായിട്ടു നില്ക്കുന്നത് ഒരു കാഴ്ചപ്പാടാണ്. അനുദിന ജീവിതത്തില്‍, നമ്മുടെ കണ്‍മുന്‍പിലൂടെ അനേക കാര്യങ്ങളും വ്യക്തികളും കടന്നുപോകും. പക്ഷെ എല്ലാവരെയും നാം കണ്ടെന്നു വരികയില്ല. കാണുന്നവരെയെല്ലാം ശ്രദ്ധിച്ചെന്നു വരില്ല, ശ്രദ്ധിച്ചാലും എല്ലാ വ്യക്തികളോടും സംഭവങ്ങളോടും പ്രതികരിച്ചെന്നും വരികയില്ല. ഇന്നത്തെ സുവിശേഷത്തില്‍ ഈശോ ചോദിക്കുന്ന ചോദ്യമിതാണ്, നീ കാണുന്നില്ലേ?

ശ്രദ്ധിക്കേണ്ട വചനം ലൂക്കാ 16, 23-ാമത്തേതാണ്. ധനവാന്‍റെയും ലാസറിന്‍റെയും കഥയാണ് ഈശോ പറയുന്നത്. ഈ ഭൂമിയിലെ ജീവിതം കഴിഞ്ഞ് പരലോകത്ത് എത്തുമ്പോഴാണ്, ആദ്യമായി, അവിടെ ഈശോ പറയുന്നത് ധനവാന്‍ ലാസറിനെ കണ്ടുമുട്ടുന്നു. ശ്രദ്ധിക്കേണ്ട കാര്യം, ഈ ഭൂമിയില്‍വച്ച് ധനവാന്‍ ലാസറിനെ കണ്ടതായിട്ട് പറയുന്നില്ല. എന്നാല്‍ ഈ ലാസര്‍ കിടന്നതോ? ധനവാന്‍റെ പടിവാതില്ക്കല്‍! സ്വന്തം വീടിന്‍റെ പടിവാതില്ക്കല്‍ കിടന്നിട്ടും ധനവാന്‍ അയാളെ കാണാതെ പോയി. പടിവാതില്ക്കല്‍ എന്നു പറയുന്നതിന്‍റെ അര്‍ത്ഥം വാതില്‍പ്പടിക്കല്‍ എന്നാണ്. എന്നു പറഞ്ഞാല്‍ ഈ ധനവാനായ മനുഷ്യന്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും അകത്തേയ്ക്കു കയറുമ്പോഴും വാതില്‍ പടിക്കല്‍ കിടക്കുന്ന ലാസറിനെ കവച്ചുവച്ചിട്ടു വേണം, അല്ലെങ്കില്‍ അവനെ മറികടന്നിട്ടുവേണം പുറത്തേയ്ക്കു പോകാനും, തിരിച്ച് അകത്തേയ്ക്കു കയറാനും. അത്രയ്ക്ക് അവന്‍റെ ജീവിതത്തോടു തൊട്ടുമുട്ടി കിടക്കുന്ന മനുഷ്യനായിരുന്നു - ലാസര്‍! അങ്ങനെ അയാള്‍ ഈ ഭൂമിയില്‍ ഏറെക്കാലം തൊട്ടുമുട്ടി ജീവിച്ചിട്ടും ധനവാന്‍ അയാളെ കണ്ടതായി പറയുന്നില്ല. പിന്നെയോ, ലാസറിനെ ധനവാന്‍ കാണുന്നത് അയാള്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുന്ന സമയത്താണ്. ധനവാന്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കുന്നതും, ലാസറിനെ കാണുന്നു. ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. കാണുന്നുണ്ടോ? പലപ്പോഴും നമ്മുടെ കണ്ണുതുറക്കുന്നത് എപ്പോഴാണ്...? നമ്മുടെ കഷ്ടപ്പാടിലാണ്. പലകാര്യങ്ങളും നാം കാണുന്നത് നമ്മുടെ കഷ്ടപ്പാടിലും ക്ലേശങ്ങളിലുമാണ്. അതുവരെ കാണാതിരുന്നതു പലതും നാം കാണുന്നത് അപ്പോഴാണ്. എല്ലാം നമ്മുടെ കണ്‍മുന്‍പില്‍ ഉണ്ടായിരുന്നു. ഇവിടെ ധനവാന്‍റെ കാര്യമിതാണ്. അവന്‍റെ ജീവിതത്തിന്‍റെ സുഭിക്ഷതയിലും, സന്തോഷത്തിലും, ആഘോഷത്തിന്‍റെ നിറവിലും തൊട്ടതുത്ത് വാതില്‍പ്പടിക്കല്‍ കിടന്നിരുന്ന ലാസറിനെ അയാള്‍ കണ്ടില്ല!

ഈശോ ഇന്ന് നമ്മോടു ചോദിക്കുന്നത് നമുക്ക് കാണാന്‍ പറ്റുന്നുണ്ടോ എന്നാണ്. നമ്മുടെ ജീവിതത്തിന്‍റെ സമ്പന്നതയിലും സൗഭാഗ്യത്തിലും ആയിരിക്കുമ്പോള്‍, ആഘോഷങ്ങളില്‍ നില്ക്കുമ്പോള്‍ കാണാന്‍ പറ്റുന്നുണ്ടോ? വ്രണങ്ങള്‍ ഉള്ളവനെ, ഭക്ഷണത്തിനായി കാത്തു നില്ക്കുന്നവനെ, വേദനക്കിന്നവനെയും വിശക്കുന്നവനെയും കാണാന്‍ പറ്റുന്നുണ്ടോ?

ധനവാന്‍ തന്‍റെ ജീവിതത്തിന്‍റെയും തന്‍റെ വീടിന്‍റെയും അസ്തിത്വത്തിന്‍റെയും തൊട്ടടുത്ത്, തൊട്ടുമുട്ടി നില്ക്കുന്ന ഈ ദരിദ്രനായ ലാസറിനെ കാണാന്‍ പറ്റാതെ പോയതിന്‍റെ കാരണമെന്താണ്? സുവിശേഷം നേരിട്ടൊരു കാരണവും പറയുന്നില്ല. എന്നാല്‍ വ്യംഗ്യമായിട്ടു തരുന്ന സൂചനയുണ്ട്. അത് ലൂക്കായുടെ സുവിശേഷത്തിലെ‍ 16-ാം അദ്ധ്യായത്തിലെ 19-ാമത്തെ വചനത്തിലാണ് വിവരിക്കുന്നത്.

ഒരു ധനവാനുണ്ടായിരുന്നു അവന്‍ ചെമന്ന പട്ടും, മൃദുലവസ്ത്രങ്ങളും ധരിക്കുകയും, എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്‍റെ പടിവാതില്ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. ധനവാന്‍റെ പടിവാതില്ക്കല്‍ കിടക്കുന്ന ലാസറിനെ കാണാന്‍ പറ്റാതെ പോയത് എന്തുകൊണ്ടാണ്? കാരണം, ധനവാന്‍റെ priorities, ജീവിതത്തിന്‍റെ പ്രാഥമികക്രമങ്ങള്‍ വ്യത്യസ്തമായിരുന്നു. അവ മറ്റു ചിലതായിരുന്നു – ചെമന്ന പട്ട്, മൃദുലവസ്ത്രം, സുഭിക്ഷമായ ഭക്ഷണം, ആനന്ദം എന്നിവയായിരുന്നു.  ഈ ഭക്ഷണവും വസ്ത്രവും ജീവിതത്തിന്‍റെ ആനന്ദങ്ങളും അയാളുടെ ജീവിതത്തിന്‍റെ ഒന്നാമത്തെ കാര്യങ്ങളായിരുന്നു. രണ്ടാമതായിട്ട്, അതൊക്കെ നിറഞ്ഞപ്പോള്‍ വാതില്‍പ്പടിക്കല്‍ ഭക്ഷണത്തിനും,  മരുന്നിനുംവേണ്ടി കിടന്നിരുന്ന ദരിദ്രനായ ലാസറിനെ കാണാന്‍ പറ്റുന്നില്ല. ഇതാണ് പ്രശ്നം. തൊട്ടടുത്ത് ജീവിതത്തിന്‍റെ ദാരിദ്ര്യങ്ങളില്‍ കഴിയുന്നവനെ കാണാന്‍ പറ്റാതെ പോകുന്നതിനു കാരണം, എന്‍റെ ജീവിതത്തിന്‍റെ പ്രധാന്യക്രമങ്ങള്‍ മറ്റേതോ ഒക്കെയാണ്. എന്‍റെ ജീവിതത്തിന്‍റ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഭക്ഷണം, വസ്ത്രം, സുഖലോലുപത എന്നിവയാണ്യ അവ ഒന്നാമത്തെ കാര്യങ്ങളായിട്ടു മാറുമ്പോള്‍ തൊട്ടടുത്തുള്ള പാവപ്പെട്ടവനെ കാണാന്‍ പറ്റാതെ പോകുന്നു. ഇതാണ് ധനവാന് പറ്റിയത്. അതുകൊണ്ടു തന്നെ ഈശോ എന്നോടു ചോദിക്കുന്നു, നിന്‍റെ ജീവിതത്തിന്‍റെ പ്രധാന്യക്രമങ്ങള്‍ ഏതെല്ലാമാണ്? ഒന്നാമതായാട്ടും രണ്ടാമതായും വരുന്ന കാര്യങ്ങളില്‍ നീ മതിമറന്ന് മുഴുകി ജീവിക്കുമ്പോള്‍ നിനക്ക് അബദ്ധം പറ്റും. കാണേണ്ടവനെ കാണാതെ പോയെന്നിരിക്കും. തെറ്റുപറ്റും.

ചെറുപ്പകാലത്തെ ഒരോര്‍മ്മ വരികയാണ്. ഞങ്ങള്‍ കുട്ടികള്‍ പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴി, പതിവായി നടന്നാണ് പോകുന്നത്. മതിലു കെട്ടി ഭംഗായി പണിതീര്‍ത്തൊരു വലിയ വീട് ആ വഴിയില്‍ ഉണ്ടായിരുന്നു. ഒരു മണിമാളികയെന്നു പറയാം. ചുറ്റും മതിലാണ്. ഞങ്ങളുടെ കണ്ണു മുഴുക്കെ ഈ വഴിക്കുള്ള മതില്‍ക്കെട്ടിലേയ്ക്കാണ്. ഇതിനകത്തു നിറയെ മാങ്ങ, പേരയ്ക്ക, ചാമ്പങ്ങ എന്നിങ്ങനെ പറമ്പു നിറച്ചു മരങ്ങളും പഴങ്ങളുമാണ്. കുട്ടികള്‍ക്ക് ഇതില്‍പ്പരം മറ്റെന്താ വേണ്ടത്? പേരയ്ക്കാ വേണോ, ചാമ്പങ്ങാ വേണോ, മാങ്ങാ വേണോ? മരത്തേല്‍ ഇങ്ങനെ എല്ലാം കുലച്ചുകിടക്കുകയാണ്. അവ എറിഞ്ഞിടും. താഴെ വീണു കഴിയുമ്പോള്‍, ഒന്നു രണ്ടുപേര്‍ മതിലു ചാടി അകത്തു കടക്കും. ധൈര്യശാലികള്‍ ചാടിയിറങ്ങും. അപ്പോ, അവിടെ താമസിക്കുന്നതോ, ചാണ്ടപ്പിള്ളയാണ്! ചാണ്ടപ്പിള്ളയെന്ന വൃദ്ധന്‍, 80 കഴിഞ്ഞ മനുഷ്യന്‍! ചാണ്ടപ്പിള്ളയും പിന്നെ ഭാര്യയും. അവര്‍ അവിടെ തനിച്ചാണ് – വൃദ്ധനും വൃദ്ധയും! മക്കളൊക്കെ പലയിടങ്ങളിലാണ്. അവര്‍ പട്ടണങ്ങളിലാണ്. ഇവര്‍ രണ്ടുപേരുംകൂടെ അങ്ങനെ ഒരു ഏകാന്തവാസമായിരുന്നു.

കുട്ടികള്‍ ഗേറ്റു ചാടിയിറങ്ങുമ്പോള്‍, അവരെ പിടിക്കാന്‍ ഈ വൃദ്ധന്‍ എവിടെയെങ്കിലും പതുങ്ങിയിരിക്കും. മറയത്ത് വലിയ വടിയുമായി ഇരിക്കുകപതിവാണ്. എന്തിന് പള്ളാരെ തല്ലാന്‍! അങ്ങനെ വലിയ ധീരതയോടെ സാഹസം കാണിച്ചാ കേമന്മാര്‍ താഴെ വീണ മാങ്ങായും ചാമ്പങ്ങായുമെടുത്ത് പുറത്തു ചാടുന്നത്. അതിനിടയ്ക്ക് തല്ലുകിട്ടാനും സാദ്ധ്യതയുണ്ട്.  അങ്ങനെ എട്ടു പത്തു വര്‍ഷങ്ങള്‍ കടന്നുപോയി. ആ വഴിക്കു പോയപ്പോള്‍ മനസ്സിലായി, രണ്ടു പേരും മരിച്ചു കഴിഞ്ഞെന്ന്. ആ വീട്ടിലെ മത്തച്ഛന്‍റെയും  മുത്തശ്ശിയുടെയും കാലം കഴിഞ്ഞു. ആ വീടും വളപ്പുമെല്ലാം കാടുകയറി കിടക്കുകയാണ്. അവിടെ ആരുമില്ലെന്നും വ്യക്തമാണ്! നമ്മള്‍ കാണുന്നുണ്ടോ?  ഇത് ജീവിതത്തില്‍ പ്രധാനപ്പെട്ട ചോദ്യമാണ്. ജീവിതത്തിന്‍റെ തിക്കിലും തിരക്കിലും പ്രാധാന്യങ്ങളിലും ജീവിക്കുമ്പോള്‍ കാണുന്നുണ്ടോ? തൊട്ടടുത്തുള്ളവനെ കാണുന്നുണ്ടോ? പടിവാതില്ക്കലുള്ളവനെ കാണുന്നുണ്ടോ...? അതും, ഭക്ഷണത്തിനായും മരുന്നിനായും സംരക്ഷണയ്ക്കായും ആഗ്രഹിച്ചു കഴിയുന്നവനെ നാം കാണുന്നുണ്ടോ?  ജീവിതത്തിന്‍റെ ഇല്ലായ്മകളില്‍ കഴിയുന്നവനെ കാണാന്‍ പറ്റുന്നുണ്ടോ? ഇതാണ് ഈശോ മുന്നോട്ടു വയ്ക്കുന്ന ചോദ്യം.

അപരനെ കാണാന്‍ സാധിക്കുക എന്നത്, ക്രിസ്തുശിഷ്യന്‍റെ പ്രധാനപ്പെട്ട കടമയാണ്. അകക്കണ്ണിന്‍റെ ഈ തുറവ് നമുക്ക് ആവശ്യമാണ്. ഈശോ പറഞ്ഞു തരുന്ന പാഠം. നമ്മുടെ ജീവിതത്തിന്‍റെ പടിവാതില്ക്കല്‍ കാരുണ്യവും പ്രതീക്ഷിച്ചു കിടക്കുന്നവനെ കാണാന്‍ പറ്റുന്നില്ലെങ്കില്‍ അത് ജീവിതത്തിന്‍റെ മറ്റു പല പ്രാധാന്യങ്ങളും കൊണ്ടാണ്. കാണാന്‍ പറ്റുന്നില്ലെങ്കില്‍ എന്തു സംഭവിക്കും? പരണിതഫലം ശ്രദ്ധേയമാണ്. പരണിതഫലം ഈ ജീവിതത്തിലല്ല, ഈ ജീവിതത്തിനും അപ്പുറത്തേയ്ക്കു നീളുന്ന പരിണിതഫലമാണ്. അതെന്താണെന്നു ചോദിച്ചാല്‍, അത് ഈ ധനവാനോടു പറയുന്ന മറുപടിയാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുംമദ്ധ്യേ ഒരു ഗര്‍ത്ഥം സ്ഥാപിക്കപ്പെട്ടിരിക്കുന്നു! ഇവിടെനിന്നും നിങ്ങളുടെ പക്കലേയ്ക്കോ, അവിടെനിന്നും ഞങ്ങളുടെ പക്കലേയ്ക്കോ വരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതു സാദ്ധ്യമല്ല. ഇതാണ് പ്രശ്നം! ഈ ഗര്‍ത്ഥം ആരുണ്ടാക്കിയതാണ്. നിങ്ങള്‍ക്കും ഇടയിലുള്ള ഗര്‍ത്ഥത്തെക്കുറിച്ച് നിത്യതയില്‍ അബ്രാഹമാണ് പറയുന്നത്. നരകത്തില്‍ പീ‍ഡിപ്പിക്കപ്പെടുന്ന ധനവാനോട് അബ്രാഹമാണ് പറയുന്നത് - ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ ഒരു ഗര്‍ത്ഥം ഉണ്ടാക്കിയിട്ടുണ്ടെന്ന്. ഇത് ആരുണ്ടാക്കി?

യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ ജീവിതത്തില്‍ ധനവാനും ലാസറും തമ്മില്‍ ഒരു ഗര്‍ത്ഥവും ഇല്ലായിരുന്നു. പടിവാതില്ക്കലാണ് ലാസര്‍ കിടന്നിരുന്നത്. തൊട്ടുമുട്ടി കിടന്നവനാണ് ലാസര്‍. അങ്ങിനെയൊരു സാഹചര്യമാണ് ദൈവം നമുക്കായി ഒരുക്കിവച്ചിരുന്നത്. ആ അവസ്ഥയില്‍നിന്നും ഈ ഗര്‍ത്ഥത്തിന്‍റെ അവസ്ഥയിലേയ്ക്ക് എങ്ങനെ പോയി? ഈ ഗര്‍ത്ഥം പണിതത് ആരാണ്? ഉറപ്പായിട്ടും ദൈവമല്ല! പിന്നെ ആരാണത്?  ധനവാന്‍ തന്നെയാണ്! ധനവാന്‍റെ ജീവിതവും ധനവാന്‍റെ പ്രവൃത്തികളും അവന്‍റെ തൊട്ടടുത്തു കിടന്ന ദരിദ്രനെ കാണാന്‍ മറന്നുപോയപ്പോഴൊക്കെ, അല്ലെങ്കില്‍ കാണാന്‍ മടിച്ചപ്പോഴൊക്കെ അയാള്‍ ഈ ഗര്‍ത്ഥം സൃഷ്ടിക്കുകയായിരുന്നു. രണ്ടു പേരും തമ്മിലുള്ള അകലം അയാള്‍ വലുതാക്കി വലുതാക്കി കൊണ്ടുവരുകയായിരുന്നു. അവിടെ അയാള്‍ ഗര്‍ത്ഥം പണിയുകയായിരുന്നു. ഇതാണ് ഈശോ പറഞ്ഞുതരുന്ന സന്ദേശം. നിന്‍റെ നിത്യജീവിതത്തിലേയ്ക്കുള്ള ഈ ഗര്‍ത്ഥമോ അടുപ്പമോ പണിയുന്നത് ഇപ്പോഴത്തെ നിന്‍റെ പ്രവൃത്തികളാണ്. നിന്‍റെ പടിവാതില്ക്കലും തൊട്ടടുത്തും കിടക്കുന്ന ലാസറിനെ കാണാന്‍ പറ്റുന്നുണ്ടോ? കാണാന്‍ പറ്റുന്നില്ലെങ്കില്‍ നിത്യജീവിതത്തിനുള്ള ഗര്‍ത്ഥം പണിയുകയാണ് നിങ്ങള്‍.

അതുകൊണ്ട് നമുക്കിന്ന് ഈശോയോടു പ്രാര്‍ത്ഥിക്കാം.

ഈശോയേ, കാണാനുള്ള കാഴ്ച തരണേ! അതും നിന്‍റെ ജീവിതത്തില്‍ തൊട്ടടുത്ത് തൊട്ടുമുട്ടി, എന്‍റെ കാരുണ്യം പ്രതീക്ഷിച്ച് എന്‍റെ സഹായം തേടി, എന്‍റെ പ്രവൃത്തി പ്രതീക്ഷിച്ചു കഴിയുന്ന ലാസര്‍! അയാള്‍ വീടിന് അകത്താകാം വീടിനു പുറത്താകാം. ഈശോയേ, കാണാനുള്ള കാഴ്ച തരണമേ! എന്‍റെ ജീവിതത്തില്‍ അങ്ങ് എത്തിച്ചിരിക്കുന്ന ലാസറിനെ, എന്‍റെ വീടിന്‍റെ ഉമ്മറപ്പടിയില്‍ കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്ന എളിയ ലാസറിനെ കാണാനുള്ള കാഴ്ചയും തുറവും അങ്ങ് എനിക്കു തരണേ! കാണാനും, ഒപ്പം എനിക്കുള്ള സമ്പന്നതകള്‍ - അത് എന്‍റെ ഭക്ഷണമാകാം, വസ്ത്രമാകാം സമ്പത്താകാം... അവ ഇല്ലാത്തവരുമായി പങ്കുവയ്ക്കാനുള്ള ഹൃദയത്തിന്‍റെ കരുണ യേശുവേ, അങ്ങ് എനിക്ക് തരണമേ! അതിലൂടെ ഈ ജീവിതത്തിന്‍റെ അപ്പുറത്തുള്ള നിത്യജീവന്‍റെ വലിയ സമ്മാനം ഒരുക്കാനുള്ള വലിയ കൃപ തരണമേ! അല്ലെങ്കില്‍ ഞാന്‍ ഗര്‍ത്ഥം പണിയുകയാണെന്ന തിരിച്ചറിവും അങ്ങ് മനസ്സില്‍ വളര്‍ത്തേണമേ!  നാഥാ! എന്‍റെ കണ്ണു തുറക്കുക! എന്‍റെ കാഴ്ചയ്ക്ക് അങ്ങു ശക്തിയേകുക! എന്‍റെ ഹൃദയത്തിന്‍റെ ഉള്ളു തുറക്കുക! കാണാനും കരുണയോടെ പ്രവര്‍ത്തിക്കാനുമുള്ള കൃപ എനിക്കു തരണമേ!   ആമേന്‍.          








All the contents on this site are copyrighted ©.