2016-09-23 09:05:00

മനുഷ്യന്‍റെ ആകുലതകളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചിന്തനം


ജീവിതത്തില്‍ രണ്ടു തരത്തിലുള്ള ആശങ്കകളുണ്ടാകാം. ഒന്ന്, അരൂപിയാല്‍ പ്രചോദിതമായ നല്ല ആശങ്കയും, രണ്ടാമത്തേത്, മനഃസാക്ഷിക്കടിയില്‍ ഉയരുന്ന മോശമായ ആകുലതയും. സഭാപ്രഭാഷകന്‍ (1, 2-11) പ്രബോധിപ്പിക്കുന്ന മിഥ്യാബോധത്തില്‍നിന്നും ഉയരുന്ന മനുഷ്യന്‍റെ ആശങ്കയെയും, ലൂക്കായുടെ സുവിശേഷം പറയുന്ന (9, 7-9) ഹേറോദേശ് രാജാവിന്‍റെ ക്രിസ്തുവിനെക്കുറിച്ചുള്ള ആകുലതയെയും കുറിച്ചാണ് പാപ്പാ പരാമര്‍ശിച്ചത്.

ഹേറോദേശ് രാജാവ് സ്നാപക യോഹന്നാനെ കൊന്നതില്‍പ്പിന്നെ ആകുല ചിത്തനാകുന്നു. അയാളുടെ പിതാവ് കൊല്ലാന്‍ ശ്രമിച്ച യേശുവിനെക്കുറിച്ചുള്ള ആശങ്കയും ഹേറോദേസിനെ ആകുലപ്പെടുത്തിയിരിക്കണം. തിന്മ ചെയ്തിട്ടുള്ളവരുടെ മനഃസാക്ഷി സമാധാനത്തില്‍ ജീവിക്കാന്‍ അവരെ അനുവദിക്കുന്നില്ല. മനഃസ്സാക്ഷി നിരന്തരമായി വേട്ടയാടുന്നു. ആര്‍ത്തി, മിഥ്യാബോധം, അഹങ്കാരം എന്നിവ തിന്മയുടെ വേരുകളാണ്. ഇവ മൂന്നും നമുക്ക് സന്തോഷമോ സ്വൈര്യതയോ സ്വസ്ഥതയോ തരുമെന്നു വിചാരിക്കേണ്ട. അത് എന്നും മനസ്സില്‍ ഭീതിയും വേദനയും വളര്‍ത്തുന്നു. അതിനാല്‍ മിഥ്യബോധം വിട്ട് യാഥാര്‍ത്ഥ്യ ബോധത്തിലേയ്ക്കും, തിന്മവിട്ട് നന്മയിലേയ്ക്കും തിരിയാം. അരൂപി നല്കുന്ന മനഃസാക്ഷിയുടെ പ്രേരണകള്‍ക്ക് വഴങ്ങണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

തിന്മയ്ക്ക് കീഴ്പ്പെടുന്നവര്‍ കുറ്റബോധംകൊണ്ട് സമാധാനത്തില്‍ ജീവിക്കാന്‍ തത്രപ്പെടുന്നു. അവരുടെ മനസ്സിലെ കറ മനഃസാക്ഷിയില്‍ എന്നും വ്രണംപോലെ ചൊറിഞ്ഞും വേദനിച്ചും നിലനില്ക്കുന്നു. അവരുടെ മനസ്സ് ഭീതിയാല്‍ അസ്വസ്ഥമായിരിക്കും. മിഥ്യാബോധവും, ആര്‍ത്തിയും അഹങ്കാരവും മനസ്സിനെ അസ്വസ്ഥമാക്കുമാറ് തിന്മയില്‍ വേരൂന്നിയിരിക്കുന്നു.

ആദ്യവായന (സഭാപ്രഭാഷകന്‍) സൂചിപ്പിക്കുന്ന ഈ ലോകത്തിന്‍റേതായ മിഥ്യകള്‍ ജീവിതത്തെ അസ്വസ്ഥവും ആകാക്ഷഭരിതവുമാക്കുന്നു. കാരണം മിഥ്യബോധത്തില്‍ ജീവിക്കുന്ന വ്യക്തി ഒരു നീര്‍ക്കുമിളപോലെ ഊതി വീര്‍ത്തിരിക്കുകയാണ്. അത് മായയാണ്, താല്ക്കാലികമാണ്, പൊള്ളയാണ്. ആ വ്യക്തിയുടെ ആത്മാവ് രോഗാവസ്ഥയിലാണ്. അസ്ഥിരോഗംപോലെയാണത്. പുറമെ കുഴപ്പമൊന്നും തോന്നിക്കില്ല (Osteoporosis) കുഴപ്പമെല്ലാം അകത്താണ്. അങ്ങനെ മിഥ്യബോധം കാപട്യത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്.

ജീവിതത്തില്‍ വിജയം നടിക്കാം. മറ്റുള്ളവരെ കബളിപ്പിക്കാം. എന്നാല്‍ ആത്മാവ് അസ്വസ്ഥമായിരിക്കും. വിശുദ്ധ ബര്‍ണാര്‍ഡിന്‍റെ വാക്കുകളില്‍ കപടനാട്യക്കാരനെ പുഴുവരിക്കും. മൂടിവച്ചിരിക്കുന്നതെല്ലം അവസാനം പുഴുവരിച്ചു തീരും, ഒന്നിമില്ലാതാകും. എന്നാല്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവന്‍ ജീവിക്കും, നിലനില്‍ക്കും! സങ്കീര്‍ത്തകന്‍ പാടുന്നു, “ദൈവമേ, അങ്ങ് തലമുറതോറും ഞങ്ങളുടെ അഭയകേന്ദ്രമാണ്!” (സങ്കീര്‍. 89). നമ്മുടെ ശക്തിയും സുരക്ഷയും ദൈവമായിരിക്കട്ടെ! വഴിയും സത്യവും ജീവനും അവിടുന്നാണ്. മിഥ്യയുടെ മൂലമായ ആര്‍ത്തി, അഹങ്കാരം, മിഥ്യാബോധം എന്നിവയില്‍നിന്നും ദൈവം നമ്മെ കാത്തുപാലിക്കട്ടെ!
 








All the contents on this site are copyrighted ©.