2016-09-19 20:22:00

പാപ്പാ ഫ്രാന്‍സിസ് വീണ്ടും അസ്സീസിയില്‍... മതങ്ങളുടെ സമാധാനോത്സവത്തില്‍ പങ്കെടുക്കും


വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പാ 1986-ല്‍ തുടങ്ങിവച്ച മതാന്തര സംവാദത്തിനായുള്ള അസ്സീസിയിലെ സമാധാനോത്സവത്തിന് 30-വയസ്സു തികയുന്നു.  വാര്‍ഷികാനുസ്മരണ സംഗമം  18-ാം തിയതി ഞായറാഴ്ച ആരംഭിച്ചു. സമാപനദിനമായ സെപ്തംബര്‍ 20-ാം തിയതി ചെവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് സംഗമത്തിലെത്തും.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലിക്കോപ്റ്ററില്‍ പുറപ്പെട്ട് 11.30-ന് അസ്സീസി ആശ്രമത്തിലെ സമ്മേളനവേദിയില്‍ എത്തിച്ചേരും. സമ്മേളനത്തിലെ വിവിധ മതപ്രതിനിധികളെ പാപ്പാ ആദ്യം വ്യക്തിപരമായി അഭാവാദ്യംചെയ്യും. തുടര്‍ന്ന് അവര്‍ക്കൊപ്പം അസ്സീസി അശ്രമത്തില്‍ ഉച്ചഭക്ഷണം കഴിക്കും. സമ്മേളനത്തിനെത്തിയിട്ടുള്ള കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഇസ്ലാം നേതാവ്, യഹൂദമതപ്രതിനിധി, ആഗ്ലിക്കന്‍ സഭാതലവന്‍, ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബി, ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് എഫ്രേം ദ്വിതിയന്‍ എന്നിവരുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തും.

വൈകുന്നേരം 4-മണക്കും 5 മണിക്കും നടത്തപ്പെടുന്ന ക്രൈസ്തവ സഭൈക്യപ്രാര്‍ത്ഥനയിലും, ഇതര മതങ്ങളുടെ പ്രാര്‍ത്ഥാനാ സംഗമത്തിലും പാപ്പാ പങ്കെടുക്കും. 5.15-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ ചത്വരത്തില്‍ ചേരുന്ന സമാപന സംഗമത്തില്‍ പാപ്പാ സന്ദേശം നല്കും. വിവിധ രാജ്യങ്ങളിലെ കുട്ടികള്‍വഴി രാഷ്ട്രനേതാക്കള്‍ക്കു നല്കുന്ന അസ്സീസി സമ്മേളനത്തിന്‍റെ സമാധാനാഭ്യാര്‍ത്ഥന, വിശ്വശാന്തിയുടെ തിരിതെളിക്കല്‍, മതനേതാക്കള്‍ തമ്മിലുള്ള സമാധാനാശ്ലേഷം എന്നിവ സമാപനവേദിയിലെ ശ്രദ്ധേയമായ പരിപാടികളായിരിക്കും. 7-മണിയോടെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലേയ്ക്കു മടങ്ങും..

അനുവര്‍ഷം ലോകത്തെ വിവിധ  രാജ്യങ്ങളിലെ നഗരങ്ങളില്‍ നടത്തപ്പെടുന്ന സമാധാനോത്സവത്തിന്‍റെ 30 വാര്‍ഷികം വിശ്വാശാന്തിയുടെ കാഹളമോതിയ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണത്തിലാണെന്നത് പ്രതീകാത്മവും, ഒപ്പം പ്രത്യാശയും ആവേശവും പകരുന്നതാണ്. റോം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിശുദ്ധ എജീഡിയൂസിന്‍റെ ഉപവിപ്രസ്ഥാനമാണ് സമാധാനോത്സവത്തിന്‍റെ പ്രയോക്താക്കള്‍.

“ജനതകളും മതങ്ങളും” എന്ന വിഷയവുമായിട്ടാണ് ലോകത്തുള്ള വിവിധ മതങ്ങളുടെ പ്രതിനിധികള്‍ അസ്സീസിയില്‍ സമാധാന സംവാദത്തിന്‍റെ 30-ാം വര്‍ഷിക സംഗമം നടത്തുന്നത്.  സംഗമത്തിന്‍റെ 25-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ 2011-ാമാണ്ടില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പാപ്പാ ബനിഡിക്ട് അസ്സീസിയിലെത്തിയിട്ടുണ്ട്. 1993-ലും 2002-ാമാണ്ടിലും അസ്സീസിയിലെ മതസൗഹാര്‍ദ്ദ സമ്മേളനങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പങ്കെടുത്തിട്ടുള്ളതും ഇത്തരുണത്തില്‍ അനുസ്മരണീയമാണ്.








All the contents on this site are copyrighted ©.