2016-09-17 19:52:00

പങ്കുവയ്ക്കലിലൂടെ സമ്പന്നമാകേണ്ട മനുഷ്യജീവിതത്തെക്കുറിച്ചൊരു സുവിശേഷക്കഥ


വിശുദ്ധ ലൂക്കായുടെ സുവിശേഷം 16, 1-13.

ഇ ന്നത്തെ സുവിശേഷത്തില്‍ ഈശോ ഒരു കഥ പറയുന്നു.  അത് വളരെ രസകരമായതും സാധാരണ ജീവിതത്തില്‍ സംഭവിക്കാറുള്ളതുമായ കഥയാണ്. കൗശലക്കാരനായ കാര്യസ്ഥന്‍റെ കഥയാണത്. ധനവാന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. അവന്‍ തന്‍റെ സമ്പത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്നു കേട്ടപ്പോള്‍ യജമാന്‍ അയാളെ വിളിച്ച് കാര്യസ്ഥതയുടെ കണക്കു സമര്‍പ്പിക്കാന്‍ പറഞ്ഞു. അയാള്‍ പോയി ഇങ്ങനെ ആലോചിച്ചു. എല്ലാം തീര്‍ന്നു. എന്‍റെ പണിപോയിരിക്കുന്നു. ഈതോടെ ജീവിതം പാഴായിപ്പോകും. അതിനാല്‍ ഈ പണിപോയാലും പിടിച്ചുനല്ക്കാന്‍ യജമാനന്‍റെ കടക്കാരെയെല്ലാം വിളിച്ചുവരുത്തി.

ആദ്യത്തവനോട് ചോദിച്ചു, നീ എന്താണ് കടപ്പെട്ടിരിക്കുന്നത്? അവന്‍ പറയുന്നു 100 ലിറ്റര്‍ എണ്ണ, ഒലിവെണ്ണ. കാര്യസ്ഥന്‍ പറഞ്ഞു. അതു വെട്ടൂ! കടപ്പത്രം വെട്ടി തിരുത്തുകയാണ്. അത് 50 എന്നാക്ക്. പിന്നെ അടുത്തയാളെ വിളിച്ചു. നീ എത്രയാണ് കടപ്പെട്ടിരിക്കുന്നത്? 100 പറ നെല്ല്. അതു വെട്ടി തിരുത്ത്. എന്നിട്ട് 80 എന്നാക്കൂ. എന്തിനാണി ഇങ്ങനെ ചെയ്തത്? ഈ ജോലി പോയിക്കഴിഞ്ഞാലും, ഇവരെങ്കിലും തന്നെ സ്വീകരിക്കണം. ഈ കൗശലക്കാരനായ കാര്യസ്ഥന്‍റെ കഥ പറഞ്ഞിട്ട് ഈശോ പറയുന്ന ശ്രദ്ധേയമായ വചനമുണ്ട്.  13-മത്തെ വചനമാണത്. അതാണ് ഈ കഥയില്‍നിന്നു ഈശോ ഉരുത്തിരിഞ്ഞെടുക്കുന്ന പാഠം. രണ്ടു യജമാനന്മാരെ ഒരു ഭൃത്യന് ഒരുമിച്ച് സേവിക്കാനാവില്ല. എന്നിട്ടോ വീണ്ടും പറയുന്നു.  ദൈവത്തെയും ധനത്തെയും നിങ്ങള്‍ക്ക് ഒരുമിച്ചു സേവിക്കാന്‍ കഴിയുകയില്ല. ജീവിതത്തിന്‍റെ, മനുഷ്യജീവിതത്തിന്‍റെ ഏറെ മര്‍മ്മപ്രധാനമായ പാഠം ഈശോ ഇവിടെ അവതരിപ്പിക്കുന്നു. അതായത് ഒരു ഭൃത്യന് രണ്ട് യജമാനനന്മാരെ ഒരുമിച്ച് സേവിക്കാനാവില്ല.  ഇതില്‍നിന്നും ഈശോ ഉന്നയിക്കുന്ന പാഠം ഇതാണ്. നമ്മള്‍ എല്ലാവരും, ഈ ജീവിതത്തില്‍ നമ്മള്‍ എല്ലാവരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഭൃത്യന്മാരാണ്. നമ്മള്‍ എല്ലാവരം സേവകരും ശുശ്രൂഷകരുമാണ്. ആര്‍ക്കെങ്കിലും അടിമപ്പെട്ടിരിക്കുന്ന ദാസരാണ്. നമ്മള്‍ ആരും യജമാന്മാരല്ല..

ജീവിതത്തില്‍ എന്തിനോടെങ്കിലുമെല്ലാം ഒരു കടപ്പാട്, അടിമത്വം നമുക്കുണ്ട്. എന്നിട്ട് ഈശോ പറയുന്നത്, രണ്ട് യജമാനന്മാരെക്കുറിച്ചാണ്! അതില്‍ ഒന്ന് ധനമാണ്. സാധാരണ മനുഷ്യര്‍ എല്ലാവരും അടിമപ്പെട്ടു പോകാവുന്ന പ്രധാനപ്പെട്ട ജീവിതത്തിന്‍റെ ശക്തിതന്നെ പണം, സമ്പത്ത് കാശ്, ധനം! ഇതിനോട് മറ്റൊരു ശക്തിയായിട് കൊണ്ടുവയ്ക്കുന്നത് ദൈവത്തെയാണ്. ദൈവത്തെയും ധനത്തെയും ഒരുമിച്ച് സേവിക്കാനാവില്ല. ഒന്നുകില്‍ നീ ധനത്തിന്‍റെ ഭൃത്യാനാകണം. അല്ലെങ്കില്‍ ദൈവത്തിന്‍റെ ദാസനാകണം. ജീവിതത്തില്‍ നീ ഏതിന്‍റെ ഭൃത്യനാണ്. അഥവാ നിന്നെ ഭരിക്കുന്ന യജമാനന്‍ ആരാണ്. കാശാണോ? തമ്പുരാനാണോ? ഇതാണ് യേശു നമ്മോട് ഇന്ന് ഉപമയിലൂടെ ഉന്നയിക്കുന്ന ചോദ്യം.

ബ്ലെസ്സിയുടെ നല്ല സിനിമകളിലൊന്നാണ് ‘പളുങ്ക്’. അതിന്‍റെ പ്രധാന കഥാ പാത്രങ്ങളില്‍ ഒന്ന് മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം - ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തിലാണ് കഴിയുന്നത് ! അവിടെ ജീവിച്ചുപോരുന്ന ഈ കാര്‍ഷിക കുടുംബത്തിന്‍റെ ശ്രദ്ധാകേന്ദ്രം ഈ രണ്ടു മക്കള്‍ തന്നെയാണ്. രാവിലെ വിളിച്ചെഴുന്നേല്പിക്കുന്നു. പഠിപ്പിക്കുന്നു. പള്ളിക്കൂടത്തില്‍ പോകാന്‍ ഒരുക്കുന്നു. അവര്‍ക്ക് കാപ്പിയുണ്ടാക്കുന്നു. കൂടെ ഗൃഹനാഥനും കൂടുന്നു. അവരെ പള്ളിക്കൂടത്തിലേയ്ക്ക് പറഞ്ഞു വിടുന്നതുവരെ ഇവരുടെ പൂര്‍ണ്ണ ശ്രദ്ധ മക്കളിലാണ്. അവരെ പറഞ്ഞു വിട്ടുകഴിഞ്ഞാല്‍, ഗൃഹനാഥന്‍ മമ്മൂട്ടി പറമ്പിലേയ്ക്ക് ഇറങ്ങുകയാണ്. കൃഷിപ്പണി നോക്കുന്നു. ഭാര്യയാകട്ടെ, ആടുവളര്‍ത്തന്‍, കോഴിവളര്‍ത്തല്‍... അവയ്ക്ക് തീറ്റ കൊടുത്തും, വീടും മിറ്റവും അടിച്ചുമുള്ള പണികളില്‍ മുഴുകുകയാണ്. എന്നിട്ടോ? അതെല്ലാം കഴിയുമ്പോ, ഇവര്‍ രണ്ടുപേരും, ഭാര്യയും ഭര്‍ത്താവും നോക്കിയിരിക്കുകയാണ്!  പള്ളിക്കൂടത്തില്‍നിന്നും പിള്ളേര് തിരിച്ചുവരുന്നതും നോക്കി. അവരുടെ ജീവിതത്തിന്‍റെ കേന്ദ്രം ഈ രണ്ടു മക്കളാണ്.

നാളുകള്‍ കഴിഞ്ഞ്, ആ സ്ക്കൂളില്‍ ഒരു ‘ഡിവിഷന്‍ ഫാളു’ണ്ടായി. മക്കളെ രണ്ടുപേരെയും പട്ടണത്തിലേയ്ക്ക് പഠിക്കാന്‍ വിടേണ്ടി വരുന്നു. കാലക്രമത്തില്‍ മാതാപിതാക്കള്‍ക്കും പട്ടണത്തിലെ വാടകവീട്ടിലേയ്ക്ക് സ്ഥലംമാറേണ്ടി വരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം സൈക്കിളില്‍ പോകവേ, ഗൃഹനാഥന്‍ മമ്മൂട്ടിയെ കാറുവന്നിടിച്ചു, താഴെ വീണു. അപകടത്തില്‍ കാലൊടിഞ്ഞു. അപ്പോഴാണ് സുഹൃത്ത് ജഗതി എത്തുന്നത്. ഈ അപകടത്തില്‍ നിന്നും രണ്ടു കാശ് ഒപ്പിച്ചെടുക്കാം! കേസ് എടുത്തു. വാദിച്ചു. കേസു വിജയിച്ചു. രണ്ടുമൂന്നു ലക്ഷംരൂപാ കിട്ടി. അത് കളയരുതെന്നു പറഞ്ഞു അവര്‍ നിക്ഷേപിക്കുകയാണ്. എവിടെയാണ് നിക്ഷേപിച്ചതെന്നോ? ബ്ലേഡില്‍.. ബ്ലെയിഡു കമ്പനിയില്‍.....! അവര്‍ പണം പലശയ്ക്കു കൊടുക്കുകയാണ്. കാലിന്‍റെ പരുക്ക് കഴിഞ്ഞ് പുറത്തുവരുന്ന മുഖ്യകഥാപാത്രത്തിന്‍റെ പിന്നത്തെ പ്രധാനപ്പെട്ട ജോലി പലിശ പിരിക്കലായി. രാവിലെ എഴുന്നേറ്റാല്‍ പിന്നെ, കട്ടന്‍കപ്പിയും കുടിഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയാല്‍ പിന്നെ... ബ്ലേഡിനു കൊടുത്തിന്‍റെ പലിശ പിരിക്കുക എന്നതു മാത്രമാണ്.

പലിശ പരിക്കുക. രാവിലെ മുതല്‍ വൈകുന്നേരംവരെ ഇതിന്‍റെ പിറകെയാണ്. അങ്ങനെ മുന്നോട്ടു പോകുമ്പോള്‍ പലിശക്കു കൊടുത്തവരുടെ എണ്ണം കൂടുന്നു. പിന്നെ പലിശ പിരിക്കാനുള്ള കഥാനായകന്‍റെ ഡ്യൂട്ടിയും വര്‍ദ്ധിക്കുന്നു. കൂടിക്കൂടി വരുമ്പോള്‍, അയാള്‍ അവസാനം വീട്ടില്‍ കയറിവരുന്നത് പാതിരാത്രിക്കാണ്. മക്കള്‍ രണ്ടു പേര്‍ അപ്പനെ കാത്തിരിന്ന് കാത്തിരുന്ന് ഉറങ്ങിപ്പോകുന്നു. ഭാര്യയാകട്ടെ, അച്ചനെയും കാത്ത് ഡൈനിങ്ങ് ടേബിളില്‍ത്തന്നെ തലവച്ച് ഉറങ്ങുന്നത് പതിവായി.  ഒരിക്കല്‍ ഇതാ, അച്ഛന്‍ വന്നിറങ്ങി. ഓട്ടോ റിക്ഷായുടെ ശബ്ദംകേട്ട് ഭാര്യ ഉണര്‍ന്നു. മക്കള്‍ ഉണര്‍ന്നു. പാതിരാത്രിക്ക് ഈ മനുഷ്യന്‍ ഓട്ടോ റക്ഷായ്ക്ക് വന്നിറങ്ങുമ്പോള്‍ കാണാം, ജീവിതത്തില്‍ ആദ്യമായി ഇയാള്‍ മദ്യപിച്ചിട്ടുമുണ്ട്. അയാള്‍ വേച്ചു വേച്ച് വീട്ടിലേയ്ക്ക് കയറി. ഇളയത് പെണ്‍കുട്ടി – ഒന്നാം ക്ലാസ്സിലോ രണ്ടാ ക്ലാസ്സിലോ പഠിക്കുന്നു.

അവള്‍ ഉറക്കച്ചടവോടെ അഛന്‍റെ മടയിലേയ്ക്ക് കയറി ഇരുന്നിട്ട്, മുഖത്തു നോക്കി പറയുന്നൊരു വാചകമുണ്ട്. “അപ്പാ, എത്രാനാളായി അപ്പന്‍ എന്നെ പൊന്നേ... എന്നു വിളിച്ചിട്ട്?!” നേരത്തേ, ഗ്രാമത്തിലായിരുന്നപ്പോള്‍ ഈ മക്കളുടെ ജീവിതത്തിന്‍റെ കേന്ദ്രം മുഴുവന്‍ മക്കളായിരുന്നു. മക്കളുടെ കൂടെ, മക്കളെ പഠിപ്പിക്കുക, മക്കളെ കുളിപ്പിക്കുക, അവരെ ഗൃഹപാഠം ചെയ്യിപ്പിക്കുക, പള്ളിക്കൂടത്തിലേയ്ക്കു പോകാന്‍ ഒരുക്കി വിടുക. തിരിച്ചുവരുന്നതും കാത്തിരിക്കുക. ശ്രദ്ധാകേന്ദ്രം മുഴുവന്‍ മക്കളായിരുന്നു. ഇങ്ങോട്ടു മാറി, ഈ ബ്ലെയിടിനുകൊടുക്കാന്‍ തുടങ്ങിയപ്പോള്‍ എന്തുപറ്റീ? ജീവിതത്തിന്‍റെ ‘ഫോക്കസ്’ മാറിപ്പോയത് അയാള്‍ അറി‍ഞ്ഞില്ല. അങ്ങനെ അയാളുടെ ജീവിതത്തിന്‍റെ ‘ഫോക്കസ്’ മക്കളില്‍നിന്നും മാറി, പടി പടിയായിട്ട് ധനത്തിലേയ്ക്ക് മാറുന്നു. അങ്ങനെ ആ ജീവിതം കറങ്ങി തിരിയുന്നത് പണം വര്‍ദ്ധിപ്പിക്കാനുള്ള ആഗ്രഹത്തിലാണ്. ഇത് മനുഷ്യജീവിതത്തിന്‍റെ വലിയ പ്രലോഭനമാണ്, ഇത് അനുദിന ജീവിതത്തിന്‍റെ അനുദിന സാദ്ധ്യതയാണ്. ഇതിലേയ്ക്കാണ് ഈശോ വിരല്‍ചൂണ്ടുന്നത്. നിന്‍റെ ജീവിതത്തിന്‍റെ യജമാനന്‍ ആരാണ്? ധനമാണോ, അതോ തമ്പുരാനാണോ? രണ്ടില്‍ ഏതെങ്കിലും ഒന്നാകാനേ പറ്റുള്ളൂ. ഈശോ ആവശ്യപ്പെടുന്നത് ഈ ഒരു വിലയിരുത്തലിനു തയ്യാറാകാനാണ്. നിന്‍റെ ജീവിതത്തെ ഭരിക്കുന്നത് നിന്‍റെ ജീവിതത്തിന്‍റെ കേന്ദ്രമായിരിക്കുന്നത്, നിന്‍റെ ജീവിതത്തിന്‍റെ മുഴുവന്‍ ആകുലതയും ഉല്‍ക്കണ്ഠയും നില്ക്കുന്നത് ധനം, പണം ആണോ? അതോ തമ്പുരാനാണോ?

ഈശോ ആവശ്യപ്പെടുന്നത് എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം, എന്‍റെ ജീവിതത്തെ ഭരിക്കുന്ന യജമാനന്‍ ദൈവം ആയിരിക്കണം എന്നാണ്. എന്നാല്‍ എന്താണ് ഈ ദൈവം? അത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അത് ഇന്നത്തെ സുവിശേഷത്തിലെ 9-ാമത്തെ വചനം കൃത്യമായിട്ട് പറയുന്നുണ്ട്. ഈശോതന്നെ പറയുന്നു, അധാര്‍മ്മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. ഇവിടെയുള്ള ഈ സമ്പത്തിന്‍റെ ലക്ഷ്യം, നമ്പുരാന്‍ വച്ചിരിക്കുന്ന ലക്ഷ്യം, ഇതുകൊണ്ട് സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍... അതായത് സ്നേഹത്തിനുവേണ്ടീട്ട് ഇത് വ്യയംചെയ്യണം. ഭൗദിക സമ്പത്ത് സ്നേഹത്തിനുവേണ്ടീട്ട് വ്യയം ചെയ്യാനാണ് ഈശോ പറയുന്നത്. ഈശോ എന്നോട് ആവശ്യപ്പെടുന്നത്. അതാണ് ഈ സമ്പത്തിന്‍റെ ലക്ഷ്യം. അങ്ങനെയാണെങ്കില്‍ എന്തു സംഭവിക്കും? നിത്യകൂടാരത്തില്‍ സ്വീകരിക്കപ്പെടും. അത് ലോകത്തു കിട്ടുന്ന സമ്മാനമല്ല. നിത്യതയില്‍ സ്വീകരണം ഉണ്ടാകും. ഇതതന്നെയല്ലേ, സുവിശേഷത്തില്‍ ഈശോ ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു പറയുന്ന പ്രമേയം. 18-ാം അദ്ധ്യായത്തില്‍, ധനികനായ അധികാരി നിത്യജീവന്‍ പ്രാപിക്കാന്‍ എന്തുചെയ്യണമെന്നു ചോദിക്കുമ്പോള്‍... എല്ലാം തികഞ്ഞവനോട്, നിനക്ക് ഒരു കുറവുണ്ടെന്നു പറഞ്ഞിട്ട് അവിടുന്ന ചൂണ്ടിക്കാണിക്കുന്നു, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും. സമ്പത്തിന്‍റെ ലക്ഷ്യം അതാണ്. കൊടുക്കുക, പങ്കുവയ്ക്കുക. സ്നേഹിതരെ സമ്പാദിക്കാന്‍ കൊടുക്കുക എന്നു പറഞ്ഞിട്ട്, ഇപ്പോള്‍ പറയുന്നു, ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ എന്താണു സംഭവിക്കുന്നത്?   സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും. നിന്നെ ഭരിക്കുന്ന യജമാനന്‍ ആരാണ്? സമ്പത്താണോ, അതോ ദൈവമാണോ? ദൈവമാണ് ഭരിക്കുന്നതെങ്കില്‍ ഈ സമ്പത്ത് വ്യയയം ചെയ്യാന്‍, വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാന്‍ നീ സന്നദ്ധനാകും.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 19-ാം അദ്ധ്യായം രണ്ടാമത്തെ വചനം ഇതുതന്നെയാണ് സംഭവിക്കുന്നത്. !ജീവിതത്തിന്‍റെ പ്രാധാന്യക്രമം തെറ്റിക്കിടന്നിരുന്ന, സമ്പത്ത് ആകമാനം ജീവിതത്തെ ഭരിച്ചിരുന്ന മനുഷ്യനായിരുന്നു സഖേവൂസ്. കുശുണ്ടാക്കുക, അത് തട്ടിപ്പും വെട്ടിപ്പും നടത്തി കാശുണ്ടാക്കുക. ആ മനുഷ്യന്‍ യേശുവിനെ കണ്ടുകഴിയുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. എന്‍റെ സമ്പത്തില്‍ പകുതി. അതാണ് രണ്ടാമത്തെ വചനം. പകുതി ഞാന്‍ ദരിദ്രര്‍ക്ക് കൊടുക്കാം. സമ്പത്ത് വ്യയംചെയ്യുകയാണ്. സമ്പത്ത് കൊടുക്കുകയാണ്. അത് ഇല്ലാത്തവന് കൊടുക്കുയാണ്. അത് ജീവിതത്തില്‍ ആവശ്യമുള്ളവന് കൊടുക്കുകയാണ്. അവിടെ സംഭവിക്കുന്നത് എന്താണ്. സംഭവിക്കുന്നത് – സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും. 16-ാം അദ്ധ്യായത്തില്‍ ഇതിനുശേഷം വരുന്നൊരു കഥയുണ്ട്. ധനവാന്‍റെയും ലാസറിന്‍റെയും കഥ. ധനവാന്‍ ചെയ്ത ഏക കുറ്റം, സ്വന്തം വാതില്‍ പ്പടിക്കല്‍ (16, 20) കിടന്ന ദരിദ്രനായ, രോഗിയായ ലാസറിനെ കണ്ടില്ല. അവന്‍റെ സമ്പത്ത് ദരിദ്രനായ ഈ ലാസറിനുവേണ്ടി വ്യയംചെയ്യാന്‍, കൊടുക്കാന്‍ ഇവന്‍ തയ്യാറായില്ല. അതുകൊണ്ടാണ് നരകത്തില്‍ പീ‍ഡിപ്പക്കപ്പെടുന്നതായിട്ട് ഈശോ ചിത്രീകരിക്കുന്നത്. ഈശോ ദൈവപരിപാലനയെക്കുറിച്ചു പറയുന്ന 18-ാം അദ്ധ്യായത്തിലും പറയുന്നത് ഇതാണ്. നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് ദാനംചെയ്യുവിന്‍. അതിലൂടെ എന്താണ്, കീറിപ്പോകാത്തതും, പഴകിപ്പോകാത്തതുമായ പണസഞ്ചികളിലെ സമ്പത്ത്, നിത്യജീവന്‍റെ സമ്പത്ത് ശേഖരിക്കാനാണ്.

12-ാം അദ്ധ്യായത്തിലും 15-ാമത്തെ അദ്ധ്യായത്തിലും ഇതുതന്നെയാണ് ക്രിസ്തു പറയുന്നത്. ഭോഷനായ ധനികന്‍റെ കഥ പറഞ്ഞിട്ടില്ലയോ? കൃഷിസ്ഥലം വമ്പന്‍ വിളവുനേടി. ഇയാള്‍ എന്താചെയ്തൂ. ഇതെല്ലാം എങ്ങനെ ശേഖരിക്കും എന്നുള്ള ഉല്‍ക്കണ്ഠയില്‍ കളപ്പുര പൊളിച്ചു പണിയുകയാണ്. എന്നിട്ടു പറയുന്നു, സന്തോഷിക്കുവിന്‍! അനേക സംവത്സരത്തേയ്ക്ക്....സന്തോഷിച്ചുകൊള്ളുവിന്‍!!  അപ്പോഴാണ് ഈശോ കഥയില്‍ പറയുന്നത്. ഭോഷാ, ഭോഷാ..!! ഇന്നു രാത്രി നിന്‍റെ ജീവന്‍ എടുക്കുകയാണെങ്കില്‍... എന്നിട്ട് ഈശോ പറയുന്ന വചനമുണ്ട്, മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്. സമ്പത്ത് വ്യയംചെയ്യുന്നതുകൊണ്ടാണ് മര്‍ത്യജീവിതം സമ്പന്നമാകുന്നത്. സമ്പത്ത് സ്നേഹിതര്‍ക്കു വേണ്ടീട്ട് കൊടുക്കുമ്പോള്‍, സ്നേഹിതരെ നേടാന്‍ വേണ്ടി ഉപയോഗിക്കുമ്പോഴാണ് മനുഷ്യജീവിതം സമ്പന്നമാകുന്നത്, മാത്രമല്ല, സമ്പത്ത് ജീവിതത്തില്‍ ആവശ്യമുള്ളവര്‍ക്കായി, വിശിഷ്യാ പാവങ്ങള്‍ക്കായി പങ്കുവയ്ക്കുമ്പോഴാണ് സമ്പത്തുമൂലം മനുഷ്യജീവതം സമ്പന്നമാക്കപ്പെടുന്നത്. 

നമുക്ക് പ്രാര്‍ത്ഥിക്കാം

ഈശോയെ നീ ഇന്ന് എന്നോട് ആവശ്യപ്പെടുന്നു – എന്‍റെ ജീവിതത്തിന്‍റെ യജമാനന്‍ ആരാണെന്ന് വിലയിരുത്താന്‍. എന്നെ ഭരിക്കുന്നത് ആരാണ്? ഞാന്‍ ആരെയാണ് സേവിക്കുന്നത്? സമ്പത്തിനുള്ള അമിതാഗ്രഹമാണോ എന്‍റെ ജീവിതത്തെ ഭരിക്കുന്നത്? അതോ, നാഥാ, നീയോണോ?  ഈ സമ്പത്ത് സഹോദരങ്ങളുമായി പങ്കുവയ്ക്കാനുള്ളതാണെന്ന ജീവിതമൂല്യം, അത് നമ്മില്‍ കൂടുതല്‍ പാവങ്ങളായവര്‍ക്ക് കൊടുക്കാനുള്ളതാണെന്ന ജീവിതം മൂല്യം... അങ്ങു പകര്‍ന്നു തന്ന ജീവിതമൂല്യം അതാണോ എന്നെ ഭരിക്കുന്നത്? നാഥാ, ഇതു വിലയിരുത്താനുള്ള കഴിവെനിക്കു തരിക. മാത്രമല്ല, ഇതിന്, എന്നെ നയിക്കുന്നവനും ഭരിക്കുന്നവനുമായി അങ്ങു വരണമേ. എന്‍റ ജീവിതമൂല്യങ്ങള്‍ അങ്ങേ ജീവിതമൂല്യങ്ങളായി മാറട്ടെ! അങ്ങനെ ഞാന്‍ അങ്ങെ ഭൃത്യനും സേവകനുമായി തീരട്ടെ!  ആമേന്‍.          








All the contents on this site are copyrighted ©.