2016-09-16 18:12:00

ധന്യയായ അമ്മയും വിധവയും എലിസബത്ത് സാന്ന വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്


ഇറ്റലിയുടെ ഭാഗമായ സര്‍ദീനിയ, മെഡിറ്ററേനിയന്‍ ദ്വീപിലാണ് 17-ാം നൂറ്റാണ്ടില്‍ എലിസബത്ത് സാന്ന ജനിച്ചു വളര്‍ന്നത്. സാധാരണ ജീവിതസാഹചരിങ്ങളി‍ല്‍ മുന്നോട്ടു പോയ സാന്ന വിവാഹിതയായി. 7 മക്കളുടെ അമ്മയായും പിന്നീട് വിധവയായും വിശ്വസ്തതയോടെ ജീവിച്ചു. ഭര്‍ത്താവിന്‍റെ മരണശേഷം മക്കളെ വര്‍ത്തുന്ന വെല്ലുവിളി ജീവിതവിശുദ്ധിക്ക് കൂടുതല്‍ വഴിതെളിച്ചു. കുടുംബസമര്‍പ്പണത്തിലൂടെയും ആതുരശുശ്രൂയിലൂടെയും ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റു തെളിയിച്ച ‘നല്ല അമ്മ’യായിരുന്നു എലിസബത്ത് സാന്ന (1788-1857).

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ സെപ്തംബര്‍ 15-ാം തിയതി വ്യഴാഴ്ച, വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ധന്യയായ സാന്നയുടെ ജീവിതം ലളിതമായി വിവരിച്ചു. ശനിയാഴ്ച, പ്രാദേശിക സമയം രാവിലെ 11-മണിക്ക് സര്‍ദീനിയയിലെ ‘കൊദ്രാഞ്ഞിയാനോസി’ലെ പരിശുദ്ധ ത്രിത്വത്തിന്‍റെ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ ധന്യയായ എലിസബത്ത് സാന്ന വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. 

സാന്നയുടെ ത്യാഗജീവിതവും ജീവസമര്‍പ്പണവും മക്കള്‍ക്കും ചുറ്റുമുള്ളവര്‍ക്കും എന്നും മാതൃകയും പ്രചോദനവുമായിരുന്നു. സ്വന്തം മക്കള്‍ക്കൊപ്പം അയല്‍പക്കത്തുള്ള മറ്റു കുട്ടികള്‍ക്കും മതബോധനത്തിലൂടെ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷവും സാന്ന പങ്കുവച്ചു നല്കി.  പ്രായപൂര്‍ത്തിയായപ്പോള്‍ ആ നല്ല അമ്മയുടെ ജീവിതമാതൃകയില്‍ സല്‍സ്വഭാവികളായ മക്കള്‍ സ്വയം പര്യാപ്തിയാര്‍ജ്ജിച്ചു.

ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ മണ്ണിലേയ്ക്കുള്ള തീര്‍ത്ഥാടനം എക്കാലത്തും സാന്നയുടെ ജീവിതസ്വപ്നമായിരുന്നു. 1832-ല്‍ വിശുദ്ധ നാട്ടിലേയ്ക്ക് സാന്ന കപ്പല്‍ കയറിയെങ്കിലും, സര്‍ദീനിയയില്‍നിന്നും മെഡിറ്ററേനിലയനിലൂടെ റോംവരെ യാത്രചെയ്യാനേ സാന്നയ്ക്കു സാധിച്ചുള്ള. രോഗഗ്രസ്ഥയായവള്‍ വിശുദ്ധ പളോട്ടിയുടെ റോമിലെ അഗതിമന്ദിരത്തില്‍ പരിചരിക്കപ്പെട്ടു. സഹോദരനായ വൈദികന്‍റെ (P. Antonio Luigi) സഹായത്തോടെയാണ് സാന്ന വിശുദ്ധനുമായി പരിചയപ്പെട്ടത്. തന്‍റെ ജീവിതക്കുരിശുകള്‍ വഹിക്കുമ്പോഴും ക്രിസ്തുവിന്‍റെ സ്നേഹം അപരനുവേണ്ടി, വിശിഷ്യാ പാവങ്ങളും രോഗികളുമായവര്‍ക്കായി പങ്കുവയ്ക്കുന്നതില്‍ കാണിച്ച ശുഷ്ക്കാന്തിയാണ് സാന്നയെ ആത്മീയ സന്തോഷത്തോടെ മുന്നേറാന്‍ സഹായിച്ചത്.

റോമിലെ അഗതിമന്ദിരത്തില്‍ ആ എളിയ ജീവിതം ക്രിസ്തീയതയുടെ സമുന്നത സമര്‍പ്പണമായി മാറി. അങ്ങനെ മെല്ലെ വിശുദ്ധ പളോട്ടിയുടെ പ്രേഷിതദൗത്യത്തില്‍ പങ്കുചേര്‍ന്നവള്‍ ആതുരശുശ്രൂഷയിലൂടെ എളിയ ജീവിതം ക്രിസ്ത്വാനുകരണത്തിന്‍റെ സമുന്നത പാതയില്‍, ദൈവത്തിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാക്കി.  

25 വര്‍ഷക്കാലം റോമില്‍ ജീവിച്ച സാന്ന 1857 ഫെബ്രുവരി 17-ന് നിത്യതിയിലേയ്ക്ക് കടന്നുപോയി. ഏഴു മക്കളുടെ അമ്മയായി അനുദിന ജീവതചര്യകളില്‍ മുഴുകിയപ്പോഴും വിശുദ്ധിയുടെ നറുമലരായി വിടര്‍ന്നു വിരിഞ്ഞു ആ ജീവിതം!

 








All the contents on this site are copyrighted ©.