2016-09-14 19:18:00

പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണ പദ്ധതികള്‍ പുരോഗമിക്കുന്നു


സഭാനവീകരണത്തിനുള്ള കാര്‍ദ്ദിനാള്‍ സംഘം പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സംഗമിച്ചു. സെപ്തംബര്‍ 12-ാം തിയതി തിങ്കളാഴ്ച മുതല്‍ 14-ാം തിയതി ബുധനാഴ്ചവരെയായിരുന്നു സംഗമം. ഇത് 16-ാമത്തെ ചര്‍ച്ചാസംഗമവും കൂടിക്കാഴ്ചയുമായിരുന്നു. സഭാദൗത്യം നിര്‍വ്വഹിക്കുന്നതില്‍ വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങള്‍ കാലികമായി വര്‍ദ്ധിച്ച കാര്യശേഷി നേടത്തക്കവിധത്തില്‍ ക്രമീകരിക്കാനാണ് നവീകരണ സംഘം പാപ്പാ ഫ്രാന്‍സിസ് രൂപപ്പെടുത്തിയിരിക്കുന്നത്. 

പേപ്പല്‍ വസതി സാന്താമാര്‍ത്തയില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ചര്‍ച്ചകളില്‍ എല്ലാംതന്നെ പാപ്പാ സന്നിഹിതനായിരുന്നെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക്, ബുധനാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

വൈദികരുടെ കാര്യങ്ങള്‍ക്കുള്ള വത്തിക്കാന്‍ സംഘം, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കുള്ള കാര്യാലയം, കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘം, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എന്നിങ്ങനെ വത്തിക്കാന്‍റെ നാലു പ്രവര്‍ത്തന വിഭാഗങ്ങളെക്കുറിച്ചുള്ള നവീകരണ തീരുമാനങ്ങളിലേയ്ക്കായിരുന്നു ഇക്കുറി പാപ്പായുടെ സാന്നിദ്ധ്യത്തിലുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പഠനങ്ങളും ചര്‍ച്ചകളും നീങ്ങിയതെന്ന് ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കി. 

ആശയവിനിമയത്തിനുള്ള സെക്രട്ടറിയേറ്റ്, മാനവിക വികസനത്തിനായുള്ള പുതിയ വകുപ്പ്, വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയം എന്നീ വിഭാഗങ്ങള്‍ അവരുടെ  പ്രവര്‍ത്തന റിപ്പോര്‍ടുകള്‍ പാപ്പായെയും കര്‍ദ്ദിനാള്‍ സംഘത്തെയും ബോധിപ്പിച്ചതായി ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍നിന്നായി ഒന്‍പത് കര്‍ദ്ദിനാളന്മാര്‍ അംഗങ്ങളായുള്ള നവീകരണ സംഘത്തിന്‍റെ  അടുത്ത ചര്‍ച്ച സംഗമം ഡിസംബര്‍ 12, 13, 14 തിയതികളില്‍ നടക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. മുംബൈ അതിരൂപതാദ്ധ്യക്ഷനും, ഭാരതത്തിലെ ലത്തീന്‍ സഭാസമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റുമായ കര്‍ദ്ദാനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് C9 കര്‍ദ്ദിനാള്‍ സംഘത്തിലെ സജീവ അംഗമാണ്.








All the contents on this site are copyrighted ©.