2016-09-10 13:11:00

ലദിസ്ലാവ് ബുക്കൊവ്വിഞ്ഞിസ്കി വാഴ്ത്തപ്പെട്ടപദത്തിലേക്ക്


ധന്യനായ ലദിസ്ലാവ് ബുക്കൊവ്വിഞ്ഞിസ്കി ഞായറാഴ്ച (11/09/16) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും.

റഷ്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കസാക്കിസ്ഥാനിലെ  കരഗണ്ടായില്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാല്‍ ആഞ്ചെലൊ അമാത്തൊ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തിരുക്കര്‍മ്മ മദ്ധ്യേ ആയിരിക്കും അദ്ദേഹം വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുക.

ഉക്രയിനിലെ ബെര്‍ദിച്ചോവില്‍ 1904 ഡിസംബര്‍ 22 ന് ജനിച്ച ധന്യന്‍ ലദിസ്ലാവ് ബുക്കൊവ്വിഞ്ഞിസ്കി കസാക്കിസ്ഥാനിലെ  കരഗണ്ടായില്‍ വച്ച് 1974 ഡിസംബര്‍ 3 നാണ് മരണമടഞ്ഞത്.

റഷ്യയുടെ ആധിപത്യകാലത്ത് ഉക്രയിനില്‍ നിന്ന് പോളണ്ടിലേക്ക് സകുടുംബം കുടിയേറിയ ബുക്കൊവ്വിഞ്ഞിസ്കി പൗരോഹിത്യം സ്വീകരിക്കുകയും ഇടവകവൈദികനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധ വേളയില്‍, രോഗികള്‍ക്കും  ആവശ്യത്തിലിരിക്കുന്നവര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും തന്‍റെ അജപാലന ശുശ്രൂഷയില്‍ സവിശേഷ ശ്രദ്ധ നല്കിയിരുന്ന അദ്ദേഹം നിരവധി തവണ തടങ്കിലടയ്ക്കപ്പെടുകയും കഠിനദ്ധ്വാന പാളയങ്ങളിലേക്കയക്കപ്പെടുകയും ചെയ്തു. പിന്നീട് റഷ്യന്‍ പൗരത്വം സ്വീകരിച്ചതിനെ തുടര്‍ന്ന് റഷ്യയില്‍ സ്വതന്ത്രനായി സഞ്ചരിക്കാനുള്ള സാഹചര്യം ലഭിച്ചെങ്കിലും ലദിസ്ലാവ് ബുക്കൊവ്വിഞ്ഞിസ്കി രണ്ടു പതിറ്റാണ്ടോളം ക്രിസ്തീയ ആദ്ധ്യാത്മിക ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചത് രഹസ്യമായിട്ടായിരുന്നു. കസാക്കിസ്ഥാനായിരുന്നു അദ്ദേഹത്തിന്‍റെ പ്രേഷിതപ്രവര്‍ത്തന വേദി പ്രധാനമായും.








All the contents on this site are copyrighted ©.