2016-09-10 16:41:00

ഉപമകള്‍ പഠിപ്പിക്കുന്ന തിരിച്ചുവരവിന്‍റെ സന്തോഷം


ഇന്നത്തെ സുവിശേഷഭാഗത്ത് ഈശോ പറയുന്നത് മൂന്നു കഥകളാണ് –  മൂന്ന് ഉപമകള്‍.

ഇതിന്‍റെ പ്രത്യേകത ഈ മൂന്നു കഥകളുടെയും വിഷയം, അല്ലെങ്കില്‍  അതിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആഹ്ലാദത്തെക്കുറിച്ചാണ്. അതായത് ഈശോ പറയാന്‍ ഉദ്ദേശിക്കുന്നത് ഏങ്ങനെ ജീവിതം ആഹ്ലാദകരമാക്കാം എന്നാണ്. ജീവിതത്തില്‍ സന്തോഷിക്കാന്‍ എന്തുചെയ്യണം? അതിനുള്ള സൂത്രം, അതിനുള്ള കുറുക്കു വഴികളാണ് ഈ മൂന്നു ഉപമകളിലൂടെയും ക്രിസ്തു പറഞ്ഞുവയ്ക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ഈ മൂന്നു കഥകളുടെയും പശ്ചാത്തലമായി നില്ക്കുന്ന അന്നത്തെ സാമൂഹ്യ അന്തരീക്ഷമാണ്. കാരണം ഫരിസേയരും നിയമജ്ഞരും പിറുപിറുക്കുന്നു, അതൃപ്തരാകുന്നു. കാരണം, അവിടുന്ന് പാപികളുടെയും ചുങ്കക്കാരുടെയുംകൂടെ നടക്കുന്നു. അവര്‍ ഈശോയുടെ അടുത്തു വരുന്നു. അവര്‍ ആഹ്ലാദിക്കുന്നു. അത്തരം ഒരു ആഹ്ലാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈശോ അതിന് ഹേതുവാകുന്ന മൂന്നു ഉപമകള്‍ പറയുന്നത്.

ഒന്നാമത്തേത്, നഷ്ടപ്പെട്ട ആടിന്‍റെ കഥയാണ്. നഷ്ടപ്പെട്ടതിനെ ആ ഇടയന്‍ കണ്ടെത്തുമ്പോള്‍, അവിടുന്നു പറയുന്നു. അവന്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. തോളിലേറ്റി ആഹ്ളാദിക്കുന്നു. ഇതു തന്നെയാണ് നാണയം നഷ്ടപ്പെട്ട സ്ത്രീയുടെയും അവസ്ഥ. നഷ്ടപ്പെട്ട നാണയം കണ്ടുകിട്ടിയപ്പോള്‍ അവള്‍ സന്തോഷിക്കുന്നു. അയല്‍ക്കാരെയെല്ലാം ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.  

ഇത് ഒന്നുകൂടെ വിശദമായിട്ടും വിശാലമായിട്ടും പറയുന്നതാണ് ധൂര്‍ത്തപുത്രന്‍റെ കഥ.  മകന്‍ തിരിച്ചെത്തുമ്പോള്‍ നമുക്ക് ആഹ്ലാദിക്കാം ആനന്ദിക്കാം എന്നാണ് പിതാവ് പറയുന്നത്. ആഘോഷവും ആഹ്ലാദവും തുടങ്ങുകയാണ്. എന്നു പറഞ്ഞാല്‍ എങ്ങനെ ജീവിതം ആഹ്ലാദകരമാക്കാം? ഇതാണ് ഈശോ നമ്മോട് പറഞ്ഞു തരുന്നത്.  ശ്രദ്ധിക്കേണ്ടത്, ഈ മൂന്നു കഥകളിലും മനുഷ്യവ്യക്തിയായിട്ടു വരുന്നത് ധൂര്‍ത്തപുത്രനാണ്. ഈ ധൂര്‍ത്തപുത്രന്‍റെ കഥയിലെ പുത്രന്‍റെ അവസ്ഥയില്‍ ഇതില്‍പ്പരം ആഹ്ലാദമുണ്ടാകുമോ? കാരണം ഒന്നും പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ടവന്‍ തിരിച്ചുവരുന്നമ്പോള്‍ കിട്ടുന്നതെന്താണ്. അവന് അര്‍ഹതപ്പെട്ടത് ഒന്നുമില്ലാതിരിക്കെ എല്ലാം കിട്ടുന്നു. അവന് അര്‍ഹതയില്ല, ഒരു വേലക്കാരനായിട്ടു കരുതണമെന്നാണ് ആവശ്യപ്പെട്ടത്. എന്നിട്ടോ, അവന്‍ പ്രതീക്ഷിച്ചതിലും, അവന്‍ ആവശ്യപ്പെട്ടതിലും അവന് അവകാശപ്പെട്ടതിലും അധികമായിട്ടു കിട്ടുമ്പോഴുള്ള അവന്‍റെ ആഹ്ലാദം! ആഹ്ലാദത്തിന്‍റെ പൊരുള്‍ ഇതാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ കിട്ടുന്നല്ലോ, കിട്ടുന്നല്ലോ എന്നുള്ള ഹൃദയത്തിന്‍റെ വലിയ തൃപ്തി. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ നാം എന്തുചെയ്യണം? അര്‍ഹിക്കാതെ ജീവിതത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നന്മകള്‍, അനുഗ്രഹങ്ങള്‍, അതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, ജീവിതം ആഹ്ലാദകരമാക്കുക!

അവസാനമായി പുറത്തിറങ്ങിയ ഫ്രാന്‍സിസ് പാപ്പായുടെ പുസ്തകമാണ്, The Name of God is Mercy.  “ ദൈവത്തിന്‍റെ പേര് കരുണ”യെന്നാണ്. അതില്‍ പറയുന്നൊരു സംഭവമുണ്ട്. ബ്യൂനസ് ഐരസില്‍ പാപ്പാ ഫ്രാന്‍സിസ് മെത്രാപ്പോലീത്തയായിരുന്ന കാലത്ത് അര്‍ജന്‍റീനയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ നില്ക്കുകയായിരുന്നു. അവിടെ പ്രാര്‍ത്ഥിക്കാനും, കുമ്പസാരിപ്പിക്കുവാനുമായി ചെന്നതാണ്. അപ്പോള്‍ മാതാവിന്‍റെ അടുത്ത് പ്രാര്‍ത്ഥിക്കാനായി ഒരു ചെറുപ്പക്കാരി സ്ത്രീ എത്തി. അവള്‍ പ്രാര്‍ത്ഥിക്കാന്‍ അവിടെ വരുന്നത് പതിവാണ്. അതിനു മുന്‍പും അവളെ കണ്ടിട്ടുണ്ട്. അവള്‍ പിതാവിനോടു സംസാരിച്ചു. ഇങ്ങനെ പറഞ്ഞു. മാതാവിനോടു നന്ദിപറയാന്‍ വന്നതാണ്.

അപ്പോള്‍ ചോദിച്ചു. എന്തിനാ നന്ദീ! അവള്‍ പറഞ്ഞു. പിതാവിന് അറിയാമെന്നു വിചാരിക്കുന്നു. മൂന്നു മക്കളുടെ അമ്മയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. മക്കളെ പുലര്‍ത്താന്‍ മറ്റൊരു മാര്‍ഗ്ഗമൊന്നും ഇല്ലാതിരുന്നതിനാല്‍ വേശ്യാവൃത്തിക്കുപോയിരുന്നു. എന്നാല്‍, മാതൃസന്നിധിയില്‍ വന്ന് മുടങ്ങാതെ, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുമായിരുന്നു. നല്ലൊരു ജോലി തരണേ! ഈ തിന്മയില്‍നിന്നൊരു വിടുതല്‍ തരണേ! അങ്ങനെ ഇരിക്കെ, തന്‍റെ പക്കല്‍ വന്ന ഒരു മനുഷ്യന്‍, ഒരു ‘കസ്റ്റമര്‍’ കൂടെപ്പോരുന്നോ എന്നു അവളോട് ചോദിച്ചു. അങ്ങനെ അവള്‍ അയാളുടെ കൂടെപ്പോയി. അയാള്‍ കൊടുത്ത ജോലിചെയ്തു ജീവിക്കുകയാണ് ഇപ്പോള്‍. അതിന് നന്ദിപറയാന്‍ വന്നതാണ് മാതാവിന്‍റെ പക്കല്‍! പിതാവ് രണ്ടു കാര്യം ചോദിച്ചു,  ആദ്യം ആ വന്നയാളുടെ പ്രായം. അതു ചോദിച്ചതിനു കാരണം, പുസ്തകത്തില്‍ പറയുന്നുണ്ട്. അവളെ അയാള്‍ ഉപയോഗിക്കുകയായിരുന്നോ, എന്ന സംശയം മാറ്റാന്‍ വേണ്ടിയായിരുന്നു. രണ്ടാമത് ചോദിച്ചത്, കല്ലാണം കഴിക്കുന്ന കാര്യം നീ അയാളോട് പറഞ്ഞോ, ആവശ്യപ്പെട്ടോ? അതിനെക്കുറിച്ച് പറഞ്ഞ് അയാളെ പേടിപ്പിക്കേണ്ടല്ലോ! എന്നു വിചാരിച്ച് ഞാന്‍ പറയാതിരിക്കുകയാണ്. അവള്‍ പറഞ്ഞു. 

പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ കിട്ടുമ്പോഴാണ് ഹൃദയത്തില്‍ ആഹ്ലാദമുണ്ടാകുന്നത്. നമുക്ക് അര്‍ഹതപ്പെട്ടതിലും കൂടുതല്‍ കിട്ടുമ്പോഴാണ് ജീവിതത്തില്‍ തൃപ്തിയുണ്ടാകുന്നത്. അതുതന്നെയാണ് ധൂര്‍ത്തപുത്രനും സംഭവിച്ചത്. അര്‍ഹിക്കുന്നതിലും കൂടുതല്‍ കിട്ടി. പ്രതീക്ഷിച്ചതിലും അധികമായി കിട്ടി. അതു കിട്ടിയപ്പോഴുള്ള ആഹ്ലാദം അത്യധികമാണ്! മറ്റൊരു തരത്തിലും ആഹ്ലാദം ലഭിക്കാം. അതാണ് ഈശോ പറഞ്ഞ മൂന്നു കഥകളിലും നിറഞ്ഞുനില്ക്കുന്ന ആഹ്ലാദം. കാണാതെ പോയ ആടിനെ തിരിച്ചുകിട്ടുമ്പോള്‍ ഇടയന്‍ തോളിലേറ്റുന്നു. എന്നിട്ട് കൂട്ടുകാരോടും ആഹ്ലാദിക്കാന്‍ പറയുന്നു. ഇതുതന്നെ നാണയം നഷ്ടപ്പെട്ട സ്ത്രീയും ചെയ്തത്. നഷ്ടപ്പെട്ടതു കണ്ടുകിട്ടുമ്പോള്‍ ആഹ്ലാദിക്കുകയാണ്.

ധൂര്‍ത്തപുത്രന്‍റെ പിതാവില്‍ പ്രകടമാകുന്നതും ഇത്തരത്തിലുള്ള ആനന്ദമാണ്. മകനെ തിരകെ കിട്ടിയപ്പോള്‍ ആ പിതാവ് മതിമറന്ന് ആഹ്ലാദിക്കുകയാണ്. എന്താണ് ആഹ്ലാദത്തിന്‍റെ പ്രത്യേകത? മകനുവേണ്ടീട്ട്, എല്ലാം കൊടുക്കുയാണ്. മെഴുത്ത കാളയെ കൊല്ലുന്നു. വലിയസദ്യ ഒരുക്കുന്നു. ഇങ്ങനെ കൊടുക്കുമ്പോള്‍, അതും ഉദാരമായിട്ടു, കലവറയില്ലാതെ കൊടുക്കുമ്പോള്‍....! മൂത്ത മകന്‍ പിണങ്ങുന്നു, കാരണം ഇവന്‍ അര്‍ഹതപ്പെട്ടവനല്ലല്ലോ എന്ന ചിന്തയാണ്. അയാള്‍ പിതൃസ്വത്തിന്‍റെ ഓഹരി, വിഹിതമെല്ലാം വാങ്ങി വീടു വിട്ടിറങ്ങി പോയവനാണ്. അര്‍ഹതപ്പെട്ടവന്‍ അല്ലെങ്കില്‍പ്പോലും കൂടുതല്‍ ഉദാരതയോടെ, ഹൃദയവിശാലതയോടെ കൊടുക്കുമ്പോള്‍ ആ പിതാവിന്‍റെ ഹൃദയത്തില്‍ നിറയുന്നൊരു ആഹ്ലാദ തിമിര്‍പ്പാണ് ആ വരുന്നിലും ആഘോഷത്തിലും പ്രകടമാകുന്നത്. 

ജീവിതം ആഹ്ലാദകരമാകണമെങ്കില്‍ നാം ഉദാരമായി കൊടുക്കണം. അതാണ് ഈശോ പറഞ്ഞുതരുന്നത്. ഉദാരമായി കൊടുക്കുക അപ്പോള്‍ ഹൃദയത്തില്‍ ആനന്ദമുണ്ടാകും. രണ്ടാമത്തെ കാര്യം അതാണ്. നമ്മുടെ മുന്നില്‍ വന്നിരിക്കുന്ന, നമ്മുടെ കൂടെ ആയിരിക്കുന്ന മനുഷ്യന്‍ അര്‍ഹിക്കുന്നതിലൂം കൂടുതല്‍ കൊടുക്കുമ്പോഴാണ്, കൊടുക്കുന്ന ആള്‍ക്ക് സന്തോഷം ഉണ്ടാകുന്നത്, ആഹ്ലാദം ഉണ്ടാകുന്നത്. ഇതാണ് ക്രിസ്തു എന്നോട് ഇന്ന് ആവശ്യപ്പെടുന്നത്. കൊടുക്കുക, കൊടുക്കുക, കൂടുതാലിയിട്ട് കൊടുക്കുക. കൊടുക്കുമ്പോള്‍ കൊടുക്കുന്നയാള്‍ക്കും സന്തോഷം ലഭിക്കുന്നു.

ഇതിന് ഏറ്റവും നല്ല ഉദാഹരണം മദര്‍ തെരേസയുടെ ജീവിതമാണ്. ആ ജീവിതം ഏറെ സന്തോഷകരമായി, വിശുദ്ധമായി!  മുന്നില്‍ വന്നുനിന്ന ദരിദ്രിനും, കുഷ്ഠരോഗിയും, ചെറിയവനും, മരിക്കാന്‍ പോകുന്നവനും ആ അമ്മ ഭക്ഷണവും ശുശ്രൂഷയും കൊടുത്തു! അവരൊക്കെ അര്‍ഹിക്കുന്നതിലും കൂടുതല്‍ കൊടുത്തുപ്പോള്‍ അമ്മയുടെ ജീവിതം ആഹ്ലാദകരമാകുകയാണ്, തൃപ്തികരമാകുകയാണ്. മദര്‍ പങ്കുവയ്ക്കലിലൂടെയും സ്വയാര്‍പ്പണത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത  ആത്മീയ ആഹ്ലാദത്തിന്‍റെ നിറവാണ് അമ്മയുടെ വിശുദ്ധി. അതിനാലാണ് മദര്‍ തെരേസ വിശുദ്ധി പ്രാപിച്ചത്. വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. മദര്‍ വിശുദ്ധയായി തീര്‍ന്നത്.

ആഹ്ലാദത്തിന് മറുവശമുണ്ട്. അതും ഈ മൂന്നു ഉപമകളുടെ പശ്ചാത്തലത്തില്‍ തെളിയുന്നുണ്ട്. കാരണം ഉപമകള്‍ക്ക് പശ്ചാത്തലമായിട്ട് സുവിശേഷകന്‍ പറയുന്നു, ഫരീസേയരും നിയമജ്ഞരും പിറുപിറുത്തു. കാരണം ഈ മനുഷ്യന്‍, ക്രിസ്തു പാപികളെ സ്വീകരിക്കുകയും അവരുടെകൂടെ പന്തിയില്‍ ഇരിക്കുകയും ചെയ്യുന്നു. ഈശോ പാപികളുടെകൂടെ പന്തി ഭോജനം നടത്തുന്നതില്‍, വിരുന്നിരിക്കുന്നതിലുള്ള അവരുടെ അസംതൃപ്തിയാണത്.!

പിറുപിറുക്കുന്നവര്‍, അവര്‍ക്ക് സന്തോഷമില്ല. കാരണം? അവരുടെ ശ്രദ്ധ മുഴുവന്‍ മറ്റുള്ളവര്‍ക്കു കിട്ടുന്ന വലിയ ഭാഗ്യത്തിലാണ്. ഇതു തന്നെയാണ് മൂത്ത മകന്‍റെയും അവസ്ഥ. അയാള്‍ വീട്ടില്‍ സദ്യ നടക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അതില്‍ വിഷമിച്ച്, സന്തോഷമില്ലാത്തവനായി മാറി.  അകത്തു കയറാതെ പരിഭവിച്ചു നില്ക്കുകയാണ്. കാരണമെന്താണ്? ധൂര്‍ത്തപുത്രനായ തന്‍റെ സഹോദരനു കിട്ടിയ വലിയ ഭാഗ്യത്തിലേയ്ക്ക് ശ്രദ്ധിച്ചു നില്ക്കുകയാണ്, അതില്‍ അസൂയപ്പെട്ടു നില്ക്കുകയാണ്. ജീവിതത്തിന്‍റെ തൃപ്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണം ഇതുതന്നെ. നമ്മുടെ ശ്രദ്ധ, നമ്മുടെ കണ്ണ് മറ്റുള്ളവര്‍ക്കു കിട്ടുന്ന സൗഭാഗ്യത്തിലാകുകയും അതില്‍ വിഷമിക്കുകയും ചെയ്യുമ്പോള്‍, അസൂയപ്പെടുമ്പോള്‍ നമ്മുടെ ജീവിതം തൃപ്തിയില്ലാത്തതാകും. നമ്മുടെ ശ്രദ്ധ മറ്റുള്ളവര്‍ക്കു കിട്ടുന്ന വിലയ സൗഭാഗ്യങ്ങളിലേയ്ക്ക് തിരിഞ്ഞു തിരിഞ്ഞു പോകുമ്പോള്‍  നമ്മുടെ ജീവിതത്തില്‍ തൃപ്തി കുറഞ്ഞു കുറഞ്ഞു വരുന്നു! മറിച്ച് ജീവിതം തൃപ്തികരമാകണമെങ്കില്‍ തമ്പുരാന്‍ അനുദിനം തന്നുകൊണ്ടിരിക്കുന്ന നന്മകള്‍ക്ക്, അര്‍ഹതയില്ലാതിരുന്നിട്ടുപോലും തന്നുകൊണ്ടിരിക്കുന്ന വലിയ നന്മകള്‍ക്ക് നന്ദിയുള്ളവരായിരിക്കാം. ദൈവികനന്മകളിലേയ്ക്കു ശ്രദ്ധ തിരിക്കാം. അതില്‍ പ്രതിനന്ദിയുള്ളവരായി ജീവിക്കുമ്പോഴാണ് നമ്മില്‍ സന്തോഷം, തൃപ്തി, നന്ദി, എന്നീ വികാരങ്ങള്‍ ഉണരുന്നത്! ജീവിതം ദൈവത്തോടു എന്നും നന്ദിയുള്ളതായി മാറേണ്ടതാണ്. അപ്പോള്‍ ജീവിതം ആഹ്ലാദകരമാകും, അത് ആനന്ദകരമായി മാറും!

പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങ് ഇന്ന് എന്നോടു പറഞ്ഞു തരുന്ന ഈ വലിയ രഹസ്യം തിരിച്ചറിയാനുള്ള കൃപതരണമേ! ജീവിതം മുന്നോട്ടു പോകുമ്പോള്‍, എന്‍റെ മനസ്സിന്‍റെയും ഹൃദയത്തിന്‍റെ ശ്രദ്ധ...   അങ്ങ് അനുദിനം തന്നുകൊണ്ടിരിക്കുന്ന വലിയ നന്മകള്‍ പലതും സ്വീകരിക്കാന്‍ ഞാന്‍ അര്‍ഹതയില്ലാത്തവാനാണ്. എന്നിട്ടും അങ്ങ് എനിക്കു തന്നുകൊണ്ടിരിക്കുന്ന നന്മകളിലേയ്ക്ക് ശ്രദ്ധ തിരിക്കാനും, അതിന് നന്ദിയുള്ളവനായി ജീവിക്കാനും കൃപതരിക! അപ്പോള്‍ എന്‍റെ ജീവിതം ആഹ്ലാദമകരമാകും. അപ്പോള്‍ അങ്ങേ മുന്നില്‍ വന്നു നില്ക്കുന്ന പ്രിയപ്പെട്ടവരാകാം ഞങ്ങള്‍.  എന്‍റെ സഹോദരങ്ങള്‍ക്കോ  പരിചിതര്‍ക്കോ അര്‍ഹിക്കുന്നതിലും കൂടുതല്‍ അങ്ങ് കൊടുക്കുമ്പോള്‍ എന്‍റെ ജീവിതത്തില്‍, എന്‍റെ ഹൃദയത്തില്‍ തൃപ്തി വിടരട്ടെ. ഈശോയേ, അങ്ങ് ഇത് എന്നെ പഠിപ്പിക്കുന്നു. ഈശോയേ,  ഉദാരമായിട്ടു കൊടുക്കാനും, മറ്റുള്ളവര്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ കൊടുക്കാനുള്ള കൃപ തരിക. അതിലൂടെ അവര്‍ക്കു, സന്തോഷമുണ്ടാകുന്നു. എന്നിലും ആനന്ദമുണ്ടാകുന്നു. ഈ തിരിച്ചരിവിലേയ്ക്ക് എന്നെ അങ്ങ് കൈപിടിച്ചു നടത്തണേ.

നാഥാ, മറ്റുള്ളവര്‍ക്കു കിട്ടുന്ന ജീവിത സൗഭാഗ്യങ്ങളെ ശ്രദ്ധിച്ച്, എന്‍റെ ജീവിതം തൃപ്തിയില്ലാത്തത് ആയിത്തീരാന്‍ ഒരിക്കലും അങ്ങ് ഇടയാക്കല്ലേ. അങ്ങ് കൂടെയുണ്ടായിരിക്കണമേ, നാഥാ!   അങ്ങാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ആ സമ്മാനം സ്വീകരിച്ചും, അനുഭവിച്ചും സന്തോഷത്തോടും തൃപ്തിയോടുംകൂടെ ജീവിതം പൂര്‍ത്തായിക്കാനുള്ള കൃപതരണമേ! ആമേന്‍.

 








All the contents on this site are copyrighted ©.