2016-09-07 19:46:00

മദ്ധ്യാഫ്രിക്കയുമായി വത്തിക്കാന്‍റെ സാമൂഹ്യവികസന ഉടമ്പടി


വത്തിക്കാനും മദ്ധ്യാഫ്രിക്കയും തമ്മില്‍ സമൂഹ്യ പുരോഗതിക്കുള്ള കരാറില്‍ ഒപ്പുവച്ചു.  സെപ്തംബര്‍ 6—ാം തിയതി ചൊവ്വാഴ്ച തലസ്ഥാന നഗരമായ ബാംഗ്വിയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ ചേര്‍ന്ന സംഗമത്തിലാണ് സമൂഹ്യപുരോഗതിക്കുള്ള ഉഭയകക്ഷി കരാറില്‍ വത്തിക്കാന്‍റെയും മദ്ധ്യാഫ്രിക്കയുടെയും പ്രതിനിധികള്‍ ഒപ്പുവച്ചത്. അവിടത്തെ ജനങ്ങളുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതി ലക്ഷ്യമാക്കിയാണ് വത്തിക്കാന്‍ മദ്ധ്യാഫ്രിക്കയുമായി കാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പ്രസിഡന്‍റ്, ഫൗസ്റ്റിന്‍ ആര്‍ക്കേഞ്ചെ തൗദേര സന്നിഹിതനായിരുന്ന ചടങ്ങില്‍, വത്തിക്കാനെ പ്രതിനിധീകരിച്ച്, സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഫ്രാങ്കോ കൊപ്പൊളയും, മദ്ധ്യാഫ്രിക്കയുടെ വിദേശകാര്യ മന്ത്രി, ചാള്‍സ് ആര്‍മേല്‍ ടുബെയ്നും കരാറില്‍ ഒപ്പുവച്ചു.

ബാംഗ്വിയുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ തലവനുമായ ആര്‍ച്ചുബിഷപ്പ് എഡ്വേര്‍ഡ് ബഡോബോ, മദ്ധ്യാഫ്രിക്കയുടെ സമൂഹ്യ ഉപദേശക സമിതി അംഗം ഇസാമോ ബലിപ്പു എന്നിവരും, ഇരുപക്ഷത്തെയും പ്രഖമുഖരും നയതന്ത്ര പ്രതിനിധികളും ജനനന്മ ലക്ഷ്യമാക്കിയുള്ള കരാര്‍ ഒപ്പുവച്ച ഊദ്യോഗിക ചടങ്ങിന് സാക്ഷികളായി.

ഉടമ്പടി ലക്ഷ്യവും അതിന്‍റെ പ്രായോഗികതയും കാലപരിധിയും വ്യക്തമാക്കുന്ന ഉദ്ദേശ്യപ്രസ്താവനയും (Preamble), അതിനെ പിന്‍തുണയ്ക്കുന്ന 21 വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് മദ്ധ്യാഫ്രിക്ക-വത്തിക്കാന്‍ മാനവവികസന കരാര്‍. സ്ഥിരീകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തായായാല്‍ പൊതുനന്മയ്ക്കും വ്യക്തികളുടെ ധാര്‍മ്മികവും ആത്മീയവും ഭൗതികവുമായ ഉന്നതിക്കായുള്ള കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് വത്തിക്കാന്‍ പ്രസ്താവന അറിയിച്ചു.

ഇറ്റലിയില്‍ത്തന്നെ പല ശാഖകളും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ  സേവനപരിചയവും പഴക്കവും, ഉയര്‍ന്ന ഗവേഷണ കേന്ദ്രവുമുള്ള വത്തിക്കാന്‍റെ കുട്ടികള്‍ക്കായുള്ള ആശുപത്രിയുടെ (Gesu Bambino Paediatric Hospital Rome) കീഴിലായി മദ്ധ്യാഫ്രിക്കയിലെ ബാംഗ്വിയില്‍ ആശുപത്രി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.   ജൂബിലിവത്സരത്തിന്‍റെ ആരംഭത്തില്‍, നവംബര്‍ 2015-ല്‍ അവിടേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തിയ സന്ദര്‍ശനത്തോടെയാണ്  (30, നവംബര്‍ 2015) കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ ആശുപത്രിയുടെ ശാഖ ബാംഗ്വിയില്‍ തുറന്നത്. മദ്ധ്യാഫ്രിക്കയിലെ ആശുപത്രിയുടെ വികസനവും, തദ്ദേശവാസികളുടെ പഠനവും പരിശിലവും നടപ്പിലാക്കുന്നതിനുള്ള പിന്‍തുണയും പ്രോത്സാഹനവും വത്തിക്കാന്‍ ഇപ്പോഴും നല്‍കുന്നുണ്ട്.








All the contents on this site are copyrighted ©.