2016-09-05 12:43:00

വിശുദ്ധ മദര്‍ തെരേസ : ദൈവിക സ്നേഹത്തിന്‍റെ തെളിഞ്ഞ കണ്ണാടി


കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസ ദൈവിക സ്നേഹത്തിന്‍റെ തെളിഞ്ഞ കണ്ണാടിയും  പരസേവനത്തിന്‍റെ ആദരണീയ മാതൃകയുമാണെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

നവവിശുദ്ധ മദര്‍ തെരേസയുടെ തിരുന്നാള്‍ ആദ്യമായി ആഘോഷിക്കപ്പെട്ട ദിനത്തില്‍, അതായത് തിങ്കളാഴ്ച (05/09/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അങ്കണത്തില്‍ അര്‍പ്പിക്കപ്പെട്ട സാഘോഷമായ സമൂഹദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്ന അദ്ദേഹം വചന സന്ദേശമേകുകയായിരുന്നു.

ക്രിസ്തുവിന്‍റെ നല്ല ശിഷ്യയായി ജീവിക്കാനുള്ള അമൂല്യമായ വഴികള്‍ നവവിശുദ്ധ മദര്‍ തെരേസ കണ്ടെത്തിയത് താന്‍ സേവിച്ച നിര്‍ദ്ധനരും പരിത്യക്തരുമായവരില്‍ നിന്നാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.

കര്‍ത്താവിന്‍റെ കരങ്ങളിലെ തൂലികയാണ് താനെന്ന് സ്വയം നിര്‍വ്വചിക്കാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന മദര്‍ തെരേസ രചിച്ചത് സ്നേഹത്തിന്‍റേയും  സഹാനുഭൂതിയുടേയും സാന്ത്വനത്തിന്‍റേയും സന്തോഷത്തിന്‍റെയും കവിതകളാണെന്നും അദ്ദേഹം ആലങ്കാരികമായി പ്രസ്താവിച്ചു.

അവമാനകരമായ നിസ്സംഗതയിലും മനസ്സാക്ഷിയെ മരവിപ്പിക്കുന്നതും പുതുമ കണ്ടെത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നതുമായ പതിവുശൈലികളിലും വിനാശകരമായ ദോഷാനുദര്‍ശനത്തിലും നിപതിക്കരുതെന്ന് ഫ്രാന്‍സീസ് പാപ്പാ കാരുണ്യത്തിന്‍റെ ജൂബി പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച  ബൂളയില്‍ മുന്നറിയിപ്പു നല്കിയിരിക്കുന്നത്  സഹനത്തിന്‍റെ നേര്‍ക്ക് കണ്ണുതുറക്കുകയും വേദനിക്കുന്നവരെ അനുകമ്പയോടെ ആശ്ലേഷിക്കുകയും ചെയ്ത മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ   വെളിച്ചത്തില്‍ പുനര്‍പാരായണം ചെയ്യാതിരിക്കാനാകില്ലയെന്നു കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ പ്രകാശന ദിവ്യപൂജയിലെ സഹകാര്‍മ്മികരില്‍  സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ തുടങ്ങിയ പിതാക്കന്മാരും ഉള്‍പ്പെടുന്നു.

 








All the contents on this site are copyrighted ©.