2016-09-01 19:16:00

ജീവിച്ചിരുന്നപ്പോള്‍ വിശുദ്ധയും സാമര്‍ത്ഥ്യമുള്ള വിനയവതിയും


മിഷണറീസ് ഓഫ് ചാരിറ്റീസ് ( Missioaries of Charity) സമൂഹത്തിലെ വൈദികനും കനേഡിയന്‍ സ്വദേശിയുമായ ക്ലോദിയേച്യൂകാണ് മദര്‍ തെരേസയുടെ നാമകരണനടപടിക്രമത്തിന്‍റെ നടത്തിപ്പുകാരനായി (Postulator) സേവനംചെയ്ത്. അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്ക് ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മദര്‍ സ്വര്‍ഗ്ഗംപൂകിയ വര്‍ഷം 1997-ല്‍ കല്‍ക്കട്ട അതിരൂപതയുടെ അന്നത്തെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഹെന്‍റി ഡിസൂസയാണ് ഉടനടി മദറിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. മദറിനെ അടുത്തറിയുന്ന സഹകാരിയും സഹപ്രവര്‍ത്തകനുമായിരുന്ന തന്നെ നാമകരണ നടപടികള്‍ക്കായുള്ള ഉത്തരവാദിത്വം ഔദ്യോഗികമായി എല്പിച്ചതും ആര്‍ച്ചുബിഷപ്പ് ഹെന്‍റി തന്നെയായിരുന്നെന്ന് ഫാദര്‍ ബ്രയണ്‍ ക്ലോദിയേച്യൂക് അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.

“ജീവിക്കുന്ന വിശുദ്ധ”യെന്ന് മദറിനെ പലരും വിളിക്കുകയും, എഴുതുകയും, സിനിമ ഉണ്ടാക്കുകയും ചെയ്തപ്പോള്‍ പറയുമായിരുന്നു, “എന്നിലെ ക്രിസ്തുവിനെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതുകൊണ്ടാകാമെന്ന്. ക്രൈസ്തജീവിതത്തിന്‍റെ മൗലികമായ വിളി വിശുദ്ധിയിലേയ്ക്കുള്ളതാണ്.” ഇങ്ങനെ മദര്‍ പലതവണ പ്രസ്താവിച്ചിട്ടുള്ളത് കാനഡക്കാരനായ പോസ്റ്റുലേറ്റര്‍, ഫാദര്‍ ക്ലോദിയേച്യൂക് അഭിമുഖത്തില്‍ അനുസ്മരിച്ചു.

ബുദ്ധിസാമര്‍ത്ഥ്യവും, പ്രസംഗിക്കാനും പാടാനും, എഴുതാനും നല്ല കഴിവും, സംഘാടകശക്തിയും ഭരണപാ‍ടവവുംകൊണ്ട് ശ്രേഷ്ഠമായിരുന്ന മദറിന്‍റെ വ്യക്തിത്വത്തിലെ ഏറ്റവും സമുന്നതമായ ഗുണം എളിമ തന്നെയെന്ന് ഫാദര്‍ ക്ലൊദിയേച്യൂക് സാക്ഷ്യപ്പെടുത്തി.

സഭയില്‍ മാത്രമല്ല, ഭൂമുഖത്ത് എവിടെയും സമാദരീണയായ വനിതയും സന്ന്യാസിനിയുമായി മദര്‍ തെരേസാ നിറഞ്ഞുനിന്നിരുന്നെങ്കിലും, ലാളിത്യമാര്‍ന്ന ജീവിതംകൊണ്ടും, എളിമയുടെ നടപ്പും സംസാരവുകൊണ്ട് അതെല്ലാം ഒളിപ്പിച്ചുവയ്ക്കാന്‍ മദറിലെ വിനയവതിക്ക് സാധിച്ചുവെന്നത് വിശുദ്ധയുടെ ഉള്‍ക്കാമ്പായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഫാദര്‍ ക്ലോദിയേച്യുക് വത്തിക്കാന്‍ റേഡിയോ വക്താവ്, ട്രെയിസി മക്ലൂറുമായി അഭിമുഖത്തില്‍ പങ്കുവച്ചു.

ചിത്രം :  വത്തിക്കാനിലെ വിശുദ്ധപദ പ്രഖ്യാപന വേദിയില്‍ ഉപയോഗിക്കുന്ന മദിറിന്‍റെ ഔദ്യോഗിക ഛായാചിത്രമാണിത്. വരച്ചത് അമേരിക്കക്കാരന്‍ ശില്പിയും ചിത്രകാരനുമായ  ചാസ് ഫാഗനാണ് (Artist & Sculptor Chas Fagan). ചിത്രം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ വ്യാഴാഴ്ച സെപ്തംബര്‍ 1-ാം തിയതി വൈകുന്നേരം ഉയര്‍ന്നു കഴിഞ്ഞു.

 








All the contents on this site are copyrighted ©.