2016-08-31 20:10:00

കാരുണ്യത്തിന്‍റെ താപസ്വിയെക്കുറിച്ച് പിന്‍ഗാമി സിസ്റ്റര്‍ മരിയ പ്രേമ


കാരുണ്യത്തോടെ ജീവിച്ച താപസ്വിയായിരുന്നു മദര്‍ തെരേസായെന്ന് ഉപവിയുടെ സഹോദരിമാരുടെ സുപ്പീരിയര്‍ ജനറല്‍ (Missionaries of Charity) മദര്‍ മരിയ പ്രേമ പ്രസ്താവിച്ചു.

ആഗസ്റ്റ് 30-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ പോകുന്ന തന്‍റെ മുന്‍ഗാമി, വാഴ്ത്തപ്പെട്ട മദര്‍ തെരേസായെക്കുറിച്ച് സിസ്റ്റര്‍ പ്രേമ  ഇങ്ങനെ പ്രസ്താവിച്ചത്. മദര്‍ തെരേസയുടെ മൂന്നാമത്തെ പിന്‍ഗാമിയും ഇപ്പോഴത്തെ സുപ്പീര്‍ ജനറലുമായ സിസ്റ്റര്‍ പ്രേമ ജര്‍മ്മന്‍കാരിയാണ്.

മദറിന്‍റെകൂടെ ജീവിച്ചവര്‍ എല്ലാവിധത്തിലും അമ്മയുടെ കാരുണ്യം അനുഭവിച്ചിട്ടുണ്ടെന്നും, പാവങ്ങളോടും പരിത്യക്തരോടും എന്നതുപോലെതന്നെ സമൂഹത്തില്‍ സഹോദരിമാരോടും അമ്മ കാരുണ്യത്തോടും വാത്സല്യത്തോടുംകൂടെയാണ് സദാ പെരുമാറിയിരുന്നതെന്ന്, അടുത്തറിഞ്ഞിരുന്ന മദര്‍ പ്രേമ അഭിമുഖത്തില്‍ പങ്കുവച്ചു.  ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാന ഗുണഗണങ്ങളായ സ്നേഹവും കാരുണ്യവും ജീവിതരീതിയാക്കിയ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ വിശുദ്ധപദത്തില്‍ എത്തുമ്പോള്‍ ഇന്നത്തെ ലോകത്തിന് അമ്മ കാരുണ്യത്തിന്‍റെ പ്രചോദനാത്മകമായ മാതൃകയും മദ്ധ്യസ്ഥയുമായി മാറുമെന്ന് സിസ്റ്റര്‍ പ്രേമ അഭിപ്രായപ്പെട്ടു.

പാവങ്ങള്‍ക്കൊപ്പം മദര്‍ തെരാസ ജീവിച്ചതും അവരെ പരിചരിച്ചതും കണ്ടു പഠിക്കുവാനും, അനുഭവച്ചറിയാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. കാരുണ്യത്തിന്‍റെ ആ ചൈതന്യമാണ് മിഷണറീസ് ഓഫ് ചാരിറ്റീസിനെ (Missionaries of Charity) ഇന്ന് ലോകത്തെവിടെയും പാവങ്ങള്‍ക്കൊപ്പമായിരിക്കാന്‍ പ്രചോദനമേകുന്നതും, പ്രതിസന്ധികളിലും പീഡനങ്ങളിലും പതറാതെ ജീവിക്കാന്‍ സഹായിക്കുന്നതെന്ന് വിശുദ്ധപദപ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ സിസ്റ്റര്‍ പ്രേമ പ്രസ്താവിച്ചു.

സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളുടെയും ദിവ്യബലിയുടെയും മദ്ധ്യേ ‘പാവങ്ങളുടെ അമ്മ’യെന്നു ലോകം വിളിക്കുന്ന മദര്‍ തെരേസ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.








All the contents on this site are copyrighted ©.