2016-08-25 19:14:00

വത്തിക്കാന്‍റെ അഗ്നിശമനസേനയും പൊലീസും ഭൂകമ്പപ്രദേശത്ത് സഹായമായി


മദ്ധ്യഇറ്റലിയിലെ ലാസിയോ, മാര്‍ക്കെ, പെറൂജിയ പ്രവിശ്യകളില്‍ ആഗസ്റ്റ് 24-ാം തിയതി, ബുധനാഴ്ച വെളുപ്പിനുണ്ടായ അപകട മേഖലയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് അന്നു രാവിലെതന്നെ വത്തിക്കാന്‍റെ 6 അഗ്നിശമന സേനാംഗങ്ങളെ അയച്ചിരുന്നു. ആഗസ്റ്റ് 25-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍റെ 6 പൊലീസുകാരെയും (Gendarmerie) പാപ്പാ പറഞ്ഞയച്ചു.  ഇറ്റലിയുടെ സന്നദ്ധസേവകരോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശവും, സുരക്ഷാസാമഗ്രികളും വാഹനങ്ങളുമായിട്ടാണ് അവര്‍ പുറപ്പെട്ടത്.

പാപ്പാ ഫ്രാന്‍സിസിന്‍റെതന്നെ സാന്ത്വന സാമീപ്യത്തിന്‍റെ പ്രതീകമായിരുന്നു വത്തിക്കാന്‍റെ അഗ്നിശമന സേനാംഗങ്ങളും പൊലീസുകാരും ഭൂകമ്പത്തിന്‍റെ കെടുതിയില്‍പ്പെട്ടവര്‍ക്ക് സമാശ്വാസവും സഹായവുമായി ദുരിത ഭൂമിയില്‍ എത്തിയത്. ഇതു സംബന്ധിച്ച് റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുധാനാഴ്ച വെളുപ്പിന് പ്രാദേശിക സമയം 3.36-ന് മദ്ധ്യഇറ്റലിയിലെ അമാത്രീചെ, അക്കുമോളി പ്രദേശങ്ങള്‍ കേന്ദ്രമായി ഉയര്‍ന്ന ഭൂമികമ്പത്തില്‍പ്പെട്ട് മരണമടഞ്ഞ 247-പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ആഗസ്റ്റ് 25 വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭൂമിയില്‍ അമര്‍ന്നിരിക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ടവരെ രക്ഷിക്കാനാകുമെന്ന പ്രത്യാശയില്‍ രാവും പകലും സുരക്ഷാവിദഗ്ദ്ധരും സന്നദ്ധസേവകരും സംഘടിതമായ പരിശ്രമങ്ങള്‍ തുടരുകയാണ്.

മരിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് സംഭവസ്ഥലത്തുനിന്നും വ്യാഴാഴ്ച രാവിലെ നടത്തിയ പ്രസ്താവനയില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി മത്തെയോ റെന്‍സി അറിയിച്ചു.

 








All the contents on this site are copyrighted ©.