2016-08-25 10:10:00

ഉക്രയിന്‍റെ സമാധാനത്തിനു വേണ്ടി പാപ്പായുടെ അഭ്യര്‍ത്ഥന


ഉക്രയിനിലെ സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ മാര്‍പ്പാപ്പാ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നവരേയും അന്താരാഷ്ട്ര സമൂഹത്തേയും ആഹ്വാനം ചെയ്യുന്നു.

ബുധനാഴ്ച (24/08/16) അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയായിരുന്ന ഉക്രയിനില്‍ ഇപ്പോള്‍ അവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നതില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ ആശങ്കപ്രകടിപ്പിച്ചതനെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടാണ് ഈ ആഹ്വാനമേകിയത്.

1991 ആഗസ്റ്റ് 24 ന്  റഷ്യയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉക്രയിന്‍റെ . സ്വാതന്ത്ര്യലബ്ധിയുടെ രജതജൂബിലിയാണ് ഈവര്‍ഷമെന്നതും പാപ്പാ അനുസ്മരിച്ചു.

ഉക്രയിനില്‍ തുടരുന്ന പോരാട്ടത്തിനിടെ തടവിലാക്കപ്പെട്ടിരിക്കുന്നവരെ വിട്ടയക്കാനും, ജനങ്ങളുടെ ദുരിതാവസ്ഥയോടു പ്രതികരിക്കാനുള്ള യത്നങ്ങള്‍ ശക്തിപ്പെടുത്താനും മാര്‍പ്പാപ്പാ അഭ്യര്‍ത്ഥിച്ചു.

2010 ഫെബ്രുവരി മുതല്‍ 2014 ഫെബ്രുവരി വരെ ഉക്രയിന്‍റെ പ്രസിഡന്‍റായിരുന്ന വിക്ടര്‍ യനുക്കോവിച്ച് യുറോപ്യന്‍ യൂണ്യനുമായി കൂടുതല്‍ അടുത്തു സഹകരിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പു വയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2013 നവംബര്‍ 21 ന് ആരംഭിച്ച പ്രക്ഷോഭണം റഷ്യന്‍ അനുഭാവികളും ഉക്രൈന്‍ സൈന്യവും തമ്മിലുള്ള പോരാട്ടമായി പരിണമിക്കുകയും സായുധസംഘര്‍ഷങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതോടെ അന്നാട്ടില്‍ പൗരജനത്തിന്‍റെ ജീവിതാവസ്ഥ ദുരിതപൂര്‍ണ്ണമായിരിക്കയാണ്.








All the contents on this site are copyrighted ©.