2016-08-22 12:10:00

തുര്‍ക്കിയില്‍ ചാവേര്‍ ആക്രമണം: പാപ്പായുടെ പ്രാര്‍ത്ഥന


ശനിയാഴ്ച (20/08/16) തുര്‍ക്കിയിലെ ഗാസിയാന്‍ടെപില്‍  ഒരു  വിവാഹച്ച‌ടങ്ങില്‍ ഒരു കുട്ടി ചാവേറായി പൊട്ടിത്തറിച്ച ദുരന്തത്തിനിരകളായവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ഞായാറാഴ്ച (21/08/16) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാ വേളയില്‍ ആശീര്‍വ്വാദാന്തരം ഫ്രാന്‍സീസ് പാപ്പാ 50 ലേറെപ്പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ഈ ദുരന്തത്തെക്കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു.

ഈ രക്തരൂഷിതാക്രമണത്തെക്കുറിച്ചുള്ള ഖേദകരമായ വാര്‍ത്ത തനിക്കു ലഭിച്ചുവെന്ന് വെളിപ്പെടുത്തിയ പാപ്പാ ഈ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും സകലര്‍ക്കും സമാധനമെന്ന അനുഗ്രഹം ലഭിക്കുന്നതിനായി അപേക്ഷിക്കാനും എല്ലാവരെയും ക്ഷണിക്കുകയും  നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

സിറിയയുടെ അതിര്‍ത്തിക്കടുത്തു വരുന്നതും കുര്‍ദു വംശജര്‍ കൂടുതല്‍ വസിക്കുന്നതുമായ ഒരു പ്രദേശമാണ് ഗാസിയന്‍ടെപ്. ഇവിടെ നടന്ന ബോംബാക്രമണത്തില്‍ ചോവേറായത് 12 നും 14നുമിടയ്ക്ക് പ്രായമുള്ള ഒരു കുട്ടിയാണ്.

ഇസ്ലാം സാമ്രാജ്യ ഭീകരര്‍, അഥവാ, ഐഎസ് ഭീകരര്‍ ആണ് ഈ ചോവേര്‍ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെട്ടുന്നു.








All the contents on this site are copyrighted ©.