2016-08-20 15:59:00

ദൈവത്തിന്‍റെ ഊടുവഴികളും മനുഷ്യന്‍റെ വിശാലവീഥികളും


ആണ്ടുവട്ടം 21-ാം വാരം ഞായറാഴ്ച.  വിശുദ്ധ ലൂക്കായുടെ സുവിശേഷം 13, 22-30.

പാപ്പാ ഫ്രാന്‍സിസിന്‍റെ ഏറെ വിവാദമായ ചില പ്രസ്താവനകള്‍ ഉണ്ട്.  “ഒരു സ്വവര്‍ഗ്ഗാനുരാഗിയെ വിധിക്കാന്‍ ഞാന്‍ ആരാണ് “ Who am I to judge a gay person?  “നിരീശ്വരര്‍പോലും രക്ഷപ്പെടും!” ഇങ്ങനെയുള്ള പ്രസ്താവനകള്‍ക്കെതിരെ കത്തോലിക്കാ സഭയുടെ അകത്തുനിന്നുതന്നെ, യാഥാസ്ഥിതികരാണ് കൂടുതല്‍ പ്രതിഷേധം, ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തിയത്. അതായത്, ഒരു സ്വവര്‍ഗ്ഗാനുരാഗിയെ വിധിക്കാന്‍ ഞാന്‍ ആരാണ്? നിരീശ്വരവാദിപോലും രക്ഷപ്പെട്ടെന്നിരിക്കും. എന്നു പറയുന്ന പ്രസ്താവനകളെ എതിര്‍ക്കുമ്പോള്‍, എതിര്‍ക്കുന്നവരുടെ യാഥാസ്ഥിതിക മനോഭാവത്തിന്‍റെ പ്രത്യേകത, ഞാന്‍ രക്ഷപ്പെടും! പിന്നെ ബാക്കി ആരെല്ലാം രക്ഷപ്പെടുമെന്ന് തീരുമാനിച്ചാല്‍ മതി!!

ഇതുപോലൊരു സമാനമായൊരു രംഗം ഇന്നത്തെ സുവിശേഷത്തില്‍, ലൂക്കായുടെ സുവിശേഷം  13, 23-ാം വചനം, ഒരു ചോദ്യമാണ്. ഈശോയോടൊരു ചോദ്യമിതാണ്. രക്ഷപ്പെടുന്നവര്‍ ചുരുക്കമാണോ? ഇങ്ങനെ ക്രിസ്തുവിനോടു ചേദിക്കുമ്പോള്‍ ചോദ്യകര്‍ത്താവിന്‍റെ മനോഭാവം നാം ശ്രദ്ധിക്കേണ്ടതാണ്. എന്താണതിന്‍റെ പിറകില്‍ ഉള്ളത്? ഈ രക്ഷപെടുന്ന ചുരുക്കത്തില്‍ ഞാനുണ്ട്. എന്‍റെ രക്ഷ ഉറപ്പാണ്. ഇനി ബാക്കിയുള്ളവര്‍ എത്രപേര്‍ രക്ഷപ്പെടും? അതാണ് അന്വേഷണത്തിന്‍റെ വിഷയം, രക്ഷപെടുന്നവര്‍ ചുരുക്കണമാണെന്ന്. സ്വന്തം രക്ഷ ഉറപ്പാക്കുകയും, ഉറപ്പാണെന്നു വിചാരിക്കുകയും ചെയ്ത ഈ മനോഭാവത്തിലേയ്ക്കാണ് ഈശോ തിരുത്തലുമായി കടന്നുവരുന്നത്, വിരല്‍ചൂണ്ടുന്നത്. ഈശോ പറയുന്നത്, ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ ശ്രമിക്കുവിന്‍ എന്നാണ്. നീ, ചോദ്യകര്‍ത്താവ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ ശ്രമിക്കുവിന്‍ എന്നാണ്. അതായത് സ്വന്തം രക്ഷ ഉറപ്പാണെന്നു കരുതിയിരിക്കുന്നവനോട്, വിശ്വസിച്ചിരിക്കുന്നവനെ ഈശോ ചോദ്യംചെയ്യുന്നു. അവിടുന്നു പറയുന്നു. നിന്‍റെ രക്ഷ ഉറപ്പാക്ക്. അതിന് ആദ്യം ചെയ്യേണ്ടത് ഇടുങ്ങിയ വാതിലിലൂടെ നീ പ്രവേശിക്കുക എന്ന്. ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍ ശ്രമിച്ചിട്ട്, നിന്‍റെ രക്ഷ ഉറപ്പാക്കുക. 24-മത്തെ തിരുവചനത്തിലാണ്, ഈശോ കൃത്യമായൊരു നിര്‍ദ്ദേശം നല്ക്കുന്നുണ്ട്. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. രക്ഷയ്ക്കുള്ള വഴി അതാണ്. ഇടുങ്ങിയ വാതില്‍.... എങ്ങനെയാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ സാധിക്കുന്നത്? ഇതാണ് രക്ഷയ്ക്കുള്ള വഴി ഏതാണെന്നുള്ള അന്വേഷണം.

സന്ന്യാസവര്‍ഷത്തിന്‍റെ ആംഭത്തിലാണ് “നസ്രായന്‍റെ വഴിയെ, തത്വവും പ്രയോഗവും,” എന്ന പുസ്തകം പുറത്തുവന്നത്. ആ പുസ്തകത്തിലെ അവസാനത്തെ ലേഖനം എഴുതിയരിക്കുന്നത് കണിച്ചായി അച്ചനാണ്. “സന്ന്യാസത്തിന്‍റെ രോഗനിര്‍ണ്ണയം,” എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്.  അദ്ദേഹം അന്വേഷിക്കുന്നത് കേരളത്തിലെ സന്ന്യാസജീവിതത്തിനു പറ്റിയ അബദ്ധം എന്താണെന്നാണ്? രോഗം എന്താണ്? അതാണ് അന്വേഷണം. എന്നിട്ട് അന്വേഷണത്തില്‍ വളരെ കൃത്യമായിട്ട് അദ്ദേഹം വിരല്‍ചൂണ്ടുന്നത് ഇതാണ്. കേരളത്തിലെ സന്ന്യാസജീവിതത്തിനു പറ്റിയ അബദ്ധം, ഏറ്റവും പ്രധാനപ്പെട്ട അബദ്ധം ഒരേയൊരു അബദ്ധം ഇതാണ് – സന്ന്യാസത്തിന്‍റെ ആസ്തി, സന്ന്യാസത്തിന്‍റെ അസ്തിത്വത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ഇതു വളരെ പ്രധാനപ്പെട്ടതാണ്. എന്നിട്ട് അദ്ദേഹം സന്ന്യാസത്തിന്‍റെ ആസ്തി എന്താണെന്ന് വിശദീകരിക്കുന്നുണ്ട്.

സന്ന്യാസത്തിന്‍റെ ആസ്തിയെന്നു പറഞ്ഞാല്‍, സന്ന്യാസികളുടെ പണം, ധനം,  വസ്തു വകകള്‍, ധനം പണം സമ്പാദ്യം, സ്ഥാപനങ്ങള്‍ ഭൗതിമായ സമ്പത്ത് എന്നിവ. ഇത് സന്ന്യാസത്തിന്‍റെ അസ്ഥിത്വത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. എന്താണ് അസ്തിത്വം? ക്രിസ്തു വച്ചുനീട്ടുന്ന ശിഷ്യത്വത്തിലേയ്ക്കുള്ള വിളിയാണിത്. എന്താണ്, നീ പോയി, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക! ശിഷ്യനാകണമെങ്കില്‍ ശിഷ്യത്വത്തിന്‍റെ ഏറ്റവും രൂഢമൂലമായ സന്ന്യാസത്തിലേയ്ക്ക് വളരണമെങ്കില്‍ ആദ്യം നീ പോയി വിറ്റ് എല്ലാം ദര്‍ദ്രര്‍ക്കു കൊടുക്കുക. ഇതാണ് അസ്തിത്വം. സന്ന്യാസത്തിന്‍റെ ഹൃദയമെന്ന് പറയുന്നത് ഇതാണ്. എല്ലാം ഉപേക്ഷിച്ച്, വിറ്റ് പങ്കുവയ്ക്കുന്ന അവസ്ഥ! ഫ്രാന്‍സിസ് വിശേഷിപ്പിക്കുന്നത് ഇതുതന്നെയാണ്. വിറ്റുകൊടുക്കുന്ന അവസ്ഥ... ആസ്ഥി വിറ്റുകൊടുക്കുന്ന അവസ്ഥ..... അതിനെ കാര്‍ന്നു തിന്നുന്നു. ഏത്? സമ്പത്ത്, ആസ്തി! സമ്പത്ത്, ഭൗതിക സമ്പത്ത് നേടിയെടുക്കാനുള്ള, വാരിക്കൂട്ടാനുള്ള ആഗ്രഹമാണിത്.

സുവിശേഷത്തില്‍ ഈശോ ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍ പറയുമ്പോഴും ഇതുതന്നെയാണ് ഉദ്ദേശിക്കുന്നത്. എന്ത്, നിന്‍റെ സമ്പത്ത്! വ്യക്തിക്ക് വലുപ്പവും വണ്ണവും വച്ചിരിക്കുന്ന അവസ്ഥയാണിത്. അവന്‍റെ അല്ലെങ്കില്‍ അവളുടെ സമ്പാദ്യം അല്ലെങ്കില്‍ possessions ആണിത്.  ഇനി, നിങ്ങള്‍ക്ക് ഇടുങ്ങിയ വാതിലിലൂടെ കടക്കാനാവില്ല. അകത്തു കടക്കണമെങ്കില്‍ നാം എന്തുചെയ്യണം? നാം മെലിയണം, ചെറുതാകണം, ചുരുങ്ങണം. വലുപ്പം കുറയ്ക്കണം. എന്നിട്ട് ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍, രക്ഷപ്പെടാനുള്ള വഴിയായിട്ട് ഈശോ പറഞ്ഞു തരുന്നത്... ഭൗതിക സമ്പത്തുക്കള്‍ നിന്നെ വണ്ണം വയ്പ്പിക്കുന്നു. അതുകൊണ്ട് ഈ തടിച്ച അവസ്ഥയില്‍ സ്വര്‍ഗ്ഗരാജ്യത്ത് എത്തിച്ചേരാനുള്ള വഴി ഇതാണ് – സ്വയം മെലിയുക, സ്വയം ഇല്ലാതാകുക... എങ്കിലേ, ഈ വിതിലിലൂടെ അകത്തു കടക്കാനാവുകയുള്ളൂ!

ഒരു നല്ല സന്ദര്‍ഭം, ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തില്‍നിന്നാണ്. കസന്‍സാക്കീസ് വിവരിക്കുന്ന അദ്ദേഹത്തിന്‍റെ ജീവചരിത്രം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ അവസാനഘട്ടം, രണ്ടാം ഘട്ടമെന്നു പറയാം. സ്വന്തം ആശ്രമത്തില്‍നിന്നും പുറത്താക്കപ്പെട്ട് പോര്‍സ്യൂങ്കൊളയുടെ അടുത്തുള്ള വനത്തില്‍ കുടിലുകെട്ടി അസ്സീസിയില്‍ താമസിക്കുന്ന സമയം. ഈ കാലഘട്ടത്തില്‍ ഏലിയാസാണ് സഹോദരസംഘത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. എലിയാസ് അന്നാളുകളില്‍ ഫ്രാന്‍സിസിന് എതിരായിട്ടുള്ള എതിര്‍പ്പും സംഘര്‍ഷവും സമൂഹത്തില്‍ വളര്‍ത്തി, വളര്‍ത്തിക്കൊണ്ടു വരുകയാണ്.

താമസിച്ചുരുന്ന ഫ്രാന്‍സിസ് കുറെക്കാലത്തിനുശേഷം ഒരുദിവസം ബ്രദര്‍ ലിയൊയോടു പറഞ്ഞു, ഞാന്‍ സഹോദരങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇപ്പോള്‍ പള്ളിയിലായിരിക്കും വരൂ... നമുക്കു പോയി അവരോടൊപ്പം കുര്‍ബാനയില്‍ പങ്കുകൊള്ളാം. അവര്‍ പള്ളിയില്‍ എത്തിയപ്പോള്‍ കണ്ടത്, ബ്രദര്‍ ഏലീയാസ് പള്ളിയുടെ മദ്ധ്യത്തില്‍ ഒരു വടിയും പിടിച്ച് ഒരു പീഡത്തില്‍ ഇരിക്കുകയായിരുന്നു. ചുറ്റുമുള്ള സഹോദരന്മാരെ അഭിസംബോധനചെയ്ത് അയാള്‍ പ്രസംഗിക്കുകയായിരുന്നു. സഹോദരന്മാര്‍ ഇനി അനുസരിക്കേണ്ട പുതിയ നിയമങ്ങളെക്കുറിച്ചാണ് ഏലിയാസ് സംസാരിച്ചിരുന്നത്.  ഫ്രാന്‍സിസ് വത്തിക്കാനില്‍പോയി, പാപ്പായെ കണ്ട് അംഗീകാരം വാങ്ങിച്ചുകൊണ്ടുവന്ന ആ നിയമാവലി, ഉപേക്ഷിച്ചിട്ട്, പുതിയൊരു നിയമാവലി അദ്ദേഹം എഴുതിയുണ്ടാക്കി. പുതിയ നിയമാവലി വിശദീകരിച്ചു കഴിഞ്ഞ് കയ്യിലിരുന്ന ചുരുള്‍ നിവര്‍ത്തി, ബ്രദര്‍ ഏലിയാസ് അത് അനുസരിക്കാവുന്നവര്‍ കൈയുയര്‍ത്തി. “ഉവ്വ്… ഉവ്വ്..!!” എന്നു പറയണമെന്നു കല്പിച്ചു. എല്ലാസഹോദരന്മാരും അവരുടെ കൈകള്‍ ഉയര്‍ത്തി. അലറിപ്പറഞ്ഞു, ഉവ്വ്, ഉവ്വ്! ഫ്രാന്‍സിസും ലിയോയും ഒഴികെഎല്ലാവരും സമ്മതം അറിയിച്ചു. അപ്പോള്‍ എലിയാസ് വിജയഭാവത്തോടെ അവിടെ മൂലയില്‍ നിശബ്ദനായി ചടഞ്ഞിരുന്ന് ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഫ്രാന്‍സിസിനു നേരെ തിരിഞ്ഞു. ചോദിച്ചു. എന്തുകൊണ്ടാണ് അങ്ങ് തലകുനിക്കുന്നത്, നിങ്ങള്‍ ഇതിനെ അനുകൂലിക്കുന്നില്ലേ! ഫ്രാന്‍സിസ് അപ്പോള്‍ വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചുകൊണ്ട്, ഉയര്‍ന്നസ്വരത്തില്‍ ഏലിയാസിനെ അഭിസംബോധനചെയ്തു. ബ്രദര്‍ ഏലിയാസ്, നിങ്ങള്‍ യേശുവിന്‍റെ ആടുകളെ വഴിതെറ്റിച്ചു നയിക്കുകയാണ്. നിങ്ങള്‍ സംസാരിച്ച പാത സമൃദ്ധിയുടേതാണ്. വീശാലമായ ഒരു വീഥിയും ദൈവത്തിലേയ്ക്കു നയിക്കുന്നില്ല. അവന്‍റെ ഭവനമായ പറുദീസയിലേയ്ക്കു നയിക്കുന്നത് ഇടുങ്ങിയ വഴികള്‍ മാത്രമാണ്. 

വിശാലവീഥി ചെകുത്താന്‍റെ വഴിയാണ്. നിങ്ങളുടെ ഇന്നത്തെ സമ്മേളനത്തിലേയ്ക്ക് ദൈവം എന്തിനാണ് എന്നെ അയച്ചതെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. എന്നിട്ട് ഫ്രാന്‍സിസ് പറഞ്ഞു, നിര്‍ത്തൂ! ഇനിയും നിങ്ങള്‍ മുന്നോട്ടു പോകരുത്. സഹോങ്ങളേ, നിങ്ങള്‍ പിന്‍തിരിയൂ! നിങ്ങള്‍ തിരിച്ച് പഴയ ഇടുങ്ങിയ വഴിയിലേയ്ക്കു വരൂ!

സുവിശേഷത്തില്‍ ക്രിസ്തു പറയുന്ന, രക്ഷയുടെ സുവിശേഷത്തിന്‍റെ ആത്മാവാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അവതരിപ്പിക്കുന്നത്. ഇങ്ങിയ വഴിയിലേയ്ക്കു വരിക, വിശാലമായ വഴി, സമൃദ്ധിയുടെ വീഥി ഉപേക്ഷിക്കുക! ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍ ഈശോ ആവശ്യപ്പെടുമ്പോള്‍, ഇതാ, ചോദ്യകര്‍ത്താവ് തിരിച്ചു പറയുന്നൊരു കാര്യമുണ്ട്. “അങ്ങയുടെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തെരുവുകളില്‍ അങ്ങു പഠിപ്പിച്ചിട്ടുണ്ട്.” (ലൂക്ക് 13, 26). ഈ രണ്ടു സൂചനകള്‍, രക്ഷയുടെ വഴികളിലൂടെ അങ്ങ് നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഈ രണ്ടു സൂചനകളില്‍ ഒന്ന്, യേശു സാന്നിദ്ധ്യത്തില്‍  ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുണ്ട്, എന്നത് അത് പരിശുദ്ധ കുര്‍ബാനയിലേയ്ക്കുള്ള സൂചനയാണ്, വിരല്‍ ചൂണ്ടലാണ്. രണ്ടാമത്തതോ, തിരുവചനത്തിലേയ്ക്കുള്ള സൂചനയാണ്. അതായത്, ദൈവവചനവും വിശുദ്ധ കുര്‍ബാനയും! ഇതു രണ്ടും രക്ഷയുടെ വഴികളാണെന്ന് 100 ശതമാനം ഉറപ്പായിട്ട് വിചാരിക്കുന്ന ഒരു ക്രൈസ്തവസമൂഹത്തിന്‍റെ കരച്ചിലാണിത്. അപ്പോഴാണ് ക്രിസ്തു വീണ്ടും തിരുത്തുന്നത്. എന്നു പറഞ്ഞാല്‍ എത്രയധികം വചനം കേട്ടാലും, എത്ര അധികം വചനം പറഞ്ഞാലും എത്രപ്രാവശ്യം കുര്‍ബാനയില്‍ പങ്കുകൊണ്ടാലും, എത്രപ്രാവശ്യം കുര്‍ബാന സ്വീകരിച്ചാലും രക്ഷയ്ക്കുള്ള മാര്‍ഗ്ഗം ഇടുങ്ങിയ വാതിലിലൂടെ കടക്കുകയാണ്! സ്വയം മെലിയുക, ചെറുതാകുക! കുഞ്ഞുങ്ങളോളം ചെറുതാകുക! എന്നത് ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആത്മാവാണ്. അങ്ങനെ ചെറുതാകാനും, ചെറുതായി ചെറുതായി...മെലിഞ്ഞു മെലിഞ്ഞ്... ഇടുങ്ങിയ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതിലിലൂടെ കടന്നുപോകാന്‍ പരുവത്തിലാകാനുള്ള വഴിയും മരുന്നും മാര്‍ഗ്ഗവുമാണ് അവിടുത്തെ വചനവും, അവിടുത്തെ ശരീരരക്തങ്ങളാകുന്ന പരിശുദ്ധ കുര്‍ബ്ബാനയും. മെലിയാനുള്ള, ചെറുതാകാനുള്ള മരുന്നാണിത്. ആത്യന്തികമായിട്ട് രക്ഷപ്പെടണമെങ്കില്‍, നിത്യജീവന്‍ അവകാശപ്പെടണമെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍, ഈശോ പറയുന്നു, “നിങ്ങള്‍ ഇടുങ്ങിയ വാതിലിലൂടെ കടക്കുവിന്‍!” 

നമുക്ക് പ്രാര്‍ത്ഥിക്കാം!

ഈശോയേ, നീയാണ് ഞങ്ങളുടെ രക്ഷകന്‍. ഈശോയേ, നീയാണ് രക്ഷയുടെ വഴി. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വഴി ഞങ്ങള്‍ക്ക് കാണിച്ചു തന്നവന്‍,  നാഥാ, നിന്‍റെ ഹൃദയം മനസ്സിലാക്കാനുള്ള കൃപയും അനുഗ്രഹവും ഞങ്ങള്‍ക്കു തരിക. ഞങ്ങള്‍ ഇന്നു ജീവിക്കുന്ന മതപരമായ എല്ലാ അനുഷ്ഠാനങ്ങളും, പരിശുദ്ധ കുര്‍ബ്ബാന ഉള്‍പ്പെടെ എല്ലാം അങ്ങ് ആവശ്യപ്പെടുന്ന ഈ ഒരു മെലിയലിന്, ചെറുതാകലിന്, മെലിഞ്ഞ് ചെറുതാകുന്നതിന്.., എന്തിന് സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതിലിലൂടെ കടക്കാന്‍ ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍ പറ്റിയ പരുവത്തിലുകുന്നതിനുള്ള വഴികളാണെന്നു മനസ്സിലാക്കാന്‍, അങ്ങനം മനസ്സിലാക്കി ജീവിക്കാന്‍ ഈശോയെ കൃപതരണമേ, ഞങ്ങളുടെ ആസ്തികള്‍ക്കെല്ലാം – ആസ്തികള്‍ ഞങ്ങളുടെ സമ്പത്താകാം, സ്ഥാനമാനങ്ങളാകാം. ഭൗതികമായ നേട്ടങ്ങളാകാം. അത് കൂട്ടിക്കൂട്ടി കൂട്ടിക്കൂട്ടി കൊണ്ടുവരുന്ന പ്രവണത, ഈശോയേ..., അത് കുറയ്ക്കാന്‍, അതു കുറച്ച് ഞങ്ങടെ അസ്തിത്വം, അങ്ങേ ശിഷ്യനാകാന്‍... എല്ലാം ദരിദ്രര്‍ക്കുകൊടുത്തിട്ട്, അങ്ങേ അനുഗമിക്കുന്ന, അങ്ങേ ശിഷ്യരാകുന്നതിന്, അങ്ങേ ശിഷ്യത്വം വളര്‍ത്തിയെടുക്കാന്‍, അത് വളര്‍ത്തിയെടുത്ത് അങ്ങയോടുകൂടെ ഇടുങ്ങിയ വാതിലിലൂടെ കടക്കാനുള്ള കൃപ അനുഗ്രഹം, അത് ഓരോദിവസവും പ്രയോഗത്തിലാക്കാനുള്ള കൃപ ഞങ്ങള്‍ക്കു നീ തരണമേ! അതിനുള്ള പ്രകാശമായിട്ടു നീ എപ്പോഴും ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകണമേ! ആമേന്‍!








All the contents on this site are copyrighted ©.